.

2009, നവംബർ 7, ശനിയാഴ്‌ച

പള്ളിലച്ഛനും ഞാനും പിന്നെ എന്റെ പ്രേമവും...

കുറച്ച് ദിവസം മുൻപ് സർവ്വം എന്ന തമിഴ് സിനിമ കണ്ടു.അതിലെ നായകൻ ഒരു ക്രിസ്ത്യൻപള്ളിയിൽ കയറി പ്രസംഗിക്കുന്ന രംഗം ഉണ്ട്.അതു കണ്ടതും ചിരി അടക്കാൻ കഴിഞ്ഞില്ല.കാരണം ആ പ്രസംഗം എന്നത് ആരെങ്കിലും ഒരാൾ അവരുടെ മനസ്സിൽ ഉള്ളത് എല്ലാവരുടെയും മുന്നിൽ വന്നു പറയും.നായകൻ അവന്റെ പ്രേമം എല്ലാവരുടെയും പറയുന്ന സീൻ ആയിരുന്നു അത്.അതു കണ്ട്   ക്രിസ്ത്യൻപള്ളിയും 4 വർഷങ്ങൾക്ക് മുൻപ് നടന്ന എന്റെ പഴയ പ്രേമവും അതിലെ തമാശകളും ഓർത്തു.
                                         എന്റെ കാമുകിയുടെ വീട് എന്റെ വീട്ടിൽ നിന്നും കുറെ ദൂരെയാണ്. ദൂരെ എന്നു പറയുമ്പോൾ ഒരു 1.30 മണിക്കൂർ ബസ്സിൽ യാത്ര ചെയ്യണം.എങ്ങനെ പ്രേമം തുടങ്ങി എന്നത് വിശദമായി പറയുന്നില്ലാ.വിഷയം അതു അല്ലല്ലോ!..അവളുടെ വീട് ഇത്രയും ദൂരെ ആയതുകൊണ്ട് എന്നും കാണാൻ പറ്റില്ലാ.ഇടയ്ക്കിടക്ക് കാണാൻ പോകും.അവൾ ഇന്ന സ്ഥലത്ത് വരാൻ പറയും.അവിടെ ഞാൻ ചെല്ലും.ചെന്നാലും സംസാരിക്കാൻ പറ്റില്ലാ.കുറച്ച് മാറി നിന്ന് നോക്കി കാണും.രാവിലെ 9 മണിക്ക് എനിക്ക് സ്റ്റുഡിയോയിൽ ജോലിക്ക് പോകണം.അതു എന്റെ വീട്ടിന്റെ അടുത്ത് സ്വന്തത്തിൽ ഉള്ള മാമന്റെ ആണ് സ്റ്റുഡിയോ.അപ്പോൾ അവളെ കാണുകയും വേണം 9 മണിക്ക് സ്റ്റുഡിയോയിൽ എത്തുകയും വേണം.അപ്പോൾ എന്തു ചെയ്യും!രാവിലെ 5 മണിക്ക് എഴുന്നേൽക്കും.ഒരു ഉറക്ക ക്ഷീണവും ഇല്ലാ.പണ്ട് അമ്മ രാവിലെ പഠിക്കാൻ വിളിക്കുമ്പോൾ എന്താ മടി എഴുന്നേൽക്കാൻ ..അതാണ് പ്രേമം!!ഒരു ഉറക്കക്ഷീണവുമില്ല്ലാ.5 മണിക്ക് എഴുന്നേറ്റ് കുളിച്ച് റെഡിയാകും.അമ്മയും അച്ഛനും ചോദിക്കും എവിടെ പോകുന്നു? എന്തെങ്കിലും ഒരു കള്ളം തലേദിവസം റെഡിയാക്കി വച്ചിരിക്കും.വീട്ടിൽ നിന്നും വയൽവരമ്പ് വഴിനടന്ന് അവനവഞ്ചേരിയിൽ എത്തി ബസ്സിൽ കയറി ആറ്റിങ്ങൽ ട്രാൻസ്പോർട്ട്സ്റ്റാൻഡിൽ എത്തും.അവിടെ നിന്നും ബസ്സിൽ യാത്രയാകും പ്രണയിനിയെ കാണാൻ..
                                        അന്ന് കാണാൻ അവൾ പറഞ്ഞ സ്ഥലം അവളുടെ വീട്ടിന്റെ അടുത്തുള്ള ക്രിസ്ത്യൻപള്ളിയിൽ ആയിരുന്നു.അന്ന് എന്തോ ഞാൻ എന്റെ കൂട്ടിന് ബൈജുവിനേയും കൂട്ടിയാണ് പോയത്.അങ്ങനെ നമ്മൾ 2 പേരും കൂടി സ്ഥലത്തെത്തി കാത്തിരുന്നു.അവൾ പറഞ്ഞാൽ പിന്നെ പറഞ്ഞതാണ്..7 മണിക്ക് വരാമെന്ന് പറഞ്ഞാൽ പിന്നെ 9 മണിക്ക് നോക്കിയാൽ മതി.ഞാനും ബൈജുവും പള്ളിയുടെ മുന്നിൽ ക്രിസ്തുദേവനെയും നോക്കി അവളെയും കാത്തുനിന്നു.എന്തായാലും ഇവിടെ വരെ വന്നതു അല്ലെ! അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു കുരിശ് മാല വാങ്ങി കഴുത്തിൽ ഇട്ടു. അപ്പോൾ മുതലെ ബൈജു എന്നെ നോക്കി ചിരിക്കുകയാണ്.പള്ളിയിൽ ആളുകൾ വന്നു തുടങ്ങി.ഒറ്റക്കും കൂട്ടമായും ധാരാളം ആളുകൾ വരുന്നുണ്ട്.ഇത്രയും ആളുകളെ കണ്ടപ്പോൾ ഇന്ന് എന്തോ വിശേഷം ഉണ്ടെന്ന് ബൈജു പറഞ്ഞു.ഞാൻ ആളുകളെ ശ്രദ്ധിക്കാൻ പോയില്ലാ.എന്റെ പ്രണയിനി വരുന്നതും കാത്ത് വഴിക്കണ്ണുമായി നിൽക്കുകയാണ് ഞാൻ. അവൾ എന്നോട് ക്രിസ്ത്യൻ പളിയിൽ വരാൻ പറഞ്ഞതുകൊണ്ട് അവൾ ഒരു ക്രിസ്ത്യാനി ആണെന്ന് വിചാരിക്കരുത്. ചിലപ്പോൾ കണ്ടുമുട്ടൽ അമ്പലത്തിൽ ആയിരിക്കും   ചിലപ്പോൾ പള്ളിയിൽ ആയിരിക്കും.ക്രിസ്ത്യൻ പള്ളിയിൽ ആകുമ്പോൾ ആർക്കും കയറാമല്ലോ!.
                                  പൊഴിഞ്ഞ് വീഴുന്ന ഒരോ നിമിഷങ്ങളും ഓരോ യുഗങ്ങളായാണ് എനിക്ക് തോന്നിയത്.പ്രണയത്തിൽ വിരഹത്തേക്കാൾ വേദന പ്രണയിനിയുടെ വരവിനെ കാത്തുനിൽക്കുകയായിരിക്കും എന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.അതാ അവൾ വരുന്നു.ഞാൻ ഉന്മേഷവന്നയി.അവളുടെ കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ട്.അവൾ എന്റെ അടുത്ത് കൂടി എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് അടുത്തുള്ള ടെലിഫോൺബൂത്തിൽ കയറി.നേരിട്ട് സംസാരിക്കാൻ അവൾക്ക് പേടി ആണ്.ആരെങ്കിലും കണ്ടാല്ലോ?.അതിനാൽ ബൂത്തിൽ കയറി എന്റെ മൊബൈലിലോട്ട് വിളിക്കും അതു വഴിയാണ് സംസാരം.ഇതാ ഫോൺ ബെല്ല് അടിക്കുന്നു.ഞാൻ മൊബൈൽ ചെവിയില്ലേക്ക് വച്ചു.കുയിലിന്റെ തേന്മോഴി പോലെ അവളുടെ സ്വരം എന്റെ കാതിൽ തിരയടിച്ചുയർന്നു.നമ്മളുടെ സ്ഥിരം പ്രേമസല്ലാപങ്ങൾ കഴിഞ്ഞു.
                                     അവൾ പറഞ്ഞു നമുക്ക് പളിയുടെ അകത്തേക്ക് പോയി പ്രാർത്ഥിക്കാം എന്ന്.അപ്പോൾ ഞാൻ ചോദിച്ചു..ഇന്ന് ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ?അല്ല്ലാ ആളുകൾ ധാരാളം വരുന്നുണ്ടല്ലോ!.അവൾ പറഞ്ഞു “ ഇന്ന് ഇവിടെ ഒരു പ്രേത്യേക പ്രാർത്ഥന ഉണ്ട് “അതാണ് കാരണം എന്ന്.ആ പ്രേത്യേകത എന്തെന്തു അറിഞ്ഞപ്പോൾ അതു വളരെ രസമായി തോന്നി എനിക്ക്.“നമ്മൾ വിചാരിക്കുന്ന കാര്യം നടക്കാൻ വേണ്ടി ഈ പള്ളിയിൽ ആ കാര്യം ഒരു പേപ്പറിൽ എഴുതി പ്രാർത്ഥനക്കുമുൻപ് അത് പള്ളിലച്ചന്റെ കൈയിൽ കൊടുക്കണം.അത് അച്ഛൻ മൈക്കിൽ കൂടി വായിക്കും.എന്നിട്ട് എല്ലാവരോടും ആ കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കാനും പ്രാർത്ഥനഗാനങ്ങൾ ചൊല്ലുകയും ചെയ്യും“.ഹമ്പടാ! ഇതു കൊള്ളാമല്ലോ പരിപാടി..ഞാൻ അവളോട് പറഞ്ഞു.എടീ നമുക്കും നമ്മുടെ കാര്യം എഴുതി ഇട്ടാല്ലോ?അവൾ മടിച്ച് മടിച്ച് സമ്മതിച്ചു.അങ്ങനെ അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ നിന്നും പേപ്പറും പേനയും വാങ്ങി.അവളും കൂട്ടുകാരിയും മാറി ഇരുന്ന് എന്തോ എഴുതുന്നുണ്ട്.ഞാൻ ബൈജുവിനോട് എഴുതാൻ പറഞ്ഞു.അവന് നാണക്കേട്! വേണ്ടാ എന്ന് അവൻ പറഞ്ഞു.ഹും!എനിക്കുണ്ടോ നാണം.എനിക്ക് ഉണ്ടോ നാണവും മാനവും!ഞാൻ പേപ്പറിൽ വലുതായി എഴുതി..സൌമ്യയെ[ഒർജിനൽ പേര് അല്ലാ]ജീവിതകാലം മുഴുവൻ ഭാര്യയായി എനിക്ക് കിട്ടണേ ഈശ്വരാ..”ഇത്രയും എഴുതിയതും വലിയ ജോലി  ചെയ്തതുപോലെ ഞാൻ വിയർത്തുകുളിച്ചു.ആശാരിമാർ പണി കഴിഞ്ഞ തടി ചരിഞ്ഞ് നോക്കും പോലെ ഞാനും ആ പേപ്പറിൽ ചരിഞ്ഞ് നോക്കി.എന്നിട്ട് ആ പേപ്പർ ബൈജുവിനേ കാണിച്ചു.അവൻ വായിച്ചതും അവൻ ചിരിച്ചു മറിയുകയാണ്..ഞാൻ അതോന്നും ശ്രദ്ധിച്ചില്ലാ..എല്ലാം ഓക്കെ ആണ്.എനിക്ക് സന്തോഷം ആയി..
                          പള്ളിയ്ക്കകത്ത് പ്രാർത്ഥന തുടങ്ങി.അവളും കൂട്ടുകാരിയും എഴുതിയത് എന്തു ആണെന്ന് അറിയില്ലാ.അത് അവർ അച്ഛന്റെ കൈയിൽ മുമ്പെ കൊടുത്തു.അച്ഛന്റെ കൈയിൽ കുറെ പേപ്പർ ഉണ്ട് .അതെല്ലാം അച്ഛൻ വായിക്കുകയാണ്.കൂടുതലും രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ്.ഞാൻ പള്ളിക്ക് പുറത്ത് നിൽക്കുകയാണ് കടലാസും പിടിച്ചുകൊണ്ട്.പ്രാർത്ഥനയും തുടങ്ങി എഴുതിയത് കൊടുത്തതുമില്ലാ!.. എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ഞാൻ പുറകിൽ നിന്നും ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു.അച്ഛൻ നോക്കിയപ്പോൾ ഒരുത്തൻ കടലാസും പിടിച്ചുകൊണ്ട് ഓടി വരുന്നു.അച്ഛൻ പ്രാർത്ഥന നിർത്തി.അച്ഛൻ കരുതി കാണും “പാവം പയ്യൻ എന്തോ അർജന്റ് കാര്യം കൊണ്ട് വരുകയാവും”.ഞാൻ അച്ഛന്റെ മുന്നിൽ എത്തി എന്നിട്ട് തിരിഞ്ഞ് നോക്കി എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.സിനിമയിലെ നായകനേ പോലെ ഞാൻ ധൈര്യപൂർവ്വം എന്റെ മോഹം അടങ്ങിയ കടലാസ് അച്ഛന്റെ നേരെ നീട്ടി.സന്തോഷത്തോടെ അച്ഛൻ അതു കൈ നീട്ടി വാങ്ങി.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ചെറു പുഞ്ചിരി ആ മുഖത്തുകാണാമായിരുന്നു.ഹൊ! സമാധാനമായി.ഞാൻ കരുതി അവസാനം കൊടുത്തതു കൊണ്ട് എന്റെ കടലാസ് അവസാനം മാത്രമേ നോക്കു എന്ന്.  പക്ഷേ എന്റെ വരവ് കണ്ട അച്ഛൻ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ആ കടലാസ് തുറന്ന് നോക്കി.ആരുടെയോ രോഗശാന്തിക്കു വേണ്ടി വായിച്ചു പ്രാർത്ഥിക്കാൻ ഇരുന്ന അച്ഛൻ അ കടലാസ് മനസ്സു കൊണ്ട് വയിച്ചു നോക്കി.അതു വയിച്ചതും അച്ഛൻ രൂക്ഷമായി മുഖമുയർത്തി എന്നേ നോക്കി.ആ മുഖത്തിൽ സ്നേഹവും സമാധാനവും മാറി പകരം സാത്താൻ ഓടി വന്നോ എന്ന് സംശയം.ഞാൻ 2 അടി പിറകോട്ട് മാറി ആളുകൾക്കിടയിലൂടെ പുറത്തേക്ക് ഓടി.അപ്പോൾ ആളുകൾ കരുതി കാണും എന്താവും ഇവൻ കൊടുത്തു കാണുക..
            അപ്പോൾ അച്ഛന്റെ പ്രാർത്ഥന മൈക്കിൽ കൂടി മുഴുകി.”സ്നേഹിക്കുന്നവർക്കും ആ സ്നേഹം എന്നും അവർക്കു കിട്ടാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം”.പുറത്തേയ്ക്ക് വന്ന ഞാനും ഇതു കേട്ട ബൈജും ചിരിച്ചു പോയി. അവന്റെ ചിരി 2 ദിവസത്തേക്ക് നിന്നിട്ടില്ലാ.എന്തായാലും  ആ പള്ളിയിൽ ഞാൻ പോയിട്ടില്ലാ.അച്ഛൻ എന്നെ കണ്ടാൽ ചിലപ്പോൾ എന്നെ കുരിശിൽ തറച്ചാല്ലോ?..അനിയൻ..