2018, ജൂലൈ 12, വ്യാഴാഴ്‌ച

** പൊഴിയാത്ത വാകമരം **

കുന്നിൻ ചെരുവിറങ്ങി ആ ബസ്  പച്ചപ്പാടങ്ങൾക്ക് നടുവിലൂള്ള ചെമ്മൺ പാതയിലൂടെ പോയ്ക്കോണ്ടിരുന്നൂ..
ഏതോ മായാലോകത്തെന്ന പോലെ രവിയും അതിനൊപ്പം സഞ്ചരിക്കുകയാണ്.ശരീരം മാത്രമാണ് അവിടെ,കടിഞ്ഞാണില്ലാത്ത മനസ് പാഞ്ഞ് പോയി നിൽക്കുന്നത് പാടങ്ങൾക്ക്  അക്കരെയുള്ള ഗ്രാമത്തിലെ മുല്ലശ്ശേരി തറവാട്ട് മുറ്റത്താണ്..
ആ പഴയ തറവാടിന്റെ പടിവാതിലിൽ നിന്നേ കേൾക്കാം ആ വിളി..ഒരു പത്ത് വയസുകാരന്റെ വിളി..

“അമ്മേ..അമ്മ എവിടെയാ?".

നമ്മളെത്താറായോ അച്ഛാ"
ആ ചോദ്യം അയാളിൽ ഒരു ഞെട്ടലുണ്ടാക്കി.മനസിനെ വേഗം ശരീരത്തീലേക്കാവാഹിച്ച് രവി നോക്കി..അനുമോൾ..തെല്ല് നീരസത്തോടെയാണ് അവൾ ഇരിക്കുന്നത്..ഉണ്ടാവും..രണ്ട് ദിവസമായില്ലേ ഈ യാത്ര തുടങ്ങിയിട്ട്..ബോംബെയിൽ നിന്നും ഇവിടേ വരെ.ഇത്ര ദൂരം.അവൾ മടുത്ത് കാണും.അവൾ മാത്രമല്ല..അമ്മൂട്ടിയും മടുത്ത് കാണും..അമ്മു ദേവൂന്റെ മടിയിലിരുന്ന് ഉറങ്ങുവാണ്..ദേവൂം മയക്കത്തിലാണ്..
അനുമോൾ രവിയെ തോണ്ടാൻ തുടങ്ങി.

പറ അച്ഛാ.. എത്താറായോ.??

ഇപ്പോൾ എത്തും മോളു..അരമണിക്കൂർ കൂടിയേയുള്ളൂ.
അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി നെറുകയിൽ ഒന്ന് തലോടി..
" അച്ഛാ നമ്മൾ എന്തിനാ ഇവിടേ വന്നത്, ആരേ കാണാനാ..?
അവൾ പിന്നേം ചോദിച്ചു..
നമ്മൾ അച്ചമ്മയെ കാണാൻ പോവല്ലേ..അവിടെ അച്ചാച്ചനുണ്ട്..ചെറിയച്ചനുണ്ട്..അങ്ങനെ എല്ലാരേം കാണാൻ രണ്ട് ദിവസം ഇവിടേ നിന്നിട്ട് നമ്മൾ തിരിച്ച് പോകും.രവീ പറഞ്ഞു..

അയ്യോ..രണ്ട് ദിവസമോ..??വേണ്ടച്ഛാ..നമുക്ക് ഇന്ന് തന്നെ പോണം..അല്ലെങ്കിൽ എന്റെ കിങ്ങിണിപ്പൂച്ച എന്നെ കാണാതെ സങ്കടപ്പെടും!
അവളുടെ മുഖം വാടും മുന്നേ രവി പറഞ്ഞു, 

ശരി,നമുക്ക് ഇന്ന് തന്നേ പോയേക്കാം..അച്ചമ്മയെ കണ്ടിട്ട്..സമ്മതിച്ചോ.."
അനുമോൾ തലകുലുക്കി ചിരിച്ചു കൊണ്ട് രവിയുടെ കവിളിലൊരു ഉമ്മ കൊടുത്തു..നിഷ്കളങ്കതയുടെ നേർത്ത ഉമ്മ..!!
അനുമോളുടെ നെറ്റിയിലൊരുമ്മ തിരികെ കൊടുത്തിട്ട് രവി മകളേ ഒരു കൈകൊണ്ട് ചേർത്തിരുത്തി.

തൊട്ടരുകിൽ ഇരുന്ന ദേവൂന്റെ കൈയിൽ രവി പതുക്കെ തൊട്ടു.കാറ്റിൽ ദേവൂട്ടിയുടെ മുടിയിഴകൾ പാറിക്കളിക്കുന്നത് രവി നോക്കിയിരുന്നൂ.രണ്ട് ദിവസത്തെ യാത്ര കൊണ്ടവൾ നന്നേ ക്ഷീണിച്ചതായി അയാൾക്ക് തോന്നി.അവരെ കൂടെ കൂട്ടേണ്ടിയിരൂന്നില്ല എന്നയാൾ ചിന്തിച്ചു..പതുക്കെ അവളുടെ കൈകളിൽ അയാൾ തലോടി . അവളുണരാതിരിക്കാൻ രവീ വളരേ മൃദുവായാണ് തലോടിയത്...കൈയിലെ ചൂടറിഞ്ഞ് പെട്ടെന്ന് ദേവൂ കണ്ണ് തുറന്ന് രവിയെ നോക്കി..
തെല്ല് പരിഭ്രമത്തോടെ ചോദിച്ചു

" എന്ത് പറ്റി രവിയേട്ടാ?എന്തേലും അസ്വസ്ഥതയുണ്ടോ,വേദനയുണ്ടോ,തലകറക്കമാണോ..എന്താ പറ്റിയേ?".
ഒറ്റ ശ്വാസത്തിൽ അവളുടെ ചോദ്യത്തിലൂടെ മനസിലെ പരിഭ്രമമെല്ലാം വെളിയിൽ വന്നു..!

രവി ഒന്ന് പതുക്കെ ചിരിച്ചൂ..
എനിക്കൊന്നുമില്ല ദേവൂട്ടീ..ഒരു വേദനയുമില്ല..നീ കുറച്ച് നേരം കൂടെ ഉറങ്ങിക്കോ..സ്ഥലമെത്തുമ്പോൾ ഞാൻ വിളിക്കാം..""

.രവി അത്രയും പറഞ്ഞപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്..പാവം വല്ലാതെ പേടിച്ചുകാണും..അവളെ ശല്യപ്പെടുത്തിയതിൽ രവിക്ക് തന്നോട് തന്നെ ചെറിയ ദേഷ്യം തോന്നി..സമാധാനമായി അവളൊന്ന് ഉറങ്ങിയിട്ട് എത്ര മാസമായിക്കാണും!
"ശ്രീദേവി, എന്റെ ദേവൂട്ടി "
കുത്തഴിഞ്ഞ് പോവുമായിരുന്ന തന്റെ ജീവിതത്തെ ഓരോ ഏടുകളായെടുത്ത് അടുക്കും ചിട്ടയോടും  തുന്നിച്ചേർത്തത് അവളാണ്..അല്ലെങ്കിൽ ഏതേലൂം അഴുക്കു ചാലിൽ പുഴുവരിച്ച് കിടക്കേണ്ടി വന്നേനേ..!
എന്നെ ജീവിക്കാൻ പഠിപ്പിച്ച് തന്നത്,എന്നെ ഞാനാക്കി നിർത്തിയത്,എല്ലാം അവളാണ്..

പതിനഞ്ചാം വയസിൽ  ഈ നാട്ടിൽ നിന്നും ആരോടും ഒന്നും പറയാതെ ഏതോ തീവണ്ടിയിൽ ചാടിക്കയറുമ്പോൾ കൈയിലാകെ മുഷിഞ്ഞ രണ്ട് ജോടി തുണികളും അമ്മയുടെ ഒരു സാരിയും പിന്നേ ഒരു പഴയ ഫോട്ടോയുമാണ്.ട്രെയിൻ ചെന്ന് നിന്ന മുംബൈ എന്ന മഹാനഗരം രവിയുടെ കണ്ണിൽ ഒതുങ്ങുന്നതാരുന്നില്ല!പിന്നീട് ഏതൊരു ഊര് തെണ്ടിയെപോലെയും  രവി അലഞ്ഞു..പട്ടിണി സഹിക്കാതെ കടത്തിണ്ണയിലെ ഭിക്ഷക്കാരന്റെ മുഷിഞ്ഞ ഭാണ്ഠത്തിൽ നിന്നും പൂത്ത വടാപാവും മോഷ്ടിച്ചു കഴിച്ചു.പൈപ്പിലെ വെള്ളത്തിന്റെ രുചി ഇത്രക്കുണ്ടെന്ന് സ്വയമറിഞ്ഞ നാളുകൾ.പിന്നെയെപ്പോഴോ പരിതാപം തോന്നിയ ഏതോ മാർവാഡി തന്റെ ബജിക്കടയിൽ  രവിയ്ക്ക് അഭയം തന്നു.വയർ നിറയെ ആഹാരവും ഉറങ്ങാൻ ഇടവും തന്നു.തന്റെ ജീവിതത്തിൽ രണ്ടാമതും ദൈവത്തെ നേരിട്ട് കാണുകയായിരുന്നൂ അയാളിലൂടെ.ആദ്യത്തെ കൺകണ്ട ദൈവം അത് അമ്മ മാത്രമാണ്.മാർവാഡിയുടെ വിശ്വസ്തനായി മാറാൻ രവിയ്ക്ക് താമസമുണ്ടായില്ല.രവിയെ കട ഏൽപിച്ച് നേരത്തേ വീട്ടിൽ പോകാനും അയാൾക്ക് ഭയമില്ലായിരുന്നൂ..
ഏഴെട്ട് വർഷത്തോളം രവി  അവിടെ തന്നെ കൂടി , എല്ലാം മറന്ന്..!!

ഒരുദിവസം.. മുതലാളി നേരത്തേ പോയിരുന്നൂ..കച്ചവടമെല്ലാം കഴിഞ്ഞ് ഒതുക്കുന്നതിനിടയിൽ  ഒരു സാധനം കടയുടെ നിലത്ത്  ഇരിയ്ക്കുന്നത്  കണ്ടു.ഒരു ചെറിയ ബാഗ്.രവി അതെടുത്ത് തുറന്ന് നോക്കീ.അതൊരു ക്യാമറ ആയിരുന്നു. ആരോ കടയിൽ മറന്ന് വച്ചെന്ന് തോനുന്നു.പതിയേ ആ കവർ മാറ്റി  അവൻ ക്യാമറയിലൂടെ നോക്കി..ചുറ്റുമുള്ള പലതും അതിലൂടെ നോക്കി വന്നപ്പോഴാണ് അവനാ മുഖം കാണൂന്നത് , ഒരു പെൺകുട്ടിതെരുവ് വിളക്കിന്റെ ചെറിയ വെട്ടം മാത്രേ അവിടുള്ളൂ.ആ ഇടുങ്ങിയ ഭാഗത്ത് അവൾ കൂടുതൽ ചേർന്ന് നിന്നൂ,ആരുടേം കണ്ണിൽ പെടാതെ!അവൾ പേടിച്ച് കരയുകയാണെന്ന് അവനു മനസിലായി.. ആ മുഖം ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ വളരെ ഭംഗിയുള്ളതായിരുന്നു..അത് പകർത്താൻ ആഗ്രഹമുണ്ടെങ്കിലും എന്താണ് ചെയ്യേണ്ടതെന്ന് അവന് നിശ്ചയമില്ലായിരുന്നൂ..
അവൻ എന്തിലോ പിടിച്ച് അമർത്തിയതും ഇടിമിന്നൽ പോലെ ഒരു വെളിച്ചമുണ്ടായതും വെട്ടം വന്ന ദിശയിലേക്ക് അവൾ ഭയത്തോടെ നോക്കിയതും എല്ലാം ഒറ്റ നിമിഷത്തിൽ സംഭവിച്ചൂ..
അവൻ പേടിച്ച് പെട്ടെന്ന് ക്യാമറ താഴെ വച്ചു..അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..അവൾ അനങ്ങാതെ ആ ഇരുട്ടിലേക്ക് മറ പറ്റി നീന്നു..അവൾ ആരെയോ ഭയന്ന് ഒളിച്ചിരിക്കുവാണെന്ന് ആ നിമിഷത്തിലാണ് അവനു മനസിലാക്കിയത്..

ഒച്ച വെക്കരുതേ എന്നവൾ കരഞ്ഞ് കൊണ്ട് കൈകൂപ്പി കാണിച്ചു..എന്ത് പറ്റിയെന്ന് രവി ആംഗ്യത്തിൽ അവളോട് ചോദിച്ചു.. അവൾ മിണ്ടിയില്ല.
രവി അവൾക്ക് കേൾക്കുന്നത്ര ഒച്ച കുറച്ച്
"ക്യാ ഹുവാ" എന്ന് ചോദിച്ചു..
അപ്പോഴാണ് ആ ബഹളം കേട്ടത്!
 മൂന്നാല് ആളുകൾ ഒച്ച വെച്ച് ഒാടി വരുന്നു..
'ഉദർ ദേഖോ ഉദർ ദേഖോ' എന്ന് ആരോ പറയുന്നുണ്ട്..
'"ഉസ്കോ നഹി ചോട്നാഹേ,വഹാം ജാകേ ദേഖോ"
ഒരു മദ്ധ്യവയസ്കൻ അവരുടെ പിന്നാലെ പായുന്നൂ!
 ബഹളം ഒതുങ്ങിയപ്പോൾ ഞാനവളോട് അകത്ത് വന്നിരിക്കാൻ പറഞ്ഞു. അവൾ പേടിച്ച് പേടിച്ച് അകത്തേക്ക് കയറി..
ക്യാ ഹുവാ ഹേഞാനവളോട് സംസാരിക്കാൻ ശ്രമിച്ചു..
ബുദ്ധിമുട്ടണ്ട,എനിക്ക് മലയാളമറിയാം
എന്നവൾ പറഞ്ഞു കേട്ടപ്പോൾ ഞാനാദ്യമൊന്ന് ഞെട്ടി..ഇനി ഹിന്ദി പറഞ്ഞ് കഷ്ടപ്പെടേണ്ടല്ലോ എന്നോർത്തപ്പോൾ ആശ്വാസവൂം തോന്നി!

ആ പോയ ആൾക്കാരൊക്കെ തന്നെ തപ്പി ഇറങ്ങിയതാവും അല്ലേ..ഞാനൂഹിച്ചു..!!

പെട്ടെന്ന് അവൾ ഉറക്കെ കരയാൻ തുടങ്ങി.

അയ്യോ കുട്ടി കരയണ്ട.താൻ ഇവിടുണ്ടെന്ന് അവർ അറിയില്ല..പോരേ.."എനിക്കിവിടെ കുറച്ച് ജോലി കൂടെ ബാക്കിയുണ്ട്..അതൊന്ന് തീർക്കട്ടേ..
താനെന്തേലൂം കഴിച്ചോ..?
ഇല്ലെങ്കിൽ ദാ ഇത് കഴിക്ക്..എന്നിട്ട് തിരികെ പോവണമെങ്കിൽ പോയ്കോളൂ,,പക്ഷേ സൂക്ഷിക്കണം..അവർ ഇനിയും വന്നാലോ..
അല്ലെങ്കിൽ നേരം പുലരും വരെ ഇവിടേ വിശ്രമിക്കാം..ശേഷം രാവിലെ തീരുമാനിക്കാം,എന്ത?

ഇത്രയും പറഞ്ഞ് ഒരു പ്ളേറ്റിൽ കുറച്ച് ആഹാരമെടുത്ത് അവളുടെ അടുത്തേക്ക് നീക്കീ വെച്ചൂ..ഒരു ഗ്ളാസ് വെള്ളവും വെച്ചു..ആ വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് അവൾ ഗ്ളാസ് മേശപ്പുറത്ത് വെച്ചു.
എനിക്ക് വിശക്കുന്നില്ല..ഇത് വേണ്ട..അതും പറഞ്ഞ് അവൾ ആ പാത്രം അല്പം നീക്കി വെച്ചു..
 എന്റെ ജോലിക്കിടയിൽ പലതും ഞാനവളോട് ചോദിച്ചു..

'അവളുടെ പേര് ശ്രീദേവി,അമ്മ മലയാളിയാണ്..അച്ചൻ ഒരു ഹിന്ദിക്കാരനും,.സന്തോഷം നിറഞ്ഞ കുടുംബം തന്നെയായിരുന്നൂ അവളുടേത്..അവളുടെ അച്ഛൻ മരിക്കും വരെ...അതുകഴിഞ്ഞ് അമ്മ കണ്ടെത്തിയ പുതിയ ഭർത്താവിനെ അവൾക്ക് ഭയമാരുന്നൂ..
 അയാൾ ഇടക്കൊക്കെ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നൂ..
അതിനെല്ലാം അവളുടെ അമ്മ മൗനാനുവാദം കൊടുക്കുകയും ചെയ്തു..വൈകിട്ട് അവളെ ഏതോ ഗുണ്ടക്ക് വിൽക്കാൻ ശ്രമിച്ചതാരുന്നു..അതും 10000രൂപയ്ക്ക്..
അവൾ അതറിഞ്ഞ് രക്ഷപെട്ട് ഓടിയതാണ്..എങ്ങനൊക്കെയോ ഇവിടെ എത്തിപ്പറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ..കഷ്ടം.!!
ഒരു പാവം കുട്ടി..
ഒരു പതിനെട്ട് വയസുണ്ടാവും അവൾക്ക്..
 ശ്രീദേവി..!!
എനിക്കവളോട് എന്തോ ഒരിഷ്ടം തോന്നാതിരുന്നില്ല !

അവൾ തിരിച്ച് എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ലെങ്കിലും അവളോട് മനസ് തുറന്ന് സംസാരിക്കണമെന്ന് തോന്നി..
എന്റെ നാടങ്ങ് പാലക്കാട് അടുത്താണ്..നന്മകൾ നിറഞ്ഞ ഒരു ഗ്രാമത്തിൽ..മുല്ലശ്ശേരി എന്നാണ് വീട്ട്പേര്.നാട്ടിലെ അറിയപ്പെടുന്ന കുടുംബം തന്നാരുന്നു ഞങ്ങളുടേത്.
എന്റെ അച്ഛനുമമ്മയും എനിക്ക് നാലു വയസുള്ളപ്പോൾ മരിച്ചു.എന്തോ അപകടത്തിൽ..ഞാനതൊന്നും വ്യക്തമായി ഓർക്കുന്നില്ല..അവർ പോയ ശേഷം എന്നെ ഏറ്റെടുത്ത് വളർത്തിയത് വല്ല്യമ്മയും വല്ല്യച്ചനും ആയിരുന്നൂ..കാരണം അവർക്ക് കുട്ടികളില്ലാരുന്നു..ഞാനവരെ അഛാ എന്നും അമ്മേയെന്നും തന്നാണ് വിളിച്ചത്.എന്റെ സ്വന്തം അമ്മ തന്നെ..ഞാൻ കൺകണ്ട എന്റെ ദൈവം!
അങ്ങനെ നല്ല സന്തോഷത്തിൽ കഴിയുമ്പോളാണ് ആ വാർത്ത അറിയുന്നത്.അതും എന്റെ പത്താം പിറന്നാളിന്റെ അന്ന് തന്നേ.അമ്മക്ക് ഒരു കുഞ്ഞാവ ഉണ്ടാവാൻ പോകുന്ന് എന്ന്.ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ..
കുഞ്ഞാവ എത്തുന്നതും നോക്കി ഞാനുമിരുന്നു.ഒരുദിവസം അമ്മ വലിയ വയർ കാണിച്ചിട്ട് കുഞ്ഞുവാവയുടേ കൈകാൽ പൊങ്ങുന്നത് എന്നെ കാണിച്ചു തന്നു..
ഞാൻ അമ്മയോട് കുഞ്ഞാവ അനങ്ങുമ്പോൾ
അമ്മക്ക് വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചു..അപ്പോൾ അമ്മ ചിരിച്ച് കൊണ്ട് ഇല്ലെന്നു പറഞ്ഞ് എന്റെ നെറുകയിൽ ഉമ്മ വെച്ചു.. ആ ഉമ്മയുടെ ചൂട് ഇപ്പോഴും ഇവിടുണ്ട് !
അമ്മയുടെ വയറ്റിൽ ഉമ്മ വെച്ചു ഞാൻ  പറയുമായിരുന്നു' അനിയൻ കുട്ടാ പെട്ടെന്ന് തന്നെ വരണേ..ഏട്ടനിവിടെ കാത്തിരിക്കുവാണെ്ന്ന്..എനിക്കുറപ്പായിരുന്നു അനിയനാണെന്ന് !

ഒന്ന് നിറുത്തിയിട്ട് അവൻ വീണ്ടും പറയാൻ തുടങ്ങി..
പക്ഷേ ആ സന്തോഷമൊന്നും അധികനാളുണ്ടായില്ല..!!
അനിയൻ പിറന്നു.അതോടെ എല്ലാർക്കും ശ്രദ്ധ അവനെ മാത്രമായി.പലപ്പോഴും ഞാനാ വീട്ടിലുള്ള കാര്യം എല്ലാരും മറന്നു.എന്റെ അമ്മയും.അമ്മക്ക് എന്നെ ശ്രദ്ധിക്കാൻ നേരമില്ലാതായി.
സ്വന്തമായി താലോലിക്കാൻ ഒരു മകനെ കിട്ടിയപ്പോൾ അച്ഛനും എന്നെ അവഗണിച്ചു..
ഞാനവിടെ ഒരു അധികപ്പറ്റായി മാറാൻ വല്ല്യ സമയമൊന്നും വേണ്ടീ വന്നില്ല..
മനസ് നിറഞ്ഞ് അമ്മേ എന്ന് വിളിക്കുമ്പോൾ ആരും വിളി കേൾക്കാൻ ഇല്ലാത്ത പോലായി..
രവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ശ്രീദേവി കണ്ടു..
അവൾ കണ്ടെന്ന് മനസിലായപ്പോൾ രവി പെട്ടെന്ന്  മുഖം തിരിച്ചു..

കുറച്ച് ഒന്ന് മനസടങ്ങി എന്ന് തോന്നിയപ്പോൾ അവൻ വീണ്ടും തിരിഞ്ഞിരുന്ന് പറയാൻ തുടങ്ങി..ഒരുദിവസം അച്ഛന്റെ പോക്കറ്റിലിട്ട കാശ് പോയെന്ന് പറഞ്ഞ് എന്നെ ഒരുപാട് തല്ലി..ഞാനല്ല എടുത്തതെന്ന് കാലു പിടിച്ച് പറഞ്ഞിട്ടും ആരും കേട്ടില്ല..എന്റെ അമ്മ പോലും..!
നമ്മുടെ മോൻ അങ്ങനെ ചെയ്യില്ലാന്ന് ഒന്നമ്മ പറഞ്ഞിരുന്നെങ്കിൽ....

എല്ലാം കഴിഞ്ഞ് മുറി തൂത്ത് വാരാൻ ചെന്ന ജാനുവമ്മായി കട്ടിലിന്നടിയിൽ കാശ് കിടക്കുന്നത് അമ്മയെ വിളിച്ച് കാണിക്കുന്നത് ഞാൻ കണ്ടതാണ്.അപ്പോഴും അമ്മ എന്നെയൊന്ന് ആശ്വസിപ്പിക്കാൻ പോലും വന്നില്ല.
ഇതെന്റെ പഴയ അമ്മയല്ലെന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു പോയി.രവി വീണ്ടും കണ്ണുകൾ തുടച്ചു..
 അന്നത്തെ തലതിരിഞ്ഞ ബുദ്ധിക്ക് വീട് വിട്ടിറങ്ങിയതാണ്.അമ്മ ഉറങ്ങി കിടക്കുവാരുന്നു,പതിയെ ആ കാല്ചുവട്ടിൽ ചെന്ന് ഒരായിരം മാപ്പ് ഞാൻ പറഞ്ഞു.. അമ്മക്ക് എന്നും നന്മയുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കും അമ്മേ !
പിന്നെങ്ങനൊക്കെയോ ഇവിടം വരെയെത്തി..

വിതുമ്പുന്ന എന്നെ നോക്കി ശ്രീദേവി കണ്ണ് ചിമ്മാതിരിക്കൂന്നത് ഞാനപ്പോളാണ് കണ്ടത്..

പെട്ടെന്ന് വിഷയം മാറ്റാൻ എനിക്ക് കഴിഞ്ഞു..
സമയം രണ്ട് കഴിഞ്ഞു,ശ്രീദേവി കിടന്നോളു,ഞാനിവിടെ തന്നെയുണ്ട്,ഇവിടെ വന്ന് കുട്ടിയെ ആരും ഉപദ്രവിക്കാൻ ഞാൻ സമ്മതിക്കത്തില്ല.ബാക്കിയെല്ലാം നാളെ മുതലാളി വന്നിട്ട് തീരുമാനിക്കാം.ക്യാമറ എടുത്ത് ബാഗിലാക്കി അവൻ അലമാരയിൽ വെച്ചു. ആരേലും അന്വേഷിച്ചു വന്നാൽ കൊടുക്കാം.ചിന്തകൾക്ക് ചൂട് പിടിച്ച് ഉരുകുന്ന കാരണം അവന് ഉറക്കം വന്നേയില്ല..പിറ്റേന്ന് മുതലാളി വന്നപ്പോൾ തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു..അവൾക്ക് തിരികെ പോവാൻ താത്പര്യമില്ലെന്ന് പറഞ്ഞു, പോയാൽ വീണ്ടും..
ഞാൻ ഒരുവിധത്തിൽ മുതലാളിയെ പറഞ്ഞ് സമ്മതിപ്പിച്ചു..കടയുടെ അടുത്ത തന്നെ അവൾക്ക് താമസവും ഏർപ്പാടാക്കി.

കുറച്ച് നേരം കഴിഞ്ഞ് കടയിലേക്ക് ഒരാൾ സങ്കടത്തോടെ മുതലാളിയോട് സംസാരിക്കുന്ന കണ്ട് ചെന്നപ്പോൾ അയാൾ ക്യാമറ തപ്പി വന്നതാണത്രേ.എവിടെ വച്ചെന്ന് ഒാർമയില്ല.അയാൾ വല്ലാത്ത സങ്കടത്തിലാണെന്ന് കണ്ട് ഞാൻ ഒാടിപ്പോയി അലമാരയിൽ നിന്നും ബാഗ് എടുത്ത് കൊണ്ട് വന്ന് അയാൾക്ക് കൊടുത്തു .ഇന്നലെ ഇവിടേ താഴെ ഇരിയ്ക്കുകയായിരുന്നു..അയാൾ അത്യധികം സന്തോഷത്തോടെ രവിയെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.. എന്നിട്ട് പേഴ്സിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടെടുത്ത് രവിക്ക് നേരെ നീട്ട് പറഞ്ഞു..
ഈ ക്യാമറ എന്റെ അമ്മ മരിക്കും മുന്നേ എനിക്ക് തന്ന സമ്മാനമാണ്..ഞാനിത് ജീവനെപ്പോലെ സ്നേഹിക്കുന്നു , ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല , ഇത് വെച്ചോളൂ,എന്റെയൊരു സന്തോഷത്തിന്.."

രവി അത് സ്നേഹപൂർവം നിരസിച്ചു..അയാൾ നന്ദി പറഞ്ഞു യാത്രയായി.
ശ്രീദേവിയുടെ കാര്യത്തിൽ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങളൊന്നും ഉണ്ടാകാത്തത് രവിക്ക് ആശ്വാസമായി..അവൾക്കും.

ഇടക്കൊക്കെ അവൾ കടയിൽ വന്ന് സഹായിക്കാനും തുടങ്ങി.ദേവൂന്ന് വിളിക്കാനായിരുന്നു എനിക്കിഷ്ടം..
ദിവസങ്ങൾ കഴിയുന്തോറും അവളെന്റെ മനസിൽ കയറി താമസക്കാരി ആയി മാറുകയാണ്.ഒരുദിവസം എന്റെ മനസിലെ ഇഷ്ടം അവളോട് തുറന്ന് പറഞ്ഞു.പക്ഷേ അവൾ മറുപടി ഒന്നും പറയാതിരുന്നപ്പോൾ ഇത്ര ധൃതി വേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നി.ഇനിയവൾ ഇതിന്റെ പേരിൽ മിണ്ടാതിരിക്കുകയോ കടയിൽ വരാതിരിക്കുകയോ ചെയ്തേക്കുമെന്ന് ഞാൻ ഭയന്നു!ഭയന്നപോലെ അവൾ രണ്ട് ദിവസം കടയിൽ വന്നില്ല , എനിക്ക് വല്ലാത്ത നിരാശ തോന്നി..
മൂന്നാം ദിവസം രാവിലെ കട തുറന്ന് ഞാനവളുടെ വരവിനായി കാത്തിരുന്നു .ഉച്ചയാകാറായപ്പോൾ അവൾ വന്നു..പക്ഷേ എന്നോടൊന്ന് മിണ്ടുകയോ മുഖത്ത് നോക്കുകയോ ചെയ്തില്ല അവൾ. എന്റെ ചങ്ക് പിടച്ചു.

പെട്ടെന്ന് ഒരാൾ കയറി വന്ന് ഹലോ രവീ എന്ന് വിളിച്ചു..ആദ്യം ആളെ മനസിലായില്ലെങ്കിലും കൈയിലെ ബാഗ് കണ്ടപ്പോൾ ഒാർമ്മ വന്നൂ.അന്നത്തെ ക്യാമറക്കാരൻ.ഇയാളേന്താ വീണ്ടും എന്നാലോചിച്ച് തുടങ്ങിയപ്പോഴേ അയാള് ബാഗ് തുറന്ന് എന്തോ കൈയിലെടുത്തൂ.എന്നിട്ട് പറഞ്ഞു..

ആ ക്യാമറയിൽ അന്ന് ഞാനെടുത്ത കുറേ ചിത്രങ്ങൾ ഉണ്ടാരുന്നു,അത് ലാബിൽ കഴുകിയെടുക്കൂമ്പോളാണ് ഈ ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടത് , ഇത് പക്ഷേ ഞാനെടുത്തതല്ല, ഇനി രവിയെങ്ങാനുമ എടുത്തതാണെങ്കിൽ ഒന്ന കാണിച്ചേക്കാമെന്ന് കരുതി..
അയാൾ ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി. മടിച്ചാണ് വാങ്ങിയതെങ്കിലും ഫോട്ടോ കണ്ട എന്റെ കണ്ണുകൾ അത്ഭുതപ്പെടുന്നത് അയാൾ നോക്കി നിൽക്കയാണ്..
അന്ന് രാത്രി ഞാനറിയാതെ എടുത്ത ഫോട്ടോ , ദേവൂന്റെ മുഖം! എന്ത് ചന്തമാണ് ആ മുഖത്തിന് , കണ്ണീരിന്റെ തിളക്കമുള്ള ഫോട്ടോ!ഞാനതിൽ നിന്നും കണ്ണ് എടുക്കാൻ കഴിയാതെ നിൽക്കുന്ന കണ്ടയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.  അത് രവി തന്നെ വെച്ചോളു.

പിന്നെ,രവിക്കുള്ളിൽ ഒരു ക്യാമറാമാൻ ഉണ്ട്. അതൊന്ന് ഉണർത്തിയെടുത്തിൽ നല്ലൊരൂ ഫോട്ടോഗ്രാഫർ ആകാൻ രവിക്ക് സാധിക്കും, രവിക്ക് വിരോധമില്ലെങ്കിൽ എന്റെ കൂടെ നിൽക്കാമോ..??

അതിന് എനിക്ക് ഫോട്ടോ എടൂക്കാനൊന്നും അറിയില്ല സാർ..ഇതന്ന് അബദ്ധത്തിൽ !

ഞാൻ പറഞ്ഞു തീർക്കാൻ സമ്മതിച്ചില്ല അയാൾ ,രവി എന്റെ കൂടെ നിന്നാൽ മാത്രം മതി ബാക്കി എല്ലാം ഞാൻ ശരിയാക്കിത്തരാം..

അങ്ങനെ ആ നിർബന്ധത്തിന് ഞാൻ സമ്മതിച്ചു. മുതലാളിക്കും ആ കാര്യത്തിൽ എതിർപ്പില്ലായിരുന്നു..!ഞാൻ പതുക്കെ ദേവൂന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞു.. ദേവു എന്നോട് ക്ഷമിക്കണം..മനസിലെ ഇഷ്ടം അറിയാതെ പറഞ്ഞു പോയതാ..ഇനിയൊരു ശല്യമായി ഞാൻ വരില്ല..ഞാൻ പോവാണ്..
അവൾ തിരിഞ്ഞ് നിന്ന് എന്റെ മുഖത്ത് നോക്കി..അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലിക്കാൻ കഴിഞ്ഞില്ല..
അവൾ പറഞ്ഞു

" എനിക്കും വരണം രവിയേട്ടന്റെ കൂടെ.. എന്നേം കൊണ്ട് പോണം..രവിയേട്ടന്റെ പെണ്ണായി..എനിക്കിഷ്ടമാണ് രവിയേട്ടനെ".
എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.
ഒറ്റ നിമിഷം കൊണ്ട് സ്വർഗവും ഭൂമിയും കാൽച്ചുവട്ടിലാക്കിയവനെപ്പോലെ ഞാൻ നിന്നൂ!
അല്ലെങ്കിലും ഒരു പെണ്ണിന്റെ മനസ് ജയിക്കുന്നത് വിശ്വം ജയിക്കുന്നതിലും വലുതാണെന്ന് അന്ന് ഞാനറിഞ്ഞു...!!
 അങ്ങനെ ഞങ്ങൾ ജീവീതം തുടങ്ങി.. വരദാനം പോലെ രണ്ട് പൊന്നുമക്കൾ.

ജീവിതം പ്രതീക്ഷയുടെ തുരുത്തിൽ പച്ചപിടിക്കാൻ തുടങ്ങുകയായിരുന്നൂ..അപ്പോഴാണ് ഇടിത്തീ പോലെ അതുണ്ടായത്..ആദ്യമൊക്കെ ചെറിയ തലവേദന വന്നു കാര്യമാക്കിയില്ല.പെട്ടെന്ന് ഒരുദിവസം ബോധമറ്റ് സ്റ്റുഡിയോയിൽ വീണു . ആരൊക്കേയോ താങ്ങി ആശുപത്രിയിൽ എത്തിച്ചു.പരിശോധനക്ക് ശേഷം രണ്ട് ദിവസത്തേക്ക് അഡ്മിറ്റാകാൻ ഡോക്ടർ പറഞ്ഞു.. ഇനിയും എന്തൊക്കെയോ ടെസ്റ്റുകൾ വേണമെന്ന് ദേവൂട്ടി പറഞ്ഞു.. അവസാനം ആ സത്യം ഞാനറിഞ്ഞു..!!
എനിക്ക്  തലയിൽ ചെറിയ ട്യൂമർ !
കീഴടക്കിയ ലോകമെല്ലാം കാല്ചുവട്ടിൽ നിന്നും ഇടിഞ്ഞ് താഴേക്ക്  നിലംപതിക്കുകയാണെന്ന് തോന്നിയ ആ നിമിഷം..!!ഒരു കുഞ്ഞിനെപ്പോലെ വാവിട്ട് കരഞ്ഞു കൊണ്ട് ഞാനെന്റെ തലയിൽ രണ്ട് കൈ കൊണ്ടും പ്രഹരിക്കുവാൻ തുടങ്ങി.. ദേവൂട്ടി ഓടിവന്ന് കൈകൾ ചേർത്ത് പിടിച്ചു.

 എന്താ രവിയേട്ടാ ഇത് !എന്താ ഈ കാട്ടണേ?
രവിയേട്ടാ , അങ്ങനെ വലിയ കുഴപ്പമൊന്നുമില്ല രവിയേട്ടന്..ഇത് തുടക്കമാണ്..ചെറുതാ അത് .കൃത്യമായി മരുന്ന് കഴിച്ചാൽ സുഖാവൂന്നാ ഡോക്ടർ പറഞ്ഞത്..പിന്നെന്തിനാ രവിയേട്ടൻ സങ്കടപ്പെടണേ..ഞാനില്ലേ കൂടെ..നമ്മുടെ മക്കളെ ഓർത്തെങ്കിലും രവിയേട്ടൻ ഇങ്ങനൊന്നും ചെയ്യല്ലേ..

ദേവൂട്ടിയുടെ ശബ്ദം നേർത്ത് കരച്ചിലിന്റെ വക്കെത്തിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്..
ഞാനവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..!!
എത്രനേരം കഴിഞ്ഞാണ് ഞാൻ എന്നിലേക്ക് തിരിച്ചെത്തിയതെന്നറിയില്ല..
അവളെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു

എനിക്കെന്റെ അമ്മയെ ഒന്ന് കാണണം ദേവൂ..എത്രയും പെട്ടെന്ന്..ഇനി ചിലപ്പോൾ അതിന് പറ്റിയില്ലെങ്കിലോ??

പോവാം രവിയേട്ടാ.. നമുക്ക് പോവാം..
രവിയേട്ടന്റെ നാട്ടിൽ പോയി എല്ലാവരെയും കാണാം,പക്ഷേ ആരേം ഒന്നും അറിയിക്കണ്ട
അവൾ പറഞ്ഞത് ശരിയാണ്, ആരേം ഒന്നുമറിയിക്കാതെ സന്തോഷത്തോടെ പോയി വരണം.

അടിവാരം അടിവാരം..ആരേലും ഇറങ്ങാനുണ്ടോ ഇനി..
ബസിലെ കിളിയുടെ ശബ്ദം കാതിൽ ആഞ്ഞടിച്ചപ്പോൾ ചിന്തകളുടെ കെട്ട് പൊട്ടിച്ച് ഒരു പട്ടം പോലെ മണ്ണിലേക്ക് പതിക്കുന്നതായി ഞാനനുഭവിച്ചു.. ദേവൂനേം മക്കളേം ചേർത്ത് പെട്ടെന്ന് തന്നെ ബസിൽ നിന്നുമിറങ്ങി..
 പരിഷ്കാരം അത്രകണ്ട് വന്നിട്ടില്ലെങ്കിലും തന്റെ പതിനഞ്ച് വയസിന്റെ കാഴ്ചയിലെ നാട്ടുമ്പുറമല്ല അതെന്ന് എനിക്ക് തോന്നി!പണ്ടത്തെ ചെറിയൊരു ചായക്കടയുടെ സ്ഥാനത്ത് സാമാന്യം നല്ലൊരു ഹോട്ടലുണ്ട്..
അമ്മൂസിനെ ഉണർത്ത് ദേവൂ..നമുക്കെന്തേലും അവിടുന്ന് കഴിച്ചിട്ട് പോകാം..അവർ കടയിൽ നിന്നും കഴിച്ചിറങ്ങി തോട്ടടുത്ത ഓട്ടോ സ്റ്റാന്റിൽ ചെന്ന് ആദ്യം കണ്ട ഓട്ടോ തന്നെ വിളിച്ചു..

മുല്ലശ്ശേരി തറവാട്..ആ അമ്പലത്തിനടുത്തുള്ളത്..രവി പറഞ്ഞു..

മുല്ലശ്ശേരി അറിയാത്ത ആരാ ഉള്ളത്..നിങ്ങൾ കേറ് മാഷേ..!!
ചിരിച്ച് കൊണ്ട് ഓട്ടോക്കാരൻ തിരിഞ്ഞ് നോക്കി അത്ഭുതത്തോടെയും സ്വന്തം കണ്ണിനെ വിശ്വാസമില്ലാത്ത പോലെ രവി അയാളെ  നോക്കി..
ജയൻ അല്ലെ ?
 ഓട്ടോക്കാരൻ മനസ്സിലാകാത്ത പോലെ രവിയെ തുറിച്ചു നോക്കി..
 ജയാ ഇത് ഞാൻ ആണ് രവി , മുല്ലശ്ശേരിയിലെ രവി !  അയാൾ സീറ്റിൽ നിന്നു പെട്ടെന്ന് ചാടിയിറങ്ങി, “
ഇത് നീ തന്നെയാണോ..എന്നും പറഞ്ഞ് രവിയെ കെട്ടിപ്പിടിച്ചൂ..

അതേ..എന്റെ കളിക്കൂട്ടുകാരൻ ജയൻ തന്നേ .. ടാ ജയാ!
നഷ്ട പട്ടികയിൽ എഴുതിച്ചേർത്ത സൗഹൃദം..ഇപ്പോളിതാ എന്റെ കൺമുന്നിൽ!

ഓട്ടോ നീങ്ങിതുടങ്ങിയിട്ടും അവൻ വിശേഷങ്ങൾ പറഞ്ഞ് കൊണ്ടേയിരുന്നൂ..ഇടക്ക് രവി തല തിരിച്ച് ദേവൂനോടായി പറഞ്ഞൂ..ഇവനെന്റെ ഉറ്റ ചങ്ങാതിയാണ് , പേര് ജയൻ
എന്താ മോളുടെ പേര് ജയൻ ചോദിച്ച കേട്ട് അനുവാണ് ഉത്തരം പറഞ്ഞത്.

എന്റെ പേര് അനാമിക. അനുമോൾ എന്ന് വിളിക്കും.ഇതെന്റെ അനിയത്തി അവനിക..അമ്മൂട്ടീന്ന് വിളിക്കും..
ആഹാ..നല്ല പേരാണല്ലോ..മിടുക്കിയാട്ടോ..ജയൻ പറഞ്ഞു..

നീ ആരേ കാണാനാ മുല്ലശ്ശേരിക്ക് പോണേ?

ജയന്റെ ചോദ്യം ഒരു തമാശപോലെയാണ് എനിക്ക് തോന്നിയത്..അമ്മയെ കാണാൻ..!

അമ്മയേം,അച്ഛനേം ഉണ്ണീനേം എല്ലാരേം കാണണം..

അവൻ വണ്ടി പതുക്കെ നിറുത്തിയിട്ട് പറഞ്ഞു..
അമ്മയെ കാണാൻ അങ്ങോട്ട് പോകണമെന്നില്ല..മുല്ലശ്ശേരി അമ്മ അവിടെയില്ല .

പിന്നെയെന്ത് പറയണമെന്ന് പറയാൻ കഴിയാതെ ജയൻ വിഷമിക്കുന്ന കണ്ട് രവിക്ക് എന്തോ അസ്വസ്ഥത തോന്നി..അമ്മ എവിടെയാണ് ജയാ..അമ്മക്കെന്താ പറ്റിയത്,പറ ജയാ,രവി വികാരാധീനനായി.
പറയാം..എല്ലാം പറയാം..

നീ നാട് വിട്ട് പോയതിൽ പിന്നെ മുല്ലശ്ശേരി അമ്മ സന്തോഷം എന്താന്ന് അറിഞ്ഞിട്ടില്ല. ജയൻ തുടർന്നൂ. ഇത്ര വർഷം അവർ ജീവിച്ചത് തന്നെ നിന്നെയെന്നെങ്കിലും വീണ്ടും കാണാൻ വേണ്ടിയാണ് രവീ.
ഉണ്ണി വളർന്നപ്പോൾ അവന്റെ സ്വഭാവവും മാറി.ഏതോയൊരു പണക്കാരി പെണ്ണിനെ വിളിച്ചോണ്ട് വന്നു,പിന്നെ മുല്ലശ്ശേരി വീട് അവളുടെ കാൽകീഴിലായി,ഉണ്ണിയും എല്ലാത്തിനും വളംവച്ച് കൊടുത്തു എന്ന് പറയുന്നതാണ് ശരി!അമ്മയേം അച്ഛനേം അവൾ വേലക്കാരെപ്പോലെയാണ്ക ണ്ടത്..മൂന്ന് വർഷം മുന്നേ മുല്ലശ്ശേരി അച്ഛൻ മരിച്ചൂ.അതോടെ അമ്മക്ക് മാനസികനില തെറ്റിയ പോലായി..നിന്റെ പേരും പറഞ്ഞാണ് അവർ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നത്!നിന്നോട് ചെയ്ത പാപം കൊണ്ടാണത്രേ ഇങ്ങനെയൊക്കെ.!
രവീ,ഉണ്ണി അമ്മയെ നഗരത്തിലുള്ള ആശുപത്രിയിലാക്കിയിരിക്കുകയാണ്..!!

വണ്ടി നേരെ ആശുപത്രിയിലേക്ക് വിട് ജയാ..
രവി വേദന അമർത്തി വെക്കുന്നത് ദേവൂട്ടി മാത്രമാണറിഞ്ഞത്..അവൾ രവിയുടെ കൈകളിൽ മുറുകേ പിടിച്ചു.
രവിയേട്ടാ.. ധൈര്യമായിരിക്ക്. അമ്മയെ നമുക്ക് കൊണ്ട് പോകാം,നമുക്ക് നോക്കാം അമ്മയെ..!
രവി ദേവൂന്റെ കൈകളിൽ അമർത്തിപ്പിടിച്ചു..
ജയൻ ഒാട്ടോ വേഗം നഗരത്തിലുള്ള ആശുപത്രിയിലേക്ക് തിരിച്ചു..
രവിയപ്പോൾ ഓർമ്മകൾക്ക് പിന്നാലെ പായുകയായിരുന്നു..

അന്ന് അച്ഛന്റേയും അമ്മയുടേയും സംസ്കാരം കഴിഞ്ഞ് ബന്ധുക്കൾ തമ്മിൽ എന്തോ കാര്യമായ ചർച്ചയാണ്..അത് എന്നെക്കുറിച്ചായിരുന്നു..എന്നെഇനിയാരു ഏറ്റെടുക്കും എന്നതാണ് വിഷയം..!!എല്ലാരും കൈയൊഴിയാൻ നോക്കിയപ്പോൾ വല്ല്യമ്മ മുന്നോട്ട് വന്ന് പറയുന്ന കേട്ടു..

രവിയെ ഇനിമുതൽ ഞാൻ വളർത്തിക്കോളാം..എന്റെ മോനായി..ഞങ്ങൾക്കാണേൽ വിവാഹം കഴിഞ്ഞ് ആറേഴ് വർഷമായിട്ടും ഒരു കുഞ്ഞിനെ ഈശ്വരൻ തന്നില്ല..
എത്രയായാലും രവി എന്റെ കൂടപ്പിറന്റെ മകനല്ലേ..അപ്പോൾ അവനെന്റെ മകൻ തന്നെയായീ വളരുന്നതാ നല്ലത്..

വല്ല്യമ്മയുടെ അഭിപ്രായത്തിന് ആരും എതിര് പറഞ്ഞില്ല..കാരണം എല്ലാർക്കും ഞാൻ തലയിൽ നിന്ന് ഒഴിവായല്ലോ എന്ന ആശ്വാസമായിരുന്നൂ..!
വല്ല്യമ്മ എന്റെ അടുത്ത് വന്നിരുന്നു..എന്റെ തലയിൽ പതുക്കെ തലോടിക്കൊണ്ട് ചോദിച്ചു..
രവി മോൻ ഞങ്ങടെ കൂടെ പോരുന്നോ..എന്റെ മോനായി ഞാൻ നോക്കിക്കോളാം.
.വല്ല്യമ്മ പറഞ്ഞതിന്റെ ഗൗരവം മനസിലായില്ലെങ്കിലും ഞാൻ സമ്മതമാണെന്ന് തലയാട്ടി..
വല്ല്യമ്മ എന്നെ ചേർത്ത് പിടിച്ചു..

ഞങ്ങൾക്കിനി കുഞ്ഞുങ്ങൾ ഉണ്ടാവുമോ ഇല്ലയോ എന്നൊന്നും എനിക്ക് നിശ്ചയമില്ല..എങ്കിലും നീ തന്നെയാണ് എന്റെ മകൻ..എന്റെ മൂത്ത മകൻ...!!

വല്ലമ്മയുടെ കണ്ണ് നിറയുന്ന കണ്ട് ഞാൻ ചോദിച്ചു..

വല്ല്യമ്മ എന്തിനാ കരയണേ.?
അല്ല..ഇനിമുതൽ വല്ല്യമ്മ എന്നല്ല..അമ്മ എന്ന് വേണം വിളിക്കാൻ..ഇന്ന് മുതൽ രവിമോന്റെ അമ്മ ഞാനാണ്..

അത്ഭുതത്തോടെ നോക്കിക്കൊണ്ട് ഞാനാദ്യമായി അമ്മേയെന്ന് വിളിച്ചു..എന്റെ നെറ്റിയിൽ തെരുതെരേ ഉമ്മ വെക്കുമ്പോൾ അമ്മയുടെ ചൂട് കണ്ണീരെന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു..
 എന്നെ സ്കൂളിൽ ചേർക്കാൻ പോവാണെന്ന് അച്ഛൻ പറഞ്ഞപ്പോൾ അമ്മയുടെ ആവലാതി ഒന്ന് കാണേണ്ട തന്നെയായിരുന്നൂ..!!

രവി പോയാൽ പിന്നെ ഞാനിവിടെ ഒറ്റക്കല്ലേ..അതെങ്ങനെ ശരിയാവും..എനിക്ക് മിണ്ടാനും പറയാനും പിറകേ നടക്കാനും അവനല്ലേയുള്ളൂ..
അമ്മയുടെ പരിഭവം കേട്ട് അച്ഛനുറക്കെ ചിരിച്ചു..
എന്റെ സരസൂ, അവനെ പഠിക്കാൻ സ്കൂളിലേക്കാണ് വിടൂന്നത്..രാവിലെ പോയി വൈന്നേരത്തോടെയെത്തില്ലേ..
നിന്റെ പറച്ചിൽ കേട്ടാൽ തോന്നും അവനെ ഇവിടുന്ന് നാട് കടത്തുവാണെന്ന്..

ഓ..!!നിങ്ങൾക്കെല്ലാം തമാശ തന്നേ..എന്റെ സങ്കടമാരു കേൾക്കാനാ..അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പിറകേ ചെന്നു..ഞാൻ ചെല്ലുമ്പോൾ അമ്മ സാരിത്തലപ്പു കൊണ്ട് കണ്ണ് തുടക്കൂവാരുന്നു..
ഞാൻ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു നിന്നു..അമ്മക്കിഷ്ടല്ലേൽ ഞാൻ പോണില്ല സ്കൂളിൽ..എനിക്ക് പഠിക്കണ്ട..ഞാനമ്മയെ വിട്ടേച്ചെങ്ങും പോവില്ല..
ചിരിച്ചെന്ന് വരുത്തി അമ്മ പറഞ്ഞു..
അയ്യോ..അങ്ങനെ പറയല്ലേ മോനേ..സ്കൂളിൽ പോയി നല്ല കുട്ടിയായി പഠിച്ച് മിടുക്കനാകണം..എന്നിട്ട് നല്ല ഉദ്യോഗമൊക്കെ ആയിക്കഴിയുമ്പോൾ ഒരു സുന്ദരിപ്പെണ്ണിനെയൊക്കെ കെട്ടി നല്ല വീടൊക്കെ വച്ച്,നല്ല സുഖായി ജീവിക്കണം..എന്നാലേ അമ്മക്കും അച്ഛനും സന്തോഷമാകൂ.
പുതിയ പെണ്ണൊക്കെ വന്ന് കഴിഞ്ഞാൻ നീ ഞങ്ങളെ മറക്കുവോ മോനേ..
എനിക്ക് പെണ്ണൊന്നും വേണ്ട..എനിക്കെന്റെ അമ്മ മാത്രം മതി..
ഞാനെന്റെ അമ്മയെ വിട്ടെങ്ങും പോവില്ല..സത്യം.!
ഞാൻ നോക്കിക്കോളാം എന്റെ അമ്മയെ..!

ഉണ്ണിക്കുട്ടൻ അമ്മയുടെ വയറ്റിലുണ്ടെന്ന് അറിഞ്ഞാണ് അമ്മയെ നോക്കാനും വീട്ടുകാര്യങ്ങളിൽ സഹായിക്കാനുമായി അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ജാനുവമ്മായിയെ മുല്ലശ്ശേരിയിൽ കൊണ്ട് വന്നത്.
അതോടെ വീട്ടിലെ പല കാര്യങ്ങളും താളം തെറ്റി തുടങ്ങുകയായിരുന്നൂ..
അവർക്കെന്തോ എന്നെയത്ര ബോധിച്ചിരുന്നില്ലയെന്ന് അവരുടെ പ്രവൃത്തികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു..അതിന്റെ കാരണം മാത്രം അജ്ഞാതമായി തുടർന്നു..ആയമ്മയുടെ മക്കളെല്ലാം നല്ല നിലയിലാണ്..പക്ഷേ അവരാരും ആയമ്മയെ നോക്കിയിരുന്നില്ല..ഒാരോരോ ബന്ധുവീടുകളിൽ അവർ മാറി മാറി താമസിച്ചു പോന്നൂ..ഒരിടത്തും സ്ഥിരമല്ല..!!
ഞാൻ തൊടുന്നതെല്ലാം അവർക്ക് കുറ്റമായിരുന്നു..ഒാരോ കള്ളക്കഥകളുണ്ടാക്കി എന്നെ അച്ഛന്റെ തല്ല് കൊള്ളിക്കൂന്നതായിരുന്നു അവരുടെ ഇഷ്ട വിനോദം..!
തരം കിട്ടുമ്പോഴെല്ലാം അമ്മയോടും അവർ ഏഷണി കൂട്ടി..
ആദ്യമൊക്കെ അമ്മയതിൽ നീരസം കാണിച്ചിരുന്നെങ്കിലും പതിയെ അമ്മയും അവരുടെ സ്വാധീനത്തിലായി..അതോടെ ആ വീടിന്റെ ഭരണം മുഴുവൻ തനിക്കാണെന്ന ഭാവമായിരുന്നു ആയമ്മക്ക്..!

കുഞ്ഞായാൽ രവിയെ അങ്ങോട്ടൊന്നും അടുപ്പിക്കണ്ടാട്ടോ സരസൂ..ആ ചെക്കന്റെ കണ്ണ് പെട്ടാലേ എല്ലാം നശിക്കും..അസത്ത്..കുഞ്ഞിനെയെങ്ങാനും നുള്ളുകയോ ഉപദ്രവിക്കുകയോ ചെയ്താലോ..നമ്മൾ സൂക്ഷിച്ചാ നമുക്ക് കൊള്ളാം...
അവരുടെ ഉപദേശം അമ്മയെ എന്നിൽ നിന്നുമകറ്റാൻ താമസമുണ്ടായില്ല..
ഉണ്ണി പിറന്നതോടെ അമ്മയെന്നെ തീരെ ഗൗനിക്കാതെയായി...കുഞ്ഞിന്റെയടുത്തൊന്ന് ചെല്ലാൻ പോലും എനിക്കനുവാദമില്ലായിരുന്നു..ഉണ്ണി വളർച്ച ഒരു അന്യനെപ്പോലെ നോക്കിനിൽക്കാനാരുന്നു എന്റെ വിധി..
അവനേം എന്നോട് മിണ്ടാനോ കളിക്കാനോ ആയമ്മ സമ്മതിച്ചില്ല..!!
അന്ന് രൂപ നഷ്ടപ്പെട്ട ആ ദിവസം..!!
അതെനിക്ക് മറക്കാൻ കഴിയണില്ല..എന്റെയമ്മ പോലും എന്നെ തള്ളിപ്പറഞ്ഞ ആ ദിവസം..
അത് സഹിക്ക വയ്യാതെയാണ് താനന്ന്..

സഡൻ ബ്രേക്കിട്ട് ഓട്ടോ നിന്നതിനൊപ്പം ഓർമ്മകളും ബ്രേക്കിട്ടു..ആശുപത്രിയുടെ ഗേറ്റ് കടന്ന് പാർക്കിംഗ് ഏരിയയിൽ വണ്ടിയൊതുക്കി ജയൻ സീറ്റിൽ നിന്നുമിറങ്ങി..
രവീ..നമ്മളെത്തി..ഈ ആശുപത്രിയാണെന്നാ പറഞ്ഞ് കേട്ടത്..
രവി ഓട്ടോയിൽ നിന്നിറങ്ങി ആകെയൊന്ന് കണ്ണോടിച്ചു..അത്ര ചെറുതല്ലാത്ത ആശുപത്രിയാണത്...
 വാ നമുക്ക് പോയൊന്ന് അന്വേഷിച്ച് വരാം..
ഞങ്ങളും വരാം രവിയേട്ടാ..ദേവൂമ മക്കളും ഇറങ്ങി വന്നു..
കൺമുന്നിൽ കണ്ടയാളോട് മാനസികരോഗ വിഭാഗം എവിടെന്ന് ജയൻ ചോദിച്ച് മനസിലാക്കി..

ആശുപത്രിയുടെ മുഖ്യ കെട്ടിടത്തിന് പിന്നിലുള്ള രണ്ട് നില കെട്ടിടത്തിലേക്ക് കയറാൻ തുടങ്ങിയപ്പോളേ പലതരത്തിലുള്ള ഒച്ചയും ബഹളവും കേട്ട് അനുമോൾ എന്റെ കൈയിൽ മുറുകെപ്പിടിച്ചു..
അച്ഛാ..അവൾ വിളിച്ചു..എനിക്ക് പേടിയാവുന്നൂ..
ഞാൻ ദേവൂനെ നോക്കി..
ആ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ചെറിയ ഒരുദ്യാനമുണ്ടായിരുന്നു..വരുന്ന സന്ദർശകർക്ക് അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യം അവിടുണ്ടായിരുന്നു..!!
 രവി ദേവൂനോട് മക്കളേം കൂട്ടി അവിടെപ്പോയിരിക്കാൻ പറഞ്ഞു..
അവർക്ക് വിശക്കുന്നുണ്ടാവും..ബാഗിൽ ബിസ്കറ്റും വെള്ളവുമില്ലേ..അതവർക്ക് കൊടുക്ക്..ഞങ്ങൾ പോയി വരാം..മാത്രവുമല്ല ഇവിടെ എത്രപേർക്ക് പ്രവേശനം അനുവദിക്കുമെന്നും അറിയില്ലല്ലോ..

ദേവൂം മക്കളും അവിടെപ്പോയി ഇരുന്ന ശേഷമാണ് രവി അകത്തേക്ക് പോയത്.അകത്ത് ചെന്ന് അന്വേഷണ വിഭാഗത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..അമ്മയെ കാണാൻ അനുമതി ചോദിച്ചപ്പോൾ ആദ്യമൊന്നും അവർ സമ്മതിച്ചില്ല.. പിന്നെ എന്റെ നിർബന്ധത്തിന് മുന്നിൽ പത്ത് മിനിറ്റ് നേരത്തേക്ക് അനുമതി കിട്ടി..രണ്ടാം നിലയിലെ ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ ജയൻ പറഞ്ഞു..
നീ പോയ ശേഷം മുല്ലശ്ശേരിക്ക് ഞാൻ പോവാറില്ലായിരുന്നു..അമ്മ അമ്പലത്തിൽ പോകും വഴി മുല്ലശ്ശേരി അമ്മയെ കാണാറുണ്ടായിരുന്നു..അവർക്കെന്നും നിന്റെ കാര്യം പറയാനേ ഉണ്ടാരുന്നുള്ളൂ..നിന്നോട് വലിയ തെറ്റ് ചെയ്തെന്നും,അതിന്റെയാണീ അനുഭവിക്കുന്നതെന്നുമൊക്കെ അമ്മയോട് പറയുമായിരുന്നു..
അത് പറയുമ്പോഴെല്ലാം മുല്ലശ്ശേരിയമ്മ പൊട്ടിക്കരയും..!!
പിന്നെ ജാനുമ്മേടെ വാക്ക് കേട്ട് ഞാനെന്റെ മോനെ വെറുത്തല്ലോ..ഞാൻ വല്യ പാപിയാണ്..എന്നെ കാണാനിനി അവനെന്നെങ്കിലും വരുമോ എന്നൊക്കെ വെറുതേ ആരോടെന്നില്ലാതെ പറഞ്ഞോണ്ടിരിക്കും.. എന്നിട്ട് കരയും

ജയന്റെ ശബ്ദമിടറുന്നത്  ഞാൻ ശ്രദ്ധിച്ചു..

സെല്ലിന്റെ വാതിൽ തുറക്കുമ്പോൾ അറ്റന്റർ പറഞ്ഞു.. സൂക്ഷിക്കണം..ഇടക്കിടെ ഉപദ്രവമുള്ള സ്ത്രീയാണ്..ഇവരെ കാണാൻ ആരുമങ്ങനെ വരാറില്ല..
രവി അകത്ത് കയറി അമ്മേയെന്ന് പതുക്കെ വിളിച്ചു..
കട്ടിലിൽ പിന്തിരിഞ്ഞു കിടന്നിരുന്ന ആ രൂപം തന്റെ അമ്മ തന്നെയാണെന്ന് രവിക്ക് വിശ്വസിക്കാനായില്ല..രവി വീണ്ടും വിളിച്ചു.. അവർ പതിയെ കൈകുത്തി എഴുന്നേറ്റ് തിരിഞ്ഞിരുന്ന് രവിയെ നോക്കി..ആളെ മനസിലിക്കാൻ കഴിയാതെ അവർ വീണ്ടും കിടക്കാൻ ഭാവിച്ചപ്പോൾ രവി പിന്നേം അമ്മേയെന്ന് വിളിച്ച് അവരുടെ അടുത്തേക്ക് ചെന്നു..
അവർ പതുക്കെ എഴുനേൽക്കാൻ ശ്രമിച്ചൂ..വളരേ ക്ഷീണിച്ച് എല്ലുകൾ മാത്രം ശേഷിക്കുന്ന ആ ശരീരം വിറക്കുകയായിരുന്നു..
ഒരടി വെക്കാൻ പോലും പ്രയാസപ്പെടുന്ന തന്റെ അമ്മയുടെ അവസ്ഥ കണ്ട് രവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു..
എത്ര സുന്ദരിയും ആരോഗ്യവതിയുമായിരുന്നൂ എന്റമ്മ..
ഒരായിരം തേനീച്ചകൾ ഒരുമിച്ച് തന്റെ തലക്കകത്തിരുന്ന് മൂളുന്ന പോലെ തോന്നി രവിക്ക്..!!

നടക്കാൻ വയ്യാതെ വേച്ച് വീഴാൻ തുടങ്ങേ രവി അമ്മയെ താങ്ങിപ്പിടിച്ച് കട്ടിലിലിരുത്തി..അവർ പതിയെ എന്തോ പിറുപിറുക്കുന്നത് രവി കണ്ടു..രവി അമ്മയുടെ കാൽച്ചുവട്ടിലിരുന്ന് കരഞ്ഞു..അമ്മയുടെ കാലുകൾ നെഞ്ചിലേക്ക് ചേർത്തയാൾ ഉറക്കെ പറഞ്ഞു.. എനിക്ക് മാപ്പ് തരൂ..അമ്മേ.ഈ പാപിക്ക് മാപ്പ് തരൂ..
അമ്മയുടെ ഈയവസഥക്ക് ഞാൻ മാത്രമാണല്ലോ ഉത്തരവാദി..
എന്റെ പിഴവാണമ്മേ..
അന്ന് ഞാനങ്ങനെ പോവാതിരുന്നെങ്കിൽ..
എന്റമ്മയെ ഉപേക്ഷിച്ച് പോകാൻ തോന്നിയല്ലോ എനിക്ക്..!!
ഈ പാപിയോട് ക്ഷമിച്ചെന്ന് പറയമ്മേ..
അയ്യോ..
ഞാൻ പൊന്ന് പോലെ നോക്കിക്കോളിമെന്ന് വാക്ക് തന്നതല്ലേ..എന്നിട്ടിപ്പോൾ..അമ്മയീ മുറിക്കുള്ളിൽ..ആരും തിരിഞ്ഞ് നോക്കാതെ..
പാപമാണ് ഞാൻ ചെയ്തത്..മഹാപാപം..!!

ചൂടുകണ്ണീർ കൊണ്ട് രവിയാ പാദം നനക്കുകയാണ്..ഏങ്ങലടിച്ച് ഒരു കുഞ്ഞിനെ പോലെ നിലവിളിക്കുന്നൂ..
പക്ഷേ അവർ അതൊന്നും ശ്രദ്ധീക്കാതെ കൈകൾ കൊണ്ടോരോ ആംഗ്യങ്ങൾ കാണിച്ച് പുലമ്പുകയായിരുന്നു..

മോനേ രവീ..നീയെവിടെയാ?,എന്താ അമ്മയെ കാണാൻ വരാത്തെ..എന്നോട് പിണക്കമാണോ മോൻ..
എന്നോട് ക്ഷമിക്കണോ മോനേ..നിന്നോട് ഞാൻ തെറ്റ് ചെയ്ത് പോയല്ലോ..!!

അവരുടെ വാക്കുകൾ രവിയെ കൂടുതൽ വേദനിപ്പിക്കുകയാണ്..

"അമ്മേ..അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല..
അമ്മയുടെ മക്കൾ ആരുമാവട്ടേ..എത്രപേരുണ്ടെങ്കിലും അവരെ എല്ലാം അമ്മയ്ക്ക് മക്കളെ എന്നു വിളിയ്ക്കാം, പക്ഷേ
എനിക്ക് അമ്മേയെന്ന് വിളിക്കാനീ ഭൂമിയിൽ അമ്മ മാത്രേയുള്ളൂ..
എന്റെ ആയുസിന്റെ നീളമെത്രയെന്നറിയില്ല..അത്രയും നാൾ ഞാനെന്റെ അമ്മയെ സംരക്ഷിക്കും..പൊന്ന് പോലെ..!!
അങ്ങനെയെങ്കിലും എന്റെ പാപത്തിന്റെ കറ തീരട്ടേ.."

രവി എഴുന്നേറ്റ്  അമ്മയെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..
അപ്പോഴും അമ്മ
 രവി..മോനേ രവീ എന്ന് ജപിച്ചുകൊണ്ടേയിരുന്നു.... അനിയൻ ....

2018, ജൂലൈ 7, ശനിയാഴ്‌ച

** നിന്റെ സാന്ത്വനം***

ശരിക്കും തെറ്റിനുമിടയിലുള്ള വെയിൽ പാളികളിൽ ഞാൻ നീയാകുന്നതും നീ ഞാനാകുന്നതും തേടലായി മാറുന്നൂ.!! ശംഖിലുറങ്ങുന്ന നിന്റെയലകൾക്കായി ചെവിയോർക്കുമ്പോഴും പിന്നെയും നീ ആഴങ്ങളിലേക്ക് ഉൾവലിയുന്നത് എന്തിനാണ്..
നിനക്കു നനയാൻ മാത്രമായി വെറുതെ പുലമ്പിയാർക്കുകയാണ് എന്റെ മഴ.. നിന്റെ വിരൽ തുമ്പിൽ നിന്നുമിറ്റു വീഴാനെങ്കിലും മോഹമോടെ ഞാനിനിയും പെയ്തു കൊണ്ടേയിരിക്കുന്നു. എന്റെ ഇതളുകൾ നീർത്തി മൗനമായി കാത്തിരിക്കുന്നതും നിന്റെ പൂക്കാലമൊന്നാകെ എന്നിലേക്ക് ആവാഹിക്കാനാണെന്ന് നീയറിയുന്നില്ലേ?...
നീല നിശീഥിനികളിൽ, നെയ്തെടുത്ത സ്വപ്ന വലയിൽ നിന്നും പുറത്തേക്ക് വരാനാവാതെ എന്റെ നിദ്രകൾ...!! യാത്ര ചോദിക്കാതെ,പിൻതിരിഞ്ഞു നോക്കാതെ നീയകന്നപ്പോൾ തടയാൻ കഴിയാഞ്ഞതാണ് എന്റെ പരാജയമെന്ന് ഞാനറിയുന്നു.. മിഴികൾക്ക് അന്യനായി മാറുമ്പോഴും ഓർമ്മകൾക്ക് എന്നുമിഷ്ടം നിന്നെ തന്നെയാണ്..!!
പകലിന്റെ നിസ്വനങ്ങൾ ഇരവു ഹൃദയത്തിലേറ്റവേ തിരതൻ സാന്ത്വനം കരയുടെ മാറിലലിയവേ.. മൗനവീണയിലെങ്ങോ പാഴ്ശ്രുതിയുണർന്നുവോ?? വാസരക്കിളിതൻ ചിറകടിയിൽ മെല്ലെത്തരിച്ചു പോയെൻ നിനവുകൾ.
എന്റെ ജാലകത്തിന്നപ്പുറമൊരു നിഴലാടി കളിച്ചു പോയീ മനമൊന്നിടറിയോ..അറിയാതെ തേങ്ങിയോ, മെല്ലെയെൻ പാദങ്ങൾ ചലിച്ചുവോ, ഓടി ഞാനാ അകലത്തേക്കു നോക്കിയോ...??!
ഇല്ലാ..ഇത് വെറും തോന്നൽ മാത്രം. മണ്ണിന്റെ ചൂരറിയാൻ ശേഷിയില്ലാ തളർന്നങ്ങീ ശയ്യയിൽ വീണു കിടക്കുമെൻ പാഴ്കനവുകൾ മാത്രം...!! ....അനിയൻ .

2018, ജൂലൈ 5, വ്യാഴാഴ്‌ച

എന്റെ രാത്രിമഴ ..


രാത്രിമഴയിൽ നനഞ്ഞിട്ടുണ്ടോ നീ ?.
നമുക്കൊന്നി നനയണം ആ മഴയിൽ..
എന്താണ് രാത്രിമഴയുടെ ഭാവമെന്ന് നിനക്കറിയോ?..
അത് ലാസ്യങ്ങളിൽ ലാസ്യമായ പ്രണയം തന്നെയാണ്!...
എങ്കിലും കറുത്ത മൂടുപടമണിഞ്ഞ് അവ പെയ്തിറങ്ങുമ്പോൾ
ഒരു സാന്ത്വനത്തിന്റെ വശ്യതയുണ്ട്..
കണ്ണീരിന്റെ ഉപ്പറിയാത്ത ഏതെങ്കിലും ജന്മം ഈ ഭൂവിലുണ്ടോ?..
എന്നാലീ മഴയേൽക്കാൻ അവർക്ക് ഭാഗ്യമുണ്ടാവില്ല.!!

രാത്രിമഴ വിരഹിണിയാണ്..അവൾക്ക് നഷ്ടമായ പലതും 
ഇരുട്ടിന്റെ മറവിൽ സ്വന്തമാക്കാൻ പതുങ്ങിയെത്തുന്നതാണ്..!!
പകൽ വെളിച്ചത്തിൽ അവളെ കൂകി വിളിക്കാനും 
കൈയിലെടുത്ത് അമ്മാനമാടാനും,
അവളുടെ ദേഹത്ത് നൃത്തം ചവിട്ടാനും ,
കൊഞ്ഞനം കുത്തി മഴേ മഴേ പോ മഴേ എന്ന് പാടാനും,
ചിലപ്പോളൊക്കെ നശിച്ചവളെന്ന് പ്രാകാനും എല്ലാരുമെത്തും..
കൈവിട്ട സ്വപ്നങ്ങളെ തേടി അവൾക്ക് വരാതിരിക്കാൻ ആവില്ലല്ലോ..
പിന്നെയും ഇരുട്ടിൽ അവൾ തേടിയെത്തുന്നത് അവൾ പതിവാക്കിയിരിക്കുന്നൂ..!!
എനിക്കും അവൾക്കും ഒരേ ഭാവമാണ്..ഞങ്ങൾ രണ്ടും തേടുന്നത്...
ഒന്ന് തന്നെയാണ്..!!
നഷ്ടസ്വപ്നങ്ങൾ..!!

നീ ഈ മഴയിൽ നനയാതിരിന്നാൽ മതിയാരുന്നൂ..
കാരണം നിന്റെ സ്വപ്നങ്ങളെങ്കിലും വ്യർത്ഥമാവാതിരിക്കട്ടേ..
വേദനയിൽ വലിയ വേദന സ്നേഹത്തിനാണ്..
പരസ്പരം സ്നേഹിക്കുക എന്നാൽ പരസ്പരം വേദനിപ്പിക്കുക എന്നത് തന്നെയാണ്..
സ്നേഹം...അതൊരു മൂർച്ചയുള്ള ആയുധം തന്നെയാണല്ലേ...
ഹാ..!!
ഞാനെന്റെ രാത്രിമഴയോട് കിന്നാരം പറയട്ടേ..
ഇനിയും വൈകിയാൽ അവൾക്ക് പിണക്കമാവും..!
ഇപ്പോൾ അവളെന്നേയും ഞാനവളേയും പ്രണയിക്കുവാണല്ലോ..
നീ ചിരിക്കണ്ട..
എന്താ മഴയെ പ്രണയിച്ചാൽ..??!!
നനുത്ത കൈകൾ കൊണ്ട് അവളെന്നെ
 വാരിപ്പുണരുമ്പോൾ ഞാനെങ്ങനെ എതിർക്കും..
നിനക്കറിയോ..എന്റെ കണ്ണീരും കൂടെ ചേർത്താണ് അവൾ ആ സാഗരം നിറക്കുന്നത്...
കടലിന്റെ ഉപ്പ് കുറയാത്തത് എന്താണെന്ന് നീയിപ്പോൾ മനസിലാക്കി അല്ലേ..!!
ശരി..ഞാൻ പോകട്ടേ..
അവൾ വലിയ പരിഭവക്കാരിയാണ്...!!
ഇന്നത്തെ രാത്രിയും ഞാനവൾക്ക് വേണ്ടി തിരയും..
മറ്റൊരർത്ഥത്തിൽ എന്നെ സ്വയം തിരഞ്ഞ് കൊണ്ടേയിരിക്കും..
ഞാനെന്നെ കണ്ടെത്തും വരെ രാത്രി പുലരാതിരിക്കട്ടേ..
രാത്രിമഴ തോരാതിരിക്കട്ടേ...!!!  അനിയൻ..

2018, ജൂൺ 29, വെള്ളിയാഴ്‌ച

* മൗനത്തിന്റെ ആഴി *

കാലമൊഴുകുമ്പോൾ വേർപാടിന്റെ വേനൽ നമ്മെ തേടിയെത്തും..
മൗനത്തിന്റെ ചായക്കോപ്പയിൽ നിന്നുമൊരിറ്റ് 

നുകരാൻ ബാക്കി വെച്ച് പടിയിറങ്ങുമ്പോൾ,
ശരവേഗമെത്തുന്ന ഒാർമ്മകൾക്ക് മുന്നേ

നീയൊരു ബിന്ദുവായി കാഴ്ചയെ പരിഹസിക്കുന്നു..
അതെന്നും അങ്ങനെ തന്നെയാണ്..!!
നിന്റെ നൃത്തച്ചുവടിൽ താളം മറന്ന എന്നെയാണ് നീയാദ്യം പരിഹസിച്ചത്..
കൽപടവുകൾക്ക് പ്രേമച്ചായം പകർന്ന്

നിന്നെ കാത്തിരുന്നപ്പോഴും ഞാൻ കണ്ടതാ പരിഹാസമാണ്..!!

നുരകളിനിയും ചിന്നിച്ചിതറി അടങ്ങാത്ത ആഴിയെ
നിന്റെ നൂപുരത്തിൽ ദാ ഒതുക്കി വെച്ചു നീ യാത്രയാവുന്നൂ..
വീർപ്പടങ്ങാത്ത മേഘ മർമ്മരങ്ങളിൽ
ഞാനുമുറങ്ങട്ടേ.. അനിയൻ.. 


2018, ജൂൺ 14, വ്യാഴാഴ്‌ച

* നാദമായി *


നാദമായി നീയെൻ വിപഞ്ചികയിൽ വന്നാൽ
ഉണരുമെന്നാത്മ ഹർഷം...
തളിരിടുമെൻ മോഹമൊക്കെ
നിന്നെ മീട്ടുന്ന നേരം...
അറിയാതെ എന്നിലുണരുമൊരു 
രാഗം,അതിൽ ഞാനലിഞ്ഞിടുമ്പോൾ
മറക്കുന്നൂ ദുഃഖങ്ങൾ...
നിന്നിൽ നിന്നുണരും മധുരമാം നാദം
കേട്ടു ഞാൻ നിർവൃതി പുൽകുന്നൂ...
ഉണരൂ..നീയെൻ വിപഞ്ചികയിൽ
നാദമായി,താളമായി ഉണരൂ..!! .അനിയൻ..

2018, ജൂൺ 11, തിങ്കളാഴ്‌ച

*** ഒരു പെണ്ണിന്റെ ഉടൽ****


പ്രിയപ്പെട്ട ദൈവമേ,
എന്റെ പേര്...
ഇല്ല,..എനിക്കിന്നൊരു പേരില്ല.
സ്ഥിരമായൊരു പേരും ആരുമെന്നെ വിളിക്കാറില്ല..
ഇന്നലെയെന്നെ നിർഭയയെന്നും,സൗമ്യയെന്നും,ജിഷയെന്നും എന്നെ വിളിച്ചവർ
ഇന്നെന്നെ ആസിഫയെന്നും ഗീതയെന്നും വിളിക്കുന്നൂ..
നാളെയെന്റ പേര് വീണ്ടും മാറും..
പിന്നെയും പിന്നെയും ഒരായിരം പേരുകളെനിക്കായി കാത്തിരിക്കുന്നൂ..!!

ഞാനൊന്ന് ചോദിക്കട്ടേ പ്രഭോ..
അങ്ങ് ദൈവമാണെന്ന് ആരാണ് പറഞ്ഞത്..??
ദൈവത്തിന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന് എന്റെയമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്..
നിനക്ക് കണ്ണും,കാതും,നാവും
കൈകാലുകളും,പലായിരമുണ്ടെന്ന് കേട്ടിട്ടുണ്ട്..!
എന്നിട്ടും,നിന്റെ മുന്നിൽ ഞാൻ കീറി മുറിക്കപ്പെട്ടപ്പോൾ
ഒരു കണ്ണെങ്കിലും തുറന്ന് എന്നെ ഒന്ന് നോക്കാരുന്നില്ലേ..??
കണ്ഠം പിളർന്ന് ഞാൻ വിളിച്ചപ്പോൾ
ആ തൂണ് പിളർന്നുഗ്ര രൂപമെടുത്ത് വരായിരുന്നില്ലേ..??
മണ്ണിലും നിറഞ്ഞിരുന്ന നിന്റെ മുഖത്തെന്റ ചോരപ്പൂവുകൾ ഒഴുകിയിറങ്ങിയപ്പോൾ മൗനമായതെന്തേ..??

മുജ്ജന്മ പാപമേറിയ കൊണ്ടാണോ ഞാനൊരു പെണ്ണായി പിറന്നത്..??
പെണ്ണായാൽ മണ്ണാവുന്ന വരെയും വേദനകൾ..!!
എന്റെ വേദനയിലൂടെയാണ് ഞാൻ സ്ത്രീയാണെന്ന് ഈ ലോകമറിയുന്നത്..
രതിയിലും വേദന പെണ്ണിന് സ്വന്തം..!!
ജന്മമേകാനും വേദനകൾ..!!
വേദനകൾ.. വേദനകൾ..
കൊടിയ വേദനകൾ..!!
കാമസുഖം തീർക്കാനവർ എനിക്കേകിയതും ഒരായിരം വേദനകൾ..!!

അല്ലയോ ദൈവമേ.., എന്റെ സഹോദരിമാർ ഇനിയുമാ ഭൂവിലുണ്ട്..
കുഞ്ഞനുജത്തിമാർ,കളിക്കൂട്ടുകാർ,എന്റെ ചേച്ചിമാർ,അമ്മമാർ...
ആർക്കെന്താണ് നീ വിധിച്ചിരിക്കുന്നത്..ആരുമറിയുന്നില്ല..ഒന്നുമറിയുന്നില്ല...!
എന്റെ പിന്നിലായി ഇനി എത്ര പേർ ഒരുങ്ങുന്നുവെന്നും നിശ്ചയമില്ല..

നീ കേൾക്കുമെങ്കിൽ ഞാനൊന്ന് പറയട്ടേ...
ഈ ഭൂമിയൊന്ന് പുനഃസൃഷ്ടിക്കാമോ??
ഒരു പുതിയ ഭൂമി...!!
ആണെന്നും പെണ്ണെന്നും വിവേചനമില്ലാത്ത ഭൂമി..
മുലകളും യോനിയുമില്ലാതെ ഒരുടൽ മാത്രമുള്ള ഭൂമി..
കാമമൊഴുകാത്ത
കരയുന്ന യോനികളില്ലാത്ത ഭൂമി..!!

ഇനിയുള്ള ലോകം പുരുഷാർദ്ധം മാത്രമറിയട്ടേ..
പുരുഷൻ പുരുഷനോടിണ ചേർന്ന് മറ്റൊരാണിന് ജന്മമേകട്ടേ..
പുരുഷ ദൈവങ്ങളും,പുരുഷ ജാലങ്ങളും,പുരുഷ വൃക്ഷങ്ങളും..!!
പെണ്ണെന്ന നാമം പോലുമുരിയാടരുത് അവന്റെ മുന്നിൽ..
ചിലപ്പോൾ അവൻ ആ പദത്തേയും മാനഭംഗപ്പെടുത്തിയേക്കും..!!                                                     എല്ലാ  പുരുഷന്മാരിലും ഞാൻ കുറ്റം ചാർത്തുന്നില്ല  എന്റെ ദൈവമേ.സ്വന്തം പുരുഷത്വം തെളിയിക്കാൻ എന്നിൽ ആഴ്ന്നിറങ്ങിയ  ആ കാട്ടാളരുപങ്ങളെ പറ്റി മാത്രമേ എനിയ്ക്കു  പറയാൻ ഉള്ളു..

കലികാലത്തിൽ തിന്മയെ ജയിക്കാൻ ഉയിർ കൊള്ളുന്ന കല്കിയെ ഞാൻ കാത്തിരിക്കുന്നൂ...
ഈ ലോകമൊന്നായൊടുക്കി പുനഃസൃഷ്ടിക്കുവാൻ...!!! എന്റെ പ്രാർത്ഥന ഇനി എങ്കിലും അങ്ങു തള്ളികളയരുത്. എന്ന് ഒരു സ്‌ത്രീ....................   അനിയൻ..

2018, ജൂൺ 8, വെള്ളിയാഴ്‌ച

** കടലാഴങ്ങൾ **

കടലാഴങ്ങളിൽ തേടിയ സാഗര നീലിമ
നിന്റെ മിഴികളിലൊളിച്ചിരിക്കുകയാണെന്ന
ബോധമേറിയപ്പോഴാണ്
ഞാനെന്റെ നോട്ടം നിന്നിൽ നിന്നിൽ
നിന്നുമകറ്റിയത്..
നിന്റെ കൈകൾ കോർത്തു നടന്ന ദൂരമത്രയും
എന്റെ ചിന്തകൾ നമ്മുടെ 
വേർപിരിയലിലായിരുന്നൂ, 
നിന്നെയാസ്വദിക്കാൻ ഞാൻ മറന്നു
പോയിരുന്നൂ.. അനിയൻ..

2018, ജൂൺ 7, വ്യാഴാഴ്‌ച

തൂവാനതുമ്പികൾ ....


ഇത്തവണ 4 മാസം ലീവ് ഉണ്ടായിരുന്നിട്ടും ആരോഗ്യപരമായ കാരണങ്ങളാൽ ഭാര്യയുമായി എങ്ങും യാത്ര പോകാൻ പറ്റിയിരുന്നില്ല. .ഗൾഫിൽ തിരിച്ചു പോകാൻ ഇനി 7 ദിവസം ..രാവിലെ 8 മണിക്ക് എണീറ്റ് ചായയും കുടിച്ച് മൊബൈലിൽ ഫെസ്ബുക്ക് നോക്കിയപ്പോൾ ആരോ ഒരാൾ ബൈക്കിൽ യാത്ര പോയ വിശേഷങ്ങൾ കണ്ടു..അപ്പോൾ ഒരു മോഹം ഒരു ദിവസത്തെ ഒരു ടൂർ പോയലോ? ഉടനെ പ്രിയതമയെ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ പറഞ്ഞതും അവൾ കേൾക്കാൻ കൊതിച്ചിരുന്നപോലെ അവൾ 10 മിനിട്ടിനുള്ളിൽ റെഡി ആയി വന്നു .. ടൂർ പോകുന്ന കാര്യം വീട്ടിൽ പറഞ്ഞില്ല , ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുന്നു, തിരിച്ചു വരുമ്പോൾ തിയറ്ററിൽ കേറി സിനിമ കാണും എന്നും പറഞ്ഞ് ഇറങ്ങി .. കാരണം പോകുന്നത് നല്ല ബെസ്റ്റ് വണ്ടിയിൽ ആണ്  വെസ്പ്പ സ്കൂട്ടി .. അതും പോകാൻ ഉദ്ദേശിയ്ക്കുന്നത് തമിഴനാട്ടിൽ , അതും ഒരു 350 കിലോമീറ്ററോളം  ... ആറ്റിങ്ങൽ നിന്നു തെന്മല ,പാലരുവി, തെങ്കാശി ,കുറ്റാലം അതാണ് പ്ലാൻ .. ഒരു കൂട്ടുകാരനെ വിളിച്ച് പോകുന്ന വഴിയും എല്ലാം തിരക്കി .. പിന്നെ ഗൂഗ്ല്ലി മാമനെ തിരഞ്ഞും വഴി കണ്ടെത്തി.


ഒൻപത് മണി ആയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി . നിരാശപെടുത്താൻ നല്ല മഴകാർ ഉണ്ട് . മഴ പെയ്താൽ എല്ലാം കുളമാകും , വണ്ടി ആണെങ്കിൽ പെട്ടെന്ന് ടയർ തെന്നുന്നതും ആണ്. എന്തായലും ഇറങ്ങി .ഇനി പോയിട്ടെ ഉള്ളു കാര്യം. 400 രൂപയ്ക്ക് പെട്രോളും അടിച്ച് ആറ്റിങ്ങലിൽ നിന്നും കിളിമാനൂർ... അവിടെ നിന്നും ഗൂഗ്ലി മാമൻ പറഞ്ഞു തന്ന എളുപ്പ വഴിയെ മടത്തറയിലേയ്ക്ക് .. 
“എന്റെ മാമ ഇങ്ങനെ മനുഷ്യനെ വലിയ്പ്പിക്കരുത് ,“ ഷോർട്ട്കട്ട് എന്നും പറഞ്ഞു പോകുന്ന വഴി ഒരു സൈക്കളിനു പോലും പോകാൻ പറ്റാത്ത വഴി , നല്ല മുട്ടൻ കല്ലുകളും കുഴികളും ഉള്ള കുറെ കൂതറ റോഡുകൾ .ആ വഴിയിലെങ്ങാനും വീണു പോയൽ ആരെങ്കിലും അറിയാൻ തന്നെ 2 ദിവസം എടുക്കും..വഴി തെറ്റി എവിടെയോക്കെയോ ചെന്നു .അവസാനം ചോദിച്ചൂ ,ചോദിച്ചൂ എങ്ങനെയെങ്കിലും മടത്തറ മെയിൻ റോഡിൽ എത്തി. അവിടെനിന്നും കുളത്തുപുഴയിലേയ്ക്ക് .സത്യം പറയാലോ നല്ല കൂതറ റോഡ് .. വണ്ടി കുഴിയിൽ വീഴുമ്പോൾ പ്രിയതമ ഇടയ്ക്കിടയ്ക്ക് പൊങ്ങി റോഡിലോട്ട് വീഴാൻ പോകുന്നുണ്ട്.. ഞാൻ എന്നെ കെട്ടി പിടിച്ചിരുന്നോളാൻ പറഞ്ഞു.. 
കുളത്തുപുഴയിൽ എത്തിയപ്പോൾ പ്രസിദ്ധമായ അയ്യപ്പൻക്ഷേത്രം ,എന്തായാലും ഇത്രയും ദൂരെ വന്നു ,പോകുന്നത് കാട്ടിൽ കൂടിയുള്ള വഴിയിലൂടെയും. ഒരു സഹായത്തിനു കാനനവാസനെ കണ്ട് തൊഴുതു.
അവിടെ നിന്നു ഇറങ്ങി .

11 മണി ആയി . വിശപ്പിന്റെ അസുഖം എന്നെ അലട്ടുന്നുണ്ടായിരുന്നു .. അടുത്ത് കണ്ട ഗൾഫ് എന്ന പേരുള്ള ബേക്കറീയിൽ കയറി 2 മുട്ടപഫ്സും ചായയും കുടിച്ചു  . പിന്നെ അവിടെ നിന്നു നേരെ തെന്മല . അവിടെ ഡാമും കാണാൻ ഇറങ്ങി , വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു ,

“എടി ശ്രീജെ ബാഗ് വണ്ടിയുടെ അകത്ത് വയ്ക്ക് കൈയ്യിൽ കൊണ്ട് നടന്നാൽ വാനരരാജന്മാർ തട്ടിയെടൂക്കും എന്നു “. 
എവിടെ കേൾക്കാൻ , ഞാൻ തമാശയ്ക്ക് പറഞ്ഞതാണെന്ന് കരുതി അവൾ ബാഗും എടുത്ത് എന്റെ പിറകെ വന്നു ..ഡാമിൽ കേറാൻ ഉള്ള പാസ്സും ഏടുത്ത് ഡാം കണ്ടു.തിരിച്ച് റോഡിൽ വരുന്ന വഴി അടൂത്തു നിന്ന അവൾ ഒരു വിളി .. നോക്കിയപ്പോൾ അവളുടെ ബാഗ് ഒരു മരത്തിന്റെ മുകളിൽ .കുറച്ച് നേരമായി ഒരു കുരങ്ങച്ചൻ നമ്മുടെ പിറകെ നടക്കുന്നുണ്ട്.അവൾ കൈയ്യിൽ ഇരുന്ന ചിപ്സ് കൊടുക്കുന്നതും കണ്ട്.. ചിപ്സ് തീർന്നതും അവൻ ബാഗും തട്ടി എടുത്ത് മരത്തിന്റെ മുകളിൽ കേറി .പ്രിയതമ കരച്ചിലോട് കരച്ചിൽ.
.“ഭർത്താവ് ചൊല്ലും കുരങ്ങൻ കഥ ആദ്യം ഭാര്യ ചിരിയ്ക്കും പിന്നെ കരയും “.. അവൾ പറഞ്ഞപ്പോൾ ആണ് അറിയുന്നത് മാറ്റി വാങ്ങാൻ വച്ചിരുന്ന 3 പവന്റെ സ്വർണ്ണവളയും അവളുടെ മൊബൈലും അതിൽ ആണെന്നു ..ഈശ്വരാ എന്റെ നെഞ്ചൊന്നു കാളി.കാട്ടിന്റെ അകത്ത് ആയതുകൊണ്ടും സഞ്ചാരികൾ കുറവായതുകൊണ്ടും ആരും ഇല്ല അടുത്ത് .ഞാൻ ഒരു കല്ല് എടുത്ത് എറിഞ്ഞു.. പാകിസ്താൻ വിട്ട റോക്കട്ട് പോലെ അത് എങ്ങോ പോയി.. ഇപ്പോൾ ആ കുരങ്ങന്റെ അടുത്ത് 2 പേർകൂടി വന്നു, അവർ ബാഗിനായി പിടിവലി കൂടുന്നു .ഞാൻ അടുത്ത് കണ്ട ഒരു കമ്പ് ഒടിച്ചെടുത്ത് എറിഞ്ഞു.ഭാഗ്യം അവന്റെ തലയിൽ തന്നെ കൊണ്ടു. ബാഗ് താഴേയ്ക്ക് വീണു.. ഞാൻ പോയി ഏടുത്തതും കുരങ്ങന്മാർ എല്ലാവരും അലറി വിളിച്ച് കൊണ്ട് ഇറങ്ങി താഴെയ്ക്ക് വന്നു .ഞാൻ ബാഗും കൊണ്ട് അവളുടെ കൈയ്യും പിടിച്ച് ഓടി.. കുരങ്ങന്മാർ പിറകെ .അവസാനം റോഡീൽ എത്തിയപ്പോൾ അവിടെ ഒരു ഗാർഡ് നിൽക്കുന്നു .അയാൾ കൈയ്യിൽ ഇരുന്ന വടി കൊണ്ട് കുരങ്ങന്മാരെ ഓട്ടിച്ചു ..
അവിടെ നിന്നും പെട്ടെന്നു തന്നെ വണ്ടിയിൽ കയ്യറി പാഞ്ഞു. നേരെ പാലരുവിയിലേയ്ക്ക് ..നല്ലത് പറയല്ലോ നല്ല സൂപ്പർറോഡ് , കാട്ടിന്റെ അകത്തുകൂടെ വളഞ്ഞും പുളഞ്ഞുമുള്ള റോഡ്.ആറു അറുപതിൽ വണ്ടി .. ഒരു വശത്ത് കാട്ഒരു വശത്ത് അച്ചൻ കോവിലാറും. ബ്രിട്ടീഷുകാർ കെട്ടിയ റെയിൽ 13 ആർച്ച് പാലവും കഴിഞ്ഞ് നേരെ പാലരുവിയിലേയ്ക്ക് . അവിടെന്ന് പാസ്സും എടുത്ത് പാലരുവിവെള്ളച്ചട്ടം കണ്ടു. പോകുന്ന വഴിയും വെള്ളച്ചട്ടവും നയനമനോഹരം. ഇനിയും കുറെ പോകാൻ ഉണ്ട്.പെട്ടെന്നു തന്നെ അവിടെന്നും ഇറങ്ങി വണ്ടി ആര്യങ്കാവ് ചെക്ക്പോസ്റ്റും കഴിഞ്ഞ് ചെങ്കോട്ടയിലേയ്ക്ക് .. ചെങ്കോട്ടയിലേയ്യ് മലയിറക്കം ആ‍ണ്. മുകളിൽ നിന്നു തന്നെ ദൂരെയുള്ള റോഡ് കാണം . ഹൊ എന്തു മനോഹരം .. പച്ചപരവതാനി വിരിച്ചത് പോലെ വയൽ‌പ്പാടങ്ങളും അതിന്റെ നടുവിലൂടെ വണ്ടികൾ പായുന്ന റോഡും റോഡിന്റെ വശങ്ങളിൽ കൂറ്റൻ കാറ്റാടി യന്ത്രങ്ങളും ...
മലയിറങ്ങുന്ന വഴിയിൽ 2 പേർ‘ നൊങ്ക് (പനയുടെ ഇളങ്കരിക്ക്) വിൽക്കുന്നത് കണ്ടു.. ഒന്നു കഴിയ്ക്കാൻ തോന്നി , വണ്ടി റോഡീനരികെ നിർത്തി . നമ്മളെ കണ്ടപ്പോഴെ 2 കരിക്ക് വെട്ടി തന്നു . എന്നോട് പനങ്കള്ള് വേണോ എന്നു ചോദിച്ചു.. ഞാൻ പറഞ്ഞു ‘ വണ്ടി ഓട്ടിയ്ക്കാ‍ാൻ ഉള്ളതാ, പിടിത്തമായാലോ എന്നു “ .അവർ പറഞ്ഞു ഒരു കുഴപ്പവുമില്ല, നല്ല തണുപ്പായിരിയ്ക്കും എന്നു . പിന്നെ നോക്കിയില്ല എനിക്ക് 2 കോപ്പ കള്ള് തന്നു.അവൾക്ക് കരിക്കിന്റെ വെള്ളവും .. 3 കരിക്കും 2 കള്ളും കുടിച്ചപ്പോൾ രൂപ 600 ..ഈശ്വര നെഞ്ചോന്ന് കാളി .ചോദിച്ചപ്പോൾ അവർ അടിയ്ക്കാൻ നിൽക്കുന്നു.ഒന്നാമത് കാട്. റോഡീൽ ഒരു വണ്ടി പോലുമില്ല . കൂടുതൽ തർക്കിക്കാതെ പൈസയും കൊടൂത്ത് തടിതപ്പി..
പിന്നെ മലയിറങ്ങി ചെങ്കോട്ടയിലേയ്ക്ക് .. ആ റോഡ് എനിക്ക് വർണ്ണിയ്ക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് സുന്ദരം.. കേരളത്തിൽ നിന്നു അന്യംനിന്നു പോകുന്ന വയലോലകൾ , എല്ലയിടത്തും നെൽക്യഷി.. പച്ചപട്ട് ഉടുത്ത സുന്ധരമായ ഗ്രാ‍മം . പിന്നെ റോഡ് , സുന്ദരൻ റോഡ്. അത് കാണുംപ്പോൾ ആണ് കേരളത്തിലെ റോഡ് എത്രമാതം വ്യത്തികെട്ടതാണെന്ന് തോനുന്നത്. .. അവിടെ നിന്നു തെങ്കാശിയിലേയ്ക്ക് ,1.30 ആയപ്പോൾ തെങ്കാശിയിൽ എത്തി .പ്രസിദ്ധമായ ഉലഗമൺ അമ്പലത്തിലേയ്ക്ക് പോയി , പക്ഷേ അകത്ത് കയറാൻ പറ്റിയില്ല. പാറയിൽ തുരന്ന് ഉണ്ടാക്കിയ അമ്പലം .അടഞ്ഞ് കിടക്കുന്നു .. അവിടെ നിന്നും ചെറുതായി ആഹാരം കഴിച്ച് തിരിച്ച് പോകാമെന്നു വിചാരിച്ചു.. ഇപ്പോൾ ഇറങ്ങിയാലെ 5 മണിയ്ക്ക് എങ്കിലും വീട്ടിൽ എത്തു .അങ്ങനെ വിചരിച്ച് മുന്നോട്ട് പോയപ്പോൾ ഒരു ബോർഡ് കണ്ടു ..സുന്ധരപാണ്ഡ്യപുരം 9 കിലോമീറ്റർ. മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് , അതി സുന്ദരമായ ഒരു ഗ്രാമം ആണ് . പിന്നെ അന്യൻ സിനിമയിൽ ഒരു പാട്ട് ശങ്കർ അവിടെയാണ് ഷൂട്ട് ചെയ്തതെന്നും .. എന്തായലും 9 കിലോമീറ്റർ .. പിന്നെ ചിന്തിച്ചില്ല..അവൾ ആണെങ്കിൽ എന്നോട് എവിടെ പോകാനും റെഡി ...
സത്യം പറയാലോ ഇത്രയും സുന്ധരമായ ഒരു ഗ്രാമം ഞാൻ കണ്ടിട്ടില്ല... അങ്ങോട്ടുള്ള 9 കിലോമീറ്ററിൽ 7 കിലോമീറ്ററും വയലും മലകളും പുഴകളും ആണ്. എനിക്ക് വർണ്ണിയ്ക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്ര നയനമനോഹരം ആണ് അങ്ങോട്ടുള്ള വഴി ..പകുതി എത്തുമ്പോൾ തന്നെ ഒരു പാറകൂട്ടം കാണാം.. അവിടെ പാറയിൽ തമിഴിലെ സൂപ്പർതാരങ്ങളുടെ പെയിന്റിംഗ് വരച്ചു വച്ചിട്ടുണ്ട്.. അന്യൻ സിനിമയ്ക്ക് വേണ്ടി ചെയ്തതാണ് അത് .അതിന്റെ മുന്നിൽ നിന്നു ചെറുതായി പാട്ടുപാടി ഡാൻസ് കളിച്ചു  “ അണ്ടങ്കാക്ക കൊണ്ടക്കാരി രണ്ടക്ക രണ്ടക്ക “  കുറച്ച് നേരം തണുത്ത കാറ്റേറ്റ് അവിടെ നിന്നു .. മാലിന്യങ്ങളും വിഷമയം ഇല്ലാത്തതുമായ ശുദ്ധവായു . അവിടെ നിന്നും വീണ്ടും ഗ്രാമത്തിലേയ്ക്ക് .വയലിന്റെ അരികിലും മരങ്ങളിലും റോഡിലും മയിലുകൾ . ആ കാഴ്ചകൾ എല്ലാം കണ്ട് മനസ്സിലുള്ള എല്ലാ വിഷമങ്ങളും മാറിയത് പോലെ. 
ഗ്രാമത്തിൽ എത്തി അപ്പോൾ തന്നെ വണ്ടീ‍ തിരിച്ചു വിട്ടു.. തെങ്കാശിയിൽ എത്തി .
അവിടെ നിന്നു 6 കിലോമീറ്റർ കുറ്റാലം വെള്ളച്ചാട്ടം.. എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറാം. നേരെ കുറ്റാലത്തേയ്ക്ക് . മെയിൻ വെള്ളച്ചാട്ടം കാണാൻ പോയി, അവിടെ നിന്നും ചായയും വടയും .. തിരിച്ചു വരാൻ നോക്കിയപ്പോൾ അടുത്ത ബോർഡ് കണ്ണിൽ പെട്ടു.ഫൈവ് വാട്ടർഫാൾസ് 5 കിലോമീറ്റർ. പിന്നെ അങ്ങോട്ട് പോയി .കുറച്ച് നേരം അവിടെ നിന്നു.. വെള്ളച്ചാട്ടത്തിൽ കുളിയ്ക്കണമെന്നുണ്ട്.പക്ഷേ സമയം അതിക്രമിച്ചിരിയ്ക്കുന്നു.. അവിടെ നിന്നും 3 കിലോമീറ്റർ കഴിഞ്ഞതും മഴ തുടങ്ങി.. നനയാൻ വയ്യത്തത്കൊണ്ട് ഒരു കടയിൽകേറി നിന്നു 20 മിനിട്ട്..പിന്നെ യാത്ര തിരിച്ചു വീട്ടിലേയ്ക്ക്.
കുളത്തുപുഴ എത്തിയപ്പോൾ നല്ല ചിമിട്ടൻ മഴ ,മണി 6 ആയി. വീട്ടിൽ നിന്നും ഫോൺ വിളി വന്നു തുടങ്ങി.. 1 മണിക്കൂർ നിർത്താതെ മഴ പെയ്തു. ഒരു ബസ്സ്സ്റ്റോപ്പിൽ കയറി നിൽക്കേണ്ടി വന്നു .. മഴ കുറയില്ല എന്നു കണ്ടപ്പോൾ പിന്നെ തൂവനന്തുമ്പികൾ സിനിമ ഓർമവന്നു.. മഴ നനയാൻ തീരുമാനിച്ചു. പ്രിയതമ രണ്ട് കൈകൾ കൊണ്ട് എന്നെ ഇറൂക്കി കെട്ടിപിടിച്ച് വണ്ടിയുടെ പിറകിൽ , ആ പ്രണയത്തിനു മേൽപൊടിയായിട്ട് മഴയും .. പിന്നെ എന്തു വേണം .വണ്ടി കുതിച്ചു പാഞ്ഞു .വണ്ടിയ്ക്ക് നല്ല മൈലേജ് ഉള്ളത്കൊണ്ട് കടയ്ക്കൽ വച്ച് വീണ്ടും 200 രൂപയ്ക്ക് കൂടി പെട്രോൾ അടിച്ചു  .. ഗൂഗിൾ മാമൻ പറഞ്ഞ വഴിയെ പോകാതെ നല്ല മെയിൻ റോഡീൽ കൂടി കിളിമാനൂർ എത്തി ,അവിടെ എം.സി റോഡിൽ “ വഴിയോരകട” എന്ന ഒരു നല്ല ഹോട്ടൽ ഉണ്ട്. അവിടന്ന് അപ്പവും താറാവ് ഇറച്ചിയും തിന്നു വീട്ടിൽ എത്തിയപ്പോൾ മണി 9.30 .. 12 മണിക്കൂർ കൊണ്ട് 12 വർഷം കൊണ്ട് പോലും കിട്ടാത്ത ഒരു മനസുഖമായിരുന്നു ഈ യാത്രയിൽ ഞങ്ങൾക്ക് കിട്ടിയത് .12 മണിക്കൂറിൽ 10 മണിക്കൂറും വണ്ടിയിൽ യാത്രയിൽ ആയിരുന്നുു. കൂടുതൽ ദൂരവും പിന്നെ ഒരു ദിവസത്തെ പ്ലാനും ആയത് കൊണ്ട് ഒരിടത്തും കൂടുതൽ ഇറങ്ങി സമയം കളഞ്ഞില്ല. വണ്ടിയിൽ യാത്ര ചെയ്തു തന്നെ ആണ് ഞങ്ങൾ ഈ യാത്ര ആസ്വദിച്ചത്. ഒരു ശതമാനം പോലും യാത്രക്ഷീണമോ വണ്ടിയിൽ ഇരുന്നുള്ള മടുപ്പോ ഞങ്ങൾക്ക് ഉണ്ടായില്ല  കാരണം ഞങ്ങൾക്ക് കാഴ്ചകൾ ഇറങ്ങി നിന്നു കണ്ട് ആസ്വദിയ്ക്കുന്നതിനെക്കാൾ ഇഷ്ടം സുന്ദരകാഴ്ചകൾ കണ്ട് വണ്ടിയിൽ എങ്ങോട്ടെന്നില്ലാതെ പോകുന്നത് ആണ്  റൈഡ് ചെയ്തു പൊയ്ക്കൊണ്ടെയിരിയ്ക്കണം. യാത്രകൾ എന്നും പ്രണയാർദ്രമായാ തൂവാനതുമ്പികളെ പോലെയാണ് .... *അനിയൻ *...
***ആറ്റിങ്ങൾ - കുളത്തുപുഴ-തെന്മല-പാലരുവി-തെങ്കാശി- സുന്ദരപാണ്ഡ്യപുരം-കുറ്റാലം **.
ശുഭം....


2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

**** അവന്റെ ഗർഭിണി *****

കൊച്ചെ ഈ മാസം 28 ആകുമ്പോൾ നിനക്ക് 7 മാസം ആവുകയല്ലെ ? 
പരിഭവത്തോടെയും ചെറിയ പേടിയോടെയും അവൾ ഫോണിലൂടെ അതേ ചേട്ടാ' എന്നു പറഞ്ഞു.
"ദിവസങ്ങൾ അടുക്കുംതോറും പേടിയും ഉണ്ട് ചേട്ടാ"
' എന്തിനാ മോളെ പേടിയ്ക്കുന്നത് ? " അവന്റെ ഉള്ളിൽ ഉൽഘണ്ടയായിരുന്നു 
"ചേട്ടാ എന്റെ ആദ്യത്തെ പ്രസവം പോലെ മാസം തികയാതെ ആകല്ലെ എന്നാ ഇപ്പോൾ എപ്പോഴും എന്റെ പ്രാർത്ഥന " ഫോണിലൂടെ അവളുടെ ശബ്ദം പതറുന്നുണ്ടായിരുന്നു .
' നീ ടെൻഷൻ അടിയ്ക്കാതെ ഡോക്ടർ പറഞ്ഞ പോലെ റെസ്റ്റ് എടുക്കുക നല്ല പോലെ ആഹാരവും കഴിയ്ക്കുക, ഈശ്വരനോട് എല്ലാം നല്ലത് പോലെ ആകാൻ പ്രാർത്ഥിയ്ക്കുകയും ചെയ്യുക ' ,അവൻ അവൾക്ക് ധൈര്യവും ആത്മവിശ്വാസവുംകൊടുത്തു. 

"എന്നാലും ചേട്ടൻ ഇത്തവണയും എന്റെ അരികിൽ ഇല്ലല്ലോ! , പല സമയത്തും ചേട്ടൻ എന്റെ അരികിൽ ഉണ്ടായിരുനെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട് , ഞാൻ ശർദ്ദിയ്ക്കുമ്പോൾ എന്റെ മുതുക് തടവിതരാനും എന്റെ നിറവയറിൽ ചേട്ടൻ മുഖം അമർത്തി നമ്മുടെ വാവയോട് കൊഞ്ചുന്നതും എല്ലാം എന്റെ ആഗ്രഹങ്ങൾ ആയിരുന്നു., കഴിഞ്ഞതവണ എനിയ്ക്ക് വാക്ക് തന്നതാ അടുത്ത എന്റെ പ്രസവത്തിനു ചേട്ടൻ എന്റെ അരികിൽ കാണുമെന്ന് എന്നിട്ട് ഇപ്പോഴും ?! " . അവളുടെ വാക്കുകൾ വിഷമത്താൽ മുറിയുന്നുണ്ടായിരുന്നു .
' അത്.. അത് ..' അവളുറ്റെ ചോദ്യത്തിനു ഉത്തരം നൽകാനാവാതെ അവൻ പരുങ്ങി .
ശരിയാണ് , ആദ്യ പ്രസവ സമയത്ത് അവൾക്ക് 3 മാസം കഴിഞ്ഞപ്പോൾ ലീവ് കഴിഞ്ഞ് തിരിച്ച് ദുബായിൽ വന്നത് ആണ് പിന്നെ പോകുന്നത് മോൾ ജനിച്ച് 6 മാസം കഴിഞ്ഞ്. അന്ന് ചെല്ലുമ്പോൾ അവൾ എന്റെ ചോരയെ എന്റെ കയ്യിൽ തന്നിട്ട് ‘ചേട്ടാ നമ്മുടെ മോൾ ‘.

ഒരു കയ്യിൽ മോളെയും മറ്റെ കയ്യിൽ അവളെയും നെഞ്ചിൽ ചേർത്ത് നിർത്തിയിട്ടു മനസ്സിൽ അവരോട് മാപ്പ് പറയുകായായിരുന്നു. എന്റെ പ്രിയതമെ നിന്റെ ഗർഭാവസ്ഥയിൽ നിന്നെ പരിചരിയ്ക്കാനോ നീ പ്രസവിയ്ക്കുന്ന സമയത്ത് കൂടെ നിന്നു നിന്നെ ആശ്വസിയ്പ്പിക്കാനോ നിനക്ക് ധൈര്യം തരനോ പറ്റാത്ത ഒരു ഹതഭാഗ്യനായ ഒരു ഭർത്താവും , നീ അമ്മയുടെ വയറ്റിൽ ആയിരുന്നപ്പോൾ നീ കാണിച്ച കുസ്യതികൾ , നിന്റെ അമ്മയുടെ വയട്ടിലെ നിന്റെ അനക്കങ്ങൾ കാണാനും ജനിച്ച ഉടനെ നെഞ്ചോട് ചേർത്ത് എന്റെ മോൾ എന്ന് ലോകത്തോട് സന്തോഷത്തോടെ വിളിച്ച് പറയാനും പറ്റാത്ത ഒരു അച്ഛനായി പോയലോ ഞാൻ .
അവളെ നെഞ്ചിൽ നിന്നും മുഖമുയർത്തിയിട്ട് അന്ന് വാക്ക് കൊടുത്തതാണ് നിന്റെ അടുത്ത പ്രസവസമയത്ത് ഞാൻ നിന്റെ കൂടെ കാണുമെന്ന് .. 
പക്ഷേ കൊടുത്ത വാക്ക് ഈ മരുഭുമിയിലെ മണൽ പോലെ കാറ്റ് അടിച്ച് എങ്ങോ പോയി . 
"മോൾ എവിടെ ? അവളുടെ ശബ്ദം ഒന്നും കേൾക്കുന്നിലല്ലോ !! " വിഷയം മാറ്റാൻ അവനു ഇതു മാത്രമേ ഉണ്ടായിരുന്നുള്ളു ചോദിയ്ക്കാൻ ..
' ങും', അവൾ അടുക്കളയിൽ പാത്രങ്ങൾ എല്ലാം എടുത്ത് കളിയ്ക്കുകായാ, അമ്മയും കൂടെ ഉണ്ട് .. അവളുടെ പരിഭവം ഒന്നൊഴിഞ്ഞപോലെ തോന്നി അവനു .. 
"കുഞ്ഞ് നിന്റെ വയറ്റിൽ എപ്പോഴും അനങ്ങാറുണ്ടോ ? വീണ്ടും അവനു ചോദിയ്ക്കാൻ അവളുടെ വയറ്റിലെ കുട്ടിയെ കുറിച്ച് ആയിരുന്നു. 
" കൊള്ളാം മിക്കപ്പോഴും വയറ്റിൽ ബഹളം ആണ് കുട്ടി, ചിലപ്പോൾ വയറ്റിന്റെ പുറത്ത് മുഴച്ച് വരും വാവ ചവിട്ടുന്നതാ , ചേട്ടൻ അതൊന്നു കാണണം“ അവളുടെ വാക്കുകളിൽ ഒരു അമ്മയുടെ സന്തോഷമായിരുന്നു. 
ഫോണിന്റെ ഇപ്പുറത്ത് അവന്റെ വേദനയോടെ ഉള്ള മൂളലും ..

" ചേട്ടനു കേൾക്കണോ ! ഇന്നലെ രാത്രി ഞാൻ കസേരയിൽ ഇരുന്ന് ദോശ കഴിച്ചപ്പോൾ പാത്രം എന്റെ വയറ്റിൽ വച്ചാ കഴിച്ചത് .അപ്പോൾ നമ്മുടെ വാവയുടെ വയറ്റിലെ ബഹളം ഒന്നും കാണെണ്ടതായിരുന്നു. പാത്രം വയറ്റിൽ ഇരുന്നു വിറയ്ക്കുകയാ , അത് ഞാൻ നമ്മുടെ മോളെ കാണിച്ചപ്പോൾ അവൾ ഓടി വന്ന് എന്റെ വയറ്റിൽ ഉമ്മ തന്നു എന്നിട്ട് വയറ്റിൽ നോക്കി പറയുകയാ അവൾ “ വാവേ ചാച്ചിക്കോ അമ്മയുടെ വയറ്റിൽ ചാച്ചിക്കോ “ എന്ന് .അത് കണ്ടപ്പോൾ ഞാൻ ചേട്ടനെ ഓർമിച്ചു . അപ്പോൾ എനിക്ക് ചേട്ടൻ അവിടെ ഇത് കാണാൻ ഉണായിരുന്നെങ്കിൽ എന്ന് ആശിച്ചു. ,അത് കണ്ടിരുന്നെങ്കിൽ ചേട്ടൻ എന്തു മാത്രം സന്തോഷിയ്ക്കുമായിരുന്നു ".

ഒരു നീണ്ട മൂളൾ ആയിരുന്നു അപ്പോൾ അവന്റെ മറുപടി.. 
'ചേട്ടൻ എങ്ങനെ എങ്കിലും എന്റെ പ്രസവ സമയത്ത് വരാൻ നോക്കണം , ചേട്ടൻ എന്റെ കൂടെ ഉണ്ടെങ്കിൽ എനിയ്ക്ക് ധൈര്യമാ , കഴിഞ്ഞതവണ പോലെ വരാതെ ഇരിയ്ക്കരുത് ', അവളുടെ ശബ്ദം പതറുന്നുണ്ടായിരുന്നു..
"അത് മോളെ അത് !?."... അവൻ വാക്കുകൾ പൂർത്തിയാക്കാൻ ആകാതെ കുഴയുകയായിരുന്നു .. 
"അസലാമു അലൈക്കും " ഷോപ്പിലെ ഡോർ തുറന്ന് വന്ന കസ്റ്റമറിന്റെ വിഷസ് .. 
'എടീ മോളെ കടയിൽ ആൾ വന്നു , ഞാൻ പിന്നെ വിളിയ്ക്കാം ', 
അവൾ എന്നത്തെയും പോലെ വിഷമത്തോടെയുള്ള മൂളലോടെ ഫോൺ വച്ചു . 
'വാ അലൈക്കു മുസലാം' എന്നു അറബിയോട് ചിരിച്ച് കൊണ്ട് തിരിച്ച് വിഷ് പറയുമ്പോൾ കണ്ണിൽ നിന്നും വീഴുന്ന കണ്ണീർ അയാൾ കാണാതിരിയ്ക്കാൻ അവൻ നോട്ടം ഗ്ലാസിനു പുറത്തുള്ള മണൽപ്പരപ്പിലേയ്ക്ക് മാറ്റിയിരുന്നു.. .. അനിയൻ...."

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

വഴിപിഴച്ചു പോകുന്ന പ്രണയം ...


പ്രണയം ,ലോകത്തിലെവിടെയും എന്നും ചർച്ചാ വിഷയമാകുന്ന ആർദ്രസുന്ദരമായ വികാരം.ശൈശവത്തിന്റെ കളങ്കമില്ലായ്മയിൽ നിന്ന്‍ കൌമാരത്തിന്റെ പടികയറി  തുടങ്ങുമ്പോൾ ആരോടെങ്കിലും പ്രണയം തോന്നാത്തവർ ഉണ്ടാകുമോ?. ഉണ്ടാകില്ല ..സ്കൂളിൽ ഒരു ക്ലാസിൽ പഠിച്ചവളോൾ അല്ലെങ്കിൽ വഴിയരികിൽ തന്റെ വരവും കാത്തു നിൽക്കുന്നവനോട് ,അങ്ങനെ ആരോടെങ്കിലും ഈ മധുരവികാരം തോന്നാത്ത കൌമാരം നമ്മിൽ നിന്നും കടന്നുപോകാറില്ല .ഒരു തമാശയായെങ്കിൽ കൂടി പ്രണയം ആസ്വദിക്കാതവരുണ്ടാകില്ല.യൌവനത്തിലും ഇതൊരു അഗ്നിയായി കൊണ്ട് നടന്ന്‍ പ്രണയിനിയെ സ്വന്തമാക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ തന്നെയാണ് .നഷ്ടപെട്ടുപോയ പ്രണയിനിയുടെ മുഖം മനസ്സിൽ ഒരു ഞെരിപ്പോടായി കൊണ്ടുനടക്കുന്നവരും നമുക്കിടയിൽ ഉണ്ട്.അത് ത്രീവമായ പ്രണയത്തിന്റെ മറ്റൊരു മുഖം.അവളോടുള്ള പ്രണയം നമ്മെ അടിമപെടുത്തുമ്പോൾ അവളെ കുറിച്ച് ഒരു കവിത മൂളാത്തവരുണ്ടാകില്ല .ഒരു പക്ഷേ തന്നിലെ രചനയുടെ സൗന്ദര്യം ആദ്യം അറിയുന്നത് തന്റെ കാമുകിയ്ക്ക് താൻ കുറിച്ചിട്ട ആ വാക്കുകളിൽ നിന്നാകും.കോളേജ്കാമ്പസുകളിലും ,നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങൾ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടർയുഗത്തിൽ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും  പ്രണയിക്കുമ്പോൾ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആർദ്രമായ വികാരം ഹൃദയത്തിൽ മനോഹരമായ മയിൽപീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന  കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?.  . . ..അനിയൻ ..