രണ്ട് മാസമായി പുതിയ കുറെ സ്വപ്‌നങ്ങള്‍ ഉറക്കത്തില്‍ കാണുന്നു .എല്ലാം നാട്ടിലെ മാധുര്യമേറിയ ഓര്‍മ്മകള്‍ .എന്നും കാണുന്നത് തന്നെയാണ് എന്നാലും ഇപ്പോള്‍ അതിനു ഒരു പ്രത്യേകത ഉണ്ട് .കാരണം മൂന്നര വര്‍ഷത്തെ ഗള്‍ഫ് ജീവിതം കഴിഞ്ഞ് ഞാന്‍ ആദ്യമായി നാട്ടിലേയ്ക്ക് പോകാന്‍ ടിക്കറ്റ് എടുതുവച്ചിരിയ്കുകയാന്ന്‍.ജനു
എന്റെ നാട്ടിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് എന്നും നിദാനമായിട്ടുളള തരംഗിണി ലൈബ്രറി നഗരജീവിതത്തില്‍ കിട്ടാത്ത ഒരു ഹ്യദയതുടിപ്പ് തന്നെയാണ്. അത് ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നത് തന്നെ ആ നാട്ടുകാരുടെ കൂട്ടായ്മയുടെ ചിത്രം വ്യക്തമാക്കുന്നു. നമ്മള്‍ ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ സമയം കളയാന്‍ ഒന്നിച്ചു കൂടുന്ന പ്രധാനസ്ഥലവും ഈ ലൈബ്രറി ആണ് .രാത്രി വരെ നീളുന്ന സംസാരവും അതിനിടയില്‍ അവിടെ ഉള്ള ടീവിയില്‍ പരിപാടികള്‍ കാണുന്നതും രസമുള്ള ജീവിതം തന്നെയാണ് .അതിരാവിലെ അമ്പലങ്ങളില്‍ നിന്നും കേള്‍ക്കുന്ന സുപ്രഭാതവും ,ഇടുങ്ങിയ റോഡുകളും ,പുഞ്ചപടങ്ങളും ,അമ്പലത്തിലെ ആറാട്ടും ,ഉത്സവങ്ങളും ,പറയെടുപ്പും ,ഉറിയടിയും,കാര്‍ത്തികയും എല്ലാം എല്ലാം എന്റെ നാട്ടിന്റെ പ്രത്യേകതകള്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത് .ഇങ്ങനെ ഉള്ള ആനൂപാറ എന്ന ഹരിത സുന്ദരമായ ഗ്രാമത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു .അത് കൊണ്ട് തന്നെ എനിക്ക് ആ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് ഓടിയെത്താന്‍ കൊതിയാകുന്നു .
അങ്ങനെ നാട്ടില്‍ പോകാനുള്ള ദിനം എത്തി . ഒരു പാട് പ്രതീക്ഷകളും ഓര്‍മകളുമായി ഞാന്‍ എയര്‍ അറേബ്യയുടെ വിമാനത്തില്‍ ജനുവരി അഞ്ച് രാത്രി എട്ട് മണിയ്ക്ക് തിരുവനന്തപുരം എയര്‍പോട്ടില്‍ കാലുകുത്തി [ഇടതു കാല്‍ ആണോ വലതു കാല്‍ ആണോ എന്ന് ഓര്‍മയില്ല ].പുറത്ത് എന്നെ കാത്ത് അച്ഛനും അമ്മയും ചേട്ടനും കാതുനിന്നുരുന്നു.പുറത്തേയ്ക്ക് ഇറങ്ങി ഞാന്‍ എന്റെ നാടിന്‍റെ സുഗന്ധകരമായ കാറ്റ് ആവോളം ആസ്വദിച്ചുകൊണ്ട് എന്നെ കൊണ്ടുപോകാന്‍ വന്ന അംബാസിഡര്‍ കാറിലേയ്ക്കു കയറി .വീട്ടില്‍ എത്തുന്നതിനു മുന്‍പ് മാമം ആറിന്റെ മുകളിലൂടെ പോയപ്പോള്‍ ഞാന്‍ തല പുറത്തേയ്ക്കിട്ട് ആറ്റിലേയ്ക്ക് നോക്കി .ഇരുട്ടിന്റെ കാഠിന്യം കാരണം ഒന്നും കാണാന്‍ വയ്യ.ഈ രാത്രി ഇപ്പോള്‍ തന്നെ ആറ്റിലേയ്ക്ക് എടുത്തുചാടി ഒന്ന് മുങ്ങിനിവരാന്‍ കൊതിയാകുന്നു .പിന്നെ ആ ആഗ്രഹം നാളെ രാവിലെ പൂര്‍ത്തീകരിയ്ക്കാം എന്ന് വിചാരിച്ചു .കാറില്‍ നിന്നും പുറത്തു ഇറങ്ങി എന്റെ ഗ്രാമത്തില്‍ കാലുകുത്തിയപ്പോള്‍ ശരീരം മുഴുവന്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി." ഹേ! എന്റെ സുന്ധരഗ്രാമമേ നിന്നെ വിട്ട് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അനിയന്‍ ഇതാ വന്നിരിയ്ക്കുന്നു " എന്ന് ഉറക്കെ വിളിച്ചുപറയാന്‍ തോന്നി എനിക്ക്.വീട്ടുകാരുടെ സ്നേഹന്വേഷനങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ മനസ്സമാധാനമായ ഒരു ഉറക്കം ഏതു ഗള്‍ഫ്കാരന്‍ ആണ് ആഗ്രഹിക്കാത്തത് . നീണ്ട വര്‍ഷങ്ങള്‍ എസിയുടെ തണുപ്പില്‍ കിടന്നു ശീലിച്ചത്കൊണ്ടാകാം ശരീരം മുഴുവന്‍ ചൂട് .എന്നാലും എന്റെ സന്തോഷം നിറഞ്ഞ മനസ്സിനെയും ശരീരത്തെയും ആ ചൂട് ബാധിച്ചില്ല .കാരണം ഞാന്‍ എന്റെ നാട്ടില്‍ എത്തിയിരിക്കുന്നു.അതില്‍ കൂടുതല്‍ എന്തുവേണം എനിക്ക്.
രാവിലെ നേരത്തെ എണീറ്റ് പല്ലുംതേച്ച് ഞാന്‍ അടുക്കളയിലേയ്ക്ക് ഓടി .എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചൂടു ദോശ അമ്മ ഉണ്ടാക്കുന്നുണ്ട് .അത് ചൂടുമാറാതെ കഴിക്കണം .കുട്ടികാലം മുതലേ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ആണ് അമ്മ ഉണ്ടാക്കുന്ന ദോശ .ഉണ്ടാക്കി പാത്രത്തില്‍ ഇടാന്‍ പോലും ഞാന്‍ സമ്മതിക്കില്ല നേരെ എന്റെ കയ്യിലേയ്ക്ക് വാങ്ങി കഴിയ്ക്കും ,കുടെ കഴിക്കാന്‍ ഒരു കറി പോലും എനിക്ക് വേണ്ട .അമ്മ ഉണ്ടാക്കുന്നത് കൊണ്ടാകാം ഇത്രയും രുചിയും ,എനിക്ക് ഇത്ര ഇഷ്ടപെടാനും കാരണം . ഇതാ ഇപ്പോള്‍ കഴിയ്ക്കുമ്പോഴും ദോശയ്ക്ക് രുചികൂടിയിട്ടെ ഉള്ളു എന്ന് തോനുന്നു.വയറു നിറഞ്ഞു ഇനി കുളിക്കണം .അമ്മയോട് ആറ്റില്‍ കുളിയ്ക്കാന്‍ പോകുന്നു എന്നും പറഞ്ഞിട്ട് സോപ്പുമെടുത്തു ഇറങ്ങി ഓടി .പിന്നിലെ നിന്ന് അമ്മ എന്തോ എന്നോട് വിളിച്ചുപറയുന്നുണ്ട്.ഞാന്‍ അത് ശ്രദ്ധിച്ചില്ല .കാരണം കുറെ നാളായി എന്റെ മോഹമാണ് നാട്ടില്‍ വന്ന ഉടനെ ആറിലേയ്ക്ക് എടുത്തു ചാടി ഒരു കുളി.ഇന്നലെ പിന്നെ രാത്രിയതുകൊണ്ട് ഇന്നത്തേയ്ക്ക് മാറ്റിയതാണ് . ആറിനു അടുത്തേയ്ക്ക് എത്തുമ്പോള്‍ എന്റെ ആവേശം കൂടിവന്നു .ആറിന്റെ കരയില്‍ എത്തി ചാടാന്‍ നിന്ന ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാന്‍ നിന്നു.ഞാന്‍ എന്താണ് ഈ കാണുന്നത് .ഒരു വലിയ കുഴി അതില്‍ ഒരു ചെറിയ നീരുറവ പോലെ കുറച്ചു വെള്ളവും അതില്‍ കുറെ കന്നുകാലികളും .ഓടകളില്‍ ഇതിനെക്കാളും വെള്ളവും വ്യത്തിയും ഉണ്ടെന്നു എനിക്ക് തോന്നി .അപ്പോഴാണ് അമ്മ എന്റെ പുറകെ വന്നു പറഞ്ഞത് എന്താ എന്ന് മനസ്സിലായത് .മോനെ പോകണ്ട എന്നായിരിക്കും.ഈ കെട്ടികിടക്കുന്ന വെള്ളത്തെ ആണോ ഞാന്‍ എത്രയും വര്‍ണ്ണിച്ചത് ,ഇതിനെയാണോ എന്റെ നാടിന്റെ ഭാഗ്യമായി കണ്ടത് .ആറിന്റെ ആ നിര്‍ഭാഗ്യം കണ്ടു എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.പോയ പോലെ ഞാന്‍ തിരിച്ചു വരുന്നത് കണ്ട അമ്മ എന്നോട് പറഞ്ഞു വല്ലപ്പോഴും പെയ്യുന്ന മഴയില്‍ ആണ് ആറില്‍ വെള്ളം കാണുന്നത് ,മണല്‍വാരലും മറ്റും ആറിനെ നശിപ്പിച്ചു.വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്നത് വെറുതെയായി.പിന്നെ തിരിച്ചു ഗള്‍ഫില്‍ തിരിച്ചു വരുന്നതുവരെയുള്ള രണ്ട് മാസകാലത്തും എനിക്ക് ആ ആറ്റില്‍ കുളിക്കാന്‍ കഴിഞ്ഞില്ല .വീട്ടിലെ കിണറ്റിലെ വെള്ളം തന്നെ കുളിക്കാന്‍ ശരണം .
കുളിയും കഴിഞ്ഞു നാട് കാണാന്‍ ഞാന്‍ ഇറങ്ങി.ഞാന്‍ നടക്കുന്നത് റോഡ് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ അവനു അടി കിട്ടും.അത്രയ്ക്ക് നല്ല റോഡ്.പണ്ട് ഞാന്‍ പോയപ്പോള്‍ അതിനെ ഒരു ചെറിയ വഴി എന്നെങ്കിലും പറയാമായിരുന്നു.ഇപ്പോള്‍ ഇതിനെ കുന്നു എന്നോ കുഴി എന്നോ പറയാം.ഈ റോഡ് എന്ന് പറയുന്ന സ്ഥലത്ത് വച്ച് വഴി ചോദിച്ചാല്‍ വഴി ഇങ്ങനെ പറയാം 'ആ കുഴി വലത്തോട്ട് പോകുമ്പോള്‍ നേരെ ഒരു കുഴി കാണും പിന്നെയും നേരെ പോയാല്‍ വളഞ്ഞൊരു കുന്നു ഉണ്ട്'.അത്രയ്ക്ക് അധ:പതിച്ചുപോയിരിക്കുന്നു അവിടം.ഇവിടത്തെ നാട്ടുകാര്‍ക്കും ഭരണകര്‍ത്താകള്‍ക്കും എന്ത് പറ്റി?നാലു ബസ് ഓടുന്ന റോഡാണ് .സ്വന്തം സുഖങ്ങള്‍ മാത്രം നോക്കുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള ഒരു രാജ്യത്തു ഞാന്‍ ജനിച്ചു പോയി ഇനി എല്ലാം സഹിയ്ക്കുക തന്നെ .ദിവസവും ടിവിയിലും മറ്റും നാട്ടിലെ ഓരോ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും ഒരു തോക്ക് എടുത്തു എല്ലാത്തിനെയും വെടിവച്ചുകൊല്ലാന്‍ .[പിന്നെ ഒരു നൂറ്റിയന്പത് പവന്‍ സ്വര്‍ണ്ണം !വാങ്ങിയിട്ട് ഒരു അതിസുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ഉള്ളതാ എനിക്ക് ,ഞാന്‍ വല്ല സാഹസവും കാണിച്ചാല്‍ ആ പെണ്ണിന് ആരാ ഉള്ളത് :)]
ഞാന്‍ നേരെ പോയത് എന്റെ കുടുംബവീട്ടില്‍ ആയിരുന്നു.അതാണ് എന്റെ വീട് .കാരണം ഇരുപത്തിനാല് വര്‍ഷം ഞാന്‍ താമസിച്ചത് അവിടെയാണ് .ഗള്‍ഫില്‍ പോകുന്നത് വരെ അവിടെ ആയിരുന്നു ഞാന്‍ .ആ വീട് എനിക്ക് എന്നും ഓര്‍മകളുടെ ഒരു അക്ഷയപാത്രം ആണ് .വീടിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വയലേലകള്‍ ,വഴതോട്ടങ്ങള്‍ ,പലതരം കൃഷികള്‍ .വീട്ടില്‍ എത്തിയിട്ട് ഞാന്‍ ഓടിയത് ആ വയലുകളും ചെറിയ തോടും നീരുറവകളും കാണാന്‍ ആയിരുന്നു.വീടിനു തൊട്ടു മുന്നില്‍ ഒരു ചെറിയ നീരുറവ ഉണ്ടായിരുന്നു .മഴ സമയത്ത് അത് ചെറിയ ഒരു തോട് ആയി മാറും .അത് നോക്കാന്‍ പോയ ഞാന്‍ ഒരു പുതിയ റോഡ് കണ്ടു ഞെട്ടി.പണ്ട് ഒരു പാട് മാനത്ത്കണ്ണികളും,ബിരാല് മീനുകളും ഓടി നടന്ന സ്ഥലം എപ്പോള്‍ മണ്ണിട്ട് മൂടി റോഡ് ആക്കിയിരിക്കുന്നു. അവിടെ നിന്നും ഞാന്‍ മുന്നില്‍ ഉള്ള വയലില്ലെയ്ക്ക് നോക്കി .അത് കണ്ടതും എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു.എന്റെ ഓര്‍മകളുടെ പൂന്തോപ്പായ ആ വയലേലകള്‍ കാണാന്‍ ഇല്ല.വയലുകള്‍ എല്ലാം കാടു പിടിച്ചു കിടക്കുന്നു.വര്‍ഷങ്ങള്‍ ആയെന്നു തോനുന്നു അവിടെ കൃഷി നടത്തിയിട്ട്.വലിയ പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്നു.പണ്ട് നെല്ലും അതിന്റെ സമയം കഴിയുമ്പോള്‍ പയറും ഉഴുന്നും കപ്പലണ്ടിയും പിന്നെ ഓണസമയത്ത് പലതരം പച്ചകറികളും നട്ടിരുന്ന വയലുകള്‍ .ഇപ്പോള്‍ അതെല്ലാം അസ്തമിച്ചിരിക്കുന്നു.വിരലില്‍ എണ്ണാവുന്ന വയലുകളില്‍ മാത്രം എന്തൊക്കെയോ കൃഷികള്‍ ഉണ്ട്.അതില്‍ അച്ഛന്‍ നട്ടിരിക്കുന്ന വിളകളും ഉണ്ട്.അതില്‍ എനിക്ക് ഇപ്പോഴും അഭിമാനം ഉണ്ട്.പണ്ട് മുതലേ കൃഷി എന്നത് അച്ഛനും ചേട്ടനും എനിക്കും ഇഷ്ട്ടമാണ്.നെല്ലിന്റെ സമയത്ത് നെല്ലും മരചീനിയും ഓണസമയം പടവലവും മുളകും എല്ലാം കൃഷി ചെയും.ഇപ്പോള്‍ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ വാഴയും മരചീനിയും ആണ് നട്ടിരിയ്ക്കുന്നത്. ഇനി കുറച്ചു വയലുകള്‍ പാട്ടത്തിനു എടുത്തു കൃഷി നടത്താന്‍ നമ്മള്‍ക്ക് പ്ലാന്‍ ഉണ്ട്. വയലുകളുടെ അടുത്തുള്ള വഴതോപ്പുകള്‍ എല്ലാം നശിച്ചിരിക്കുന്നു.അതില്‍ വട്ടതാമാര[പിന്നമരം]വളര്‍ന്നു കിടക്കുന്ന്നു.അതില്‍ പണ്ട് നിറയെ വാഴകള്‍ ഉണ്ടായിരുന്നു.അത് അച്ഛന്‍ ആയിരുന്നു നോക്കിനടത്തിയിരുന്നത്.അതിന്റെ മുതലാളിയുടെ മരണത്തിനു ശേഷം ആരും പിന്നെ ആ ഭാഗത്ത് തിരിച്ചു നോക്കിയിട്ടില്ല.ആ വഴതോപ്പുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു.തോട്ടത്തിന്റെ ഇടയില്‍ ചെറിയ കനാലുകള്‍ വെട്ടിയിട്ടിരുന്നു.ഓരോ കനാലിന്റെയും നടുക്ക് ഒരാള്‍ പൊക്കമുള്ള കുഴികള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട് .മഴ പെയുമ്പോള്‍ തോട്ടിലെ വെള്ളം പൊങ്ങി ഈ കനലുകള്‍ നിറയും അപ്പോള്‍ തോട്ടിലെ മീനുകള്‍ എല്ലാം ഈ കനാലില്‍ നിറയും.വേനല്‍കാലമാകുമ്പോള്‍ വെള്ളം ഇറങ്ങും അപ്പോള്‍ മീനുകള്‍ എല്ലാം ആ കുഴികളിലെയ്ക്ക് വരും.പിന്നെ ഞാനും എന്റെ കൂട്ടുകാരും ആ കുഴിയിലെ വെള്ളം മുഴുവന്‍ വറ്റിയിക്കും.നിറയെ മീന്‍ ആണ് അതില്‍.കാരിയും ,സിലോപ്പിയയും,നെടുമീനും,ആരലും, ബിരലുകളും നിറയെ കാണും.ആ മീനുകളെ കുരുമുളകും എല്ലാം ഇട്ടു എണ്ണയില്‍ പൊരിച്ചു എടുക്കും.അതിന്റെ കൂടെ മരച്ചീനി പുഴുങ്ങിയതും.ഹോ വായില്‍ വെള്ളമൂറുന്നു.എന്നാല്‍ ഇപ്പോള്‍ ആ കനാലുകളെയോ കുഴികളെയോ കാണാന്‍ കൂടി ഇല്ല.മുന്‍പ് എവിടെ എല്ലാം കൊറ്റികളും കുളകോഴികളും സ്വച്ചന്തം വാണിരുന്നു.ഇപ്പോള്‍ മരുന്നിനു പോലും ഒന്നിനെയും കാണാന്‍ ഇല്ല. ഞാന്‍ കാണുന്ന ഇതു ആണോ ഹരിതകേരളം.വയലുകളും തോടുകളും കൃഷിയും ഇഷ്ടമുള്ള ഒരു മലയാളിയ്ക്കും താങ്ങാന്‍ പറ്റാത്ത കാഴ്ചകള്‍ ആണ് ഇത്.
വയലുകളുടെ അരികിലൂടെ ചെറുത് അല്ലാതെ ഒരു തോട് ഉണ്ട്.നമ്മള്‍ അതിനെ പണയില്‍കടത്തോട്[പണ്ട് അതിന്റെ കരയില്‍ ഒരു ചായകട ഉണ്ടായിരുന്നു.അങ്ങനെ അവിടം പണയില്‍കട എന്ന് വിളിച്ചിരുന്നു.] എന്ന വിളിച്ചിരുന്നത്. വയലുകള്‍ നികത്തി വീട് വയ്ക്കുകയും തോടിന്റെ കരകള്‍ ഇടിച്ചു നികത്തുന്നതും കൊണ്ട് തോട് എന്നത് ഇപ്പോള്‍ ഒരു വെള്ളം ഒഴിഞ്ഞ കുഴി പോലെ കിടക്കുന്നു.മുന്‍പ് ഉണ്ടായിരുന്ന തോടിന്റെ ദിശ മാറ്റി ഇപ്പോള്‍ പുതിയ വഴി ഉണ്ടാക്കിയിരിക്കുന്നു.പ്രക്യതി നല്‍കിയ വഴി വെട്ടി മാറ്റിയത്കൊണ്ടാകാം പുതിയ വഴിയെ വെള്ളം നിറച്ചു പോകാന്‍ തോട് മടിയ്ക്കുന്നത്. പഴയ കാഴ്ചകള്‍ എല്ലാം ഗള്‍ഫില്‍ വച്ച് കണ്ട സ്വപ്നം പോലെ ഓര്‍മ്മകള്‍ ആയി എനിക്ക്.
നാട്ടില്‍ ചെന്നിട്ട് ആകെ ഉണ്ടായിരുന്ന ആശ്വാസം വീടിനു അടുത്തുള്ള മൂന്നു അമ്പലങ്ങളിലെ ഉത്സവങ്ങള്‍ ആയിരുന്നു.പണ്ടാതെക്കാളും ആവേശവും പൊലിമയും ഉണ്ടെന്നു തോനുന്നു.ഉത്സവത്തിന്റെ നടത്തിപ്പിലും ഉത്സവം കൊഴുപ്പിക്കാനും എന്റെ പങ്ക് വളരെയധികം ഉണ്ടായിരുന്നു.അതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ് .ഉത്സവത്തിന്റെ അന്നധാനത്തിലും ഘോഷയാത്രയിലും എല്ലാത്തിലും ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സുഖമുണ്ടായിരുന്നു.എത്രയും വര്‍ഷങ്ങള്‍ ഞാന്‍ ഇങ്ങനെ ഉത്സവങ്ങളെ ആഘോഷകരമാക്കിയിട്ടില്ല.ഓരോ ഉത്സവങ്ങളും മൂന്നും നാലും ദിവസങ്ങള്‍ ആയിരുന്നു.സത്യം പറഞ്ഞാല്‍ ആ ദിവസങ്ങള്‍ വീട്ടില്‍ പോലും നേരെ പോയിട്ടില്ല.അമ്പലത്തില്‍ തന്നെ ആയിരുന്നു മുഴുവന്‍ സമയവും. ഈ ഉത്സവങ്ങള്‍ എന്റെ നാട്ടിലെ മാത്രം സവിശേഷത ആയിട്ടാണ് എനിക്ക് തോനിയത്.തിരിച്ചു ഗള്‍ഫില്‍ വന്നിട്ടും ആ സുന്ദര ദിനങ്ങള്‍ എനിക്ക് സുഖകരമായ നിമിഷങ്ങള്‍ തരുന്നു.
നാട്ടില്‍ പോയിട്ട് ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് കൂടുതല്‍ വിഷമം ഉണ്ടായത്.ആ വേദന ഇപ്പോഴും എന്നെ അലട്ടുന്നു.എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മഴ കാണാനോ അത് ഒന്ന് നനയാണോ പറ്റിയില്ല.കാലം തെറ്റി പെയ്യുന്ന ഒരു മഴതുള്ളി പോലും പെയ്തില്ല.അല്ലെങ്കിലും നാട്ടില്‍ ഇപ്പോള്‍ എന്താണ് സമയത്തിന് നടക്കുന്നത്. കുറച്ചു മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും എന്റെ നാട് അതിനെ സുന്ദരത കുറച്ചൊക്കെ നിലനിര്‍തുന്നുവെന്ന്‍ എനിക്ക് തോനുന്നു.വല്ലപ്പോഴും പെയ്യുന്ന മഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന മാമം നദി, വലുതെല്ലെങ്കിലും കൃഷി ഇറക്കിയിരിക്കുന്ന വയലേലകള്‍ ഇവയെല്ലാം ഇപ്പോഴും എന്റെ ഗ്രാമത്തിനു മാറ്റ് കൂട്ടുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ എനിക്ക് എന്റെ ഗ്രാമം എന്നും പ്രിയപെട്ടതു ആണ്. ഈ നാട് എനിക്ക് ആത്മാവാണ് ,അഭിമാനമാണ്, എന്റെ ജീവന്റെ അംശമാണ് .ഈ മരുഭൂവില്‍ നാടിന്‍റെ ഓര്‍മ്മകള്‍ ആണ് പിടിച്ചു നില്ക്കാന്‍ ഉള്ള ഒരു പ്രേരണ .എനിക്ക് എന്റെ നാട്ടിലേയ്ക്ക് ഓടിയെത്താന്‍ കൊതിയാകുന്നു,പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മോഹങ്ങള്‍ തീര്‍ക്കാന്‍ .അടുത്ത യാത്രയില്‍ എങ്കിലും എന്റെ നാട് പഴയ പോലെ സുന്ദരമായി തീരനെ എന്നാണ് ഇപ്പോള്‍ എന്നും ഈശ്വരനോട് പ്രാഥിക്കുന്നത്. ..അനിയൻ..