ഓരോ ലീവ് കഴിഞ്ഞു പ്രവാസമെന്ന ഏകാന്തയാനത്തിലേക്ക് യാത്ര തിരിക്കുമ്പോൾ കനംവെച്ച് തൂങ്ങുന്ന മനസിൽ ചെയ്തു തീർക്കാൻ ബാക്കിവെച്ച എന്തോ ഒന്നിന്റെ വിങ്ങൽ ഉയരുന്നത് ഞാനറിഞ്ഞിരുന്നു.പക്ഷേ എത്രയാലോചിച്ചിട്ടും അതെന്താണെന്ന് മാത്രം മനസിലാക്കാൻ കഴിഞ്ഞില്ല.വീണ്ടും ഉഷ്ണക്കാറ്റിന്റെ വേരിറങ്ങി ദിനങ്ങളിൽ വിരസതയുടേയും വിരഹത്തിന്റെയും വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങാതിരിക്കാൻ ഓർമയുടെ ശീതളിമയിൽ അഭയം തേടും.എങ്കിലും എന്തോ ബാക്കിയായതിന്റെ ഓർമപ്പെടുത്തലായി ഇരുളിന്റെ കരിമ്പടത്തിൽ സ്വപ്നമെന്ന മരുപ്പച്ച വന്നെന്നെ ഉണർത്തും.ദാഹമകറ്റാൻ ഇറക്കുന്ന ഓരോ തുള്ളിയും ഉള്ളിലേക്കൂർന്ന് വീണ് നിറമില്ലാത്ത സ്വപ്നത്തിനു ചുറ്റുമായി ഓളങ്ങൾ തീർക്കും. അടങ്ങാത്ത ഓളങ്ങൾ..!!
ഓരോ വൃത്തവും പലയാവർത്തി ചിന്തയെ പിടിച്ചുലക്കും.അവിടെ തെളിയുന്നത് ഒരേ മുഖം മാത്രം.ഒരേ സ്വരം മാത്രം.!!
പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്.മിസ് കോളടിച്ച് ഫോൺ നിന്നു. നാട്ടിൽ നിന്നാണ്. ഉടനെ തന്നെ തിരിച്ചു വിളിച്ചു. അവൾക്ക് മാസം തികഞ്ഞിരിക്കുവാണ്.ഇനിയും രണ്ടാഴ്ച കൂടിയുള്ളൂ പ്രസവത്തിന്.മൂത്തയാൾ ജനിച്ചപ്പോൾ അവളുടെ കൂടെയുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ഞാനും അവളും.പക്ഷേ ജോലിത്തിരക്കും പല പ്രശ്നങ്ങളും കാരണം അന്നത് നടക്കാതെ പോയി.ഇപ്രാവശ്യമെങ്കിലും കൂടെ വേണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ ലീവ് പറഞ്ഞു വെച്ചതാണ്.ഇന്ന് രാത്രിയാണ് ഫ്ലൈറ്റ്. ഒരുക്കങ്ങൾ പൂർത്തിയായോ എന്നറിയാൻ വിളിച്ചതാവും.അതോ അവിടെ എന്തെങ്കിലും വിശേഷിച്ച്..?ഒരുൾഭയം..!പെട്ടെന്ന് തന്നെ തിരികെ വിളിച്ചു.അങ്ങേത്തലക്കൽ പ്രിയതമയാണ്.
"ചേട്ടാ,എന്താ തിരക്കിലാണോ.ഇന്ന് തന്നെ പോരുമല്ലോ അല്ലേ.എനിക്കാണേൽ ഓരോന്ന് ആലോചിച്ചു എന്തോ ഒരു ടെൻഷൻ പോലെ. ചേട്ടനെ പെട്ടെന്ന് തന്നെ കാണണം എന്നൊരു തോന്നൽ. കഴിഞ്ഞ വട്ടത്തെപോലെ അവസാന നിമിഷം ലീവ് മാറ്റിയത് പോലെ എന്തെങ്കിലും..."
പറഞ്ഞു പൂർത്തിയാക്കാതെ അവളുടെ ശബ്ദം നിന്നു.
"ഇല്ലടീ, ഞാനെന്തായാലും വരും.നീ വെറുതെ ടെൻഷനാവാതെ.കുറച്ചു ജോലികൂടി ബാക്കിയുണ്ട്.അതുംകൂടെ തീർത്തിട്ട് റൂമിൽ ചെന്നു ഫ്രഷാകുക,ഒരുങ്ങുക,നേരെ എയർപോർട്ട്.. അത്രതന്നെ.. ബാഗെല്ലാം രണ്ട് ദിവസം മുന്നേ തയാറാക്കീ വെച്ചിട്ടുണ്ട്."
മനസുകൊണ്ട് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ "ഉമ്മ"എന്ന് പറയുമ്പോൾ അവളും തിരിച്ചു പറഞ്ഞു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്ത് ജോലിയിൽ മുഴുകി.
യാത്രയുടെ മടുപ്പോ,ക്ഷീണമോ ഒന്നുമില്ലാതെ വീടെത്തി. നാട്ടിലെത്തിയാൽ പിന്നെ കൊണ്ടു പിടിച്ച തിരക്കാണ്.ഉള്ള ദിവസങ്ങളത്രയും യാത്രയും ഊരുചുറ്റലും,ബന്ധുക്കളെ സന്ദർശിക്കലും..അങ്ങനെ..പക്ഷേ ഇപ്പോഴെന്തോ എല്ലാത്തിനും ഒരു മടുപ്പാണ്. വീട്ടിൽ നിന്നും വെളിയിലിറങ്ങുന്നത് തന്നെ അത്യാവശ്യങ്ങൾക്ക് മാത്രമായിരുന്നു. ഞാനൊതുങ്ങിക്കൂടിയത് അവൾക്ക് സന്തോഷമുള്ള കാര്യമായിരുന്നു. മനപ്പൂർവം അവളുടെ സന്തോഷത്തിനു വേണ്ടി ഞാനുമത് തുടർന്നു.
വൈകുന്നേരങ്ങളിൽ ടെറസിൽ പോയിരുന്ന് സന്ധ്യാമാനത്തെ നോക്കിയിരിക്കാൻ എനിക്കിഷ്ടമായിരുന്നു.
ചിലപ്പോഴൊക്കെ അവളും കൂടെ വന്നിരിക്കും.പരസ്പരം പറഞ്ഞു തീരാത്ത പലവിശേഷങ്ങളും പറഞ്ഞിരിക്കും.
ഒരുദിവസം പടികൾ കയറി ടെറസിലേക്ക് കയറുമ്പോഴാണ് എന്റെ ശ്രദ്ധ അങ്ങോട്ട് പോയത്.എന്റെ വീട്ടിൽ നിന്നും രണ്ടു വീടപ്പുറത്ത് കാടുപിടിച്ചു കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വീട്. ദ്രവിച്ച ഷീറ്റുകൾക്കിടയിലൂടെ കഴുക്കോലുകൾ തെളിഞ്ഞു കാണാം.മുറ്റത്തെ മാവിപ്പോൾ വാർദ്ധക്യം ബാധിച്ചപോലെ ഊർജവും പച്ചപ്പും നഷ്ടപ്പെട്ടു നിൽക്കുന്നു.
ഒരുകാലത്ത് തലയിൽ നിറച്ചു വെച്ച മാമ്പഴങ്ങൾ കാണിച്ചു ഞങ്ങൾ കുട്ടികളെ കൊതിപ്പിച്ചിരുന്ന മാവാണ്.പലയിടത്തു നിന്നും പറന്നെത്തുന്ന കിളികൾക്ക് സുഭിക്ഷമായി ഉണ്ടുറങ്ങാൻ ആ മാവ് മുറതെറ്റാതെ പൂത്തുകൊണ്ടിരുന്നു. മാവിനും കിളികൾക്കും പിന്നെയും കുറെ ജന്തുജാലങ്ങൾക്കും കാവലാളായി അവിടൊരാൾ ഉണ്ടായിരുന്നു. ഒരു പാവം അമ്മൂമ്മ..!! അന്നൊക്കെ സ്കൂൾ വിട്ടുവന്നാൽ ഞങ്ങൾ കുട്ടികൾ അമ്മൂമ്മയുടെ വീട്ടിലായിരുന്നു കൂടിയിരുന്നത്.സ്വന്തവും ബന്ധവും ഒന്നുമില്ലാതിരുന്ന അമ്മൂമ്മക്ക് അത് വലിയ സന്തോഷവുമായിരുന്നു.എന്നും ഞങ്ങൾ വരുമ്പോഴേക്കും എന്തെങ്കിലുമൊക്കെ പലഹാരം കരുതി വെക്കും.എല്ലാ കുട്ടികൾക്കും ഓരോന്നു കൊടുക്കുമ്പോൾ എനിക്ക് മാത്രം ആരും കാണാതെ രണ്ടെണ്ണം തരും. അത്രയ്ക്ക് വാൽസല്യമായിരുന്നു.ഒരിക്കൽ അതിന്റെ കാരണം ചോദിച്ചപ്പോൾ അമ്മൂമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട് പിന്നെയങ്ങനെ ചോദിക്കാൻ തോന്നിയില്ല.
ചില വിചിത്ര സ്വഭാവങ്ങൾക്ക് ഉടമയായിരുന്നു അമ്മൂമ്മ. അന്നത് 'വിചിത്രമായി' തോന്നിയിരുന്നെങ്കിലും പിന്നീടതിന്റെ മഹത്വം മനസിലാക്കാൻ കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നു.
അമ്മൂമ്മ എവിടെ നിന്നും വന്നെന്നോ ബന്ധുക്കളുണ്ടോ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു.
വീടിനു മുന്നിലൂടെ പോകുന്ന ഓരോരുത്തരേയും പേരെടുത്ത് വിളിച്ചു വിശേഷങ്ങളെല്ലാം തിരക്കും.അന്നാട്ടിൽ എന്താവശ്യത്തിനും പ്രായം പോലും മറന്നു അമ്മൂമ്മയുണ്ടാകും മുന്നിൽ. ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമ്പോൾ ആരെങ്കിലുമൊക്കെ കൊടുക്കുന്ന നോട്ടുകളും നാണയങ്ങളുമായിരുന്നു അമ്മൂമ്മയുടെ വരുമാനം. എങ്കിലും അഭിമാനിയാണ്.വെറുതെ ആരെങ്കിലും എന്തേലും കൊടുത്താൽ അവർ മേടിക്കില്ല.ഇനി മേടിച്ചാൽ തന്നെ പകരം അവർക്ക് രണ്ട് ചുള്ളിക്കമ്പെങ്കിലും പെറുക്കി കൊടുക്കാതെ അമ്മൂമ്മക്ക് സമാധാനം കിട്ടില്ല.
കിട്ടുന്ന കാശിനു അമ്മൂമ്മ പീടികയിൽ പോയി കുട്ടികൾക്ക് പലഹാരവും,പിന്നെ കുറച്ചു മീനും വാങ്ങും.കറിവെച്ച് സ്വന്തമായി കൂട്ടാനൊന്നുമല്ല.അമ്മൂമ്മ മീൻ കൂട്ടുന്നത് ഞങ്ങളാരും കണ്ടിട്ടുമില്ല..!
വീട്ടിൽ ഓമനിച്ചു വളർത്തുന്ന കുറേ പൂച്ചകളും പട്ടികളുമുണ്ട്.അവക്ക് വേണ്ടിയാണ് മീൻ വാങ്ങുന്നത്.എപ്പോഴും അമ്മൂമ്മക്ക് ചുറ്റും മുട്ടിയുരുമ്മി അവറ്റകൾ കാണും.കടയിൽ പോയാലും റോഡിലേക്കിറങ്ങിയാലും കിങ്ങിണിയും, കുഞ്ഞനും,മാരിയും,റോസിയും, അങ്ങനെ ആരെങ്കിലും കൂടെ കാണും.ബാക്കിയുള്ളവർ വീടിനു കാവൽ നിൽക്കും.അമ്മൂമ്മ വിളിച്ചാൽ പറന്നെത്തുന്ന കാക്കകളും കിളികളും അണ്ണാനുമൊക്കെയുണ്ടായിരുന്നു.എല്ലാവർക്കും ഭക്ഷണം വിളമ്പി പ്രത്യേകം പാത്രത്തിൽ വെയ്ക്കും.അവരവരുടെ പാത്രത്തിൽ നിന്നല്ലാതെ ആരും മറ്റുള്ളതിൽ നിന്ന് തട്ടിയെടുക്കുകയോ പരസ്പരം കടിപിടി കൂടുകയോ ഒന്നുമില്ല. അതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞങ്ങൾ.
പലപ്പോഴും ഇവറ്റകളുടെ ബഹളം അയൽവക്കക്കാർക്ക് ശല്യമായിരുന്നു എന്നത് ഒരു സത്യം തന്നെയായിരുന്നു. എങ്കിലും ആരും ഒന്നും പുറത്തു കാണിച്ചിരുന്നില്ല.
ഇടക്ക് വീട്ടിൽ വരും.എത്ര നിർബന്ധിച്ചാലും അകത്തേക്ക് കയറുകയോ കസേരയിൽ ഇരിക്കുകയോ ചെയ്യില്ല.രണ്ട് കാലും നീട്ടി തിണ്ണയിലിരുന്ന് വർത്തമാനം പറഞ്ഞു പോകും.ആ സംസാരം ഇഷ്ടമായ കൊണ്ട് ഞാനും അടുത്ത് പോയിരിക്കും. ഒരുവട്ടം അമ്മയോട് ഇങ്ങനെ പറയുന്നത് കേട്ടു.
"ഞാൻ മരിച്ചാ അന്റെ മോനെക്കൊണ്ട് ബലിയിടീച്ച് ഒരുപിടി ചോറു തരീക്കണം.കുട്ടന്റെ കൈകൊണ്ട് തന്നാ നിക്ക് മോക്ഷം കിട്ടും.ചെയ്യ്വോ പ്രസന്നേ"
"കല്യാണിയമ്മ ന്തിനാ പ്പോ ഇങ്ങനൊക്കെ പറയണേ.ഇനീം കുറേ കൊല്ലം കൂടി കല്യാണിയമ്മ ഇങ്ങനെ ഓടിച്ചാടി നടക്കണം."
അതുകേൾക്കുമ്പോൾ അമ്മൂമ്മ ഉറക്കെ ചിരിക്കും.അന്നവർ സംസാരിച്ചത് എന്താണെന്ന് മനസിലാക്കാതെ ഞാനും കൂടെ ചിരിച്ചിട്ടുണ്ട്. പതിവില്ലാത്ത വിധം പട്ടികളുടെ കുരയും ബഹളവും കേട്ടാണ് അമ്മ ഉറക്കമുണർന്നത്.അച്ഛനും ഞാനും കൂടെയുണർന്നു.'ഇത് ഭയങ്കര ശല്യമായല്ലോ,അവധിയായിട്ട് സ്വസ്ഥമായി ഒന്നുറങ്ങാനും സമ്മതിക്കത്തില്ല."
മുണ്ടും മുറുക്കി ഉടുത്ത് വാതിൽ തുറന്ന് അച്ഛൻ ഇറങ്ങിയ കൂടെ കണ്ണ് തിരുമ്മികൊണ്ട് ഞാനും പിന്നാലെ ചെന്നു.വെട്ടം വീണു തുടങ്ങുന്നതേയുള്ളൂ.പട്ടികൾ വാതിൽക്കൽ തന്നെ നിന്നു കുരക്കുകയാണ്.രണ്ടു പൂച്ചകൾ വല്ലാതെ മുരണ്ടു കൊണ്ട് എന്തിന്റെയോ ചുറ്റും കറങ്ങുന്നു. പോരാത്തതിന് കാക്കകളുടെ കരച്ചിലും. ആകെ ബഹളം തന്നെ. അപ്പുറത്തെ ഓരോ വീടിന്റെ വാതിലുകളും വലിച്ചു തുറക്കുന്ന ശബ്ദം. എല്ലാവരും എന്തോക്കെയോ ചീത്തപറഞ്ഞാണ് പുറത്തേക്ക് വന്നത്.അമ്മയാണ് ആദ്യം അങ്ങോട്ടിറങ്ങി ചെന്നത്.വേലി കടന്നതും അമ്മ നിലവിളിച്ചു ഒച്ചവച്ചതും ഒരുമിച്ചാണ്.പിന്നെ അമ്മ ഓടുന്ന കണ്ട് ഞാനും അച്ഛനും വേറെ ആരൊക്കയോ അങ്ങോട്ടോടി. അവിടെ കണ്ട കാഴ്ച ശരിക്കും ഹൃദയത്തെ തകർക്കുന്നതായിരുന്നു.
അമ്മൂമ്മ താഴെ വീണു കിടക്കുന്നു.തല പൊട്ടി രക്തം ചുറ്റിലും പടർന്നിരിക്കുന്നു. കണ്ണുകൾ തുറിച്ചു വായ തുറന്നു കിടക്കുന്ന അമ്മൂമ്മയെ ഞാനൊന്നേ നോക്കിയുള്ളൂ.കണ്ണുപൊത്തി അച്ഛന്റെ പിന്നിലേക്ക് ഒളിക്കുമ്പോൾ സങ്കടത്തേക്കാളേറെ ഭയമായിരുന്നു മനസിൽ. എല്ലാവരും ചേർന്ന് അമ്മൂമ്മയെ താങ്ങിയെടുത്തു.ഓട്ടോ ഡ്രൈവറായ ദിനേശേട്ടൻ ഓടിച്ചെന്നു വണ്ടിയിറക്കി.അമ്മൂമ്മയേയും കൊണ്ട് ഓട്ടോ കുതിക്കുമ്പോൾ ആ മൃഗങ്ങളും പിന്നാലെ പായുകയായിരുന്നു. കാക്കകൾ കരഞ്ഞു കൊണ്ട് ഓട്ടോ പോയ വഴിയേ പറന്നു. അവിടെ കൂടി നിന്ന എല്ലാവരും അന്നേരം ചിന്തിച്ചത് ഒറ്റ കാര്യമായിരുന്നു. ആ മൃഗങ്ങളുടേയും,പക്ഷികളുടെയും സ്നേഹത്തെ കുറിച്ച്. ആത്മാർഥതയെ കുറിച്ച്..!! മണിക്കൂറുകൾ കഴിഞ്ഞു. ആശുപത്രിയിൽ നിന്നും ഒരു വിവരവും അറിയാനില്ല.
പലരും കൂട്ടം കൂടി നിന്ന് അമ്മൂമ്മയെ പറ്റിയും അവര് ചെയ്ത കാര്യങ്ങളെ പറ്റിയും സംസാരിച്ചു കൊണ്ട് നിൽക്കുന്നു. ഇടവഴി കടന്നു ഇരമ്പി വരുന്ന ഓട്ടോയുടെ ശബ്ദം എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ട് ക്ഷണിച്ചു.അമ്മൂമ്മയുടെ വീട്ടുമുറ്റത്തേക്ക് വണ്ടി കയറുമ്പോൾ വെളുത്ത തുണിപുതച്ച എന്തോ താങ്ങിപ്പിടിച്ച് അച്ഛനിരിപ്പുണ്ട്.വഴിയിൽ നിന്നവരെല്ലാം ഓടിക്കൂടി.പിന്നെയവിടെ തിരക്കായി. പന്തൽ കെട്ടാനും,മൃതദേഹം ദർശനത്തിന് വെക്കാനും,ചടങ്ങുകൾ ചെയ്യാനും.. ആരുടേയും ആരുമല്ലാതിരുന്ന അമ്മൂമ്മക്ക് വേണ്ടി ആ നാട് മുഴുവൻ ഒറ്റമനസോടെ നിന്നു.ശേഷക്രിയകൾ ചെയ്യാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് അമ്മ എന്നെ മുന്നിലേക്ക് നീക്കി നിർത്തി.പക്ഷേ ഞാൻ അമ്മയുടെ കൈതട്ടി മാറ്റി അച്ഛന്റടുത്തേക്ക് ഓടി."എനിക്ക് പേടിയാണച്ഛാ".
അച്ഛൻ ഒന്നും പറഞ്ഞില്ല. എന്നെ ചേർത്ത് പിടിച്ചു. അമ്മ വന്നു എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. തിരിഞ്ഞു നോക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. പിന്നീടുള്ള പല രാത്രികളിലും അമ്മൂമ്മ ഒരു പേടി സ്വപ്നമായി എന്നെ പിന്തുടർന്നു."എനിക്കൊരു പിടി ചോറു തരില്ലേ കുട്ടാ??""
തോളിൽ പതിച്ച തണുത്ത കൈകളാണ് ഭൂതകാലത്തു നിന്നും എന്നെ തിരിച്ചിറക്കിയത്.മൂത്ത മോൾ.മീനാക്ഷി.. "എന്താ അച്ഛാ,ഇവിടിരിക്കണേ?
'ഒന്നൂല്ലടീ ചക്കരേ'അവളെ വാരിയെടുത്ത് മടിയിലിരുത്തി കവിളിലൊരുമ്മ കൊടുത്തു. തിരിച്ചു അവളും ഉമ്മതന്നു.കുറച്ചു നേരം കൂടി അവടിരുന്ന് അവളോട് ഓരോന്നു പറഞ്ഞു.മോളേം കൂട്ടി താഴേക്കിറങ്ങുമ്പോൾ മനസ് ആ തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു. നാളുകൾക്ക് ശേഷം ഓളങ്ങൾ ഉതിരാത്ത ശാന്തമായ മനസോടെ ഞാനുറങ്ങി.
രാവിലെ തന്നെ കുളിച്ചൊരുങ്ങി.
"ഞാൻ അമ്പലത്തിൽ പോകുവാണ്.ഒരു കാര്യം ചെയ്തു തീർക്കണം".
സ്കൂട്ടർ സ്റ്റാർട്ടാക്കി ഞാൻ വേഗം തന്നെ അമ്പലത്തിൽ എത്തി. ആദ്യം കയറി തൊഴുതു. എല്ലാ അപരാധങ്ങളും പൊറുത്തു തരണേയെന്ന് അപേക്ഷിച്ചു.കൗണ്ടറിൽ ചെന്നു ബലിയിടാൻ ചീട്ടെഴുതിച്ചു. നാക്കിലയിട്ടു മുന്നിൽ നിന്നപ്പോൾ ശാന്തി ചോദിച്ചു.മരിച്ചത് നിങ്ങടെ ആരാണ്.
ഉത്തരം പറയാൻ എനിക്ക് തെല്ലും ആലോചിക്കേണ്ടി വന്നീല്ല.
"എന്റെ അമ്മൂമ്മ"!!
എള്ളും പൂവും ഉഴിഞ്ഞിട്ട് നീരും തളിച്ച് നാക്കിലയുമെടുത്ത് ഞാൻ നടന്നു.ആരോ മുൻകൂട്ടി അറിയിച്ചത് പോലെ എവിടെ നിന്നോ കുറേ കാക്കകൾ പറന്നു വന്നു.ഓരോ വറ്റ് കൊത്തി എടുക്കുമ്പോഴും തലചെരിച്ച് അവ എനിക്ക് നോട്ടമെറിഞ്ഞു. കൽപ്പടവിറങ്ങി വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ ശിരസിൽ അനുഭവപ്പെട്ട തണുപ്പിന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര അനുഭൂതി ആയിരുന്നു. അങ്ങു സ്വർഗത്തിൽ നിന്നെത്തിയ അനുഗ്രഹം പോലെ.!! പറഞ്ഞ ഡേറ്റിനു മുന്നേ തന്നെ അവൾക്ക് പ്രസവവേദന തുടങ്ങി. നേരത്തെ അഡ്മിറ്റായത് വളരെ നന്നായെന്ന് തോന്നി അപ്പോൾ.ലേബർ റൂം കയറും വരെ അവളുടെ കൈപിടിച്ച് ഞാനിരുന്നു.
"പെൺകുട്ടിയാണ്" നഴ്സ് വന്നു പറഞ്ഞു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
"വാവ വന്നോ അച്ഛാ"മീനാക്ഷി ചോദിച്ചു.
"പിന്നേ...ഒരു കുഞ്ഞു വാവ.മോൾക്ക് കൂട്ടുകൂടാൻ"
മീനാക്ഷി എന്റെ തോളിലെക്ക് ചാഞ്ഞു.
ഇരുപത്തെട്ടാം പക്കം നൂലുകെട്ടി 'വേദിക' എന്നു കാതിൽ മന്ത്രിച്ചു.
മൂത്തയാളുടെ പേരിനോട് സാമ്യപ്പെടുത്തിയാണ് അതിട്ടത്.
ചെല്ലപ്പേര് വേണ്ടേ..
അഭിപ്രായങ്ങൾ പലതും വന്നെങ്കിലും എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ.മനസിൽ കോറിയിട്ട ആ പേര് ഞാൻ വിളിച്ചു.. "കല്ല്യാണി"....!!!
രണ്ടു മാസത്തെ ലീവു കഴിഞ്ഞു വീണ്ടും മണലാരണ്യത്തിലേക്ക് യാത്ര തിരിക്കുമ്പോൾ മനസ്സിൽ ഘനീഭവിച്ച ചിന്തകൾ ഒന്നുമില്ലായിരുന്നു.
ബാക്കി വെച്ച കടമകളുടെ ഭിരമില്ലായിരുന്നു..
അപൂർണ്ണമായ വാഗ്ദാനങ്ങളുടെ പിൻവിളികൾ ഇല്ലായിരുന്നു..!!
മറ്റൊരു പൂക്കാലത്തിലേക്കുള്ള ചെറിയൊരു ഇടവേള മാത്രം....!!!
***** അനിയൻ... ********