.

2011 ജനുവരി 23, ഞായറാഴ്‌ച

ഒരു രക്തസാക്ഷി ജനിക്കുന്നു..


കാലമാകുന്ന രഥചക്രം  തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.ആ  മാസത്തിലെ ചൂടന്‍ പകലുകള്‍ ഉച്ചഭാഷനികളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുങ്ങിപോയിരിക്കുന്നു.മൂടല്‍ മഞ്ഞു പുതച്ചുറങ്ങുന്ന രാവുകള്‍ നിശബ്ദതയില്‍ ലയിച്ചിരിക്കുന്നു.കുളിര്‍മഞ്ഞു തുള്ളികള്‍ ശിരസ്സിലെറ്റു വാങ്ങിയ നെല്‍ചെടികള്‍ രാവിന്‍റെ അന്ത്യയമാങ്ങളിലും പൂര്‍ണ ചന്ദ്രനോട് സല്ലപിച്ചുകൊണ്ട്,ഇളംകാറ്റില്‍ മെല്ലെ തലയാട്ടുംമ്പോഴും  നെറ്റിയില്‍ ചൂടിയിരിക്കുന്ന വൈഡൂര്യ മുത്തുക്കള്‍ താഴേക്ക്‌ പതിക്കാതെ ഉല്ലാസവതികളായി തന്നെ നില്‍ക്കുന്നു.വയലിന്‍റെ ഞരമ്പ് പോലെ വരമ്പ് തെളിഞ്ഞു കാണാം.വരമ്പ് ചെന്നെത്തുന്നത് വയലിനക്കരെയുള്ള റോഡിലെക്കാണ്. അവിടെ, മഞ്ഞുപുതപ്പ് ചൂടാതെ ടയറുകള്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു.എട്ടു പേരടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാര്‍ റോഡിനു ചേര്‍ന്നുള്ള മതിലില്‍ തങ്ങളുടെ നേതാക്കളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നു.ഒരാളുടെ മുഖത്തുപോലും നിദ്രയുടെ തണുത്ത കരങ്ങള്‍ തഴുകിയിട്ടില്ല. ഏവരും ഉത്സാഹത്തോടെ പണി തുടര്‍ന്നുകൊണ്ടിരുന്നു.
അവര്‍ ഓരോ ചുവരുകളിലും നേതാക്കളെ പ്രതിഷ്ടിച്ചു കൊണ്ട് മുന്‍പോട്ടു നടക്കുന്നു.
"വലിച്ചു കീറി കത്തിക്കെടാ അവന്മാരുടെ ഒരു പാര്‍ട്ടി ഇവിടെ നമ്മുടെ പാര്‍ട്ടി മാത്രം മതി.ഇത് നമ്മുടെ ഏരിയായ....നമുടെ പോസ്റ്റര്‍ മാത്രം മതി ഈ ചുവരുകളില്‍"
സംഘത്തിലുണ്ടായിരുന്ന ലീഡറുടെ ആക്രോശം അവസാനിക്കും മുന്‍പേ ചിരിച്ചു കൊണ്ടിരുന്ന നേതാവിന്റെ മുഖത്തേക്ക് അഗ്നി പടര്‍ന്നു കയറിക്കഴിഞ്ഞു. അവിടെ മറ്റൊരു നേതാവിന്‍റെ മുഖം ചിരിച്ചു കൊണ്ട് ഇരുന്നു. "ഇവിടെ നിന്നും ബൂത്ത്‌ വരെ നമ്മുടെ പാര്‍ട്ടി പോസ്റ്റര്‍ അല്ലാതെ ഒരു പോസ്റ്റെറും പാടില്ല "
                                  ലീഡറുടെ നിര്‍ദേശങ്ങള്‍ മുറക്ക് വന്നുകൊണ്ടിരുന്നു. ഒടുവില്‍ അവസാനത്തെ പോസ്റ്റും ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ യുവാക്കളുടെ മുഖത്ത് ആശ്വാസം. "ഇനി നാളെ കാണാം" ഒരു ചെറുപ്പക്കാരന്‍ മറ്റുള്ളവരോട് യാത്ര പറഞ്ഞു. "കുറച്ചു കഴിഞ്ഞു കാണാന്ന് പറയെടാ രമേശാ നേരം വെളുക്കാറായി" മറ്റൊരാള്‍ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു."എന്നാല്‍ ശെരി എല്ലാം പറഞ്ഞ പോലെ" ലീഡര്‍ കൂട്ടത്തിലുണ്ടായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്റെ തോളില്‍ മെല്ലെ തട്ടിക്കൊണ്ടു പറഞ്ഞു

                                         സംഘം പിരിയുന്നു, ലീഡറും ചെറുപ്പക്കാരും റോഡിന്‍റെ നടുവിലൂടെ നടന്നു  തുടങ്ങി. "ഡാ രമേശാ നീ ഇവിടെ നില്‍കു ഞാനിപ്പോള്‍ വരം" വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്‍ മറ്റയാളെ അവിടെ നിര്‍ത്തി ലീഡറുടെ പുറകെ നടന്നു.മറ്റുള്ളവരെ നടന്നുകൊള്ളന്‍ പറഞ്ഞു ലീഡര്‍ അവിടെ നിന്നു."അത് വേണോ" നടന്നടുത്ത ചെറുപ്പക്കാരന്‍ ചോദിച്ചു. ലീഡര്‍ മെല്ലെ തല ഉയര്‍ത്തി രമേശനെ നോക്കി. രമേശന്‍ അകലെകിഴക്കോട്ടു നോക്കി പ്രഭാതത്തെ പ്രതീക്ഷിച്ചപോലെ നില്‍ക്കുന്നു. ലീഡര്‍ ചെറുപ്പക്കാരന്‍റെ മുഖത്തേക്ക് നോക്കി മെല്ലെ അവന്‍റെ ചുമലില്‍ കൈ വച്ച് പറഞ്ഞു "പാര്‍ട്ടിയുടെ ആവശ്യമാണ് മുകളില്‍ നിന്നും ശക്തമായ നിര്‍ദേശവും ഉണ്ട് ,അത് നടന്നെ തീരൂ".ലീഡരുടെ മുഖത്ത് ഒട്ടും ഭാവ വ്യത്യാസമില്ല. ചെറുപ്പക്കാരന്റെ മുഖം മങ്ങി "ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എപ്പോഴും പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കവൂ ബന്ധങ്ങളും സ്വന്തങ്ങളും പാര്‍ട്ടിയുടെ വിജയ വീഥിയില്‍ നമ്മള്‍ കണ്ടില്ലാന്നു വയ്ക്കണം.നാളെ കാണാം" ലീഡര്‍ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.ചെറുപ്പക്കാരന്‍ ഒരു നിമിഷം അവിടെ തന്നെ നിന്നു,എന്നിട്ട് തിരികെ രമേശന്‍റെ അടുത്തേക്ക് നടന്നു. കത്തിയമര്‍ന്നു കഴിഞ്ഞ ടയറിന്‍റെ കമ്പികള്‍ മിന്നി തെളിഞ്ഞു കൊണ്ടിരിക്കുന്നു.

"വേഗം വാടാ ഒരു പോള കണ്ണടച്ചിട്ടില്ല മണി നാലവറായി ഇനിയൊന്നു സ്വസ്ഥമായി ഉറങ്ങണം",തെളിഞ്ഞു കാണുന്ന വരമ്പിലൂടെ മുന്‍പോട്ടു നടക്കവേ രമേശന്‍ പറഞ്ഞു.

"ശെരിയാണ്‌ ഉറങ്ങണം നിന്റെ ഉറക്കം ഞാന്‍ നഷ്ടമാക്കില്ല നിനക്ക് സ്വസ്ഥമായി ഉറങ്ങാം" 
അത് പറയുമ്പോള്‍ അയാളുടെ ശബ്ദം തൊണ്ടയില്‍ തങ്ങി.അയാളുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുകയായിരുന്നു, രമേശനും ഞാനും വളര്‍ന്നതും പഠിച്ചതും ഒരുമിച്ച്, തെക്കേലെ ഗോപാലന്‍ മാമന്റെ പറമ്പിലെ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ മങ്ങക്കായി കയറുന്നതും ഒന്നിച്ചു, പ്രണയത്തിന്‍റെ തീജ്വാലയില്‍ കിടന്നുറങ്ങിയത് പോലും ഒരുമിച്ച്. ഒടുവിലെപ്പോഴോ താന്‍ രാഷ്ട്രീയത്തിന്‍റെ നീരാളി പിടിത്തത്തില്‍ അകപ്പെടുകയായിരുന്നു. രമേശന്‍ തന്നെ പിന്തിരിപ്പിക്കാന്‍ എത്ര വട്ടം പരിശ്രമിച്ചു. പ്രണയിനി പോലും കൈവിട്ടു പോയപ്പോള്‍ ഒരു മനസ്സിന്‍റെ കോണില്‍ ആശ്വാസ വചനങ്ങളുമായി എന്നുമുണ്ടയിരുന്നവനാണ് രമേശന്‍.എന്നോ ഒരിക്കല്‍ അവനും തന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ചതിക്കുഴിയില്‍ വീഴുകയയിര്‍ന്നു. എത്ര സമരങ്ങള്‍‍, സത്യാഗ്രഹങ്ങള്‍ എന്തെല്ലാം ഒരുമിച്ച് ചെയ്തു,ഭരണ പക്ഷത്തിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ യുവതത്തിന്റെ പ്രതീകങ്ങളായി എത്രയോ പ്രോക്ഷഭങ്ങള്‍ അഴിച്ചു വിട്ടിരിക്കുന്നു,എത്ര തവണ ജയില്‍ വാസം,അതെല്ലാം നല്ലതിനായിരുന്നു.ഒടുവില്‍ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അനീധിക്കെതിരെ ഉയര്‍ത്തിയ കയ്യുകള്‍ തളര്‍ന്നു പോയിരിക്കുന്നു,നാവ് വരണ്ടു പോയിരിക്കുന്നു,കണ്ണുകളില്‍ ഇരുട്ട് വ്യാപിച്ചിരിക്കുന്നു.പാര്‍ടിക്കുവേണ്ടി എത്രയെത്ര കൊലപാതകങ്ങള്‍,അക്രമങ്ങള്‍ ഹോ! എന്തെല്ലാം ചെയ്യേണ്ടി വന്നു,ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലന്നു തോന്നി പോകുന്നു.പക്ഷെ ഇനി ഇതില്‍ നിന്നും രക്ഷയില്ലന്നലോചിക്കുമ്പോള്‍ സ്വന്തം ജന്മത്തെ പഴിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.അനാഥന്‍ എന്ന വിളി കേട്ടിട്ടുണ്ട് അത് സത്യമായിരുന്നു. രമേശന്‍ അവന്റെ വീട്ടിലേക്കു ആദ്യമായി തന്നെ കൂട്ടികൊണ്ട് പോകുന്നവരെ ആ അനാഥത്വം അനുഭവിച്ചുണ്ട്. അതിനു ശേഷം അവന്റെ വീട്ടുകാര്‍ എന്റെയും ബന്ധുക്കളായിരുന്നു.തനിക്കു എല്ലാരും ഉണ്ടായതു അപോഴാണ്.ഒരായിരം തവണ മനസ്സില്‍ പറഞ്ഞുറപ്പിച്ചതാണ് ഞാന്‍ അനാഥനല്ല.

"എന്താടോ സ്വപ്നം കാണുകയാണോ അതോ നടന്നു കൊണ്ട് ഉറങ്ങുകയാണോ" രമേശന്‍റെ ചോദ്യം കേട്ടപ്പോഴാണ് അയാള്‍ ഓര്‍മകളില്‍ നിന്നും മുക്തനായത്.
ഒരു തണുത്ത കാറ്റു അവരെ തഴുകി തലോടി കടന്നു പോയി, വരമ്പിന്റെ പൊത്തില്‍ തവളകള്‍ കരയുന്നുണ്ടായിരുന്നു.വയല് കഴിയാന്‍ ഇനി അധികമില്ല അതിനു മുന്‍പ്..... അയാള്‍ അറയില്‍ ഒളിപ്പിച്ചിരുന്ന കത്തിയില്‍ മെല്ലെ കൈ ചേര്‍ത്ത് പിടിച്ചു.താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ കുറിചോര്‍തപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് പടരും പോലെ..പക്ഷെ അത് നടന്നേ തീരു,ദുര്‍ഭരണം കഴവച്ച തന്‍റെ പാര്‍ട്ടി അധികാരത്തില്‍ വരണമെങ്കില്‍ അത് അനിവാര്യമാണ് ."ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എപ്പോഴും പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കവൂ ബന്ധങ്ങളും സ്വന്തങ്ങളും പാര്‍ട്ടിയുടെ വിജയ വീഥിയില്‍ നമ്മള്‍ കണ്ടില്ലാന്നു വയ്ക്കണം"കാതുകളില്‍ ലീഡറുടെ ശബ്ദം മുഴങ്ങുന്നു...തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി ഒരു രക്തസാക്ഷി ഇപ്പോള്‍ ജന്മമെടുക്കണം... അവന്റെ കുടുംബത്തെ പാര്‍ട്ടി നോക്കിക്കൊള്ളും(എത്ര നാള്‍),എതിര്‍ പാര്‍ട്ടിയുടെ മേലെ കൊലയുടെ സംശയ മുനകള്‍ ചെന്ന് തറച്ചു കൊള്ളും.പക്ഷെ ഇവിടെ അവനെന്‍റെ എല്ലാമാണ് . പാര്‍ട്ടി എന്തിനാ അവനെ തന്നെ തെരാന്നെടുത്ത്തത് അതും തന്റെ കൈകൊണ്ടു അങ്ങനെ ഒരു കൃത്യം ചെയ്യാന്‍ പറയാന്‍ പാര്‍ട്ടിക്ക് എങ്ങനെ കഴിഞ്ഞു...ആലോചിക്കുമ്പോല് കൈ തളരുംപോലെ ശരീരം മരവിക്കുന്നു പക്ഷെ അത് നടക്കാതെ പറ്റില്ലല്ലോ. മഞ്ഞു തുള്ളികളറ്റു നിന്ന നെല്ചെടികളിലേക്ക് കാറ്റു ആഞ്ഞു വീശാന്‍ തുടങ്ങി. മേഘ ഗര്‍ജനങ്ങള്‍ മിന്നലിന്‍റെ അകമ്പടിയായി കലിതുള്ളി നില്‍ക്കുന്നു, ശക്തമായ ഒരു മഴയുടെ തുടക്കം.."രമേശാ" അയാള്‍ സ്നേഹത്തോടെ വിളിച്ചു, രമേശന്‍ തിരിഞ്ഞു നോക്കി,ഒരു നിമിഷത്തിനുള്ളില്‍ മിന്നല്‍ പോലെ ഒരു കത്തി രമേശന്റെ നെഞ്ചിലേക്ക് തുളച്ചു കയറി സ്നേഹം തുളുമ്പി നിന്ന ഹൃദയത്തെ തകര്‍ത്തു കൊണ്ട് അയാള്‍ ആ കത്തി ആഞ്ഞു കയറ്റി....ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ രമേശന്‍ നെല്‍ ചെടികള്‍ക്ക് മീതെ മറിഞ്ഞു വീണു ..."എന്നോട് ക്ഷമിക്കെട നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി ...ഈ പാപി യോടു ക്ഷമിക്കെട " രമേശന്‍ ഒന്നുംശബ്ദിച്ചില്ല ഒന്ന് കൂടി പിടഞ്ഞു ആ ശരീരം നിശ്ചലമായി.കയ്യിലിരുന്ന കത്തി ദൂരെ വലിച്ചെറിഞ്ഞു അയാള്‍ മുന്നോട്ടു കുതിച്ചു
പുലര്‍ച്ചെ മരണ വാര്‍ത്ത‍ പാര്‍ട്ടി അണികളുടെ (നാളത്തെ രക്തസാക്ഷികള്‍) ഹൃദയത്തില്‍ ഒരു തീക്കനലായി പതിച്ചു,പാര്‍ട്ടി ഓഫീസില്‍ നേതാക്കന്മാര്‍ വിജയത്തിന്റെ മാധുര്യം നുണയാന്‍ തയ്യാറെടുക്കുകയായിരുന്നു......കാട്ടു തീ പോലെ പടര്‍ന്ന വാര്‍ത്ത‍ കേട്ട് നേതാക്കന്മാര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു സന്തോഷം പങ്കിട്ടു.....
....പാര്‍ട്ടിയുടെ യുവ നേതാക്കളെ വയലിലിട്ടു എതിര്‍ പാര്‍ട്ടിക്കാര്‍ വെട്ടി കൊലപ്പെടുത്തി......
 അനിയന്‍ ....

2011 ജനുവരി 20, വ്യാഴാഴ്‌ച

[തീര്‍ച്ചയായും വായിക്കുക] ദൈവത്തിന്റെ മരണം.


ഈ എന്റെ ചെറിയ കഥ എല്ലാവരും വായിക്കണം എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ ജീവിതത്തില്‍ നമ്മള്‍ക്ക് പറ്റുന്ന ചെറിയ അശ്രദ്ധകള്‍ അത് നമ്മളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുമെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍  എന്റെ ഈ കഥയ്ക്ക്‌ കഴിയുമെങ്കിലോ?അറിയില്ല സമയം ഉണ്ടെക്കില്‍ വായിക്കണം എന്നെ ഞാന്‍ പറയുന്നുള്ളൂ .
                               എന്റെ ജീവിതത്തില്‍ നിന്നും അനു  പോയത് എന്റെ ആണോ അതോ അവളുടെ ശ്രദ്ധ കുറവ് ആണോ അറിയില്ല അത് അന്വേഷിക്കും മുന്‍പേ അവള്‍ എന്നില്‍ നിന്നും വളരെ ദൂരെ എത്തിയിരിക്കുന്നു.ഇനി ഒരു തിരിച്ചു വരവിനുള്ള എന്റെ കാത്തിരിപ്പിന്റെ ഒരു  അംശം പോലും എനിക്ക് അവള്‍ തന്നില്ല.ഈ ജന്മം അല്ലെങ്കില്‍ അടുത്ത ജന്മമെങ്കിലും അവള്‍ എനിക്ക് വേണ്ടി ജനിക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ ഈശ്വരനോട് പ്രാര്‍ഥിക്കാന്‍ കഴിയു.നിദ്രരഹിതങ്ങള്‍ ആയ രാത്രികള്‍ .വല്ലപ്പോഴും കാണുന്ന സ്വപ്നങ്ങളില്‍ ആരുടെയോ  ഉച്ചത്തില്‍ ഉള്ള പൊട്ടിച്ചിരിയും കരച്ചിലും എന്റെ കാതില്‍ മുഴങ്ങുന്നു .സ്വപ്നത്തിലെ മുഖം മനസ്സില്‍ തെളിഞ്ഞുവരുമ്പോള്‍ അത് ഭ്രാന്തന്‍ കുമാരന്റെതാണ്.പണ്ടത്തെ സ്വപ്നങ്ങളില്‍ എന്നും കുമാരന്‍ ഉണ്ടായിരുന്നു.അത് എപ്പോഴോ മാഞ്ഞുപോയിരുന്നു.പക്ഷെ ഇപ്പോള്‍ വീണ്ടും കുമാരന്റെ ജീവിത കഥ മനസ്സില്‍ ഓടി വരുന്നു.അത് മനസ്സില്‍ ഉണ്ടാക്കുന്ന വിഷമം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.കുമാരന്റെ വിഷമത്തിന്റെ ഒരു അംശം എങ്കിലും എന്റെ ദുഖങ്ങള്‍ക്ക് ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.എല്ലാവര്ക്കും അവരുടെ ദുഖങ്ങളും വിഷമങ്ങളും ആണ് വലുത്.
                                കുട്ടികാലത്ത്  നമ്മള്‍ കുട്ടികള്‍ക്ക് കുമാരന്‍ എന്നും ഒരു പരിഹാസ കഥാപാത്രമായിരുന്നു കൂടാതെ കുറച്ചു ഭയവും .കീറിപറിഞ്ഞ വസ്ത്രങ്ങളും നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി ഒരു കാല് മുടന്തി നടക്കുന്ന കുമാരന്‍  .കൈയ്യില്‍ ഒരു പാവകുട്ടി എപ്പോഴും കാണും.അതിനെ നെഞ്ചോട്‌ അമര്‍ത്തി പിടിച്ച് ഇടയ്ക്കിടെ ഉച്ചത്തില്‍ ചിരിച്ചും ഇടയ്ക്കിടെ വലിയ വായില്‍ കരയുകയും ചെയ്യുന്ന കുമാരന്‍ .പണ്ട് അല്ല ഇപ്പോഴും കുട്ടികളെ പേടിപ്പിക്കാന്‍ കുമാരന്‍ വരും എന്ന് പറയുമായിരുന്നു.പക്ഷെ കുട്ടികളെ കുമാരന്‌ വലിയ ഇഷ്ടമായിരുന്നു.കുട്ടികള്‍ എന്ത് ചെയ്താലും ഒരു ചെറു പുഞ്ചിരിയോടെ നടന്നു അകലുമായിരുന്നു.കുട്ടികളെ ആരെങ്കിലും അടിക്കുകയോ വഴക്ക് പറയുകയോ ചെയ്താല്‍ അവരെ ഉച്ചത്തില്‍ എന്തെങ്കിലും വഴക്ക് പറയും.എന്നിട്ട് ആകാശം നോക്കി പൊട്ടികരയും. സ്വന്തം വീടും സ്വന്തക്കാര്‍ ഉണ്ടെങ്ക്കിലും  രാത്രിയില്‍ എന്തെങ്കിലും പീടിക തിണ്ണയില്‍ കിടന്നുറങ്ങും.ആര്‍ക്കും ഒരു ശല്യവും ഇല്ല.ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ വീടുകളില്‍ നിന്നും കുമാരന്‌ ആഹാരം കൊടുക്കാന്‍ ആര്‍ക്കും ഒരു കുഴപ്പവും എല്ലാ.കുട്ടി ആയിരുന്ന ഞാന്‍ അത് കൂടുതല്‍ ശ്രദ്ധിച്ചില്ല.പിന്നെ വലുത്  ആയപ്പോള്‍ കുമാരന്റെ കഥ കേട്ടപ്പോള്‍ എന്റെ എല്ലാ പരിഹാസവും ഭയവും എല്ലാം മാറി,ഞാന്‍ കുമാരനെ ഇഷ്ട്ടപെടുകയായിരുന്നു.
                               എനിക്ക് ഓര്‍മവച്ച കാലം ആയപ്പോള്‍ ഞാന്‍ കുമാരനെ പറ്റി തിരക്കി എന്റെ മുത്തശിയോട്.ആ ചോദ്യം മുത്തശിയ്ക്കും വിഷമം ഉണ്ടാക്കി എന്ന് എനിക്ക് ആ കണ്ണില്‍ നോക്കിയപ്പോള്‍ മനസിലായി.കണ്ണുകള്‍ നിറഞ്ഞിരുന്നു.അത് കണ്ടപ്പോള്‍ എനിക്ക് കുമാരനെ പറ്റി അറിയാന്‍ കൂടുതല്‍ ആഗ്രഹം തോന്നി.മുത്തശ്ശി കുമാരനെ കുറിച്ച് പറഞ്ഞു തുടങ്ങി.കുമാരന്റ്റെ ജീവിത കഥ നടക്കുന്നത് എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ആയിരുന്നു. എന്റെ വീടിനു കുറച്ച് മാറി ആണ് കുമാരന്റെ വീട്.കീഴ്ജാതിക്കരന് ആയിരുന്നെങ്കിലും അഭ്യസ്തവിധ്യന്‍ ആയിരുന്നു.അത് കൊണ്ട് തന്നെ നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും  മുന്‍പില്‍ കുമാരന്‍ കാണും.പ്രത്യകിച്ച് ജോലി ഇല്ലാത്തതു കൊണ്ട് എല്ലാ ജോലിയും ചെയാന്‍ കുമാരന്‌ മടിയുണ്ടായിരുന്നില്ല.ആര്‍ക്ക് എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും എല്ലാം സ്വന്തം കാര്യങ്ങള്‍ പോലെ ചെയ്യുമായിരുന്നു.അത് കൊണ്ട് തന്നെ കുമാരനെ എല്ലാവര്ക്കും ഇഷ്ട്ടമായിരുന്നു.എല്ലാം കൊണ്ടാകാം കുമാരനെക്കള്‍ ഉയര്‍ന്ന ജാതിയില്‍ ഉള്ള ലക്ഷ്മിയ്ക്ക് കുമാരനോടു ഇഷ്ട്ടം മറ്റുള്ളവരേക്കാള്‍ കൂടുതല്‍  തോന്നിയത്.അവളുടെ ഇഷ്ടം കുമാരന്‍ എതിര്‍ത്തുവെങ്കിലും ലക്ഷ്മിയുടെ സ്നേഹത്തിന്റെ മുന്നില്‍ കുമാരനു ശിരസ്സ് നമിക്കേണ്ടി വന്നു.അവരുടെ ഇഷ്ട്ടം ആരെയും അറിയിക്കാതെ അവരുടെ ഉള്ളില്‍ തന്നെ നിറഞ്ഞു നിന്നിരുന്നു.മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ അവര്‍ തീരുമനിചു.കുമാരനു  ഒരു സ്ഥിര ജോലി കിട്ടുന്നത് വരെ കാത്തിരിക്കാന്‍ ലക്ഷ്മി തയ്യാറായിരുന്നു.
                         അവരുടെ പ്രേമത്തിന്റെ ശക്തി ആണോ അതോ ലക്ഷ്മിയുടെ പ്രാര്‍ഥന ആണോ കുമാരനു പട്ടാളത്തില്‍ ജോലി കിട്ടി.ലക്ഷ്മിയ്ക്ക് വാക്കും കൊടുത്തു കുമാരന്‍ യാത്രയായി.അത് കഴിഞ്ഞുള്ള അവരുടെ പ്രണയം കത്തുകളില്‍ കൂടി ആയിരുന്നു.ഇടയ്ക്കിടെ വരുന്ന ആ കത്തുകളില്‍ അവര്‍ അവരുടെ ഭാവി ജീവിതം കണ്ടിരുന്നു.അതിനിടയില്‍ കുമാരനു ജമ്മുകാശ്മീരില്‍ പോസ്റ്റിംഗ് കിട്ടി.ആ വിവരം അറിയിച്ചു കുമാരന്‍ ലക്ഷ്മിയ്ക്ക് കത്ത് അയച്ചു.പക്ഷെ ആ കത്ത് കിട്ടിയത് ലക്ഷ്മിയുടെ അച്ഛന്റെ കൈയ്യില്‍ ആയിരുന്നു.പിന്നെ നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ ആയിരുന്നു.ലക്ഷ്മിയ്ക്ക് വീട്ടുകാര്‍ വേറെ കല്യാണം ആലോചിച്ചു ഉറപ്പിച്ചു.കുട്ടുകാരന്‍ വഴി കുമാരന്‍ അത് അറിഞ്ഞു.പിന്നെ കുമാരനു അവിടെ നില്ക്കാന്‍ മനസ്സ് അനുവദിച്ചില്ല.എന്റെ ഇഷ്ട്ടപ്രണയനിയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ കുമാരനു ഇഷ്ടമല്ലായിരുന്നു.പെട്ടന്ന് ലീവുമെടുത്ത് കുമാരന്‍ നാട്ടിലേയ്ക്ക് വണ്ടി കയറി.നാട്ടില്‍ എത്തിയ കുമാരന്‍ കൂട്ടുകാരുടെ സഹായത്തോടെ ആരും അറിയാതെ ലക്ഷ്മിയുമായി നാട് വിട്ടു നേരെ കാശ്മീരിലേയ്ക്ക് .അതിനു ശേഷം നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ നടന്നു..നാട്ടിലെ പ്രശ്നങ്ങള്‍ കൂട്ടുകാര്‍ വഴി അവര്‍ അറിയുന്നുണ്ടായിരുന്നു അതൊന്നും അവരെ സംബദ്ധിച്ച് വലിയ കാര്യങ്ങള്‍ ആയിരുന്നില്ല..അവര്‍ സ്വപ്നം കണ്ടതിനേക്കാള്‍ വളരെയധികം സന്തോഷകരമായിരുന്നു അവരുടെ ജീവിതം .മാസങ്ങള്‍ പൊഴിഞ്ഞു വീണു.അവരുടെ സന്തോഷത്തിനു മധുരം കൂട്ടാന്‍ ദൈവം അവരെ കനിഞ്ഞു.ലക്ഷ്മി ഗര്‍ഭിണി ആയി.ഇതില്‍ കൂടുതല്‍ അവരുടെ ജീവിതം എന്ത് മോഹിക്കണം.
             മാസങ്ങള്‍ കടന്നു പോയി.ലക്ഷ്മി പൂര്‍ണ ഗര്‍ഭിണിയാണ് .അപ്പോള്‍ ആണ്‌ അവരുടെ സന്തോഷത്തിനു കരിനിഴല്‍ പടര്‍ത്തി അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയത്.അതില്‍ ദൈവം അവരുടെ കൂടെ നിന്നില്ല.യുദ്ധത്തില്‍ സാരമായ പരിക്കുകളോടെ കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആ സമയത്ത് തന്നെ അതെ ഹോസ്പിറ്റലില്‍ ഇതൊന്നും അറിയാതെ പൂര്‍ണ്ണ ഗര്‍ഭിണി ആയ ലക്ഷ്മിയും ഉണ്ടായിരുന്നു.കുമാരന്റ്റെ കാലിനേറ്റ വെടിയുണ്ട നീക്കം ചെയാന്‍ കഴിഞ്ഞില്ല.
                            ആ ദിവസം കുമാരന്റെ ജീവിതം ആകെ മാറി മറിച്ചു.സുഖപ്രസവം ആണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ അവസാനം ലക്ഷിയുടെ അവസ്ഥ മോശമാണെന്ന് വിധിയെഴുതി.അത് കുമാരനെ അറിയിച്ചു.കട്ടിലില്‍ കിടക്കുന്ന കുമാരനു ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.ആ വിളി ദൈവം കേട്ടില്ല .ലക്ഷ്മി പ്രസവിച്ചു.ഇരട്ടകുട്ടികള്‍.പക്ഷേ കുമാരനു ദൈവം കുട്ടികളെ കൊടുത്തപ്പോള്‍ ലക്ഷ്മിയെ ദൈവം തിരിച്ചു വിളിച്ചു.പ്രസവത്തോടെ ലക്ഷ്മി മരിച്ചു.കുമാരന്റെ കൈയ്യില്‍ രണ്ട് സുന്ദരി പെണ്‍കുട്ടികളെയും കൊടുത്തു കുമാരനെ തനിച്ചാക്കി ലക്ഷ്മി ഈ ലോകത്ത് നിന്നും യാത്രയായി.നാട്ടില്‍ അറിയിക്കാന്‍ ഉള്ള ഒരു മാനസികാവസ്ഥ കുമാരനു ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ ഒന്നും കുമാരന്‍ നാട്ടില്‍ അറിയിച്ചില്ല.ലക്ഷ്മിയെ അവിടെത്തന്നെ ദഹിപ്പിച്ചു  .ജീവന്റെ  ജീവനായ  ലക്ഷ്മിയുടെ വേര്‍പാട്‌ കുമാരനു സഹിക്കുന്നതിലും അപ്പുറമായിരുന്നു.പക്ഷേ അവളുടെ വേര്‍പാട്‌ കുമാരന്‍ മറന്നിരുന്നത് ആ കുട്ടികളെ കാണുമ്പൊള്‍ ആയിരുന്നു.ലക്ഷ്മിയുടെ അതെ പകര്‍പ്പ് ആയിരുന്നു ആ പൊന്നോമനകള്‍.അവര്‍ക്ക് വേണ്ടി ഇനിയുള്ള ജീവിതം മാറ്റി വയ്ക്കാന്‍ കുമാരന്‍ തീരുമാനിച്ചു.
                      കാലിനേറ്റ അപകടം കുമാരനെ പട്ടാളത്തില്‍ നിന്നും ജോലി ഒഴിവാക്കാന്‍ നിര്‍ബന്ദ്ധിതനായി.നാട്ടില്‍ പ്രശ്നങ്ങള്‍ ആയതിനാല്‍ കുമാരന്‍ ഒന്നും നാട്ടില്‍ അറിയിച്ചില്ല.ജോലി നഷ്ടപെട്ട കുമാരന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു.ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ ആ മണ്ണില്‍ നിന്നും പോകാന്‍ കുമാരനു ഒട്ടും ഇഷ്ട്ടമാല്ലയിരുന്നു.പക്ഷേ കുട്ടികളുടെ ഭാവി ആലോചിച്ചപ്പോള്‍ നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.കുട്ടികളെയും നെഞ്ചോട്‌ അമര്‍ത്തി വയത കാലുമായി കുമാരന്‍ കാശ്മീരില്‍ നിന്നും ട്രെയിനില്‍ നാട്ടിലേയ്ക്ക് യാത്രയായി.
                      നാട്ടില്‍ ചെന്നാല്‍ അവിടെ എന്തുപറയും എന്നായിരുന്നു കുമാരന്റെ ആലോചന.ലക്ഷ്മി ഇല്ലാത്ത ജീവിതം ആലോചിക്കാന്‍ കുമാരനു ആലോചിക്കാന്‍ കഴിയില്ലായിരുന്നു.അവന്റെ ജീവിതപാതയായിരുന്നു അവള്‍.റെയില്‍വേ സ്റ്റേഷനില്‍ നിനും ട്രെയില്‍ പുറപ്പെടുമ്പോള്‍ പുറത്തേയ്ക്ക് നോക്കിയാ കുമാരന്‍ അകലെ നിന്നും ലക്ഷ്മി അവര്‍ക്ക് യാത്രയപ്പ് നല്‍കുന്നത് പോലെ തോന്നി.അവളോട്‌ അവനു വിളിച്ചു പറയണമെന്നുണ്ടായിരുന്നു 'എന്റെ മോളെ നിനക്ക് വേണ്ടി അല്ല നമ്മളുടെ കുട്ടികള്‍ക്ക്  വേണ്ടി ഞാന്‍ ജീവിയ്ക്കും നമ്മളുടെ കുട്ടികളെ പൊന്നു പോലെ വളര്‍ത്തും,നീ വിഷമിക്കര്‍ത്തു.'ട്രെയിനില്‍ കു‌ടെ യാത്രികര്‍ കുറെ സന്യാസിമാര്‍ ആയിരുന്നു.അവരുടെ ദൈവത്തെ വിളിച്ചുള്ള പ്രാര്‍ത്ഥനകള്‍ കുമാരനു മനസ്സില്‍ കുറച്ചു ആശ്വാസം നല്‍കി.ലക്ഷ്മിയുടെ വേര്‍പാടിന് ശേഷം കണ്ണുകള്‍ തോര്‍ന്നിട്ടില്ല.കുട്ടികളുടെ മുഖം കാണുമ്പോള്‍ എപ്പോഴും ലക്ഷ്മി ആണ്‌ എപ്പോഴും മനസ്സില്‍. ആ പിഞ്ചുഓമനകളുടെ ചിരിയ്ക്കുന്ന മുഖം മനസ്സില്‍ ഒരു വിധത്തില്‍ വിഷമങ്ങള്‍  മാറ്റുന്നു. ട്രെയിനിന്റെ ജനലഴികളില്‍ കൂടി പുറത്തു നോക്കുമ്പോള്‍ പുറത്തു എല്ലാം ലക്ഷ്മിയുടെ സാമിപ്യം കുമാരന്‍ അറിയുന്നുണ്ടായിരുന്നു.
                          പുറത്തു നല്ല തണുപ്പ്.കുട്ടികളെ കമ്പിളി കൊണ്ട് ഒന്ന് കൂടെ പുതപ്പിച്ചിട്ടു കുമാരന്‍ സീറ്റിലേയ്ക്ക് ചായ്ഞ്ഞു.ഉറക്കം വരുന്നില്ല മനസ്സില്‍ ലക്ഷ്മിയുടെ മുഖം ആണ്‌ എപ്പോഴും.മടിയില്‍ എന്തോ ഒരു അനക്കം കണ്ണുകള്‍ പെട്ടന്ന് തുറന്നു.ഒരു കുട്ടി കരയുകയാണ്.മറ്റെകുട്ടിയെ സീറ്റിലേയ്ക്ക് കിടത്തി കരയുന്ന കുട്ടിയെ മാറോടു ചേര്‍ത്ത് തഴുകി.കുട്ടിയുടെ ശരീരം ചുട്ടുപൊള്ളുന്നു.കണ്ണുകള്‍ തുറക്കുന്നില്ല ,കുട്ടിയുടെ ശരീരം മുഴുവന്‍ വിറയ്ക്കുകയാണ്.കുമാരന്‍ കൈകള്‍ കൊണ്ട് കുട്ടിയുടെ  കവിള്‍തടങ്ങളും മറ്റും തട്ടി എല്ലാ കുട്ടി കണ്ണ് തുറക്കുന്നില്ല.
കുമാരന്റെ ദീനരോധനം കമ്പാര്‍ട്ടുമെന്റില്‍  മുഴങ്ങി.പെട്ടന്ന് കുട്ടി ഒന്ന് വിറച്ചു പിന്നെ  ശരീരം നിശ്ചലമായി .കുമാരന്‍ കുട്ടിയുടെ ശരീരം പിടിച്ച് കുലുക്കി.ഇല്ല അനങ്ങുന്നില്ല .പെട്ടന്ന് കുമാരന്‍ കുട്ടിയെ ഉണങ്ങുന്ന മറ്റെകുട്ടിയുടെ അടുത്തേയ്ക്ക്  കിടത്തി മാറി ഇരുന്നു.തലയ്ക്കുള്ളില്‍ ആകെ ഭ്രാന്ത് പിടിക്കും പോലെ.കുമാരന്‍ പിന്നെ ഉച്ചത്തില്‍ കരഞ്ഞു.എല്ലാം നഷ്ടപെട്ടവനെ പോലെ.കുമാരന്റെ കരച്ചില്‍ കേട്ട് അടുത്തുള്ളവര്‍ എല്ലാം ഓടികൂടി. തിരക്കിയപ്പോള്‍ കുമാരനു കരയാനേ കഴിഞ്ഞുള്ളൂ വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല.എല്ലാം തകര്‍ന്ന കുമാരനു കുട്ടിയുടെ നേരെ വിരല്‍ ഉയര്‍ത്തി കാണിക്കണേ കഴിയുമായിരുന്നുള്ളൂ.സന്യാസിമാര്‍ കുട്ടിയെ നോക്കി ഇല്ല കുട്ടി അനങ്ങുന്നില്ല.അവരുടെ മുഖത്തും  നിരാശ പ്രതിഭലിച്ചു.കുമാരന്‍ സീറ്റില്‍ മുഖം അമര്‍ത്തി പൊട്ടികരയുകാന്.എല്ലാം നഷ്ട്ടപെട്ടവനെ പോലെ.ലഷ്മി കൂട്ടിനു ഒരു കുട്ടിയെ കൊണ്ടുപോയതില്‍ ദൈവത്തിനെ ശപിക്കണേ അവനു കഴിഞ്ഞുള്ളൂ.ഈശ്വരന്‍ എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നേ ആദ്യം ജീവനായ ലക്ഷ്മിയെ ഇപ്പോള്‍ എന്റ്റെ പോന്നുമോളെയും .ആരോട് പറയണം ഒന്നും അറിയില്ലായിരുന്നു ആ പാവത്തിന്.
                  ട്രെയിന്‍ കുതിച്ചു പായുകയാണ് .അതിന്റെ കൂടെ പാതി മരിച്ച  കുമാരന്റെ മനസ്സും. കു‌ടെ ഉള്ള സന്യാസിമാര്‍ പതുക്കെ കാര്യങ്ങള്‍ എല്ലാം കുമാരനോടു ചോദിച്ചു മനസ്സിലാക്കി.വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ക്ക് പോലും കുമാരനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല.അവസാനം അവര്‍ എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി അത് അവര്‍ കുമാരനോടു പറഞ്ഞു.
" ആ കുട്ടിയ്ക്ക് ദൈവം എത്രയും ആയുസ്സേ കൊടുത്തിട്ടുള്ളൂ,അതിന്റെ ഭൂമിയിലെ ജനനത്തിന്റെ ലക്‌ഷ്യം ഇത്രയും കാലമേ ഉള്ളു എന്ന് ആശ്വസിക്കുക.ഇനിയും താങ്കളുടെ നാട്ടില്‍ എത്താന്‍ രണ്ട് ദിവസം എടുക്കും.അതുവരെ കുട്ടിയെ കു‌ടെ കൊണ്ട് പോകുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.അത് കൊണ്ട് നമ്മള്‍ പറയുന്ന കാര്യം നീ സമാധാനത്തോടെ കേള്‍ക്കണം ,ജനിച്ചു കുറച്ചു നാളുകളെ ആയിട്ടുള്ളൂ കുട്ടി അതിന്റെ ജീവന്‍ ദൈവം എടുത്തു അതുകൊണ്ട് ശരീരവും ദൈവത്തിനു സമര്‍പ്പിക്കുക."
സന്യാസിമാര്‍ പിന്നെ പറഞ്ഞ വാക്കുകള്‍ കേട്ട് കുമാരനു  ഹൃദയം നിലയ്ക്കും പോലെ തോന്നി .
                        എന്റെയും ലഷ്മിയുടെയും ജീവന്റെ ഒരു അംശം ആണ്‌ ആ കിടക്കുന്നെ.ഇങ്ങനെ ഞാന്‍ എന്റെ പൊന്നോമനയെ ഉപേഷിക്കും.ചിന്തിക്കും തോറും കുമാരനു വട്ട് പിടിക്കും പോലെ തോന്നി.കുറച്ചു ദിവസങ്ങള്‍ മാത്രം ആണ് ഒരുമിച്ചു കഴിഞ്ഞുള്ളു എങ്കിലും കുട്ടികള്‍ തന്റെ ജീവന്റെ ഭാഗമായി മാറിയിരുന്നു.അതില്‍ ഒരു ജീവനെ അനാഥമായി ഉപേഷിക്കുക ആലോചിക്കും തോറും സ്വന്തം ജീവന്‍ കളയാന്‍ കുമാരനു തോന്നി.പക്ഷേ അവിടെയും എന്നെയും കത്ത് ഒരു ജീവന്‍ കൂടി ഉണ്ട്.ഇനി ഈ ലോകത്തില്‍ ആ കുഞ്ഞിനു ഞാന്‍ മാത്രമേ ഉള്ളു എന്ന് ആലോചിച്ചപ്പോള്‍ കുമാരന്‍ ഒരു കാര്യം തീരുമാനിച്ചു.കുട്ടിയെ ഗംഗയില്‍ ഉപേഷിക്കുക.നാട്ടില്‍ കുട്ടികളുടെ കരിയമോ ലക്ഷ്മിയുടെയോ കാര്യമോ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് അങ്ങനെ തനെന്‍ ചെയ്യാന്‍ കുമാരന്‍ തീരുമാനിച്ചു. സന്യസിമാരോട് കുമാരന്‍ പറഞ്ഞു.നിങ്ങള്‍ പറയും പോലെ തന്നെ ചെയമെന്നു.കുറച്ചു സന്യാസിമാര്‍ മാറി ഇരുന്നു പ്രാര്‍ഥനയില്‍ ആണ്.കുഞ്ഞിന്റെ മരണം അറിഞ്ഞതുമുതല്‍ അവര്‍ കുട്ടിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥനയില്‍ ആണ്.
                           കാശി അടുക്കാറായി എന്ന്  സന്യാസിമാരില്‍ ഒരാള്‍ കുമാരനോടു വന്നു പറഞ്ഞു.അതോടെ കുമാരനു നെഞ്ചില്‍ തീ കോരിയിട്ടപോലെ.രണ്ട് പേരും സുഗമായി ഉറങ്ങും പോലെ കിടക്കുകയാണ്.മരണം എന്റെ പെന്നുമോളെ സ്ഥിരമായി ഉറക്കത്തില്‍ ആക്കിയല്ലോ ദൈവമേ!ആലോചിക്കും തോറും കണ്ണുകളില്‍ ഇരുട്ടു പരക്കും പോലെ.കുട്ടികളുടെ അടുത്ത് ചെന്ന് കുട്ടിയേയും വാരിയെടുത്തു നെഞ്ചോട്‌ അമര്‍ത്തി കുമാരന്‍ വാതിലിനരികിലെയ്ക്ക് നീങ്ങി.വേഗത്തില്‍ പായുന്ന ട്രെയിന്‍ പുറത്തുനിന്നും വീശിയടിക്കുന്ന കാറ്റ് അതൊന്നും കുമാരന്റെ മനസിന്‌ ആശ്വാസം നല്‍കിയില്ല.അകത്തു സന്യാസിമാരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കാം.ഇരുട്ടിന്റെ ഉള്ളില്‍ എവിടെയോ ഇരുന്നു ലക്ഷ്മി കൈ നീട്ടുകയാണ്‌ 'എനിക്ക് തരു നമ്മുടെ മോളെ 'ട്രെയിന്‍ ഗംഗയ്ക്ക് കുറുകെയുള്ള പാലത്തിലെയ്ക്ക് കയറി.കുമാരന്റെ നെഞ്ചു പിടയ്ക്കുകയിരുന്നു.രാത്രിയുടെ സുന്ദരമായ നീലിമയില്‍ ഗംഗാദേവി ഒന്നുമറിയാതെ ഒഴുകുകയാണ്  താഴെ.കുമാരന്‍ കണ്ണുകള്‍ അടച്ചു അവസാനമായി തന്റെ പോന്നോമാനയ്ക്ക് കവിളില്‍ ഉമ്മ കൊടുത്തിട്ട് നദിയിലേയ്ക്ക്  കുട്ടിയെ വലിച്ചെറിഞ്ഞു.പിനീ ഒന്നും കാണാന്‍ ഉള്ള ശേഷി ഇല്ലാതെ കുമാരന്‍ പൊട്ടികരഞ്ഞുകൊണ്ട് സീറ്റിലേയ്ക്ക് നടന്നു. എങ്ങനെ ആ  പാവം മനുഷ്യനെ സമാധാനിപ്പിക്കും എന്ന് സന്യാസിമാര്‍ക്ക് അറിയില്ല.അവര്‍ പ്രാര്‍ഥനയില്‍ മുഴുകി.
കുമാരന്‍ കുട്ടിയെ സൂക്ഷിച്ചു നോക്കിയപ്പോള്‍  എല്ലാം മനസ്സിലായതും കുമാരന്‍ ശരീരം  തളര്‍ന്നു സീറ്റിലേയ്ക്ക് വീണു.കൈയില്‍ ഇരുന്ന കുട്ടി സീറ്റിലേയ്ക്ക് വീണു.സന്യാസിമാര്‍ ഓടി വന്നു കുട്ടിയെ താങ്ങി എടുത്തു.എന്നിട്ട് കുമരനെ വിളിച്ചുണര്‍ത്തി കാര്യം ചോദിച്ചു.കണ്ണുതുറന്ന കുമാരനു വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നിലായിരുന്നു.കൈകള്‍ കുട്ടിയ്ക്ക് നേരെ നീട്ടി എന്തോ പറയ്യുന്നുണ്ടായിരുന്നു.പക്ഷെ ശബ്ദം  പുറത്തേയ്ക്ക് വരുന്നില്ല. സന്യാസിമാര്‍ അപ്പോള്‍ ആണ്‌ കുട്ടിയെ ശ്രദ്ധിച്ചത്.കുട്ടി അനങ്ങുന്നില്ല.കാര്യം മനസ്സിലായപ്പോള്‍ അവര്‍ക്ക്പോലും ഒന്നും സംസാരിക്കാന്‍ പറ്റുന്നില്ല.
കുമാരന്‍ കുട്ടിയെ നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്.ആ കണ്ണില്‍ നിന്നും കണ്ണുനീര്‍ വറ്റിയിരിക്കുന്നു.അതോടെ കുമാരന്റെ മാനസ്സികനില ആകെ മാറിമറിഞ്ഞു.കുമാരനെ നാട്ടില്‍ എല്ലാവരും കൂടി എത്തിച്ചു ആശുപത്രിയില്‍ ആകി.പക്ഷെ ഒരുമരുന്നിനും മന്ത്രത്തിനും ആ മനസിനെ പഴയരീതിയില്‍ ആക്കാന്‍ പറ്റിയില്ല.കുറെ നാള്‍ ബന്ധുക്കള്‍ കുമാരനെ നോക്കി.പിന്നെ അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ആയപ്പോള്‍  കുമാരനെ അവരും ഉപേഷിച്ചു.ദൈവം കൈവിട്ട കുമാരനു ഇനി എന്ത് ആശ്രയം.ആത്മഹത്യ ചെയുന്നതിനുള്ള മനസ്സിന്റെ ബോധം പോലും ആ പാവത്തിന് നഷ്ടമായി.
                             മുത്തശ്ശി പറഞ്ഞു നിര്‍ത്തിയതും ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.എന്നാല്‍ അതിനെക്കാള്‍ എന്റെ മനസ്സും ശരീരവും വേദനയാല്‍ പിടയ്ക്കുകയിരുന്നു.ലോകത്തിലെ ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരുമോ . ചെറിയ കാര്യങ്ങള്‍ക്കു പോലും മാനസികനില തെറ്റുന്ന മനുഷ്യന്മാര്‍ ആണ്  നാട്ടില്‍ അപ്പോള്‍ ഇത്രയും ദുരന്തങ്ങള്‍ സംഭവിച്ച കുമാരനു മനസിലനില തെറ്റിയതില്‍ എനിക്ക് അതോര്‍ത്തു വേദനിക്കാനെ  പറ്റുന്നുള്ളൂ.അത് വരെ എനിക്ക് കുമാരനോടു ഉണ്ടായിരുന്ന വിചാരങ്ങളും വിദ്വേഷങ്ങളും മാറിയിരിക്കുന്നു.പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു സ്നേഹം എന്റെ മനസ്സില്‍ ഉണ്ടായി.അന്ന് മുതല്‍ കുമാരന്‍ എനിക്ക് എന്റെ മനസിന്റ്റെ ഒരു അംശം ആയി മാറി.ആര് ചെയ്ത പാപത്തിന്റെ ഫലമാണ് ഈ പാവം മനുഷ്യന്‍ അനുഭവിക്കുന്നത്.കള്ളനും കൊലപാതകികള്‍ക്കും കൂട്ടുനില്ക്കുന്ന ഈശ്വരന്‍ എന്തിനു ഈ പാവത്തിന് ഇങ്ങനെ  ഒരു അവസ്ഥ കൊടുത്തു.ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല.പിന്നെ എനിക്ക് ഈശ്വരനോടൂള്ള വിശ്വാസം കുറഞ്ഞപൊലെ.ഇങ്ങനെയുള്ള സംഭബങ്ങൽ ആണ്  മനുഷ്യന്റെ മനസ്സിൽ ഉള്ള ദൈവത്തിനു മരണം നൽകുന്നത്.  അന്ന് മുതല്‍ ഓരോ കാര്യങ്ങള്‍ക്കും എന്റെ കൈയില്‍ നിന്നും തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കും ചിലപ്പോള്‍ അതിന്റെ വില നമ്മള്‍ക്ക് പ്രവച്ചിക്കാന്‍ പറ്റാത്തത് ആയിപോകും.കുമാരന്‍ ഇപ്പോള്‍ എല്ലാവര്ക്കും ഓര്‍മയയിതീര്‍ന്നിരിക്കുന്നു 
ഞാന്‍ ഈ ഗള്‍ഫില്‍ വന്നു രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം കുമാരന്‍ ലക്ഷ്മിയുടെയും മക്കളുടെയും അടുത്തേയ്ക്ക് യാത്രയായി. ഇടയ്ക്കിടെ എന്റെ ഓര്‍മകളില്‍ കുമാരന്‍ വരുമായിരുന്നു.മറന്നുതുടങ്ങിയത്‌ ആയിരുന്നു എല്ലാം.പക്ഷെ ഇപ്പോള്‍ എന്റെ അനു എന്നില്‍ നിന്നും നഷ്ടപെട്ട വേദന എന്നെ കുമാരനിലെയ്ക്ക് അടുപ്പിക്കുന്നു.
                       നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കിയാല്‍ മതി നിങ്ങള്‍ക്കും പല അബദ്ധങ്ങളും അശ്രദ്ധകളും പറ്റികാണും അത് ചിലപ്പോള്‍ അതിന്റെ ഭാവി ചെറുത്‌ ആകാം വലുതും ആകാം.മനുഷ്യരായ നമ്മള്‍ക്ക് ജന്മസിദ്ധമായ ഈ  അശ്രദ്ധകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ഓരോ കാര്യങ്ങള്‍ ചെയുമ്പോഴും ഒരു തവണ കൂടി ശ്രദ്ധിച്ചാല്‍ ആ അശ്രദ്ധകള്‍ക്ക് നമ്മള്‍ കൊടുക്കേണ്ട വിലയുടെ തോത്   കുറയ്ക്കാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം ..പക്ഷേ ഈ കുമാരന്റെ   അനുഭവം എല്ലാവരുടെയും പിറകെ നിങ്ങള്‍ പോലും അറിയാതെ കൂടെ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്നാലും ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കാന്‍ ഞാന്‍ ഇശ്വരനോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട്... അനിയന്‍ .....

2010 ഡിസംബർ 22, ബുധനാഴ്‌ച

എന്റെ ഗ്രാമം സുന്ദരഗ്രാമം...



രണ്ട് മാസമായി പുതിയ  കുറെ സ്വപ്‌നങ്ങള്‍  ഉറക്കത്തില്‍ കാണുന്നു .എല്ലാം നാട്ടിലെ മാധുര്യമേറിയ ഓര്‍മ്മകള്‍ .എന്നും കാണുന്നത് തന്നെയാണ് എന്നാലും ഇപ്പോള്‍ അതിനു ഒരു പ്രത്യേകത ഉണ്ട് .കാരണം മൂന്നര വര്‍ഷത്തെ  ഗള്‍ഫ് ജീവിതം കഴിഞ്ഞ് ഞാന്‍ ആദ്യമായി നാട്ടിലേയ്ക്ക് പോകാന്‍ ടിക്കറ്റ് എടുതുവച്ചിരിയ്കുകയാന്ന്‍.ജനുവരി 5 എന്ന ആ ദിവസത്തേയ്ക്ക് ഞാന്‍ കാത്തിരിയ്ക്കുകയാണ് .ദിവസങ്ങള്‍ക്ക് യുഗങ്ങളുടെ ദൈര്‍ഘ്യം.എന്റെ സുന്ദരമായ നാട്ടിന്‍പുറത്തേയ്ക്ക് എത്രയും പെട്ടന്ന് എത്തണം എന്ന അടങ്ങാത്ത അഭിനിവേശം .ഇത്രയും വര്‍ഷം ഞാന്‍ എന്റെ നാട് വിട്ടുനിന്നത് ഓര്‍ക്കുമ്പോള്‍  എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്.ആറ്റിങ്ങലിലെ ആനുപ്പാറ എന്ന കൊച്ചുനാട് ആണ് എന്റെ  ഗ്രാമം .നിറയെ പുഞ്ചപാടങ്ങളും വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന മാമം നദിയും ചെറു തോടുകളും നീരുറവകളും എന്റെ നാടിന്റെ മാത്രം സൌന്ദര്യദ്രശ്യം എന്നവകാശപെടാന്‍ ഏതോരു ആനുപ്പാറക്കാരനും അവന്റെതായ അവകാശം ഉണ്ട് .വര്‍ഷകാലത്തും കര്‍ക്കടതിലും നിറഞ്ഞു പൊങ്ങുന്ന വയല്‍ പാടങ്ങല്‍ക്കൊപ്പം നടന്നു പോകുന്ന വഴികള്‍ വരെ വെള്ളം നിറഞ്ഞു നില്‍ക്കുന്നത്   കാണുവാന്‍ കണ്ണിനു കുളിര്‍മയാണ്.ആ സമയത്ത് കൂട്ടുകാരോടു ചേര്‍ന്ന്‍ വാഴതടകള്‍ വെട്ടി ചങ്ങാടം കെട്ടി ആ  വെള്ളത്തില്‍ തുഴയുന്നതും നദിയുടെ  കുറുകെയുള്ള പാലത്തിന്റെ മുകളില്‍ നിന്നും എടുത്തു ചാടുന്നതും ,[ഒഴുക്ക് കാരണം ചാടുന്ന സ്ഥലതുനിന്നും  വളരെ ദൂരെയാണു പൊങ്ങുന്നത് ]എന്റെ ഓര്‍മ്മകള്‍ക്ക്  മാധുര്യം കൂട്ടുന്നതേയുള്ളൂ.വേനൽക്കാലത്ത് ശാന്തതയോടെയും മഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന മാമം നദി..ആനുപ്പാറ വഴി ഒഴുകുന്നതുകൊണ്ട് ആ നദിക്ക് നമ്മൾ ആനുപ്പാറയാറ് എന്നു വിളിക്കുന്നു..അതിനു രണ്ടു വശത്തും കണ്ണിനുകുളിർമയേകും വിധം നീണ്ടു നിവർന്ന് കിടക്കുന്ന വയലേലകൾ..മന്ദമാരുതനുമുന്നിൽ നമ്രശിരസ്സക്കയായി നിൽക്കുന്ന നെൽക്കതിരുകൾ..എന്റെ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് തൊണ്ണൂറുകളില്‍ കുട്ടനാട് കഴിഞ്ഞാല്‍ എന്റെ അവിടത്തെ വയലുകള്‍ ആയിരുന്നു ഏറ്റവും വലുത് എന്ന് . മഴകാലത്ത് ചൂണ്ടയുമായി മീന്‍ പിടിയ്ക്കുന്നതും രാത്രി  ടോര്‍ച്  ലൈറ്റുമായി പച്ചപൊന്തനെ[തവള ] പിടിക്കാന്‍ പോകുന്നതും [അതിന്റെ കാല്‍ വെട്ടി പൊരിയിക്കും!എന്ത് രുചിയാണ് ]എങ്ങനെ മറക്കും ഞാന്‍ .
 എന്റെ നാട്ടിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് എന്നും നിദാനമായിട്ടുളള തരംഗിണി ലൈബ്രറി നഗരജീവിതത്തില്‍ കിട്ടാത്ത ഒരു ഹ്യദയതുടിപ്പ് തന്നെയാണ്. അത് ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നത് തന്നെ ആ നാട്ടുകാരുടെ  കൂട്ടായ്മയുടെ ചിത്രം വ്യക്തമാക്കുന്നു. നമ്മള്‍ ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ സമയം കളയാന്‍ ഒന്നിച്ചു കൂടുന്ന പ്രധാനസ്ഥലവും ഈ ലൈബ്രറി ആണ് .രാത്രി വരെ നീളുന്ന സംസാരവും അതിനിടയില്‍ അവിടെ ഉള്ള ടീവിയില്‍  പരിപാടികള്‍ കാണുന്നതും രസമുള്ള ജീവിതം തന്നെയാണ് .അതിരാവിലെ അമ്പലങ്ങളില്‍ നിന്നും കേള്‍ക്കുന്ന സുപ്രഭാതവും ,ഇടുങ്ങിയ റോഡുകളും ,പുഞ്ചപടങ്ങളും ,അമ്പലത്തിലെ ആറാട്ടും ,ഉത്സവങ്ങളും ,പറയെടുപ്പും ,ഉറിയടിയും,കാര്‍ത്തികയും എല്ലാം എല്ലാം എന്റെ നാട്ടിന്റെ പ്രത്യേകതകള്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത് .ഇങ്ങനെ ഉള്ള  ആനൂപാറ എന്ന ഹരിത സുന്ദരമായ  ഗ്രാമത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു .അത് കൊണ്ട് തന്നെ എനിക്ക് ആ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് ഓടിയെത്താന്‍ കൊതിയാകുന്നു .

 അങ്ങനെ നാട്ടില്‍ പോകാനുള്ള ദിനം എത്തി . ഒരു പാട് പ്രതീക്ഷകളും ഓര്‍മകളുമായി ഞാന്‍ എയര്‍ അറേബ്യയുടെ വിമാനത്തില്‍ ജനുവരി അഞ്ച് രാത്രി എട്ട് മണിയ്ക്ക് തിരുവനന്തപുരം എയര്‍പോട്ടില്‍ കാലുകുത്തി [ഇടതു കാല്‍ ആണോ വലതു കാല്‍ ആണോ എന്ന് ഓര്‍മയില്ല ].പുറത്ത് എന്നെ കാത്ത് അച്ഛനും അമ്മയും ചേട്ടനും കാതുനിന്നുരുന്നു.പുറത്തേയ്ക്ക്  ഇറങ്ങി ഞാന്‍ എന്റെ നാടിന്‍റെ സുഗന്ധകരമായ കാറ്റ് ആവോളം ആസ്വദിച്ചുകൊണ്ട്‌ എന്നെ കൊണ്ടുപോകാന്‍ വന്ന അംബാസിഡര്‍ കാറിലേയ്ക്കു കയറി .വീട്ടില്‍ എത്തുന്നതിനു മുന്‍പ് മാമം ആറിന്റെ  മുകളിലൂടെ പോയപ്പോള്‍ ഞാന്‍ തല പുറത്തേയ്ക്കിട്ട് ആറ്റിലേയ്ക്ക് നോക്കി .ഇരുട്ടിന്റെ കാഠിന്യം കാരണം ഒന്നും കാണാന്‍ വയ്യ.ഈ രാത്രി ഇപ്പോള്‍ തന്നെ ആറ്റിലേയ്ക്ക് എടുത്തുചാടി ഒന്ന് മുങ്ങിനിവരാന്‍ കൊതിയാകുന്നു .പിന്നെ ആ ആഗ്രഹം നാളെ രാവിലെ പൂര്‍ത്തീകരിയ്ക്കാം എന്ന് വിചാരിച്ചു .കാറില്‍ നിന്നും പുറത്തു ഇറങ്ങി  എന്റെ ഗ്രാമത്തില്‍ കാലുകുത്തിയപ്പോള്‍ ശരീരം മുഴുവന്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി." ഹേ! എന്റെ സുന്ധരഗ്രാമമേ നിന്നെ വിട്ട് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അനിയന്‍ ഇതാ വന്നിരിയ്ക്കുന്നു " എന്ന് ഉറക്കെ വിളിച്ചുപറയാന്‍ തോന്നി എനിക്ക്.വീട്ടുകാരുടെ സ്നേഹന്വേഷനങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ മനസ്സമാധാനമായ ഒരു ഉറക്കം ഏതു ഗള്‍ഫ്കാരന്‍  ആണ് ആഗ്രഹിക്കാത്തത് . നീണ്ട വര്‍ഷങ്ങള്‍  എസിയുടെ തണുപ്പില്‍ കിടന്നു ശീലിച്ചത്കൊണ്ടാകാം ശരീരം മുഴുവന്‍ ചൂട് .എന്നാലും എന്റെ സന്തോഷം നിറഞ്ഞ മനസ്സിനെയും ശരീരത്തെയും ആ ചൂട് ബാധിച്ചില്ല .കാരണം ഞാന്‍ എന്റെ നാട്ടില്‍ എത്തിയിരിക്കുന്നു.അതില്‍ കൂടുതല്‍ എന്തുവേണം എനിക്ക്.

രാവിലെ  നേരത്തെ എണീറ്റ്‌  പല്ലുംതേച്ച് ഞാന്‍ അടുക്കളയിലേയ്ക്ക് ഓടി .എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചൂടു ദോശ അമ്മ ഉണ്ടാക്കുന്നുണ്ട് .അത് ചൂടുമാറാതെ കഴിക്കണം .കുട്ടികാലം മുതലേ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ആണ് അമ്മ ഉണ്ടാക്കുന്ന ദോശ .ഉണ്ടാക്കി പാത്രത്തില്‍ ഇടാന്‍ പോലും ഞാന്‍ സമ്മതിക്കില്ല നേരെ എന്റെ കയ്യിലേയ്ക്ക് വാങ്ങി കഴിയ്ക്കും ,കു‌ടെ കഴിക്കാന്‍ ഒരു കറി പോലും എനിക്ക് വേണ്ട .അമ്മ ഉണ്ടാക്കുന്നത് കൊണ്ടാകാം ഇത്രയും രുചിയും ,എനിക്ക് ഇത്ര ഇഷ്ടപെടാനും കാരണം . ഇതാ ഇപ്പോള്‍ കഴിയ്ക്കുമ്പോഴും ദോശയ്ക്ക് രുചികൂടിയിട്ടെ ഉള്ളു എന്ന് തോനുന്നു.വയറു നിറഞ്ഞു  ഇനി കുളിക്കണം .അമ്മയോട് ആറ്റില്‍ കുളിയ്ക്കാന്‍ പോകുന്നു എന്നും പറഞ്ഞിട്ട് സോപ്പുമെടുത്തു ഇറങ്ങി ഓടി .പിന്നിലെ നിന്ന് അമ്മ എന്തോ എന്നോട് വിളിച്ചുപറയുന്നുണ്ട്.ഞാന്‍ അത് ശ്രദ്ധിച്ചില്ല .കാരണം കുറെ നാളായി എന്റെ മോഹമാണ് നാട്ടില്‍ വന്ന ഉടനെ ആറിലേയ്ക്ക് എടുത്തു ചാടി ഒരു കുളി.ഇന്നലെ പിന്നെ  രാത്രിയതുകൊണ്ട്  ഇന്നത്തേയ്ക്ക് മാറ്റിയതാണ് . ആറിനു അടുത്തേയ്ക്ക് എത്തുമ്പോള്‍ എന്റെ ആവേശം കൂടിവന്നു .ആറിന്റെ കരയില്‍ എത്തി ചാടാന്‍ നിന്ന ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാന്‍ നിന്നു.ഞാന്‍ എന്താണ് ഈ  കാണുന്നത് .ഒരു വലിയ കുഴി അതില്‍ ഒരു ചെറിയ നീരുറവ പോലെ കുറച്ചു വെള്ളവും അതില്‍ കുറെ കന്നുകാലികളും .ഓടകളില്‍ ഇതിനെക്കാളും വെള്ളവും വ്യത്തിയും ഉണ്ടെന്നു എനിക്ക് തോന്നി .അപ്പോഴാണ്  അമ്മ എന്റെ പുറകെ വന്നു പറഞ്ഞത് എന്താ എന്ന് മനസ്സിലായത് .മോനെ പോകണ്ട എന്നായിരിക്കും.ഈ കെട്ടികിടക്കുന്ന വെള്ളത്തെ ആണോ ഞാന്‍ എത്രയും വര്‍ണ്ണിച്ചത് ,ഇതിനെയാണോ എന്റെ നാടിന്റെ ഭാഗ്യമായി കണ്ടത് .ആറിന്റെ ആ നിര്‍ഭാഗ്യം കണ്ടു എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.പോയ പോലെ ഞാന്‍ തിരിച്ചു വരുന്നത് കണ്ട അമ്മ എന്നോട് പറഞ്ഞു വല്ലപ്പോഴും പെയ്യുന്ന മഴയില്‍ ആണ് ആറില്‍ വെള്ളം കാണുന്നത് ,മണല്‍വാരലും മറ്റും ആറിനെ നശിപ്പിച്ചു.വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്നത് വെറുതെയായി.പിന്നെ തിരിച്ചു ഗള്‍ഫില്‍ തിരിച്ചു വരുന്നതുവരെയുള്ള  രണ്ട് മാസകാലത്തും എനിക്ക് ആ ആറ്റില്‍ കുളിക്കാന്‍ കഴിഞ്ഞില്ല .വീട്ടിലെ കിണറ്റിലെ വെള്ളം തന്നെ കുളിക്കാന്‍ ശരണം . 
                                
   കുളിയും   കഴിഞ്ഞു നാട് കാണാന്‍ ഞാന്‍ ഇറങ്ങി.ഞാന്‍ നടക്കുന്നത് റോഡ്‌ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ അവനു അടി കിട്ടും.അത്രയ്ക്ക് നല്ല റോഡ്‌.പണ്ട് ഞാന്‍ പോയപ്പോള്‍ അതിനെ ഒരു ചെറിയ വഴി എന്നെങ്കിലും പറയാമായിരുന്നു.ഇപ്പോള്‍ ഇതിനെ കുന്നു എന്നോ കുഴി എന്നോ പറയാം.ഈ റോഡ്‌ എന്ന് പറയുന്ന സ്ഥലത്ത് വച്ച് വഴി ചോദിച്ചാല്‍ വഴി ഇങ്ങനെ പറയാം 'ആ കുഴി വലത്തോട്ട് പോകുമ്പോള്‍ നേരെ ഒരു കുഴി കാണും പിന്നെയും നേരെ പോയാല്‍ വളഞ്ഞൊരു കുന്നു ഉണ്ട്'.അത്രയ്ക്ക് അധ:പതിച്ചുപോയിരിക്കുന്നു അവിടം.ഇവിടത്തെ നാട്ടുകാര്‍ക്കും ഭരണകര്‍ത്താകള്‍ക്കും എന്ത് പറ്റി?നാലു ബസ്‌ ഓടുന്ന റോഡാണ് .സ്വന്തം സുഖങ്ങള്‍ മാത്രം നോക്കുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള ഒരു രാജ്യത്തു ഞാന്‍  ജനിച്ചു പോയി ഇനി എല്ലാം സഹിയ്ക്കുക തന്നെ .ദിവസവും ടിവിയിലും മറ്റും നാട്ടിലെ ഓരോ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും ഒരു തോക്ക് എടുത്തു എല്ലാത്തിനെയും വെടിവച്ചുകൊല്ലാന്‍ .[പിന്നെ ഒരു നൂറ്റിയന്പത് പവന്‍ സ്വര്‍ണ്ണം !വാങ്ങിയിട്ട്  ഒരു അതിസുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ഉള്ളതാ എനിക്ക് ,ഞാന്‍ വല്ല സാഹസവും കാണിച്ചാല്‍ ആ പെണ്ണിന് ആരാ ഉള്ളത് :)]
                                                  ഞാന്‍ നേരെ പോയത് എന്റെ കുടുംബവീട്ടില്‍ ആയിരുന്നു.അതാണ് എന്റെ വീട് .കാരണം ഇരുപത്തിനാല് വര്‍ഷം ഞാന്‍ താമസിച്ചത് അവിടെയാണ് .ഗള്‍ഫില്‍ പോകുന്നത് വരെ അവിടെ ആയിരുന്നു ഞാന്‍ .ആ വീട് എനിക്ക് എന്നും ഓര്‍മകളുടെ ഒരു അക്ഷയപാത്രം ആണ് .വീടിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വയലേലകള്‍ ,വഴതോട്ടങ്ങള്‍ ,പലതരം കൃഷികള്‍ .വീട്ടില്‍ എത്തിയിട്ട് ഞാന്‍ ഓടിയത് ആ വയലുകളും ചെറിയ തോടും നീരുറവകളും കാണാന്‍ ആയിരുന്നു.വീടിനു തൊട്ടു മുന്നില്‍ ഒരു ചെറിയ നീരുറവ ഉണ്ടായിരുന്നു .മഴ സമയത്ത് അത് ചെറിയ ഒരു തോട് ആയി മാറും .അത് നോക്കാന്‍ പോയ ഞാന്‍ ഒരു പുതിയ റോഡ്‌ കണ്ടു ഞെട്ടി.പണ്ട് ഒരു പാട് മാനത്ത്കണ്ണികളും,ബിരാല് മീനുകളും ഓടി നടന്ന സ്ഥലം എപ്പോള്‍ മണ്ണിട്ട്‌ മൂടി റോഡ്‌ ആക്കിയിരിക്കുന്നു. അവിടെ നിന്നും ഞാന്‍ മുന്നില്‍ ഉള്ള വയലില്ലെയ്ക്ക്  നോക്കി .അത് കണ്ടതും എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു.എന്റെ ഓര്‍മകളുടെ പൂന്തോപ്പായ ആ വയലേലകള്‍ കാണാന്‍ ഇല്ല.വയലുകള്‍ എല്ലാം കാടു പിടിച്ചു കിടക്കുന്നു.വര്‍ഷങ്ങള്‍ ആയെന്നു  തോനുന്നു അവിടെ കൃഷി നടത്തിയിട്ട്.വലിയ പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്നു.പണ്ട് നെല്ലും അതിന്റെ  സമയം കഴിയുമ്പോള്‍ പയറും ഉഴുന്നും കപ്പലണ്ടിയും പിന്നെ ഓണസമയത്ത് പലതരം പച്ചകറികളും നട്ടിരുന്ന വയലുകള്‍ .ഇപ്പോള്‍ അതെല്ലാം അസ്തമിച്ചിരിക്കുന്നു.വിരലില്‍ എണ്ണാവുന്ന വയലുകളില്‍ മാത്രം എന്തൊക്കെയോ കൃഷികള്‍ ഉണ്ട്.അതില്‍ അച്ഛന്‍ നട്ടിരിക്കുന്ന വിളകളും ഉണ്ട്.അതില്‍ എനിക്ക് ഇപ്പോഴും അഭിമാനം ഉണ്ട്.പണ്ട് മുതലേ കൃഷി എന്നത് അച്ഛനും ചേട്ടനും എനിക്കും ഇഷ്ട്ടമാണ്.നെല്ലിന്റെ സമയത്ത് നെല്ലും മരചീനിയും ഓണസമയം പടവലവും മുളകും എല്ലാം കൃഷി ചെയും.ഇപ്പോള്‍ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ വാഴയും മരചീനിയും ആണ് നട്ടിരിയ്ക്കുന്നത്. ഇനി കുറച്ചു വയലുകള്‍ പാട്ടത്തിനു എടുത്തു കൃഷി നടത്താന്‍ നമ്മള്‍ക്ക് പ്ലാന്‍ ഉണ്ട്.                                                                                 വയലുകളുടെ   അടുത്തുള്ള വഴതോപ്പുകള്‍ എല്ലാം നശിച്ചിരിക്കുന്നു.അതില്‍ വട്ടതാമാര[പിന്നമരം]വളര്‍ന്നു കിടക്കുന്ന്നു.അതില്‍ പണ്ട് നിറയെ വാഴകള്‍ ഉണ്ടായിരുന്നു.അത് അച്ഛന്‍ ആയിരുന്നു നോക്കിനടത്തിയിരുന്നത്.അതിന്റെ മുതലാളിയുടെ മരണത്തിനു ശേഷം ആരും പിന്നെ  ആ ഭാഗത്ത്‌ തിരിച്ചു നോക്കിയിട്ടില്ല.ആ വഴതോപ്പുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു.തോട്ടത്തിന്റെ ഇടയില്‍ ചെറിയ കനാലുകള്‍ വെട്ടിയിട്ടിരുന്നു.ഓരോ കനാലിന്റെയും നടുക്ക് ഒരാള്‍ പൊക്കമുള്ള കുഴികള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട് .മഴ പെയുമ്പോള്‍ തോട്ടിലെ വെള്ളം പൊങ്ങി ഈ കനലുകള്‍ നിറയും അപ്പോള്‍ തോട്ടിലെ മീനുകള്‍ എല്ലാം ഈ കനാലില്‍ നിറയും.വേനല്‍കാലമാകുമ്പോള്‍ വെള്ളം ഇറങ്ങും അപ്പോള്‍ മീനുകള്‍ എല്ലാം ആ കുഴികളിലെയ്ക്ക് വരും.പിന്നെ  ഞാനും എന്റെ കൂട്ടുകാരും ആ കുഴിയിലെ വെള്ളം മുഴുവന്‍ വറ്റിയിക്കും.നിറയെ മീന്‍ ആണ് അതില്‍.കാരിയും ,സിലോപ്പിയയും,നെടുമീനും,ആരലും,ബിരലുകളും നിറയെ കാണും.ആ മീനുകളെ കുരുമുളകും എല്ലാം ഇട്ടു എണ്ണയില്‍ പൊരിച്ചു എടുക്കും.അതിന്റെ കൂടെ മരച്ചീനി പുഴുങ്ങിയതും.ഹോ വായില്‍ വെള്ളമൂറുന്നു.എന്നാല്‍ ഇപ്പോള്‍ ആ കനാലുകളെയോ കുഴികളെയോ കാണാന്‍ കൂടി ഇല്ല.മുന്‍പ് എവിടെ എല്ലാം കൊറ്റികളും കുളകോഴികളും സ്വച്ചന്തം വാണിരുന്നു.ഇപ്പോള്‍ മരുന്നിനു പോലും ഒന്നിനെയും കാണാന്‍ ഇല്ല. ഞാന്‍ കാണുന്ന ഇതു ആണോ ഹരിതകേരളം.വയലുകളും തോടുകളും കൃഷിയും ഇഷ്ടമുള്ള ഒരു മലയാളിയ്ക്കും താങ്ങാന്‍ പറ്റാത്ത കാഴ്ചകള്‍ ആണ് ഇത്.
                                                
വയലുകളുടെ അരികിലൂടെ ചെറുത്‌ അല്ലാതെ ഒരു തോട് ഉണ്ട്.നമ്മള്‍ അതിനെ പണയില്‍കടത്തോട്[പണ്ട് അതിന്റെ കരയില്‍ ഒരു ചായകട ഉണ്ടായിരുന്നു.അങ്ങനെ അവിടം പണയില്‍കട എന്ന് വിളിച്ചിരുന്നു.]  എന്ന വിളിച്ചിരുന്നത്‌.  വയലുകള്‍ നികത്തി വീട് വയ്ക്കുകയും തോടിന്റെ കരകള്‍ ഇടിച്ചു നികത്തുന്നതും കൊണ്ട് തോട് എന്നത് ഇപ്പോള്‍ ഒരു വെള്ളം  ഒഴിഞ്ഞ കുഴി പോലെ കിടക്കുന്നു.മുന്‍പ് ഉണ്ടായിരുന്ന തോടിന്റെ ദിശ മാറ്റി ഇപ്പോള്‍ പുതിയ വഴി ഉണ്ടാക്കിയിരിക്കുന്നു.പ്രക്യതി നല്‍കിയ വഴി വെട്ടി മാറ്റിയത്കൊണ്ടാകാം പുതിയ വഴിയെ വെള്ളം നിറച്ചു പോകാന്‍ തോട് മടിയ്ക്കുന്നത്. പഴയ കാഴ്ചകള്‍ എല്ലാം ഗള്‍ഫില്‍ വച്ച് കണ്ട സ്വപ്നം പോലെ ഓര്‍മ്മകള്‍ ആയി എനിക്ക്. 
                              നാട്ടില്‍ ചെന്നിട്ട് ആകെ ഉണ്ടായിരുന്ന ആശ്വാസം വീടിനു അടുത്തുള്ള മൂന്നു അമ്പലങ്ങളിലെ ഉത്സവങ്ങള്‍ ആയിരുന്നു.പണ്ടാതെക്കാളും ആവേശവും പൊലിമയും ഉണ്ടെന്നു തോനുന്നു.ഉത്സവത്തിന്റെ നടത്തിപ്പിലും ഉത്സവം കൊഴുപ്പിക്കാനും  എന്റെ  പങ്ക് വളരെയധികം ഉണ്ടായിരുന്നു.അതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ് .ഉത്സവത്തിന്റെ അന്നധാനത്തിലും ഘോഷയാത്രയിലും എല്ലാത്തിലും ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സുഖമുണ്ടായിരുന്നു.എത്രയും വര്‍ഷങ്ങള്‍ ഞാന്‍ ഇങ്ങനെ ഉത്സവങ്ങളെ ആഘോഷകരമാക്കിയിട്ടില്ല.ഓരോ ഉത്സവങ്ങളും മൂന്നും നാലും ദിവസങ്ങള്‍ ആയിരുന്നു.സത്യം പറഞ്ഞാല്‍ ആ ദിവസങ്ങള്‍ വീട്ടില്‍ പോലും നേരെ പോയിട്ടില്ല.അമ്പലത്തില്‍  തന്നെ  ആയിരുന്നു മുഴുവന്‍ സമയവും. ഈ ഉത്സവങ്ങള്‍ എന്റെ നാട്ടിലെ മാത്രം സവിശേഷത ആയിട്ടാണ് എനിക്ക് തോനിയത്.തിരിച്ചു ഗള്‍ഫില്‍ വന്നിട്ടും ആ സുന്ദര ദിനങ്ങള്‍ എനിക്ക് സുഖകരമായ നിമിഷങ്ങള്‍ തരുന്നു.
 നാട്ടില്‍ പോയിട്ട് ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് കൂടുതല്‍ വിഷമം ഉണ്ടായത്.ആ വേദന ഇപ്പോഴും എന്നെ അലട്ടുന്നു.എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മഴ കാണാനോ അത് ഒന്ന് നനയാണോ പറ്റിയില്ല.കാലം തെറ്റി പെയ്യുന്ന ഒരു മഴതുള്ളി പോലും പെയ്തില്ല.അല്ലെങ്കിലും നാട്ടില്‍ ഇപ്പോള്‍ എന്താണ് സമയത്തിന് നടക്കുന്നത്. കുറച്ചു  മാറ്റങ്ങള്‍  ഉണ്ടെങ്കിലും  ഇപ്പോഴും എന്റെ നാട് അതിനെ സുന്ദരത  കുറച്ചൊക്കെ നിലനിര്‍തുന്നുവെന്ന്‍ എനിക്ക് തോനുന്നു.വല്ലപ്പോഴും പെയ്യുന്ന മഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന മാമം നദി, വലുതെല്ലെങ്കിലും കൃഷി ഇറക്കിയിരിക്കുന്ന വയലേലകള്‍ ഇവയെല്ലാം ഇപ്പോഴും എന്റെ ഗ്രാമത്തിനു മാറ്റ് കൂട്ടുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ എനിക്ക് എന്റെ ഗ്രാമം എന്നും പ്രിയപെട്ടതു ആണ്. ഈ നാട് എനിക്ക് ആത്മാവാണ് ,അഭിമാനമാണ്, എന്റെ ജീവന്റെ   അംശമാണ് .ഈ മരുഭൂവില്‍ നാടിന്‍റെ ഓര്‍മ്മകള്‍ ആണ് പിടിച്ചു നില്ക്കാന്‍ ഉള്ള ഒരു പ്രേരണ .എനിക്ക് എന്റെ നാട്ടിലേയ്ക്ക് ഓടിയെത്താന്‍ കൊതിയാകുന്നു,പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മോഹങ്ങള്‍ തീര്‍ക്കാന്‍ .അടുത്ത യാത്രയില്‍ എങ്കിലും എന്റെ നാട് പഴയ പോലെ സുന്ദരമായി തീരനെ എന്നാണ് ഇപ്പോള്‍ എന്നും ഈശ്വരനോട്  പ്രാഥിക്കുന്നത്. ..അനിയൻ..

2010 നവംബർ 24, ബുധനാഴ്‌ച

സ്നേഹമാണ് എന്റെ അമ്മ...



അമ്മയാം സ്നേഹമെന്നില്‍ അമ്മിഞ്ഞയായി ചൊരിയുന്നു
അമ്മയാം സ്നേഹമെന്റെ ഹൃത്തില്‍ വിളങ്ങുന്നു
ഈ ഭൂവില്‍ ആദ്യമായ് ഞാന്‍ മിഴികള്‍ തുറന്നപ്പോള്‍
ആ സ്നേഹ കരങ്ങള്‍ എന്നെ മാറോടണച്ചു
പൊക്കിള്‍ കൊടിയറ്റു ഞാന്‍ മണ്ണില്‍ പിറന്നപ്പോള്‍
ഞാന്‍  കണ്ടാദ്യം  ജപിച്ചത് അമ്മയാം മന്ത്രമല്ലോ
അമ്മയെന്‍ കണ്‍കണ്ട ദൈവമായി തീര്‍ന്നപ്പോള്‍
എന്‍ ജന്മസയൂജ്യം കൈവന്നുതീര്‍ന്നു
അമ്മതന്‍ കൈവിരല്‍ തൂങ്ങി നടക്കവേ
ഈ ഭൂവിന്‍ സൌന്ദര്യം എത്ര മനോഹരം
എന്നിലെ ചേതന മണ്ണായി മാറുവോളം
എന്‍റെ ആയുസ്സീ വിഹായസ്സില്‍ ലയിക്കുവോളം
അമ്മയാം സ്നേഹമെന്റെ ഹൃത്തില്‍ ഞാന്‍ കാത്തിടും
ഒരായിരം നവരാത്രി പുണ്യമെന്നമ്മ ,
ഒരായിരം ജന്മ സാഭല്യവുമമ്മ.
ഞാന്‍ നടന്ന വഴിയിലെ പാപവും പുണ്യവും 
എന്‍ കാതില്‍ ചൊല്ലി തന്നെതെന്‍ അമ്മ 
അറിയാതെ ചെയ്യുന്ന പാപങ്ങള്‍ക്ക്
താങ്ങായി തണലായി നില്‍ക്കുമെന്നമ്മ 
സ്നേഹത്തിന്‍ കഥ പറഞ്ഞുതന്നു
എന്നില്‍  നന്മ വളര്‍ത്തിയെതുമെന്നമ്മ
ഞാൻ ചെയ്യുന്ന കൊച്ചു തെറ്റുകൾക്ക് 
സമ്മാനമായി നൽകിയോരോ അടികളും പിന്നെ
 എന്നെ ആശ്വാസമേകാൻ ഉമ്മ നൽകുമെന്നമ്മ
എൻ സ്നേഹത്തിൻ ഉറവിടമാകുമെന്നമ്മയ്ക്ക്
എന്ത് നൽകും എൻ ജീവനല്ലാതെ..
എന്റെ ജീവനായി,എന്റെ മാർഗ്ഗമായി ,
എന്റെ സ്നേഹമായി എന്നുമെൻ നെഞ്ചിലുണ്ടമ്മ
 നിറയുമാ മാത്യസ്നേഹത്തിൻ ചൂട്
 അറീയുന്നു ഞാൻ അന്നുമിന്നും.. 
സ്നേഹിപ്പൂ ഞാൻ എന്നമ്മയെ ....
ദൈവത്തിന്റെ പ്രതിരൂപമെന്നറിഞ്ഞ് ,
 സ്നേഹിക്കുന്നു ഞാൻ ഭൂമിദേവിയായ്....അനിയൻ...