2011, ജനുവരി 26, ബുധനാഴ്‌ച

വന്നു,കണ്ടു,കീഴടക്കി അല്ല കീഴടങ്ങിഎങ്ങനെ പ്രേമികണം എന്ന് അറിയാന്‍ വയ്യാത്ത കുട്ടിക്കാലം. .ഓണപരീക്ഷയ്ക്ക് മാര്‍ക്കുവരുമ്പോള്‍ അമ്മയുടെ കൈയില്‍ നിന്നും അടികിട്ടുമോ എന്ന് പേടിച്ചുനടക്കുന്ന കാലം.ഷക്കീലയോ രേഷമയെയോ അതോ കു‌ടെ പഠിക്കുന്ന ശാലിനി .പി.ഗോപനെയാണോ പ്രേമിക്കെണ്ടതെന്ന് ഓര്‍ത്തു ടെന്‍ഷന്‍ അടിച്ചു ഉറങ്ങാന്‍ പറ്റാത്ത കാലം ..പിന്നെ ഇവരെ ഒരാളില്‍ ആരെയെങ്കിലും പ്രേമിച്ചാല്‍ വീടിനടുത്തുള്ള ആതിരയെ ആര് പ്രേമിക്കും എന്ന കണ്‍ഫ്യുഷന്‍ ഉണ്ടായിരുന്ന കാലം.കശുവണ്ടി  പറിക്കാന്‍ അപ്പുറത്തെ പറമ്പില്‍ കൂട്ടുകരന്റെകൂടെ പോയതും ആള് വന്നപ്പോള്‍ അവന്‍ ഓടിയതും മരത്തിന്റെ മുകളില്‍ ഇരുന്ന എന്നെ അവര്‍ പിടിച്ചിറക്കി അച്ഛന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ കവളിമടല്‍ കൊണ്ട് അച്ഛന്‍ എന്നെ ആ പഞ്ചായത്ത് മുഴുവന്‍ ഓട്ടിച്ചതും ആ അടി കിട്ടിയതില്‍ പിന്നെ നല്ല സുഗമായി വളി വിടാന്‍ പറ്റാതെ മുക്കി നടന്ന എന്റെ അടിപിടി കുട്ടികാലം.സുരേഷ് പെനിസില്‍ കൊണ്ട് എന്റെ കൈയില്‍ കുത്തിയപ്പോള്‍ ഞാന്‍ പേന കൊണ്ട് അവന്റെ ചന്തിയില്‍ കുത്തിയ പ്രതികാരത്തിന്റെ കാലം .അടികൂടിയപ്പോള്‍ കുട്ടപ്പന്റെ കൈ കൊണ്ട് പാന്റിന്റെ ഹുക്ക് പോയപ്പോള്‍ അടിയിലെ കളസം ആരും കാണാതിരിക്കാന്‍ സുമയുടെ തലയില്‍ ഇട്ടിരുന്ന റബ്ബര്‍ വാങ്ങി പൊട്ടിച്ച്‌ പാന്റില്‍ കെട്ടികൊണ്ട് നടന്ന അഭിമാനത്തിന്റെ കാലം.എല്ലാം മറന്നൊരു കുട്ടികാലം .അതായിരുന്നു കാലം .ഇപ്പോള്‍ ഉള്ളത് എന്ത് കാലം .ആരോ പാടിയത് പോലെ 'ഓര്‍മതന്‍ കുട്ടിക്കാല വസന്തതോപ്പില്‍ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം[കണ്ണീരോടെ]'.
                                           ആരെ പ്രേമികണം എന്ന ചിന്തയുമായി അനൂപ്പറ സ്കൂളില്‍ നിന്നും അവനഞ്ചേരി സ്കൂളില്‍ അഞ്ചാം ക്ലാസ്സിന്റെ പടിവാതിലില്‍ നിന്നും അകത്തേയ്ക്ക് വീട്ടിലെ ജിമ്മി പട്ടിയ്ക്കു  പഴംകഞ്ഞിയും കൊണ്ട് ചെല്ലുമ്പോള്‍ ഇന്നെങ്കിലും ചിക്കന്‍ കൊണ്ട് ആണോ വരുന്നേ എന്നു അറിയാന്‍ ഒരു എത്തി നോട്ടം ഉണ്ട് അത് പോലെ നോക്കി.ആണ്‍കുട്ടികളെക്കാള്‍ സുന്ദരീമണികള്‍  ആണ് കൂടുതല്‍.അതിനിടയില്‍ രണ്ട് പേരെ എനിക്ക് അങ്ങ് ബോധിച്ചു.അവരെ ഞാന്‍ എന്റെ മനസ്സിന്റെ പോളിറ്റ്ബ്യൂറോയില്‍ അംഗങ്ങള്‍ ആക്കി.പക്ഷേ രണ്ട് പേരെയും കൂടി ഒരുമിച്ചു താങ്ങാന്‍ ഉള്ള ശേഷി 22 കിലോ മാത്രം ഭാരം ഉള്ള എന്റെ ശരീരം കൊണ്ട് പറ്റില്ല.ആരെ എടുത്തു ഖല്‍ബില്‍ വയ്ക്കും.ആരായാലും കുഴപ്പം ഇല്ല ,പഠിച്ചു ഞാന്‍ പൈലറ്റ്‌  ആകുമ്പോള്‍ എനിക്ക് കല്യാണം കഴിക്കണം എന്ന മോഹമേ ഉള്ളു.ഞാറാഴ്ച കണ്ട ഏതോ സിനിമയില്‍ നടന്റെയും നടിയുടെയും പ്രേമ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നു.ഒരേ ജാതിയല്ല പോലും.ആ തീരുമാനം എനിക്ക് വല്ലാതെ ബോധിച്ചു.അപ്പോള്‍ ഞാന്‍ പ്രേമിക്കുന്ന പെണ്ണ് ഒരേ ജാതി ആണെങ്കില്‍ വീട്ടുകരെ കൊണ്ട് സമ്മതിപ്പിച്ചു കല്യാണം കഴിപ്പിക്കം.കൊള്ളാം നല്ല ഐഡിയ,എയര്‍ടെല്‍ ,ടാറ്റാ ഇന്‍ഡികോം അയ്യോ ഒന്ന് കൂടി ഉണ്ട് bsnl !.ഇനി ഞാന്‍ വേറെ ഒരു ജാതിയില്‍ ഉള്ള പെണ്ണിനെ പ്രേമിച്ചു എന്നും പറഞ്ഞു വീട്ടുകാര്‍ കല്യാണം മുടക്കുകയില്ലലോ !.ഇവര് രണ്ട് പേരും ഏതാ എന്ന് എങ്ങനെ അറിയും.വീണ്ടും എല്ലാ മൊബൈല്‍ കമ്പനികളും മനസ്സില്‍ വന്നു.എന്റെ കൂടെ  ക്ലാസ്സില്‍ പഠിക്കുന്ന എന്റെ വീട്ടിന്റെ അടുത്തുള്ള മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ട്.അവരോടു പറയാം .അവര് സമ്മതിക്കുമോ! അവസാനം രാമുഅണ്ണന്റെ കടയില്‍ നിന്നും ഒന്നര രൂപയുടെ കേക്കും ഡ്രിങ്ക്സും വാങ്ങികൊടുത്തു സമ്മതിപ്പിച്ചു.ആദ്യം തിരക്കുക എന്നിട്ട് അതില്‍ ഒന്നിനെ തിരഞ്ഞെടുത്തിട്ടു എന്റെ പ്രണയവും പറയുക അതാണ് കണ്ടീഷന്‍ .
                              അങ്ങനെ അവര്‍ തിരക്കി.വൈദ്യര് നാണു ഇചിച്ചതും രോഗി കോവാലന്‍ ഇചിച്ചതും ഓള്‍ഡ്‌ കാസ്കിന്റെ   റം എന്ന് പറഞ്ഞപോലെ അതിലോരുവള്‍ ഞമ്മന്റെ ആള് തന്നെ പടച്ചോനെ.അതും എനിക്ക് ഇച്ചിരി ഇഷ്ട്ടം കൂടിയ പെണ്ണ് തന്നെ. ബോയിംഗ് ബോയിംഗ് സിനിമയില്‍ മോഹന്‍ലാല്‍ പറയും പോലെ ഇവള്‍ തന്നെയാണ് എന്റെ ഭാവിവധു.കൂട്ടുകാരികളെ കൊണ്ട് തന്നെ ഇഷ്ടവും പറയിപ്പിച്ചു.അത് അറിഞ്ഞപ്പോള്‍ മുതല്‍  അവളുടെ മുഖത്ത് ചക്കകൂട്ടാന്‍ കണ്ട പിള്ളേരെ പോലെ ഒരു വെപ്രാളവും പിന്നെ  രഞ്ചിനിഹരിദാസിനെ പോലെ ഒരു ഊ.... [അല്ലെങ്കില്‍ വേണ്ട]ഒരു ആക്കിയ ചിരിയും.പക്ഷേ പ്രേമം 2 പെഗ്ഗ് അടിച്ചപോലെ തലയ്ക്കുപിടിച്ച എനിക്ക് അത് എന്നോടുള്ള അടങ്ങാതെ അല്ലെങ്കില്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാതെ അതും അല്ലെങ്കില്‍ ഭ്രാന്തമായ ഇഷ്ടം ഉണ്ടെന്നു എനിക്ക് തോന്നി അത് കണ്ടപ്പോള്‍.അവളുടെ മുന്നില്‍ വലിയ ആളാകാന്‍ ഇന്‍ഷര്‍ട്ട്‌  ഇഷ്ടമല്ലാത്ത ഞാന്‍ അച്ഛന്‍ ദുഫായില്‍ നിന്നും കൊണ്ട് വന്ന ടി-ഷര്‍ട്ടും വലിച്ചു കേറ്റി സ്കൂളില്‍ പോയി.അപ്പോഴും ആ പഴയ ചിരി തന്നെയാണ് ആ മോന്തയില്‍ [മുഖം].
                            ആ വര്‍ഷം കഴിഞ്ഞു .അടുത്തവര്‍ഷവും ഞാന്‍ വീണ്ടും എത്ര റോക്കറ്റ് വിട്ടാലും വീണ്ടും പൊളിഞ്ഞു വീഴാന്‍ വേണ്ടി അയക്കുന്ന ഇന്ത്യക്കാരെ പോലെ അവളുടെ പിറകെ നടന്നു.ആ വര്‍ഷം അവള്‍ ആ പഴയ ചിരി നിര്‍ത്തി.ബാലന്‍ കെ നായരേ കണ്ട ജയഭാരതിയെ പോലെ ആയി മുഖം.ഞാന്‍ കരുതി പ്രേമത്തിന്റെ പലരീതിയില്‍ ഉള്ള മുഖമായിരിക്കും എന്ന്.8 ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്നോടുള്ള സംസാരം നിര്‍ത്തി .പിന്നെ 10 ക്ലാസ്സുവരെ മിണ്ടിയിട്ടില്ല.എനിക്കുണ്ടോ നാണവും മാനവും ,സരസ്വതിയുടെ ചോറ് കട്ടെടുത്തു തിന്നപ്പോള്‍ എല്ലാവരും കൂടി കളിയാക്കിയപ്പോഴും നെഞ്ചും വിരിച്ചു നിന്നവന്‍ ആണ് ഈ അനിയന്‍ .പിന്നേയ ഇത്.സാറു പഠിപ്പിക്കുമ്പോള്‍ ഡെസ്കിന്റെ  അടിയില്‍ കൂടി അവളെ നോക്കി ഇരിക്കും.അത് അടുത്തുള്ള കൂട്ടുകാരികള്‍ കാണിച്ചുകൊടുക്കും അപ്പോള്‍ അവള്‍ എന്നെ ഒന്ന് നോക്കും.ഹോ!ദാരികനെ കണ്ട ഭദ്രകാളിയെ പോലെ ഒരു നോട്ടം.അത് കാണുമ്പൊള്‍ എന്റെ നോട്ടം എന്റെ കീറിയ ചെരുപ്പിലെയ്ക്ക് മാറ്റും.അതിനിടയില്‍ എന്റെ അടുത്തിരുന്ന പയ്യന്‍ ഏതോ ഒരു പടം എടുത്തിട്ട് അതില്‍ ഉള്ള ഒരു ചെറുക്കന്റെയും പെണ്ണിന്റെയും പടത്തില്‍ എന്റെയും അവളുടെയും പേര് എഴുതി വച്ചു.അത് എങ്ങനെയോ അവളുടെ കൈയ്യിൽ എത്തി .അവള്‍ വിടുമോ ?വാണിവിശ്വനാഥ്‌ ജനിച്ച കേരളത്തില്‍ പിറന്ന ഒരു പെണ്‍കിടാവ് ആണ്‌ ഇവളും .അവള് ആ പേപ്പറുമായി സാറിന്റെ അടുത്തേയ്ക്ക് പി റ്റി ഉഷ പിറകില്‍ നിന്നും കമ്പും കൊണ്ട് ഓട്ടിയ്ക്കുന്ന  ടിന്റ്ടു ലുക്കയെ പോലെ ഓടി.ദാ വരുന്നു ഓടും സാര്‍ ചാടും സാര്‍ എന്റെ ചന്തി കണ്ടാല്‍ വടി കൊണ്ട് അടിക്കും സാര്‍ ,വലിയ ഒരു ചൂരലും കൊണ്ട് സാര്‍ .എന്നെയും അവനെയും വിളിച്ചു. രജനികാന്തിന്റെ മുന്നില്‍ അകപെട്ട വില്ലനെ പോലെ ഞാന്‍ ലെവന്റെ  പിറകിലൂടെ പേടിച്ചു പേടിച്ചു ചെന്നു.കോടിയേരി ബാലകൃഷ്ണന്റെ മുഖം വിചാരിച്ചു ചെന്ന ഞാന്‍ ഇ കെ  നായനാരുടെ മുഖം ആയിരുന്നു സാറിന്.ആ പടവും നോക്കും അവളെയും നോക്കും പിന്നെ എന്റെ  ചപ്പളംകൊട്ട മോന്തയിലും .എന്നിട്ട് സലിം  കുമാര്‍ ചിരിക്കും പോലെ ഒരു ആക്കിയ ചിരി. 
' ഇങ്ങോട്ടു മുന്നില്‍ നില്‍ക്കടാ  നീ ആണോട കാമുകന്‍,നീ ആരു കമലഹാസനോ പ്രേമിക്കാന്‍ '
എന്നിട്ട് എരുമ അമറും പോലെ ഒരു ചിരിയും.
ക്ലാസില്‍ കൂട്ട ചിരി.ആ ചിരി എന്തിനായിരുന്നു അപ്പോള്‍ എനിക്ക് മനസ്സിലായില്ല.സാര്‍ എന്നെ പിടിച്ച് തിരിച്ചു നിര്‍ത്തി എങ്ങനെ അടിച്ചാല്‍ ഇവന്റെ കളസം കീറും എന്ന് നോക്കാന്‍ ചൂരല്‍ എടുത്തു മുകളി നിന്നും താഴോട്ട് തടവി.എന്റെ കാലില്‍ കൂടി ഇചിചി ഒലിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം.കണ്ണും അടച്ച് തേങ്ങ വെട്ടാന്‍ പോകുന്ന ശങ്കരനെ മനസ്സില്‍ വിചാരിച്ച് സാറിന് അടിക്കാന്‍ വേണ്ടി എന്റെ ആസനം പിറകോട്ടു കുറച്ചു തള്ളികൊടുത്തു  [മുന്‍പ് തേങ്ങ വെട്ടാന്‍ പോയ വീട്ടിലെ  കുളിമുറിയില്‍ എത്തി നോക്കിയ ശങ്കരനെ ആളുകള്‍ പിടിച്ചുകെട്ടി അടിക്കുന്നത് കണ്ടിട്ടുണ്ട്,ഒരു കരച്ചില്‍ പോലും ആ പാവത്തിന്റെ വായില്‍ നിന്നും വന്നില്ല.അത്ര ധീരന്‍ ആണ്‌ ശങ്കരന്‍, പിന്നെ അടുത്ത് ചെന്നു നോക്കിയപ്പോള്‍ ആണ്‌ മനസിലായത് വായില്‍ തുണി കുത്തി കേറ്റി അടിച്ചാല്‍ കരച്ചില്‍ വരില്ല എന്ന് ,എങ്കിലും ശങ്കരന്‍ എനിക്ക് ഒരു ഹീറോ ആണ്.] 
                    ചൂരലിന്റെ വരവും നോക്കി ഞാന്‍ പിറകിലോട്ടു നോക്കി ദാ വരുന്നു 3d സിനിമയിലെ പോലെ ചൂരല്‍ എന്റെ ചന്തിയ്ക്ക് നേരെ .ആ 3d ആണ് പിന്നെ ജയിംസ് കാമറൂണ്‍ അവതാര്‍ സിനിമയില്‍  ഉപയോഗിച്ചത്  .ആ വരവ് കണ്ട ഞാന്‍ എന്റെ ചത്ത്‌ ഉറങ്ങിയ കണ്ണുകള്‍ അടച്ചു. ചൂരല്‍ പിറകില്‍ പതിയുന്നതും കാത്തു നിന്ന എന്റെ കാതുകളില്‍ ഇമ്പമായി അവളുടെ ശബ്ദം dts പോലെ മുഴങ്ങി.
'സാറെ ആ കുട്ടി ഒന്നും ചെയ്തില്ല മറ്റെകുട്ടി ആണ്‌  അങ്ങനെ എഴുതിയെ '
ഹൊ!അതോടെ ഒരു കാര്യം എനിക്ക് മനസിലായി ദൈവം എന്ന് പറയുന്നത് അടിക്കാന്‍ നില്‍കുന്ന സാറിന്റെ മാത്രം അച്ഛനും അമ്മയും അല്ല എന്റെയും ഇങ്ങനെ അടിവാങ്ങുന്നവരുടെയും കൂടെ ആണെന്ന്'
എന്റെ പ്രണയിനി നിന്റെ ഈ ത്യാഗത്തിനു  മുന്നില്‍ എന്റെ ഈ അണ്ടാവ് പോലെയുള്ള ശിരസ്സ് നമിക്കുന്നു.ഞാന്‍ തിരിച്ചു ബഞ്ചില്‍ വന്നിരുന്നപ്പോഴെയ്ക്കും പിറകില്‍ ഒരു പാവത്തിന്റെ ദീനരോധനം കാതില്‍ തേന്മഴ പോലെ വരുന്നുണ്ടായിരുന്നു.എന്നെ സഹായിക്കാന്‍ പോയതാ ആ പാവം ദോ അവിടെ കിടന്നും ഓടിയും അടിവാങ്ങുന്നു.പാവം ഇന്നു അവനു ഒരു സിപ്പ്അപ്പ്[കവറിലെ നീളൻ ഐസ്ക്രീം] വാങ്ങി കൊടുക്കണം.ഇത്രയും പ്രശ്നങ്ങള്‍ നടന്നിട്ടും അവള്‍ എന്നോട് ഒരു വാക്കും സംസാരിച്ചതെ ഇല്ല.അവള്‍ക്ക് എന്നേക്കാള്‍ കുറച്ച പൊക്കം കൂടുതല്‍ ഉണ്ടോ എന്നായിരുന്നു പിന്നെ എന്റെ സംശയം .അത് നോക്കാന്‍ വേണ്ടി സാര്‍ ബോര്‍ഡില്‍ എഴുതാന്‍  വേണ്ടി അവളെ വിളിക്കും [ക്ലാസ്സിലെ പഠിക്കുന്ന കുട്ടി അവള്‍ ആണ്.]അപ്പോള്‍ ഞാന്‍ അവളുടെ പൊക്കം ബോര്‍ഡുമായി താരതമ്യം ചെയ്തു മനസ്സില്‍ ഒരു അടയാളം ചെയ്തു വയ്ക്കും.ഇന്റര്‍വെല്‍ ആകുമ്പോള്‍ ആരും കാണാതെ എ അടയാളതിന്റ്റെ അടുത്ത് പോയി ഞാന്‍ നിന്നു നോക്കും.ഹം ! കുറച്ച പൊക്കം അവള്‍ക്കു കൂടുതല്‍ ആണ്‌.അത് ഒരേ നിരപ്പിലാക്കാന്‍ വേണ്ടി വീട്ടില്‍ പോയി മരത്തില്‍ കയറു കെട്ടി തൂങ്ങി തുടങ്ങി.എവിടെ പൊക്കത്തിനു പോലും നമ്മളെ പിടിക്കണില്ല.അവസാനം ആ കയര്‍ കഴുത്തില്‍ കെട്ടി തൂങ്ങിയാലോ എന്നു ആലോചിച്ചു.ഒരു തവണ നോക്കുകയും ചെയ്തു.ഭാഗ്യം കൂടെ സഹായിക്കാന്‍ നിന്ന മണികുട്ടന്‍ ഉണ്ടായിരുന്നത്  കൊണ്ട് ഞാന്‍ ഇങ്ങനെ ഇവിടെ ഇരുന്നു കുത്തുന്നു. അല്ലെങ്കില്‍ അന്ന് തന്നെ എന്റെ പൊക്കം കാലന്‍ നോക്കി കറക്റ്റ് ആക്കിയേനെ !. 
                     കാലത്തിന്റെ    രഥചക്രം എന്റെ വീടിനടുത്തുള്ള റോഡിലൂടെ പോകുന്ന മണിരാജ് ബസ്സിനെ പോലെ ഉരുണ്ടും ചാടിയും ഇളക്കം മറിഞ്ഞും എന്നെ പത്താം ക്ലാസ്സിലെ അവസാന  ദിവസത്തിലേയ്ക്ക്  കൊണ്ടാക്കി.ഇന്നെങ്കിലും അവളുടെ ഇഷ്ടം അറിയണം .എന്നിട്ട് വേണം ഭാവി ചിന്തിക്കാന്‍.ഒളിച്ചോടി പോയി കല്യാണം കഴിക്കണോ അതോ വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളെ തന്നെ കെട്ടണോ എന്നു.വീണ്ടും സാമി ശരണം കൂട്ടുകാരികള്‍ തന്നെ.ഇപ്പോള്‍ പത്തിലായപ്പോള്‍ അവളുമാരുടെ ഡിമാന്റ്  കൂടി.കേക്ക് പോരെന്നു സമൂസ തിന്നാലെ ഇറങ്ങു എന്നു.ഹൊ അവളുടെയൊക്കെ ഒരു അഹങ്കാരം .വയറു നിറയെ കഴിക്കാന്‍ പഴംകഞ്ഞി പോലും ഇല്ല അവളുമാരുടെ വീട്ടില്‍ അപ്പോഴാ ഒരു ചമൂസ .നിന്നെയൊക്കെ പിന്നെ പന്തളം ബാലന്റെ ഗാനമേള നടക്കുന്ന അങ്കകളരിയില്‍ വച്ചു ഞാന്‍ കണ്ടുകൊള്ളാം എന്നു മനസ്സില്‍ വിചാരിച് വൈകിട്ട് വീട്ടില്‍ തിരിച്ചു ചെല്ലുമ്പോള്‍ അമ്മൂമയ്ക്ക് വാങ്ങി കൊണ്ട് ചെല്ലേണ്ട മുറുക്കാന്റെ പൈസ എടുത്തു അവളുമാര്‍ക്ക് പണ്ടാരമടങ്ങാന്‍ അല്ല  വെട്ടിപൊളക്കാന്‍ സമൂസ വാങ്ങി കൊടുത്തു. അവളുമാര് പോയി അവളോട്‌ കാര്യം ലോകസഭയില്‍ അവതരിപ്പിക്കും പോലെ പറഞ്ഞു.
'നിന്റെ ഇഷ്ടം അവനു അറിയണമെന്ന്'
അതിനുള്ള മറുപടി അവരുടെ കൈയില്‍ തന്നെ സ്പീഡ് കൊറിയര്‍ പോസ്റ്റ്‌ ആക്കി തന്നു.
'അവനു എനോട് ഇഷ്ടം ഉണ്ടെങ്കില്‍ ധൈര്യം  ഉള്ളവന്‍ ആണെങ്കില്‍ എന്നോട് നേരിട്ട് ചോദിയ്ക്കാന്‍ പറ '
 ലെവളുമാര്‍ എന്നെ വെറും ചാര്‍സൗബീസ് ആക്കി കൊണ്ട് പറഞ്ഞിട്ട് പോയി.
എന്ത് എനിക്ക് ധൈര്യം ഇല്ല എന്നോ?!അസംഭവ്യം !അനര്‍വച്ചനീയം !ഇമ്പോസ്സിബിള്‍ ,അണ്ടര്‍സ്റ്റന്റ് യു നോ,നതിംഗ് ബിലിവ് ,ഇംപോസിബിള്‍ ഈസ്‌ നത്തിംഗ്,ഹൂ ര്‍ ഊഉ . ഹൊ! രമണി ടീച്ചര്‍  പഠിപ്പിച്ചു തന്ന എനിക്ക് അറിയവുന്ന ഇംഗ്ലീഷ് ആവനാഴിയിലെ അവസാന അസ്ത്രവും മനസ്സില്‍ ഞാന്‍ പയറ്റി വിട്ടു.ഇനിയും വെറെ  ഇംഗ്ലീഷ് പറയണമെങ്കിൽ ഞാൻ വീണ്ടും ഒന്നു മുതൽ പത്താം ക്ലാസുവരെ വീണ്ടും പഠിക്കണം. എന്റെ ധൈര്യത്തെ കുറിച്ച ഇവള്‍ക്ക് എന്ത് അറിയാം.
"തറയില്‍ കിടന്ന ഇഷ്ടികയില്‍ കാല് തെറ്റി വീണിട്ടും ബിരിയാണി കഴിക്കാന്‍ രാത്രി  അച്ഛന്റെ പോക്കറ്റ്‌ തപ്പി പൈസ എടുത്തവന്‍ അനിയന്‍ ,അത് ആരാടാ എടുത്തതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ ആണ്‌ എടുത്തതെന്ന് കള്ളം പറഞ്ഞവന്‍ അനിയന്‍ ,പശുവിനെ കുളിപ്പിക്കാന്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കൊടുത്തവന്‍ അനിയന്‍ , കര്‍ക്കിടകത്തിന്റെ അന്ന് ചിക്കന്‍ കറി വയ്ക്കാന്‍ അപ്പുറത്തെ വീട്ടിലെ മേനകയുടെ വീടിലെ കോഴിയെ ഓട്ടിച്ചു പിടിച്ചവന്‍ ഈ അനിയന്‍"
ഇങ്ങനെ ഉള്ള ഞാന്‍ ഒരു ധൈര്യം ഇല്ലാത്തവന്‍ എന്നോ?വിടില്ല ഞാന്‍ .ദി കിംഗിലെ കളക്ടര്‍ ജോസഫ് അലക്സിനെ പോലെ നെഞ്ചും വിരിച്ചു അവളുടെ അടുത്ത് ചെന്നു ധൈര്യപൂര്‍വ്വം ഘനഗംഭീര ശബ്ദത്തോടെ പറഞ്ഞു.പക്ഷേ പുറത്തു വന്നത്  ചാവാന്‍ കിടക്കുന്ന കുരുവിയുടെ ശബ്ദം ആയിരുന്നു.
'കുട്ടി എനിക്ക് നിന്നെ ഇഷ്ടമാണ് ,വര്‍ഷം 5 കഴിഞ്ഞു ഞാന്‍ പിറകെ നടക്കുന്നു .ഇതു വരെ ഒരു മറുപടി  കിട്ടിയില്ല .എന്നെ തനിക്ക് ഇഷ്ടമാണോ?
അവള്‍     ഒന്ന് എന്നെ മുഴുവന്‍ നോക്കിയിട്ട് പരിഹാസച്ചുവയുള്ള ചിരിയുമായി പറഞ്ഞു
"എടാ നിനക്ക് നാണം ഇല്ലെടാ ഇങ്ങനെ ചോദിയ്ക്കാന്‍ ? നിന്റെ വീട്ടില്‍ മുഖം നോക്കുന്ന കണ്ണാടി ഇല്ലെ?അതോ നീ നോക്കാതെ ആണോ വരുന്നേ ,കോടാലി പോലെ നീണ്ട ഒരു മോന്തയും ,ആ പൊങ്ങി നില്‍ക്കുന്ന മുടിയില്‍ അറിയാതെയെങ്ങാനും കൈ കൊണ്ടാല്‍ തീര്‍ന്നു അപ്പോള്‍ പൊടി T T കുത്തിവയ്പ്പ് നടത്തണം ,രക്തം പരിശോധിക്കാന്‍ സൂചിയുടെ അവശ്യം ഇല്ല നിന്റെ കമ്പി പോലെ ഇരിക്കുന്ന ഒരു മുടി മതി, ആ നീ ആണോ പ്രേമിക്കാന്‍ നടക്കുന്നെ."
മതി എനിക്ക് കിട്ടാനുള്ള കിടിലന്‍ ഉത്തരം ടാക്സി പിടിച്ച് വന്നു എനിക്ക് തന്നെ കിട്ടി.കുഞ്ചക്കൊബോബന്‍  കഴിഞ്ഞാല്‍ അടുത്ത  ഗ്ലാമര്‍ ഉള്ള പയ്യന്‍ ഞാന്‍ ആണെന്ന് വിശ്വസിച്ചിരുന്ന  എന്റെ വിശ്വാസത്തിനു ഉലക്ക കൊണ്ട് അടിച്ച പോലെ ആയി.സ്കൂളിന്റെ 20 km ചുറ്റളവില്‍ റെയില്‍വെ പാളം ഇല്ലാതെ ആയി പോയി അല്ലെങ്കില്‍ എന്റെ തല ആ നിമിഷം അവിടെ കിടന്നു ഉരുണ്ടു പിള്ളേര്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ കൊടുക്കാമായിരുന്നു.ഹൊ! യഥാര്‍ത്ഥ സൌന്ദരിയം തിരിച്ചറിയാന്‍ പറ്റാത്ത പെണ്‍കുട്ടി തന്നെ ഇവള്‍.പയ്യെ ഞാന്‍ അവിടെ നിന്നും തലയൂരി .ഭാഗ്യം ആരും അവള്‍ പറഞ്ഞത് കേട്ടില്ല.പോയ അഭിമാനം പോയി 'പോയ വളി ആന പിടിച്ചാല്‍ പോലും തിരിച്ചു  കിട്ടില്ലലോ'. അതോടെ എന്റെ പ്രേമവും നിന്നു .പിന്നെ വര്‍ഷങ്ങളോളം ഒരു പെണ്ണിനെ മുഖത്ത് നോക്കാൻ  കണ്ണും പ്രേമം പറയാൻ എന്റെ  നാക്കും പൊന്തിയിട്ടില്ല.... അനിയന്‍ ..                       (തുടരും) 

2011, ജനുവരി 23, ഞായറാഴ്‌ച

ഒരു രക്തസാക്ഷി ജനിക്കുന്നു..


കാലമാകുന്ന രഥചക്രം  തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.ആ  മാസത്തിലെ ചൂടന്‍ പകലുകള്‍ ഉച്ചഭാഷനികളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുങ്ങിപോയിരിക്കുന്നു.മൂടല്‍ മഞ്ഞു പുതച്ചുറങ്ങുന്ന രാവുകള്‍ നിശബ്ദതയില്‍ ലയിച്ചിരിക്കുന്നു.കുളിര്‍മഞ്ഞു തുള്ളികള്‍ ശിരസ്സിലെറ്റു വാങ്ങിയ നെല്‍ചെടികള്‍ രാവിന്‍റെ അന്ത്യയമാങ്ങളിലും പൂര്‍ണ ചന്ദ്രനോട് സല്ലപിച്ചുകൊണ്ട്,ഇളംകാറ്റില്‍ മെല്ലെ തലയാട്ടുംമ്പോഴും  നെറ്റിയില്‍ ചൂടിയിരിക്കുന്ന വൈഡൂര്യ മുത്തുക്കള്‍ താഴേക്ക്‌ പതിക്കാതെ ഉല്ലാസവതികളായി തന്നെ നില്‍ക്കുന്നു.വയലിന്‍റെ ഞരമ്പ് പോലെ വരമ്പ് തെളിഞ്ഞു കാണാം.വരമ്പ് ചെന്നെത്തുന്നത് വയലിനക്കരെയുള്ള റോഡിലെക്കാണ്. അവിടെ, മഞ്ഞുപുതപ്പ് ചൂടാതെ ടയറുകള്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു.എട്ടു പേരടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാര്‍ റോഡിനു ചേര്‍ന്നുള്ള മതിലില്‍ തങ്ങളുടെ നേതാക്കളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നു.ഒരാളുടെ മുഖത്തുപോലും നിദ്രയുടെ തണുത്ത കരങ്ങള്‍ തഴുകിയിട്ടില്ല. ഏവരും ഉത്സാഹത്തോടെ പണി തുടര്‍ന്നുകൊണ്ടിരുന്നു.
അവര്‍ ഓരോ ചുവരുകളിലും നേതാക്കളെ പ്രതിഷ്ടിച്ചു കൊണ്ട് മുന്‍പോട്ടു നടക്കുന്നു.
"വലിച്ചു കീറി കത്തിക്കെടാ അവന്മാരുടെ ഒരു പാര്‍ട്ടി ഇവിടെ നമ്മുടെ പാര്‍ട്ടി മാത്രം മതി.ഇത് നമ്മുടെ ഏരിയായ....നമുടെ പോസ്റ്റര്‍ മാത്രം മതി ഈ ചുവരുകളില്‍"
സംഘത്തിലുണ്ടായിരുന്ന ലീഡറുടെ ആക്രോശം അവസാനിക്കും മുന്‍പേ ചിരിച്ചു കൊണ്ടിരുന്ന നേതാവിന്റെ മുഖത്തേക്ക് അഗ്നി പടര്‍ന്നു കയറിക്കഴിഞ്ഞു. അവിടെ മറ്റൊരു നേതാവിന്‍റെ മുഖം ചിരിച്ചു കൊണ്ട് ഇരുന്നു. "ഇവിടെ നിന്നും ബൂത്ത്‌ വരെ നമ്മുടെ പാര്‍ട്ടി പോസ്റ്റര്‍ അല്ലാതെ ഒരു പോസ്റ്റെറും പാടില്ല "
                                  ലീഡറുടെ നിര്‍ദേശങ്ങള്‍ മുറക്ക് വന്നുകൊണ്ടിരുന്നു. ഒടുവില്‍ അവസാനത്തെ പോസ്റ്റും ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ യുവാക്കളുടെ മുഖത്ത് ആശ്വാസം. "ഇനി നാളെ കാണാം" ഒരു ചെറുപ്പക്കാരന്‍ മറ്റുള്ളവരോട് യാത്ര പറഞ്ഞു. "കുറച്ചു കഴിഞ്ഞു കാണാന്ന് പറയെടാ രമേശാ നേരം വെളുക്കാറായി" മറ്റൊരാള്‍ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു."എന്നാല്‍ ശെരി എല്ലാം പറഞ്ഞ പോലെ" ലീഡര്‍ കൂട്ടത്തിലുണ്ടായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്റെ തോളില്‍ മെല്ലെ തട്ടിക്കൊണ്ടു പറഞ്ഞു

                                         സംഘം പിരിയുന്നു, ലീഡറും ചെറുപ്പക്കാരും റോഡിന്‍റെ നടുവിലൂടെ നടന്നു  തുടങ്ങി. "ഡാ രമേശാ നീ ഇവിടെ നില്‍കു ഞാനിപ്പോള്‍ വരം" വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്‍ മറ്റയാളെ അവിടെ നിര്‍ത്തി ലീഡറുടെ പുറകെ നടന്നു.മറ്റുള്ളവരെ നടന്നുകൊള്ളന്‍ പറഞ്ഞു ലീഡര്‍ അവിടെ നിന്നു."അത് വേണോ" നടന്നടുത്ത ചെറുപ്പക്കാരന്‍ ചോദിച്ചു. ലീഡര്‍ മെല്ലെ തല ഉയര്‍ത്തി രമേശനെ നോക്കി. രമേശന്‍ അകലെകിഴക്കോട്ടു നോക്കി പ്രഭാതത്തെ പ്രതീക്ഷിച്ചപോലെ നില്‍ക്കുന്നു. ലീഡര്‍ ചെറുപ്പക്കാരന്‍റെ മുഖത്തേക്ക് നോക്കി മെല്ലെ അവന്‍റെ ചുമലില്‍ കൈ വച്ച് പറഞ്ഞു "പാര്‍ട്ടിയുടെ ആവശ്യമാണ് മുകളില്‍ നിന്നും ശക്തമായ നിര്‍ദേശവും ഉണ്ട് ,അത് നടന്നെ തീരൂ".ലീഡരുടെ മുഖത്ത് ഒട്ടും ഭാവ വ്യത്യാസമില്ല. ചെറുപ്പക്കാരന്റെ മുഖം മങ്ങി "ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എപ്പോഴും പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കവൂ ബന്ധങ്ങളും സ്വന്തങ്ങളും പാര്‍ട്ടിയുടെ വിജയ വീഥിയില്‍ നമ്മള്‍ കണ്ടില്ലാന്നു വയ്ക്കണം.നാളെ കാണാം" ലീഡര്‍ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.ചെറുപ്പക്കാരന്‍ ഒരു നിമിഷം അവിടെ തന്നെ നിന്നു,എന്നിട്ട് തിരികെ രമേശന്‍റെ അടുത്തേക്ക് നടന്നു. കത്തിയമര്‍ന്നു കഴിഞ്ഞ ടയറിന്‍റെ കമ്പികള്‍ മിന്നി തെളിഞ്ഞു കൊണ്ടിരിക്കുന്നു.

"വേഗം വാടാ ഒരു പോള കണ്ണടച്ചിട്ടില്ല മണി നാലവറായി ഇനിയൊന്നു സ്വസ്ഥമായി ഉറങ്ങണം",തെളിഞ്ഞു കാണുന്ന വരമ്പിലൂടെ മുന്‍പോട്ടു നടക്കവേ രമേശന്‍ പറഞ്ഞു.

"ശെരിയാണ്‌ ഉറങ്ങണം നിന്റെ ഉറക്കം ഞാന്‍ നഷ്ടമാക്കില്ല നിനക്ക് സ്വസ്ഥമായി ഉറങ്ങാം" 
അത് പറയുമ്പോള്‍ അയാളുടെ ശബ്ദം തൊണ്ടയില്‍ തങ്ങി.അയാളുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുകയായിരുന്നു, രമേശനും ഞാനും വളര്‍ന്നതും പഠിച്ചതും ഒരുമിച്ച്, തെക്കേലെ ഗോപാലന്‍ മാമന്റെ പറമ്പിലെ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ മങ്ങക്കായി കയറുന്നതും ഒന്നിച്ചു, പ്രണയത്തിന്‍റെ തീജ്വാലയില്‍ കിടന്നുറങ്ങിയത് പോലും ഒരുമിച്ച്. ഒടുവിലെപ്പോഴോ താന്‍ രാഷ്ട്രീയത്തിന്‍റെ നീരാളി പിടിത്തത്തില്‍ അകപ്പെടുകയായിരുന്നു. രമേശന്‍ തന്നെ പിന്തിരിപ്പിക്കാന്‍ എത്ര വട്ടം പരിശ്രമിച്ചു. പ്രണയിനി പോലും കൈവിട്ടു പോയപ്പോള്‍ ഒരു മനസ്സിന്‍റെ കോണില്‍ ആശ്വാസ വചനങ്ങളുമായി എന്നുമുണ്ടയിരുന്നവനാണ് രമേശന്‍.എന്നോ ഒരിക്കല്‍ അവനും തന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ചതിക്കുഴിയില്‍ വീഴുകയയിര്‍ന്നു. എത്ര സമരങ്ങള്‍‍, സത്യാഗ്രഹങ്ങള്‍ എന്തെല്ലാം ഒരുമിച്ച് ചെയ്തു,ഭരണ പക്ഷത്തിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ യുവതത്തിന്റെ പ്രതീകങ്ങളായി എത്രയോ പ്രോക്ഷഭങ്ങള്‍ അഴിച്ചു വിട്ടിരിക്കുന്നു,എത്ര തവണ ജയില്‍ വാസം,അതെല്ലാം നല്ലതിനായിരുന്നു.ഒടുവില്‍ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അനീധിക്കെതിരെ ഉയര്‍ത്തിയ കയ്യുകള്‍ തളര്‍ന്നു പോയിരിക്കുന്നു,നാവ് വരണ്ടു പോയിരിക്കുന്നു,കണ്ണുകളില്‍ ഇരുട്ട് വ്യാപിച്ചിരിക്കുന്നു.പാര്‍ടിക്കുവേണ്ടി എത്രയെത്ര കൊലപാതകങ്ങള്‍,അക്രമങ്ങള്‍ ഹോ! എന്തെല്ലാം ചെയ്യേണ്ടി വന്നു,ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലന്നു തോന്നി പോകുന്നു.പക്ഷെ ഇനി ഇതില്‍ നിന്നും രക്ഷയില്ലന്നലോചിക്കുമ്പോള്‍ സ്വന്തം ജന്മത്തെ പഴിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.അനാഥന്‍ എന്ന വിളി കേട്ടിട്ടുണ്ട് അത് സത്യമായിരുന്നു. രമേശന്‍ അവന്റെ വീട്ടിലേക്കു ആദ്യമായി തന്നെ കൂട്ടികൊണ്ട് പോകുന്നവരെ ആ അനാഥത്വം അനുഭവിച്ചുണ്ട്. അതിനു ശേഷം അവന്റെ വീട്ടുകാര്‍ എന്റെയും ബന്ധുക്കളായിരുന്നു.തനിക്കു എല്ലാരും ഉണ്ടായതു അപോഴാണ്.ഒരായിരം തവണ മനസ്സില്‍ പറഞ്ഞുറപ്പിച്ചതാണ് ഞാന്‍ അനാഥനല്ല.

"എന്താടോ സ്വപ്നം കാണുകയാണോ അതോ നടന്നു കൊണ്ട് ഉറങ്ങുകയാണോ" രമേശന്‍റെ ചോദ്യം കേട്ടപ്പോഴാണ് അയാള്‍ ഓര്‍മകളില്‍ നിന്നും മുക്തനായത്.
ഒരു തണുത്ത കാറ്റു അവരെ തഴുകി തലോടി കടന്നു പോയി, വരമ്പിന്റെ പൊത്തില്‍ തവളകള്‍ കരയുന്നുണ്ടായിരുന്നു.വയല് കഴിയാന്‍ ഇനി അധികമില്ല അതിനു മുന്‍പ്..... അയാള്‍ അറയില്‍ ഒളിപ്പിച്ചിരുന്ന കത്തിയില്‍ മെല്ലെ കൈ ചേര്‍ത്ത് പിടിച്ചു.താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ കുറിചോര്‍തപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് പടരും പോലെ..പക്ഷെ അത് നടന്നേ തീരു,ദുര്‍ഭരണം കഴവച്ച തന്‍റെ പാര്‍ട്ടി അധികാരത്തില്‍ വരണമെങ്കില്‍ അത് അനിവാര്യമാണ് ."ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എപ്പോഴും പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കവൂ ബന്ധങ്ങളും സ്വന്തങ്ങളും പാര്‍ട്ടിയുടെ വിജയ വീഥിയില്‍ നമ്മള്‍ കണ്ടില്ലാന്നു വയ്ക്കണം"കാതുകളില്‍ ലീഡറുടെ ശബ്ദം മുഴങ്ങുന്നു...തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി ഒരു രക്തസാക്ഷി ഇപ്പോള്‍ ജന്മമെടുക്കണം... അവന്റെ കുടുംബത്തെ പാര്‍ട്ടി നോക്കിക്കൊള്ളും(എത്ര നാള്‍),എതിര്‍ പാര്‍ട്ടിയുടെ മേലെ കൊലയുടെ സംശയ മുനകള്‍ ചെന്ന് തറച്ചു കൊള്ളും.പക്ഷെ ഇവിടെ അവനെന്‍റെ എല്ലാമാണ് . പാര്‍ട്ടി എന്തിനാ അവനെ തന്നെ തെരാന്നെടുത്ത്തത് അതും തന്റെ കൈകൊണ്ടു അങ്ങനെ ഒരു കൃത്യം ചെയ്യാന്‍ പറയാന്‍ പാര്‍ട്ടിക്ക് എങ്ങനെ കഴിഞ്ഞു...ആലോചിക്കുമ്പോല് കൈ തളരുംപോലെ ശരീരം മരവിക്കുന്നു പക്ഷെ അത് നടക്കാതെ പറ്റില്ലല്ലോ. മഞ്ഞു തുള്ളികളറ്റു നിന്ന നെല്ചെടികളിലേക്ക് കാറ്റു ആഞ്ഞു വീശാന്‍ തുടങ്ങി. മേഘ ഗര്‍ജനങ്ങള്‍ മിന്നലിന്‍റെ അകമ്പടിയായി കലിതുള്ളി നില്‍ക്കുന്നു, ശക്തമായ ഒരു മഴയുടെ തുടക്കം.."രമേശാ" അയാള്‍ സ്നേഹത്തോടെ വിളിച്ചു, രമേശന്‍ തിരിഞ്ഞു നോക്കി,ഒരു നിമിഷത്തിനുള്ളില്‍ മിന്നല്‍ പോലെ ഒരു കത്തി രമേശന്റെ നെഞ്ചിലേക്ക് തുളച്ചു കയറി സ്നേഹം തുളുമ്പി നിന്ന ഹൃദയത്തെ തകര്‍ത്തു കൊണ്ട് അയാള്‍ ആ കത്തി ആഞ്ഞു കയറ്റി....ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ രമേശന്‍ നെല്‍ ചെടികള്‍ക്ക് മീതെ മറിഞ്ഞു വീണു ..."എന്നോട് ക്ഷമിക്കെട നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി ...ഈ പാപി യോടു ക്ഷമിക്കെട " രമേശന്‍ ഒന്നുംശബ്ദിച്ചില്ല ഒന്ന് കൂടി പിടഞ്ഞു ആ ശരീരം നിശ്ചലമായി.കയ്യിലിരുന്ന കത്തി ദൂരെ വലിച്ചെറിഞ്ഞു അയാള്‍ മുന്നോട്ടു കുതിച്ചു
പുലര്‍ച്ചെ മരണ വാര്‍ത്ത‍ പാര്‍ട്ടി അണികളുടെ (നാളത്തെ രക്തസാക്ഷികള്‍) ഹൃദയത്തില്‍ ഒരു തീക്കനലായി പതിച്ചു,പാര്‍ട്ടി ഓഫീസില്‍ നേതാക്കന്മാര്‍ വിജയത്തിന്റെ മാധുര്യം നുണയാന്‍ തയ്യാറെടുക്കുകയായിരുന്നു......കാട്ടു തീ പോലെ പടര്‍ന്ന വാര്‍ത്ത‍ കേട്ട് നേതാക്കന്മാര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു സന്തോഷം പങ്കിട്ടു.....
....പാര്‍ട്ടിയുടെ യുവ നേതാക്കളെ വയലിലിട്ടു എതിര്‍ പാര്‍ട്ടിക്കാര്‍ വെട്ടി കൊലപ്പെടുത്തി......
 അനിയന്‍ ....

2011, ജനുവരി 20, വ്യാഴാഴ്‌ച

[തീര്‍ച്ചയായും വായിക്കുക] ദൈവത്തിന്റെ മരണം.


ഈ എന്റെ ചെറിയ കഥ എല്ലാവരും വായിക്കണം എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ ജീവിതത്തില്‍ നമ്മള്‍ക്ക് പറ്റുന്ന ചെറിയ അശ്രദ്ധകള്‍ അത് നമ്മളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുമെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍  എന്റെ ഈ കഥയ്ക്ക്‌ കഴിയുമെങ്കിലോ?അറിയില്ല സമയം ഉണ്ടെക്കില്‍ വായിക്കണം എന്നെ ഞാന്‍ പറയുന്നുള്ളൂ .
                               എന്റെ ജീവിതത്തില്‍ നിന്നും അനു  പോയത് എന്റെ ആണോ അതോ അവളുടെ ശ്രദ്ധ കുറവ് ആണോ അറിയില്ല അത് അന്വേഷിക്കും മുന്‍പേ അവള്‍ എന്നില്‍ നിന്നും വളരെ ദൂരെ എത്തിയിരിക്കുന്നു.ഇനി ഒരു തിരിച്ചു വരവിനുള്ള എന്റെ കാത്തിരിപ്പിന്റെ ഒരു  അംശം പോലും എനിക്ക് അവള്‍ തന്നില്ല.ഈ ജന്മം അല്ലെങ്കില്‍ അടുത്ത ജന്മമെങ്കിലും അവള്‍ എനിക്ക് വേണ്ടി ജനിക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ ഈശ്വരനോട് പ്രാര്‍ഥിക്കാന്‍ കഴിയു.നിദ്രരഹിതങ്ങള്‍ ആയ രാത്രികള്‍ .വല്ലപ്പോഴും കാണുന്ന സ്വപ്നങ്ങളില്‍ ആരുടെയോ  ഉച്ചത്തില്‍ ഉള്ള പൊട്ടിച്ചിരിയും കരച്ചിലും എന്റെ കാതില്‍ മുഴങ്ങുന്നു .സ്വപ്നത്തിലെ മുഖം മനസ്സില്‍ തെളിഞ്ഞുവരുമ്പോള്‍ അത് ഭ്രാന്തന്‍ കുമാരന്റെതാണ്.പണ്ടത്തെ സ്വപ്നങ്ങളില്‍ എന്നും കുമാരന്‍ ഉണ്ടായിരുന്നു.അത് എപ്പോഴോ മാഞ്ഞുപോയിരുന്നു.പക്ഷെ ഇപ്പോള്‍ വീണ്ടും കുമാരന്റെ ജീവിത കഥ മനസ്സില്‍ ഓടി വരുന്നു.അത് മനസ്സില്‍ ഉണ്ടാക്കുന്ന വിഷമം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.കുമാരന്റെ വിഷമത്തിന്റെ ഒരു അംശം എങ്കിലും എന്റെ ദുഖങ്ങള്‍ക്ക് ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.എല്ലാവര്ക്കും അവരുടെ ദുഖങ്ങളും വിഷമങ്ങളും ആണ് വലുത്.
                                കുട്ടികാലത്ത്  നമ്മള്‍ കുട്ടികള്‍ക്ക് കുമാരന്‍ എന്നും ഒരു പരിഹാസ കഥാപാത്രമായിരുന്നു കൂടാതെ കുറച്ചു ഭയവും .കീറിപറിഞ്ഞ വസ്ത്രങ്ങളും നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി ഒരു കാല് മുടന്തി നടക്കുന്ന കുമാരന്‍  .കൈയ്യില്‍ ഒരു പാവകുട്ടി എപ്പോഴും കാണും.അതിനെ നെഞ്ചോട്‌ അമര്‍ത്തി പിടിച്ച് ഇടയ്ക്കിടെ ഉച്ചത്തില്‍ ചിരിച്ചും ഇടയ്ക്കിടെ വലിയ വായില്‍ കരയുകയും ചെയ്യുന്ന കുമാരന്‍ .പണ്ട് അല്ല ഇപ്പോഴും കുട്ടികളെ പേടിപ്പിക്കാന്‍ കുമാരന്‍ വരും എന്ന് പറയുമായിരുന്നു.പക്ഷെ കുട്ടികളെ കുമാരന്‌ വലിയ ഇഷ്ടമായിരുന്നു.കുട്ടികള്‍ എന്ത് ചെയ്താലും ഒരു ചെറു പുഞ്ചിരിയോടെ നടന്നു അകലുമായിരുന്നു.കുട്ടികളെ ആരെങ്കിലും അടിക്കുകയോ വഴക്ക് പറയുകയോ ചെയ്താല്‍ അവരെ ഉച്ചത്തില്‍ എന്തെങ്കിലും വഴക്ക് പറയും.എന്നിട്ട് ആകാശം നോക്കി പൊട്ടികരയും. സ്വന്തം വീടും സ്വന്തക്കാര്‍ ഉണ്ടെങ്ക്കിലും  രാത്രിയില്‍ എന്തെങ്കിലും പീടിക തിണ്ണയില്‍ കിടന്നുറങ്ങും.ആര്‍ക്കും ഒരു ശല്യവും ഇല്ല.ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ വീടുകളില്‍ നിന്നും കുമാരന്‌ ആഹാരം കൊടുക്കാന്‍ ആര്‍ക്കും ഒരു കുഴപ്പവും എല്ലാ.കുട്ടി ആയിരുന്ന ഞാന്‍ അത് കൂടുതല്‍ ശ്രദ്ധിച്ചില്ല.പിന്നെ വലുത്  ആയപ്പോള്‍ കുമാരന്റെ കഥ കേട്ടപ്പോള്‍ എന്റെ എല്ലാ പരിഹാസവും ഭയവും എല്ലാം മാറി,ഞാന്‍ കുമാരനെ ഇഷ്ട്ടപെടുകയായിരുന്നു.
                               എനിക്ക് ഓര്‍മവച്ച കാലം ആയപ്പോള്‍ ഞാന്‍ കുമാരനെ പറ്റി തിരക്കി എന്റെ മുത്തശിയോട്.ആ ചോദ്യം മുത്തശിയ്ക്കും വിഷമം ഉണ്ടാക്കി എന്ന് എനിക്ക് ആ കണ്ണില്‍ നോക്കിയപ്പോള്‍ മനസിലായി.കണ്ണുകള്‍ നിറഞ്ഞിരുന്നു.അത് കണ്ടപ്പോള്‍ എനിക്ക് കുമാരനെ പറ്റി അറിയാന്‍ കൂടുതല്‍ ആഗ്രഹം തോന്നി.മുത്തശ്ശി കുമാരനെ കുറിച്ച് പറഞ്ഞു തുടങ്ങി.കുമാരന്റ്റെ ജീവിത കഥ നടക്കുന്നത് എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ആയിരുന്നു. എന്റെ വീടിനു കുറച്ച് മാറി ആണ് കുമാരന്റെ വീട്.കീഴ്ജാതിക്കരന് ആയിരുന്നെങ്കിലും അഭ്യസ്തവിധ്യന്‍ ആയിരുന്നു.അത് കൊണ്ട് തന്നെ നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും  മുന്‍പില്‍ കുമാരന്‍ കാണും.പ്രത്യകിച്ച് ജോലി ഇല്ലാത്തതു കൊണ്ട് എല്ലാ ജോലിയും ചെയാന്‍ കുമാരന്‌ മടിയുണ്ടായിരുന്നില്ല.ആര്‍ക്ക് എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും എല്ലാം സ്വന്തം കാര്യങ്ങള്‍ പോലെ ചെയ്യുമായിരുന്നു.അത് കൊണ്ട് തന്നെ കുമാരനെ എല്ലാവര്ക്കും ഇഷ്ട്ടമായിരുന്നു.എല്ലാം കൊണ്ടാകാം കുമാരനെക്കള്‍ ഉയര്‍ന്ന ജാതിയില്‍ ഉള്ള ലക്ഷ്മിയ്ക്ക് കുമാരനോടു ഇഷ്ട്ടം മറ്റുള്ളവരേക്കാള്‍ കൂടുതല്‍  തോന്നിയത്.അവളുടെ ഇഷ്ടം കുമാരന്‍ എതിര്‍ത്തുവെങ്കിലും ലക്ഷ്മിയുടെ സ്നേഹത്തിന്റെ മുന്നില്‍ കുമാരനു ശിരസ്സ് നമിക്കേണ്ടി വന്നു.അവരുടെ ഇഷ്ട്ടം ആരെയും അറിയിക്കാതെ അവരുടെ ഉള്ളില്‍ തന്നെ നിറഞ്ഞു നിന്നിരുന്നു.മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ അവര്‍ തീരുമനിചു.കുമാരനു  ഒരു സ്ഥിര ജോലി കിട്ടുന്നത് വരെ കാത്തിരിക്കാന്‍ ലക്ഷ്മി തയ്യാറായിരുന്നു.
                         അവരുടെ പ്രേമത്തിന്റെ ശക്തി ആണോ അതോ ലക്ഷ്മിയുടെ പ്രാര്‍ഥന ആണോ കുമാരനു പട്ടാളത്തില്‍ ജോലി കിട്ടി.ലക്ഷ്മിയ്ക്ക് വാക്കും കൊടുത്തു കുമാരന്‍ യാത്രയായി.അത് കഴിഞ്ഞുള്ള അവരുടെ പ്രണയം കത്തുകളില്‍ കൂടി ആയിരുന്നു.ഇടയ്ക്കിടെ വരുന്ന ആ കത്തുകളില്‍ അവര്‍ അവരുടെ ഭാവി ജീവിതം കണ്ടിരുന്നു.അതിനിടയില്‍ കുമാരനു ജമ്മുകാശ്മീരില്‍ പോസ്റ്റിംഗ് കിട്ടി.ആ വിവരം അറിയിച്ചു കുമാരന്‍ ലക്ഷ്മിയ്ക്ക് കത്ത് അയച്ചു.പക്ഷെ ആ കത്ത് കിട്ടിയത് ലക്ഷ്മിയുടെ അച്ഛന്റെ കൈയ്യില്‍ ആയിരുന്നു.പിന്നെ നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ ആയിരുന്നു.ലക്ഷ്മിയ്ക്ക് വീട്ടുകാര്‍ വേറെ കല്യാണം ആലോചിച്ചു ഉറപ്പിച്ചു.കുട്ടുകാരന്‍ വഴി കുമാരന്‍ അത് അറിഞ്ഞു.പിന്നെ കുമാരനു അവിടെ നില്ക്കാന്‍ മനസ്സ് അനുവദിച്ചില്ല.എന്റെ ഇഷ്ട്ടപ്രണയനിയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ കുമാരനു ഇഷ്ടമല്ലായിരുന്നു.പെട്ടന്ന് ലീവുമെടുത്ത് കുമാരന്‍ നാട്ടിലേയ്ക്ക് വണ്ടി കയറി.നാട്ടില്‍ എത്തിയ കുമാരന്‍ കൂട്ടുകാരുടെ സഹായത്തോടെ ആരും അറിയാതെ ലക്ഷ്മിയുമായി നാട് വിട്ടു നേരെ കാശ്മീരിലേയ്ക്ക് .അതിനു ശേഷം നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ നടന്നു..നാട്ടിലെ പ്രശ്നങ്ങള്‍ കൂട്ടുകാര്‍ വഴി അവര്‍ അറിയുന്നുണ്ടായിരുന്നു അതൊന്നും അവരെ സംബദ്ധിച്ച് വലിയ കാര്യങ്ങള്‍ ആയിരുന്നില്ല..അവര്‍ സ്വപ്നം കണ്ടതിനേക്കാള്‍ വളരെയധികം സന്തോഷകരമായിരുന്നു അവരുടെ ജീവിതം .മാസങ്ങള്‍ പൊഴിഞ്ഞു വീണു.അവരുടെ സന്തോഷത്തിനു മധുരം കൂട്ടാന്‍ ദൈവം അവരെ കനിഞ്ഞു.ലക്ഷ്മി ഗര്‍ഭിണി ആയി.ഇതില്‍ കൂടുതല്‍ അവരുടെ ജീവിതം എന്ത് മോഹിക്കണം.
             മാസങ്ങള്‍ കടന്നു പോയി.ലക്ഷ്മി പൂര്‍ണ ഗര്‍ഭിണിയാണ് .അപ്പോള്‍ ആണ്‌ അവരുടെ സന്തോഷത്തിനു കരിനിഴല്‍ പടര്‍ത്തി അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയത്.അതില്‍ ദൈവം അവരുടെ കൂടെ നിന്നില്ല.യുദ്ധത്തില്‍ സാരമായ പരിക്കുകളോടെ കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആ സമയത്ത് തന്നെ അതെ ഹോസ്പിറ്റലില്‍ ഇതൊന്നും അറിയാതെ പൂര്‍ണ്ണ ഗര്‍ഭിണി ആയ ലക്ഷ്മിയും ഉണ്ടായിരുന്നു.കുമാരന്റ്റെ കാലിനേറ്റ വെടിയുണ്ട നീക്കം ചെയാന്‍ കഴിഞ്ഞില്ല.
                            ആ ദിവസം കുമാരന്റെ ജീവിതം ആകെ മാറി മറിച്ചു.സുഖപ്രസവം ആണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ അവസാനം ലക്ഷിയുടെ അവസ്ഥ മോശമാണെന്ന് വിധിയെഴുതി.അത് കുമാരനെ അറിയിച്ചു.കട്ടിലില്‍ കിടക്കുന്ന കുമാരനു ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.ആ വിളി ദൈവം കേട്ടില്ല .ലക്ഷ്മി പ്രസവിച്ചു.ഇരട്ടകുട്ടികള്‍.പക്ഷേ കുമാരനു ദൈവം കുട്ടികളെ കൊടുത്തപ്പോള്‍ ലക്ഷ്മിയെ ദൈവം തിരിച്ചു വിളിച്ചു.പ്രസവത്തോടെ ലക്ഷ്മി മരിച്ചു.കുമാരന്റെ കൈയ്യില്‍ രണ്ട് സുന്ദരി പെണ്‍കുട്ടികളെയും കൊടുത്തു കുമാരനെ തനിച്ചാക്കി ലക്ഷ്മി ഈ ലോകത്ത് നിന്നും യാത്രയായി.നാട്ടില്‍ അറിയിക്കാന്‍ ഉള്ള ഒരു മാനസികാവസ്ഥ കുമാരനു ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ ഒന്നും കുമാരന്‍ നാട്ടില്‍ അറിയിച്ചില്ല.ലക്ഷ്മിയെ അവിടെത്തന്നെ ദഹിപ്പിച്ചു  .ജീവന്റെ  ജീവനായ  ലക്ഷ്മിയുടെ വേര്‍പാട്‌ കുമാരനു സഹിക്കുന്നതിലും അപ്പുറമായിരുന്നു.പക്ഷേ അവളുടെ വേര്‍പാട്‌ കുമാരന്‍ മറന്നിരുന്നത് ആ കുട്ടികളെ കാണുമ്പൊള്‍ ആയിരുന്നു.ലക്ഷ്മിയുടെ അതെ പകര്‍പ്പ് ആയിരുന്നു ആ പൊന്നോമനകള്‍.അവര്‍ക്ക് വേണ്ടി ഇനിയുള്ള ജീവിതം മാറ്റി വയ്ക്കാന്‍ കുമാരന്‍ തീരുമാനിച്ചു.
                      കാലിനേറ്റ അപകടം കുമാരനെ പട്ടാളത്തില്‍ നിന്നും ജോലി ഒഴിവാക്കാന്‍ നിര്‍ബന്ദ്ധിതനായി.നാട്ടില്‍ പ്രശ്നങ്ങള്‍ ആയതിനാല്‍ കുമാരന്‍ ഒന്നും നാട്ടില്‍ അറിയിച്ചില്ല.ജോലി നഷ്ടപെട്ട കുമാരന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു.ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ ആ മണ്ണില്‍ നിന്നും പോകാന്‍ കുമാരനു ഒട്ടും ഇഷ്ട്ടമാല്ലയിരുന്നു.പക്ഷേ കുട്ടികളുടെ ഭാവി ആലോചിച്ചപ്പോള്‍ നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.കുട്ടികളെയും നെഞ്ചോട്‌ അമര്‍ത്തി വയത കാലുമായി കുമാരന്‍ കാശ്മീരില്‍ നിന്നും ട്രെയിനില്‍ നാട്ടിലേയ്ക്ക് യാത്രയായി.
                      നാട്ടില്‍ ചെന്നാല്‍ അവിടെ എന്തുപറയും എന്നായിരുന്നു കുമാരന്റെ ആലോചന.ലക്ഷ്മി ഇല്ലാത്ത ജീവിതം ആലോചിക്കാന്‍ കുമാരനു ആലോചിക്കാന്‍ കഴിയില്ലായിരുന്നു.അവന്റെ ജീവിതപാതയായിരുന്നു അവള്‍.റെയില്‍വേ സ്റ്റേഷനില്‍ നിനും ട്രെയില്‍ പുറപ്പെടുമ്പോള്‍ പുറത്തേയ്ക്ക് നോക്കിയാ കുമാരന്‍ അകലെ നിന്നും ലക്ഷ്മി അവര്‍ക്ക് യാത്രയപ്പ് നല്‍കുന്നത് പോലെ തോന്നി.അവളോട്‌ അവനു വിളിച്ചു പറയണമെന്നുണ്ടായിരുന്നു 'എന്റെ മോളെ നിനക്ക് വേണ്ടി അല്ല നമ്മളുടെ കുട്ടികള്‍ക്ക്  വേണ്ടി ഞാന്‍ ജീവിയ്ക്കും നമ്മളുടെ കുട്ടികളെ പൊന്നു പോലെ വളര്‍ത്തും,നീ വിഷമിക്കര്‍ത്തു.'ട്രെയിനില്‍ കു‌ടെ യാത്രികര്‍ കുറെ സന്യാസിമാര്‍ ആയിരുന്നു.അവരുടെ ദൈവത്തെ വിളിച്ചുള്ള പ്രാര്‍ത്ഥനകള്‍ കുമാരനു മനസ്സില്‍ കുറച്ചു ആശ്വാസം നല്‍കി.ലക്ഷ്മിയുടെ വേര്‍പാടിന് ശേഷം കണ്ണുകള്‍ തോര്‍ന്നിട്ടില്ല.കുട്ടികളുടെ മുഖം കാണുമ്പോള്‍ എപ്പോഴും ലക്ഷ്മി ആണ്‌ എപ്പോഴും മനസ്സില്‍. ആ പിഞ്ചുഓമനകളുടെ ചിരിയ്ക്കുന്ന മുഖം മനസ്സില്‍ ഒരു വിധത്തില്‍ വിഷമങ്ങള്‍  മാറ്റുന്നു. ട്രെയിനിന്റെ ജനലഴികളില്‍ കൂടി പുറത്തു നോക്കുമ്പോള്‍ പുറത്തു എല്ലാം ലക്ഷ്മിയുടെ സാമിപ്യം കുമാരന്‍ അറിയുന്നുണ്ടായിരുന്നു.
                          പുറത്തു നല്ല തണുപ്പ്.കുട്ടികളെ കമ്പിളി കൊണ്ട് ഒന്ന് കൂടെ പുതപ്പിച്ചിട്ടു കുമാരന്‍ സീറ്റിലേയ്ക്ക് ചായ്ഞ്ഞു.ഉറക്കം വരുന്നില്ല മനസ്സില്‍ ലക്ഷ്മിയുടെ മുഖം ആണ്‌ എപ്പോഴും.മടിയില്‍ എന്തോ ഒരു അനക്കം കണ്ണുകള്‍ പെട്ടന്ന് തുറന്നു.ഒരു കുട്ടി കരയുകയാണ്.മറ്റെകുട്ടിയെ സീറ്റിലേയ്ക്ക് കിടത്തി കരയുന്ന കുട്ടിയെ മാറോടു ചേര്‍ത്ത് തഴുകി.കുട്ടിയുടെ ശരീരം ചുട്ടുപൊള്ളുന്നു.കണ്ണുകള്‍ തുറക്കുന്നില്ല ,കുട്ടിയുടെ ശരീരം മുഴുവന്‍ വിറയ്ക്കുകയാണ്.കുമാരന്‍ കൈകള്‍ കൊണ്ട് കുട്ടിയുടെ  കവിള്‍തടങ്ങളും മറ്റും തട്ടി എല്ലാ കുട്ടി കണ്ണ് തുറക്കുന്നില്ല.
കുമാരന്റെ ദീനരോധനം കമ്പാര്‍ട്ടുമെന്റില്‍  മുഴങ്ങി.പെട്ടന്ന് കുട്ടി ഒന്ന് വിറച്ചു പിന്നെ  ശരീരം നിശ്ചലമായി .കുമാരന്‍ കുട്ടിയുടെ ശരീരം പിടിച്ച് കുലുക്കി.ഇല്ല അനങ്ങുന്നില്ല .പെട്ടന്ന് കുമാരന്‍ കുട്ടിയെ ഉണങ്ങുന്ന മറ്റെകുട്ടിയുടെ അടുത്തേയ്ക്ക്  കിടത്തി മാറി ഇരുന്നു.തലയ്ക്കുള്ളില്‍ ആകെ ഭ്രാന്ത് പിടിക്കും പോലെ.കുമാരന്‍ പിന്നെ ഉച്ചത്തില്‍ കരഞ്ഞു.എല്ലാം നഷ്ടപെട്ടവനെ പോലെ.കുമാരന്റെ കരച്ചില്‍ കേട്ട് അടുത്തുള്ളവര്‍ എല്ലാം ഓടികൂടി. തിരക്കിയപ്പോള്‍ കുമാരനു കരയാനേ കഴിഞ്ഞുള്ളൂ വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല.എല്ലാം തകര്‍ന്ന കുമാരനു കുട്ടിയുടെ നേരെ വിരല്‍ ഉയര്‍ത്തി കാണിക്കണേ കഴിയുമായിരുന്നുള്ളൂ.സന്യാസിമാര്‍ കുട്ടിയെ നോക്കി ഇല്ല കുട്ടി അനങ്ങുന്നില്ല.അവരുടെ മുഖത്തും  നിരാശ പ്രതിഭലിച്ചു.കുമാരന്‍ സീറ്റില്‍ മുഖം അമര്‍ത്തി പൊട്ടികരയുകാന്.എല്ലാം നഷ്ട്ടപെട്ടവനെ പോലെ.ലഷ്മി കൂട്ടിനു ഒരു കുട്ടിയെ കൊണ്ടുപോയതില്‍ ദൈവത്തിനെ ശപിക്കണേ അവനു കഴിഞ്ഞുള്ളൂ.ഈശ്വരന്‍ എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നേ ആദ്യം ജീവനായ ലക്ഷ്മിയെ ഇപ്പോള്‍ എന്റ്റെ പോന്നുമോളെയും .ആരോട് പറയണം ഒന്നും അറിയില്ലായിരുന്നു ആ പാവത്തിന്.
                  ട്രെയിന്‍ കുതിച്ചു പായുകയാണ് .അതിന്റെ കൂടെ പാതി മരിച്ച  കുമാരന്റെ മനസ്സും. കു‌ടെ ഉള്ള സന്യാസിമാര്‍ പതുക്കെ കാര്യങ്ങള്‍ എല്ലാം കുമാരനോടു ചോദിച്ചു മനസ്സിലാക്കി.വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ക്ക് പോലും കുമാരനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല.അവസാനം അവര്‍ എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി അത് അവര്‍ കുമാരനോടു പറഞ്ഞു.
" ആ കുട്ടിയ്ക്ക് ദൈവം എത്രയും ആയുസ്സേ കൊടുത്തിട്ടുള്ളൂ,അതിന്റെ ഭൂമിയിലെ ജനനത്തിന്റെ ലക്‌ഷ്യം ഇത്രയും കാലമേ ഉള്ളു എന്ന് ആശ്വസിക്കുക.ഇനിയും താങ്കളുടെ നാട്ടില്‍ എത്താന്‍ രണ്ട് ദിവസം എടുക്കും.അതുവരെ കുട്ടിയെ കു‌ടെ കൊണ്ട് പോകുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.അത് കൊണ്ട് നമ്മള്‍ പറയുന്ന കാര്യം നീ സമാധാനത്തോടെ കേള്‍ക്കണം ,ജനിച്ചു കുറച്ചു നാളുകളെ ആയിട്ടുള്ളൂ കുട്ടി അതിന്റെ ജീവന്‍ ദൈവം എടുത്തു അതുകൊണ്ട് ശരീരവും ദൈവത്തിനു സമര്‍പ്പിക്കുക."
സന്യാസിമാര്‍ പിന്നെ പറഞ്ഞ വാക്കുകള്‍ കേട്ട് കുമാരനു  ഹൃദയം നിലയ്ക്കും പോലെ തോന്നി .
                        എന്റെയും ലഷ്മിയുടെയും ജീവന്റെ ഒരു അംശം ആണ്‌ ആ കിടക്കുന്നെ.ഇങ്ങനെ ഞാന്‍ എന്റെ പൊന്നോമനയെ ഉപേഷിക്കും.ചിന്തിക്കും തോറും കുമാരനു വട്ട് പിടിക്കും പോലെ തോന്നി.കുറച്ചു ദിവസങ്ങള്‍ മാത്രം ആണ് ഒരുമിച്ചു കഴിഞ്ഞുള്ളു എങ്കിലും കുട്ടികള്‍ തന്റെ ജീവന്റെ ഭാഗമായി മാറിയിരുന്നു.അതില്‍ ഒരു ജീവനെ അനാഥമായി ഉപേഷിക്കുക ആലോചിക്കും തോറും സ്വന്തം ജീവന്‍ കളയാന്‍ കുമാരനു തോന്നി.പക്ഷേ അവിടെയും എന്നെയും കത്ത് ഒരു ജീവന്‍ കൂടി ഉണ്ട്.ഇനി ഈ ലോകത്തില്‍ ആ കുഞ്ഞിനു ഞാന്‍ മാത്രമേ ഉള്ളു എന്ന് ആലോചിച്ചപ്പോള്‍ കുമാരന്‍ ഒരു കാര്യം തീരുമാനിച്ചു.കുട്ടിയെ ഗംഗയില്‍ ഉപേഷിക്കുക.നാട്ടില്‍ കുട്ടികളുടെ കരിയമോ ലക്ഷ്മിയുടെയോ കാര്യമോ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് അങ്ങനെ തനെന്‍ ചെയ്യാന്‍ കുമാരന്‍ തീരുമാനിച്ചു. സന്യസിമാരോട് കുമാരന്‍ പറഞ്ഞു.നിങ്ങള്‍ പറയും പോലെ തന്നെ ചെയമെന്നു.കുറച്ചു സന്യാസിമാര്‍ മാറി ഇരുന്നു പ്രാര്‍ഥനയില്‍ ആണ്.കുഞ്ഞിന്റെ മരണം അറിഞ്ഞതുമുതല്‍ അവര്‍ കുട്ടിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥനയില്‍ ആണ്.
                           കാശി അടുക്കാറായി എന്ന്  സന്യാസിമാരില്‍ ഒരാള്‍ കുമാരനോടു വന്നു പറഞ്ഞു.അതോടെ കുമാരനു നെഞ്ചില്‍ തീ കോരിയിട്ടപോലെ.രണ്ട് പേരും സുഗമായി ഉറങ്ങും പോലെ കിടക്കുകയാണ്.മരണം എന്റെ പെന്നുമോളെ സ്ഥിരമായി ഉറക്കത്തില്‍ ആക്കിയല്ലോ ദൈവമേ!ആലോചിക്കും തോറും കണ്ണുകളില്‍ ഇരുട്ടു പരക്കും പോലെ.കുട്ടികളുടെ അടുത്ത് ചെന്ന് കുട്ടിയേയും വാരിയെടുത്തു നെഞ്ചോട്‌ അമര്‍ത്തി കുമാരന്‍ വാതിലിനരികിലെയ്ക്ക് നീങ്ങി.വേഗത്തില്‍ പായുന്ന ട്രെയിന്‍ പുറത്തുനിന്നും വീശിയടിക്കുന്ന കാറ്റ് അതൊന്നും കുമാരന്റെ മനസിന്‌ ആശ്വാസം നല്‍കിയില്ല.അകത്തു സന്യാസിമാരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കാം.ഇരുട്ടിന്റെ ഉള്ളില്‍ എവിടെയോ ഇരുന്നു ലക്ഷ്മി കൈ നീട്ടുകയാണ്‌ 'എനിക്ക് തരു നമ്മുടെ മോളെ 'ട്രെയിന്‍ ഗംഗയ്ക്ക് കുറുകെയുള്ള പാലത്തിലെയ്ക്ക് കയറി.കുമാരന്റെ നെഞ്ചു പിടയ്ക്കുകയിരുന്നു.രാത്രിയുടെ സുന്ദരമായ നീലിമയില്‍ ഗംഗാദേവി ഒന്നുമറിയാതെ ഒഴുകുകയാണ്  താഴെ.കുമാരന്‍ കണ്ണുകള്‍ അടച്ചു അവസാനമായി തന്റെ പോന്നോമാനയ്ക്ക് കവിളില്‍ ഉമ്മ കൊടുത്തിട്ട് നദിയിലേയ്ക്ക്  കുട്ടിയെ വലിച്ചെറിഞ്ഞു.പിനീ ഒന്നും കാണാന്‍ ഉള്ള ശേഷി ഇല്ലാതെ കുമാരന്‍ പൊട്ടികരഞ്ഞുകൊണ്ട് സീറ്റിലേയ്ക്ക് നടന്നു. എങ്ങനെ ആ  പാവം മനുഷ്യനെ സമാധാനിപ്പിക്കും എന്ന് സന്യാസിമാര്‍ക്ക് അറിയില്ല.അവര്‍ പ്രാര്‍ഥനയില്‍ മുഴുകി.
കുമാരന്‍ കുട്ടിയെ സൂക്ഷിച്ചു നോക്കിയപ്പോള്‍  എല്ലാം മനസ്സിലായതും കുമാരന്‍ ശരീരം  തളര്‍ന്നു സീറ്റിലേയ്ക്ക് വീണു.കൈയില്‍ ഇരുന്ന കുട്ടി സീറ്റിലേയ്ക്ക് വീണു.സന്യാസിമാര്‍ ഓടി വന്നു കുട്ടിയെ താങ്ങി എടുത്തു.എന്നിട്ട് കുമരനെ വിളിച്ചുണര്‍ത്തി കാര്യം ചോദിച്ചു.കണ്ണുതുറന്ന കുമാരനു വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നിലായിരുന്നു.കൈകള്‍ കുട്ടിയ്ക്ക് നേരെ നീട്ടി എന്തോ പറയ്യുന്നുണ്ടായിരുന്നു.പക്ഷെ ശബ്ദം  പുറത്തേയ്ക്ക് വരുന്നില്ല. സന്യാസിമാര്‍ അപ്പോള്‍ ആണ്‌ കുട്ടിയെ ശ്രദ്ധിച്ചത്.കുട്ടി അനങ്ങുന്നില്ല.കാര്യം മനസ്സിലായപ്പോള്‍ അവര്‍ക്ക്പോലും ഒന്നും സംസാരിക്കാന്‍ പറ്റുന്നില്ല.
കുമാരന്‍ കുട്ടിയെ നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്.ആ കണ്ണില്‍ നിന്നും കണ്ണുനീര്‍ വറ്റിയിരിക്കുന്നു.അതോടെ കുമാരന്റെ മാനസ്സികനില ആകെ മാറിമറിഞ്ഞു.കുമാരനെ നാട്ടില്‍ എല്ലാവരും കൂടി എത്തിച്ചു ആശുപത്രിയില്‍ ആകി.പക്ഷെ ഒരുമരുന്നിനും മന്ത്രത്തിനും ആ മനസിനെ പഴയരീതിയില്‍ ആക്കാന്‍ പറ്റിയില്ല.കുറെ നാള്‍ ബന്ധുക്കള്‍ കുമാരനെ നോക്കി.പിന്നെ അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ആയപ്പോള്‍  കുമാരനെ അവരും ഉപേഷിച്ചു.ദൈവം കൈവിട്ട കുമാരനു ഇനി എന്ത് ആശ്രയം.ആത്മഹത്യ ചെയുന്നതിനുള്ള മനസ്സിന്റെ ബോധം പോലും ആ പാവത്തിന് നഷ്ടമായി.
                             മുത്തശ്ശി പറഞ്ഞു നിര്‍ത്തിയതും ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.എന്നാല്‍ അതിനെക്കാള്‍ എന്റെ മനസ്സും ശരീരവും വേദനയാല്‍ പിടയ്ക്കുകയിരുന്നു.ലോകത്തിലെ ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരുമോ . ചെറിയ കാര്യങ്ങള്‍ക്കു പോലും മാനസികനില തെറ്റുന്ന മനുഷ്യന്മാര്‍ ആണ്  നാട്ടില്‍ അപ്പോള്‍ ഇത്രയും ദുരന്തങ്ങള്‍ സംഭവിച്ച കുമാരനു മനസിലനില തെറ്റിയതില്‍ എനിക്ക് അതോര്‍ത്തു വേദനിക്കാനെ  പറ്റുന്നുള്ളൂ.അത് വരെ എനിക്ക് കുമാരനോടു ഉണ്ടായിരുന്ന വിചാരങ്ങളും വിദ്വേഷങ്ങളും മാറിയിരിക്കുന്നു.പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു സ്നേഹം എന്റെ മനസ്സില്‍ ഉണ്ടായി.അന്ന് മുതല്‍ കുമാരന്‍ എനിക്ക് എന്റെ മനസിന്റ്റെ ഒരു അംശം ആയി മാറി.ആര് ചെയ്ത പാപത്തിന്റെ ഫലമാണ് ഈ പാവം മനുഷ്യന്‍ അനുഭവിക്കുന്നത്.കള്ളനും കൊലപാതകികള്‍ക്കും കൂട്ടുനില്ക്കുന്ന ഈശ്വരന്‍ എന്തിനു ഈ പാവത്തിന് ഇങ്ങനെ  ഒരു അവസ്ഥ കൊടുത്തു.ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല.പിന്നെ എനിക്ക് ഈശ്വരനോടൂള്ള വിശ്വാസം കുറഞ്ഞപൊലെ.ഇങ്ങനെയുള്ള സംഭബങ്ങൽ ആണ്  മനുഷ്യന്റെ മനസ്സിൽ ഉള്ള ദൈവത്തിനു മരണം നൽകുന്നത്.  അന്ന് മുതല്‍ ഓരോ കാര്യങ്ങള്‍ക്കും എന്റെ കൈയില്‍ നിന്നും തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കും ചിലപ്പോള്‍ അതിന്റെ വില നമ്മള്‍ക്ക് പ്രവച്ചിക്കാന്‍ പറ്റാത്തത് ആയിപോകും.കുമാരന്‍ ഇപ്പോള്‍ എല്ലാവര്ക്കും ഓര്‍മയയിതീര്‍ന്നിരിക്കുന്നു 
ഞാന്‍ ഈ ഗള്‍ഫില്‍ വന്നു രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം കുമാരന്‍ ലക്ഷ്മിയുടെയും മക്കളുടെയും അടുത്തേയ്ക്ക് യാത്രയായി. ഇടയ്ക്കിടെ എന്റെ ഓര്‍മകളില്‍ കുമാരന്‍ വരുമായിരുന്നു.മറന്നുതുടങ്ങിയത്‌ ആയിരുന്നു എല്ലാം.പക്ഷെ ഇപ്പോള്‍ എന്റെ അനു എന്നില്‍ നിന്നും നഷ്ടപെട്ട വേദന എന്നെ കുമാരനിലെയ്ക്ക് അടുപ്പിക്കുന്നു.
                       നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കിയാല്‍ മതി നിങ്ങള്‍ക്കും പല അബദ്ധങ്ങളും അശ്രദ്ധകളും പറ്റികാണും അത് ചിലപ്പോള്‍ അതിന്റെ ഭാവി ചെറുത്‌ ആകാം വലുതും ആകാം.മനുഷ്യരായ നമ്മള്‍ക്ക് ജന്മസിദ്ധമായ ഈ  അശ്രദ്ധകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ഓരോ കാര്യങ്ങള്‍ ചെയുമ്പോഴും ഒരു തവണ കൂടി ശ്രദ്ധിച്ചാല്‍ ആ അശ്രദ്ധകള്‍ക്ക് നമ്മള്‍ കൊടുക്കേണ്ട വിലയുടെ തോത്   കുറയ്ക്കാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം ..പക്ഷേ ഈ കുമാരന്റെ   അനുഭവം എല്ലാവരുടെയും പിറകെ നിങ്ങള്‍ പോലും അറിയാതെ കൂടെ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്നാലും ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കാന്‍ ഞാന്‍ ഇശ്വരനോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട്... അനിയന്‍ .....