.

2009, ഡിസംബർ 29, ചൊവ്വാഴ്ച

അങ്ങനെ പവനായി ശവമായി....

“അനിയൻ കുട്ടാ എഴുന്നേൽക്കു എട്ട് മണിയായി”.അലാറം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.അച്ഛൻ ജർമ്മനിയിൽ ബിസിനസ്സ് ടൂറിനു പോയപ്പോൾ പറഞ്ഞു ചെയ്യിപ്പിച്ചതായിരുന്നു ആ അലാറം.ഇന്ത്യൻ മണി പതിനായിരം രൂപയാണെന്ന് അച്ഛൻ പറയുന്നത് കേട്ടു.പണ്ടെ അച്ഛന്റെ ശീലമാണ് ഞാൻ എന്തു പറഞ്ഞാലും ആ അഗ്രഹം നിറവേറ്റി തരും.ഞാൻ പണ്ടു ഊട്ടിയിൽ ബോർഡിംഗിൽ പഠിക്കുമ്പോൾ ആ ജയിംസിന്റെ കൈയ്യിൽ ഇതു പോലെ ഒരെണ്ണം കണ്ടു..അന്നു മുതൽ ഞാൻ പിടി വാശിയിലായിരുന്നു. ബെഡിൽ നിന്നും എഴുന്നേൽക്കാൻ വയ്യ.മടി തന്നെ കാരണം.പിന്നെ ഇന്നാണല്ലോ കോളെജ് ഫസ്റ്റ്ഡേ എന്നു ആലോചിച്ചപ്പോൾ പുതപ്പ് വലിച്ചു മാറ്റി എഴുന്നേറ്റു.പുതപ്പ് മാറ്റിയപ്പോൾ എ.സിയുടെ തണുപ്പ് കാരണം ശരീരം വിറയ്ക്കുന്നു.പെട്ടന്ന് തന്നെ അത് ഓഫ് ആക്കി.കോട്ടുവായും ഇട്ടുകൊണ്ട് ചുവരിലെ എന്റെ ഇഷ്ടദൈവങ്ങളെ നോക്കി..’അർനോൾഡ് ചെസ്നഗറും സ്റ്റല്വസ്റ്റർ സ്റ്റാലിയനും.ചുവർ നിറയെ അവരുടെ ഫോട്ടോകൾ ആണ്.അവരുടെ സിനിമകൾ കണ്ട് അവരുടെ ശരീരം കണ്ട് ഞാൻ അവരുടെ ഒരു കടുത്ത ആരാധകൻ ആയി കഴിഞ്ഞിരുന്നു.അതു കാരണം വീട്ടിൽ ചെറിയ ഒരു ജിം റെഡി ആക്കിയിട്ടുണ്ട്.കണ്ണാടിയുടെ മുന്നിൽ ചെന്ന് സൌന്ദര്യം നോക്കി.അവരുടെ ശരീരത്തിന്റെ അടുത്ത് എത്തുന്നില്ലെങ്കിലും കുറെച്ചൊക്കെ മസിലുകൾ ഉണ്ട്.പണ്ട് റഷ്യയിൽ ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടത്തെ കോളെജിൽ രണ്ട് വർഷം ബോഡിഫെസ്റ്റിൽ എനിക്ക് ആയിരുന്നു ഫസ്റ്റ്.
                                          ബാത്ത് റൂമിൽ കയറീയതും കാലു തെറ്റി വീഴാൻ പോയി.അന്നെ അച്ഛനോട് പറഞ്ഞതാണ് ബാത്ത് റൂമിൽ ഇറ്റാലിയൻ മാർബിൾ ഇടല്ലെ എന്ന്.ഭാഗ്യം ഒന്നും പറ്റിയില്ല.ശരീരം തണുക്കുന്നതുകൊണ്ട് ഹീറ്റർ ഓൺ ആക്കി..ചെറുതായി വയറു വേദനിക്കുന്നു.ഇന്നലെ കഴിച്ച ബട്ടർ തന്തൂരി ദഹിച്ചില്ലാ എന്നു തോനുന്നു.ഇന്നലെ നടൻ വെഞ്ഞാറമൂട് സുരാജിന്റെ പാർട്ടി ആയിരുന്നു.നമ്മൾ പണ്ടെ കമ്പനിക്കാർ ആണ്.പണ്ട് നമുക്ക് ഒരു അഡ്വെർറ്റസിംഗ് കമ്പനി വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു..സുരാജ് സിനിമയിൽ വരുന്നതിനു മുമ്പ് മിക്കപ്പോഴും അവിടെ വന്ന് ഇരിക്കുമായിരുന്നു.ഇപ്പോൾ  വലിയ നടൻ.എതോ മലയാള പടം വിജയിച്ചെന്നോ അതുകൊണ്ട് പാർട്ടി ഉണ്ട് അനിയൻ എന്തായാലും വരണം എന്നു വീട്ടിൽ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാനും പറ്റിയില്ല.വെള്ളം ചൂടായെന്നു തോനുന്നു.വിശാലമായി തന്നെ കുളിച്ചു.കോളെജിൽ ചെല്ലക്കിളികളെ കാണാൻ ഉള്ളത് അല്ലെ.ചുണ്ടിൽ ടൈറ്റാനിക് സിനിമയിലെ പാട്ട് വന്നു.
                                            കുളിച്ച് ബാത്ത് റൂമിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടാണ് മൊബൈലുകളിൽ നോക്കിയത്.ആറ് മൊബൈലുകൾ.ഏതു പുതിയ മോഡൽ ഇറങ്ങിയാലും അതു ഞാൻ വാങ്ങും.അതു എന്റെ ഒരു വാശി ആണ്.കുറച്ച് ദിവസം കൊണ്ട് നടക്കും.മടുക്കുമ്പോൾ വീട്ടിലെ ജോലിക്കാർക്കു കൊടൂക്കും.എല്ലാ മൊബൈലുകളിലും പത്തും പതിഞ്ചും മിസ്സ്കാളുകൾ.ഈ പെൺപ്പിള്ളാരെ കൊണ്ട് ഞാൻ തോറ്റു. 24 മണിക്കൂറും വിളിയോട് വിളി..ദാ വിളിക്കുന്നു ഭീമാ ജൂവലറിയുടെ മുതലാളിയുടെ മകൾ ദിവ്യ..എനിക്ക് വയ്യ എടുക്കാൻ..നല്ല ഒരു കാര്യത്തിനു വേണ്ടി പോകാൻ നിൽക്കുമ്പോൾ ആണ് നാശങ്ങൾ.ഞാൻ കട്ട് ചെയ്തു.പുതിയ സുന്ദരിമാരെ കാണാൻ പോകുമ്പോൾ ആണ് ഇവളുമാരുടെ ഒരു വിളി.ഇതിനേയോക്കെ ഞാൻ പണ്ടെ വിട്ടതാ.എന്നാലും എന്റെ പുറകെ നടക്കുകയാ..എനിക്ക് ആണെങ്കിൽ കുറച്ച് നാൾ ലൈൻ അടിച്ചിട്ട് ആ ത്രിൽ നഷ്ടപെടുമ്പോൾ അവരെ വിടും.ലൈൻ അടിച്ചിടുന്നവരെ ഉള്ളു ബഹളം .പിന്നെ ഓക്കെ ആയാൽ അടുത്തതിന്റെ പിറകേ പോകും..ലൈൻ ആകാൻ വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കും ഞാൻ.കുറച്ച് നാൾ മുൻപ് സ്വപ്നക്കൂട് എന്ന മലയാളം പടം കണ്ടു.ഞാൻ അങ്ങനെ മലയാളം കാണാറീല്ല.ഇംഗ്ലീഷും ഹിന്ദിയും ആണ് ഇഷ്ടം.വല്ലപ്പോഴും മലയാളം കണ്ടാൽ ആയി.അങ്ങനെ കണ്ടാതാണ് സ്വപ്നക്കൂട്.അതിൽ ആ പുതിയ പയ്യൻ പ്യത്ഥവ്യരാജ് ലൈൻ അടിക്കുന്നതു കണ്ടപ്പോൾ ചിരിയാണ് വന്നത്.എന്റെ ലൈൻ അടി അതേ പോലെ പകർത്തിയിരിക്കുന്നു.
                                      റിമോട്ട് എടുത്ത് എച്ച്.വി.ഡി  പ്ലേയർ ഓൺ ആക്കി.മൈക്കിൾ ജാക്സന്റെ  ത്രില്ലറിലെ Wanna Be Startin' Somethin'  റൂമിൽ മുഴങ്ങി.അതിനോപ്പം ഡാൻസ് ചെയ്തു കൊണ്ട് ഞാൻ ഡ്രസ്സ് മാറ്റാൻ തുടങ്ങി.ഏത് ഇടണം എന്ന കൺഫ്യൂഷൻ.അഞ്ച് അലമാര നിറയെ എന്റെ ഡ്രസ്സ് ആണ്.എന്റെ പ്രധാന ഹോബി തന്നെ ഡ്രസ്സ് വേടിച്ചു കൂട്ടുക എന്നതാണ്.അതിൽ നിന്നും ബ്ലൂ‍ ജീൻസും റെഡ് ഷർട്ടും എടുത്തു.കഴിഞ്ഞ ആഴ്ച ആസ്ടേലിയയിൽ നിന്നും വാങ്ങിയതായിരുന്നു.ചെറിയ മേക്കപ്പ് ചെയ്തു ഷൂവും വലിച്ചു കയറ്റി.സമയം താമസിച്ചു.ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്നപ്പോൾ റെഡി ആയില്ല.വീട്ടിൽ അഞ്ച് ജോലിക്കാൻ ഉണ്ട് എന്നാലും പണി ഒന്നും കഴിയില്ല.അമ്മയും കിച്ചണിൽ ആണ്.ജോലിക്കാൻ ഉണ്ടെങ്കിലും നമുക്ക് ഭക്ഷണം വയ്ക്കുന്നത് അമ്മ തന്നെ ആയിരിക്കും.അത് അമ്മയ്ക്ക് നിർബന്ധം ആണ്.നമുക്കും അതു തന്നെ ആണ് ഇഷ്ടം.അമ്മ വയ്ക്കുന്ന ആഹാരം കഴിക്കാൻ ഒരു പ്രേത്യക രുചി ആണ്.
                                          
                       അതാ അച്ഛനും ചേട്ടനും കാപ്പി കഴിക്കാൻ വന്നു.രണ്ടു പേരും ഓഫീസിൽ ഒത്തു ആണ് പോകുന്നത്.ചേട്ടൻ അച്ഛനെ സഹായിക്കുന്നു.ബ്രിട്ടണിൽ പോയി ബിസിനസ്സ് മാനേജ്മെന്റ് പഠിച്ചത് ആണ് ചേട്ടൻ.അവൻ എന്നെ പോലെ ഒന്നും അല്ല.വീട് , ഓഫീസ് എന്ന രണ്ട് കാര്യങ്ങളെ ഉള്ളു.എന്നെയും കമ്പനിക്കാര്യങ്ങൾ നോക്കൻ പറഞ്ഞതാണ്.ഓഹ്.നമ്മൾക്ക് വയ്യെ.നമുക്ക് ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കണം.അതുകൊണ്ട് ആരും കൂടുതൻ നിർബന്ധിക്കാറില്ല.ഇപ്പോൾ തന്നെ ഈ പഠിക്കാൻ പോകുന്നത് ചുമ്മയാണ്.പഠിക്കൻ ഉള്ളതൊക്കെ എല്ലാം കഴിഞ്ഞു.റഷ്യയിലും ബ്രിട്ടണിലും അങ്ങനെയുള്ള മിക്ക നാട്ടിലും പോയി പലതും പഠിച്ചു.സമയം പോകുന്നതിനും പിന്നെ ബിസിനസ്സ് എടുത്ത് തലയിൽ വയ്ക്കാനുള്ള മടികൊണ്ടും പഠിപ്പ് എന്നും പറഞ്ഞു ഓരോ കോഴ്സിനു പോകുകയാണ്.ഇപ്പോൽ പഠിക്കാൻ പോകുന്നത് നമ്മളുടെ തന്നെ എഞ്ചിനിയറിംഗ് കോളെജിൽ തന്നെ.അച്ഛന്റെ സ്വന്തം കോളെജ് അല്ലെ ഒന്നു ഷൈൻ ചെയ്യാം എന്നു കരുതി.കാപ്പിയും കൊണ്ട് അമ്മ വന്നു.അയ്യെ ഇഡലി..എനിക്ക് ഇഷ്ടമല്ല ഈ സാധനം.എനിക്ക് വേണ്ടാ എന്നു പറഞ്ഞു.മോനു എന്തു വേണം എന്ന് അമ്മ ചോദിച്ചു.എനിക്ക് ന്യൂഡിത്സ് മതി എന്നു പറഞ്ഞു.അഞ്ച് മിന്നിട്ടിനുളിൽ തരാം എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി.അതു കണ്ട് ചേട്ടൻ ചുടായി.
’ഈ അമ്മയാണ് അനിയനെ ഇങ്ങനെ വഷളക്കുന്നത്.
അച്ഛൻ ചെറുതായി ചിരിക്കുകയാണ്.പിന്നെ അച്ഛന്റെ വക ചെറിയ ഉപദേശം.
‘സ്വന്തം കോളെജ് ആണ് എന്നു കരുതി അവിടെ കുഴപ്പമൊന്നും ഉണ്ടാക്കരുത്.ഞാൻ നിന്റെ കാര്യങ്ങൾ പ്രിൻസിപ്പാളിനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്‘.
ഞാൻ വിനീതനായി തലകുലുക്കി..ഹി ഹി ..ഞാൻ അങ്ങോട്ട് ചെല്ലട്ടെ.പിന്നെയല്ലെ ബാക്കിയുള്ള കാര്യങ്ങൾ...മനസ്സിൽ ഉറപ്പിച്ചു.അമ്മ ന്യൂഡിത്സുമായി വന്നു.സ്പൂൺ കൊണ്ട് വാരി വായിൽ വച്ചു തന്നു.പാലും കുടിച്ച് കൊണ്ട് ഞാൻ എഴുന്നേറ്റു.ചേട്ടന്റെ വക ഒരു ബെസ്റ്റ് വിഷസ്.കൈ തുടയ്ക്കാൻ ടവ്വലുമായി ജോലിക്കാരൻ വന്നു.ഒന്നു കൂടി സൌന്ദര്യം കണ്ണാടിയിൽ നോക്കിയിട്ട് ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് നീങ്ങി.വണ്ടി എല്ലാവർക്കും കൂടി ഏട്ട് എണ്ണം ഉണ്ട്.ബെൻസും എന്നു വേണ്ടാ എല്ലാ വിലപിടിപ്പൂള്ള എല്ലാ കാറുകളും ഉണ്ട്.എനിക്ക് ആണെങ്കിൽ കാറിനെക്കാൾ ഇഷ്ടം സ്പോർസ് ബൈക്കുകളോടാണ്.അതിന്റെ ഒരു നല്ല ശേഖരം എന്റെയിൽ ഉണ്ട്.കോളെജിൽ പോകുന്നത് കൊണ്ട് അവിടെ ഷൈൻ ചെയ്യാൻ ഇന്നലെ തന്നെ BMW ന്റെ പുതിയ മോഡൽ HP2 Sport 2009 ബൈക്ക് വാങ്ങി.25375 ഡോളറായി വില.കാശ് ആരു നോക്കാൻ.എവിടെയോക്കെ കമ്പനികളും വസ്തുക്കളും ഉണ്ടെന്ന് ഇതുവരെ എനിക്കറിയില്ല.

                          വണ്ടിയും എടുത്തുകൊണ്ട് ഞാൻ വീടിനു പുറത്തു ഇറങ്ങി.ഗേറ്റിൽ സലൂട്ട് തരാൻ സെക്യൂരിറ്റി കാത്തു നിൽക്കുന്നുണ്ടായിരുന്നു.ദഷിണാഫ്രിക്കൻ ഗാർഡ് ആണ് അവൻ.ഈ ഒരു വലിയ വീട് നോക്കാൻ അവൻ മാത്രം മതി.വീട് അല്ല കൊട്ടാരം ആണ്.ആസ്ത്രലിയൻ ടെക്നോളജി വച്ച് ചെയ്തതാണ്.പകുതി എന്റെ പ്ലാനിംഗും ഉണ്ടായിരുന്നു.നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വീട് കാണാൻ പാടില്ല എന്നത് എനിക്ക് വാശി ആയിരുന്നു.വീട്ടിൽ നിന്നും ഇറങ്ങി വണ്ടി ആറ് അറുപതിൽ വിട്ടു.ഈ നശിച്ച നാട്ടിലെ റോഡ് കാരണം നല്ലവണ്ണം വണ്ടി ഓട്ടിക്കാനും കഴിയില്ല.എന്റെ വീട്ടിൽ നിന്നും മെയിൻ റോഡുവരെ റെബറൈസ്ഡ് ടാറിംഗ് നടത്തിയിട്ടുണ്ട്.ഗതാഗത മന്ത്രി അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ്.പാർട്ടി ഫണ്ടിലേക്ക് മാസം തോറും ലക്ഷങ്ങൾ കൊടുക്കുന്നത് വെറുതെ അല്ല.വഴിയിൽ ചെറിയ ചെക്കിംഗ് നടക്കുന്നു.ഒരു കോൺസ്റ്റബിൾ എന്റെ വണ്ടി തടഞ്ഞു.‘ബുക്കും പേപ്പറും എടുക്കാടാ ..ഓഹോ ഹെൽമറ്റ് ഇല്ലാതെ ആണ് അല്ലെ വണ്ടി ഓട്ടിപ്പ്,ഇറങ്ങാടാ‘.എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.എനിക്കണെങ്കിൽ ദേഷ്യവും വന്നു.ഒരടി! കവിളിൽ കൊടുത്തു.അതോടെ മാറി നിന്ന പോലീസുകാർ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.അതിൽ എസ്.ഐ എന്നെ കണ്ടതും .

“അയ്യോ കൊച്ചായിരുന്നോ? പുതിയ പയ്യനാ , കൊച്ചുമുതലാളിയെ അറിയാഞ്ഞിട്ടാ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തോളാം,കൊച്ചുമുതലാളി പോയ്ക്കോ”

എന്നു പറഞ്ഞു.ഞാൻ കോൺസ്റ്റബിളിനെ കഠിപ്പിച്ചൊന്നു നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.ഛെ..ഇന്നതെ കണി മോശം ആണല്ലോ.സമയം താമസിച്ചു വണ്ടിയുടെ ആക്സിലേറ്ററിലായി പിന്നെ എന്റെ ശ്രദ്ധ.

                                         

                         വളരെ പെട്ടന്ന് തന്നെ   കോളെജിന്റെ മുന്നിൽ എത്തി.സ്വന്തം കോളെജ് ആണെങ്കിലും ഇതു വരെ അകത്തു കയറി നോക്കിയിട്ടില്ല.ഗേറ്റ് കഴിഞ്ഞു അകതേക്ക് കടന്നു.മുന്നിലും പിന്നിലും ആയി നിറയെ കുട്ടികൾ.ചെല്ലകിളികൾ ധാരാളം.എല്ലാവരുടെയും ശ്രദ്ധ എന്നെയും എന്റെ വണ്ടിയിലും ആണ്.ഞാൻ പെൺക്കുട്ടികളെ നോക്കി ചെറുതായി പുഞ്ചിരിച്ചിട്ട് ബൈക്ക് ഓഫ് ആക്കി.അപ്പോഴെയക്കും കുറച്ച് പേർ എന്റെ അടുത്ത് ഓടി എത്തി.അതിൽ കുറച്ച് ഗൌരവം തോന്നിച്ച് ആൾ എനിക്ക് കൈ തന്നിട്ട് പ്രിൻസിപ്പാൾ എന്നു പറഞ്ഞു പരിചയപ്പെട്ടു.കൂടെയുള്ളവരെയും പരിചയപ്പെടുത്തി.അകത്തു ഓഫിസിൽ ഇരിക്കാം എന്നും പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.പോകുന്ന വഴിയിൽ അച്ഛൻ വിളിച്ച് എല്ലാം നോക്കണം എന്ന് പറഞ്ഞതായി പ്രിൻസിപ്പാൾ പറയുന്നുണ്ടായിരുന്നു.എന്റെ ശ്രദ്ധ അപ്പൂറത്തൊക്കെ മാറി നിൽക്കുന്ന പെൺക്കുട്ടികളിൽ ആയിരുന്നു.

                                       

                            ഓഫിസിൽ ചെന്നപാടെ കുടിക്കാൻ ജൂസും കൊണ്ട് പ്യൂൺ വന്നു.പിന്നെ ഞാൻ പറഞ്ഞു ഇന്ന് എന്തായാലും ഞാൻ ക്ലാസിൽ കയറുന്നില്ല.നാളെ മുതൽ വരാം പിന്നെ ഇന്ന് ഫസ്റ്റ്ഡേ ആയതുകൊണ്ട് വന്നതെന്നെയുള്ളു ഞാൻ.പ്രിൻസിപ്പാൾ വിനയത്തോടെ ‘അതിന്താ കുട്ടി പോയ്ക്കോളു ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി’ എന്നു പറഞ്ഞു.ഞാൻ ബൈ പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങി ബൈക്കിനടുത്തേയ്ക്ക് നടന്നു.പോകുന്ന വഴി എതിരെ വന്ന രണ്ട് കിളികളെ കണ്ണിറക്കി കാണിക്കാനും മറന്നില്ല.അവർ അതിനുള്ള മറുപടീ ചിരി ആയിരുന്നു.ഞാൻ അവരുടെ മുന്നിൽ നിന്നു മറയുന്നതു വരെ എന്നെ നോക്കികൊണ്ട് നിന്നു.ഞാൻ വണ്ടിയുടെ അടുത്ത് എത്തി ഓൺ ആക്കി, ആക്സിലേറ്ററിൽ ഒന്നു കടുപ്പിച്ച് പിടീച്ചു.കോളെജ് മുഴുവൻ മുഴങ്ങി അതിന്റെ ശബ്ദം.എല്ലാവരും എന്നെ തന്നെ നോക്കുകയാണ്.

                                 

                         ഞാൻ സ്റ്റൈലിൽ  വണ്ടി തിരിച്ചതും വണ്ടി സ്ലിപ്പ് ആയി.തൊട്ടടുത്ത് കിടന്ന ചെളിവെള്ളത്തിലേയ്ക്ക് ഞാനും വണ്ടിയും വീണു.എന്റെ മുഖം വെള്ളത്തിനുള്ളിൽ ആണ്.ഞാൻ ഞെട്ടി എഴുന്നേറ്റു കണ്ണു തൂറന്നു.മുന്നിൽ കൈയ്യിൽ മൊന്തയിൽ വെള്ളവുമായി ഉഗ്രരൂപിണിയായി അമ്മ നിൽക്കുന്നു.വെള്ളം മുഴുവൻ എന്റെ മുഖത്ത് ആണ്.“ മണി ഒൻപത് ആയി എണിക്കാടാ.നട്ടിച്ചവരെ കിടന്നുറങ്ങും,പോയി പശുവിന്റെ ചാണകം വാരി തൊഴുത്തിലും കഴുകിയിട്ട് കടയിൽ പാൽ കൊണ്ടുകൊടൂക്കടാ“.അമ്മയുടെ ആ‍ക്രോശം ചെവിയിൽ മുഴങ്ങി.ഞാൻ കിടന്ന പരമ്പിന്റെ ചുറ്റും നോക്കി ,എന്റെ ബൈക്ക് കാണുന്നില്ല.എന്റെ കിടപ്പ് കണ്ടിട്ട് അമ്മയ്ക്ക് ദേഷ്യം വന്നു ഒരടി.അയ്യോ ഞാൻ ചാടി എണീറ്റു.അപ്പോൾ ആണ് ബോധം വന്നത്.അപ്പോൾ ഞാൻ ഇതെല്ലം സ്വപ്നം കണ്ടെത് ആണോ?.ശോ! ഞാൻ എന്റെ നഷ്ട സ്വപ്നങ്ങളുമായി എണീറ്റു.മുഖം ഒന്നും കഴുക്കാൻ വയ്യ, നേരെ തൊഴുത്തിൽ ചെന്ന് ചാണകം വാരി..ഹൊ. ഗോമാതാവാണ്,  ദൈവമാണ് എന്നെക്കെ പശുവിനെ പറയുന്നുണ്ടെങ്കിലും ചാണകത്തിന്റെ നാറ്റം സഹിക്കാൻ പറ്റുന്നില്ല.എവിടെ നിന്നോക്കെ DTS സൌണ്ട് പോലെ അമ്മയുടെ ചീത്ത പറച്ചിൽ  കേൾക്കാം..ഹി വെറെ ആരെയും അല്ല..അതു എനിക്ക് മാത്രം ഉള്ളതാ .അതു ഞാൻ ആർക്കും പകുത്തു കൊടുക്കില്ല.തൊഴുത്തിൽ വ്യത്തിയാക്കിയിട്ടു പല്ലു തേച്ചു എന്നു വരുത്തി അടുക്കളയിലേക്ക് ഓടി.അവിടെ ചെന്നപ്പോൾ കഴിക്കാൻ ഗോതമ്പ് റോട്ടി..എനിക്ക് കണ്ണ് എടുത്താലും കണ്ണ് എടുത്തില്ലെങ്കിലും കണ്ടുകൂടാത്ത സാധനം..‘അമ്മ എനിക്ക് ഇത് വേണ്ടാ..’ ഞാൻ അമ്മയോട് പറഞ്ഞു.” പിന്നെ നീ ഇവിടെ  സമ്പാദിച്ചു കൊണ്ടു തന്നിരിക്കുകയ്യല്ലെ, ഇതു പോലും എങ്ങനെ ഉണ്ടാക്കും എന്നും പറഞ്ഞാ ഇരിക്കുന്നത് അപ്പോളാ അവന്റെ ചിണുങ്ങൽ”.എന്റെ കവിളിൽ ഒരു കുത്തും തന്നു..കുറച്ച് മുമ്പ് ന്യൂഡിത്സ് തിന്ന ഞാൻ ഇവിടെ കൊച്ചായതു പോലെ തോന്നി..പിന്നെ ഒരു നിമിഷം പോലും ഈ അവഗണന സഹിച്ച് അവിടെ നിൽക്കാൻ തോന്നിയില്ല..പെട്ടെന്ന് തന്നെ മിണ്ടാതെ ആ റെട്ടിയും തിന്ന് പാലും എടുത്ത് പുറത്തിറങ്ങി.നമ്മളുടെ തന്നെ ചായക്കടയിലേക്ക് ആണ് പാൽ.പുറത്ത് ഇറങ്ങിയപ്പോൾ വിദേശത്ത് പോയി ബിസിനസ്സ് മാനേജ്മെന്റ് പഠിച്ച എന്റെ ചേട്ടൻ പശുവിനു കൊടുക്കാൻ പിണ്ണാക്ക് കലക്കുന്നു.എനിക്ക് അവനോട് പറയണമെന്നുണ്ടായിരുന്നു’എന്റെ സഹോദരാ ഇന്നലെ രാത്രിയിൽ നിന്നെ കാണാൻ ഒരു ഗെറ്റപ്പ് ഉണ്ടായിരുന്നു.ഇപ്പോൾ കാണാൻ അതിനേക്കാളും ചേലുണ്ടെന്ന് തോനുന്നു.’ പാവം ചേട്ടൻ പിണ്ണാക്ക് കലക്കി പഠിക്കാൻ ബ്രിട്ടൺ വരെ പോകണമായിരുന്നോ?

                                      

                     ഞാൻ എന്റെ സ്പോർസ് ബൈക്കിന്റെ അടുത്തു ചെന്നു.സെറ്റപ്പ് വണ്ടി.1947 മോഡൽ ഹീറോ ലോഡിംഗ് സൈക്കിൾ..ഹി ഹി.ഇന്ന് ചവിട്ടി തുടങ്ങിയാൽ നാളെയെങ്കിലും അങ്ങു എത്തും ,അത്ര കണ്ടീഷൻ ആണ്.പിറകിൽ അമ്മയുടെ ആക്രോശം ,‘പാലു കൊണ്ട് കൊടുക്കാടാ @@@...%% മോനെ , സമയം താമസിച്ചു’.ഹോ പിന്നെ ഞാൻ എന്റെ ഓമന വണ്ടിയുടെ ഭംഗി നോക്കാൻ നിന്നില്ല.പാൽ മുമ്പിൽ തൂക്കി ഞാൻ ചാടീ കയറി ചവിട്ടി തുടങ്ങി.ചവിട്ടി തുടങ്ങിയപ്പോൾ ആണ് അറീയുന്നത് സൈക്കിൾ പഞ്ചർ.ർ.ർ...ഈശ്വാരാ ഇന്ന് അച്ഛന്റെ കൈയിൽ നിന്നും ധാനമായി കിട്ടുന്ന അടി മൊത്തമായി ഞാൻ ഒറ്റയ്ക്ക് വേടിക്കെണ്ടി വരുമല്ലോ.പോകുന്ന വഴിയിൽ പഞ്ചറും ഒട്ടിച്ച് കടയിൽ എത്തിയപ്പോൾ അച്ഛൻ എന്നെയും കാത്തു പുറത്തു നിൽക്കുന്നു.അതോടെ എനിക്ക് മനസ്സിലായി കടയിലെ പാലു തീർന്നു.ഞാൻ വേഗത്തിൽ അടുത്തു ചെന്നു.കടയിൽ ആളുകൾ ചായക്കു കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.അതു കൊണ്ട് അച്ഛനിൽ നിന്നും ഉണ്ടാകുന്ന പ്രതിരോധത്തെ ഉപരോധിക്കാൻ ഞാൻ തയ്യാറായി..പാൽ പാത്രം ഞാൻ  സ്പോർട്സ് ബൈക്കിൽ[സൈക്കിൾ] ഇരുന്നുകൊണ്ട് തന്നെ അച്ഛനു നീട്ടി.അച്ഛന്റെ മുഖം സിനിമാനടൻ മധുവിനു ദേഷ്യം വരുന്നതു പോലെ മുഖം ചുവന്ന് തുടുത്തിരുന്നു.പാൽ അച്ഛൻ ഇടതു കൈ കൊണ്ട് വാങ്ങിയതും അതാ വരുന്നു വലത് കൈ കൊണ്ട് എന്റെ തലയിൽ ഒരടി. ഞാനും എന്റെ വണ്ടിയും റോഡിൽ,

***@@ ഡിം*** %% ****എന്റെ തലയിൽ നിന്നാണോ അതൊ റോഡിൽ നിന്നണോ എന്തോ എന്റെ ചുറ്റും പൊന്നീച്ച പറക്കുന്നുണ്ട്.എനിക്ക് അച്ഛനോട് ഒരു ദേഷ്യവും തോന്നിയില്ല.എനിക്ക് സഹതാപം തോന്നി.കോടീശ്വരൻ ആയ ബിസിനസ്സ് മാഗ്നറ്റായ എന്റെ അച്ഛൻ ദാ കടയിൽ ചാ‍യ അടിക്കുന്നു.ഞാൻ പയ്യെ എഴുന്നേറ്റു .ഹോ! ആ സ്വപ്നത്തിന്റെ ക്ഷീണം ഇപ്പോൾ ആണ് മാറിയത്.എന്തെല്ലാമായിരുന്നു,മലപ്പുറം കത്തി,അമ്പും വില്ലും,മെഷീംഗൺ , ദാ കിടക്കുന്നു പവനായി ശവമായി എന്ന് പറഞ്ഞപോലെ ആയി ഞാൻ .പയ്യെ സൈക്കിളും എടുത്ത് വീട്ടിലേക്ക് പോയി .അവിടെ ചെന്നിട്ട് വേണം കോടീശ്വര പുത്രനായ എനിക്ക് പശുവിന് പുല്ല് പറിക്കാൻ..കലികാലം അല്ലാതെ എന്തു പറയാൻ...ശംഭോ മഹാദേവാ... അനിയൻ..

2009, ഡിസംബർ 20, ഞായറാഴ്‌ച

ഗണപതിഭഗവാനോട് ഞാൻ ചെയ്ത പാപം.

സ്വാമിയേ ശരണമയ്യപ്പാ....ഹരിഹര സുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ..ശരണമയ്യപ്പാ..വീണ്ടും ഒരു മണ്ഡലക്കാലം അവസാനിക്കാറായി..കോടിക്കണക്കിനു ഭക്തന്മാരുടെ തീരാദുഃഖങ്ങൾ തീർക്കുന്ന അഖിലാണ്ടഭഗവാന് കോടി പ്രമാണങ്ങൾ..വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള മണ്ടലക്കാലം ഭക്തന്മരുടെ മനസ്സിലും അവരുടെ ജീവിതത്തിലും നൽകുന്ന അശ്വാസം നിർവചിക്കാൻ കഴിയാത്തത് ആണ്.41 ദിവസം വ്യതമെടുത്ത് മനസ്സിൽ കളങ്കമില്ലാതെ സ്വാമി ശരണം എന്ന് ഉറക്കെ വിളിച്ച് മല കയറി ജീവിതത്തിൽ ചെയ്ത പാപങ്ങളും ജീവിതദുഃഖങ്ങളും ആ കാരുണ്യവാന്റെ മുന്നിൽ നമ്മൾ നെയ്യാഭിക്ഷേകമായി അർപ്പിക്കുന്നു..തിരിച്ചൂ മല ഇറങ്ങുമ്പോൾ എല്ലാ മോക്ഷങ്ങളും നേടിയെടുത്തുള്ള ആ യാത്ര മനസ്സിൽ എന്നും അയ്യപ്പനെ സ്ഥിരപ്രതിഷ്ഠയാക്കി മാറ്റുന്നു.എന്റെ മനസ്സിൽ അയ്യപ്പനുള്ള സ്ഥാനം വളരെ വലുത് ആണ്.ഇഷ്ട ദൈവം ക്യഷണൻ ആണെങ്കിലും എന്തുകാര്യങ്ങൾക്കും ഞാൻ ആദ്യം വിളിക്കുന്നത് അയ്യപ്പാ എന്നാണ്.അതുകൊണ്ട് തന്നെ എല്ലാ മണ്ടലക്കാലവും എനിക്ക് തരുന്നത് ഭക്തിയുടെ മൂർദ്ധന്യതയാണ്.കന്നിമല അഛന്റെ കൂടെ ആയിരുന്നു കയറീയത്.അന്നു മുതൽ ഈ മരുഭൂവിൽ എത്തുന്നതുവരെയുള്ള മണ്ടലക്കാലങ്ങൾ എനിക്ക് തന്നത്  ഭക്തി സാന്ദ്രമായ പുതിയ അനുഭൂതികൾ ആയിരുന്നു..
                                                മണ്ടലക്കാലം എന്റെ നാട്ടിൽ ഒരു ചെറിയ ഉത്സവം പോലെ ആണ്.അമ്പലങ്ങളിൽ എല്ലാ ദിവസവും പ്രേത്യക പൂജകളും വിളക്കുകളും ഉണ്ടായിരിക്കും.ഓരോ ജംഗ്ഷനിലും ഓല കൊണ്ട് ഉണ്ടാക്കിയ ഭജനപ്പുരകൾ ഉയരും ആ സമയത്ത്..എല്ലാ സന്ധ്യ സമയങ്ങളിലും അവിടെ അയ്യപ്പഭജനങ്ങൾ കാണും.അമ്പലങ്ങളിൽ 41 ദിവസവും ഓരോ ആളുകൾ നടത്തുന്ന വിളക്ക് കാണും..അതു കൊണ്ട് ആ ദിവസങ്ങളിൽ ചെറിയ തോതിൽ ആൾക്കുട്ടവും കാണും..അങ്ങനെയുള്ള ഒരു മണ്ടലക്കാലത്തു എനിക്ക് ഒരു ചെറിയ അബദ്ധം പറ്റി..അതു ഇപ്പോളും എന്നെ പിൻ തുടരുന്നുണ്ട്. 
                                         2003-ലെ മണ്ടലക്കാലം.അന്ന് വ്യശ്ചികം ഒന്ന്..രാവിലെ മുതൽ എങ്ങും ഭക്തിയുടെ സംഗീതങ്ങൾ മുഴങ്ങൂന്നുണ്ട്.വൈകുന്നേരം ആയപ്പോൾ ഞാൻ കുളിച്ച് വീടിനു അടുത്തുള്ള കുഴുവിളാകത്തുനാഗരുകാവ്ദേവിക്ഷേത്രത്തിലേക്ക് യാത്രയായി.ഒന്നാം തിയതിയും പിന്നെ വ്യശ്ചികം ഒന്ന് ആയതിനാലും അമ്പലത്തിൽ നല്ല ജനകൂട്ടം ഉണ്ട്.സ്ത്രീകളും കുട്ടികളും കുറച്ച് ചെല്ലകിളികളും ..ആകെ ഒരു ഉത്സവപ്രതീതി. ചെല്ലകിളികൾ ഉള്ളതുകൊണ്ടാകാം എന്റെ കൂട്ടുകാരും അവിടെ കള്ളഭക്തന്മാർ ആയി കറങ്ങുന്നുണ്ട്.പണ്ടേ അങ്ങനെ ആണല്ലോ?.പയ്യന്മാർ അമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ അല്ലല്ലോ!.എന്ന് കരുതി ഞാൻ അതിനല്ല പോകുന്നത് കേട്ടോ!![ നിങ്ങൾ വിശ്വസിച്ചെന്നു കരുതുന്നു.ഹി ഹി.].അങ്ങനെ ഞാൻ മര്യാദരാമനായി മനസ്സു തുറന്ന് പ്രാർത്തിച്ചു..സമയം 7 മണി ആകാറായി.ആദ്യത്തെ ദീപാരാദന കഴിഞ്ഞു.ഇനി 2 മണിക്കൂർ കഴിയും വിളക്ക് കഴിയാൻ..ഇനിയുള്ളത് അയ്യപ്പഭജനം ആണ്.
                                                   അയ്യപ്പഭജനത്തിനു വേണ്ടി മൈക്ക്സെറ്റ് റെഡി ആണ്..മണ്ടലക്കാലത്തിൽ 41 ദിവസവും അമ്പലത്തിൽ അയ്യപ്പഭജനം കാണും.നമ്മൾ കുറച്ച് പേരാണ് അതിന്റെ നേത്രത്വവും പാട്ടുകൾ പാടുന്നതും..ഞാൻ ആണെങ്കിൽ വലിയ പാട്ടുകാരൻ എന്നും പറഞ്ഞാണു നടക്കുന്നത്[ഹി ഹി എന്റെ ഒരു കാര്യമെ..എന്നെ സമ്മതിക്കണം..]പാട്ടൂ പാടുന്നതിനു പ്രേത്യക സ്ഥലം ഉണ്ട്.അവിടെ തറയിൽ ഷീറ്റ് വിരിച്ചിരിക്കും.നമ്മൾ അവിടെഇരുന്നു.അമ്പലത്തിന്റെ പല സ്ഥലങ്ങളിൽ നിന്നുരുന്ന ആളുകൾ എല്ലാം അവിടെയെത്തി..ഞാൻ ആണ് മദ്ധ്യത്ത് ഇരുന്നത്..നമ്മളുടെ മുന്നിൽ നിലവിളക്ക് കത്തിച്ചു വച്ചു.ഞാൻ മൈക്ക് കൈയിൽ എടുത്തു ഓൺ ആക്കി ‘സ്വാമിയേ ‘ വിളിച്ചു..അതിന്റെ പ്രതിധ്വനി പോലെ കൂടെ ഉള്ളവർ ‘ശരണമയ്യപ്പാ’ എന്ന് വിളിച്ചു..ഞാൻ ചുറ്റും നോക്കി.ചെല്ലകിളികൾ നോക്കുന്നുണ്ട്.ഞാൻ യേശുദാസിനെ പോലെ ആദ്യത്തെ പാട്ട് പാടാൻ തയ്യാറായി.‘ഡോലക്കിൽ‘[ഭജനത്തിനു പാട്ടിന്റെ കൂടെ കൊട്ടുന്ന വാദ്യ ഉപകരണം] കൊട്ടി ഇരട്ടെന്മാർ[എന്റെ രണ്ട് ഇരട്ടകളായ കൂട്ടുകാരെ ആണ് ഇരട്ടെന്മാർ എന്ന് വിളിക്കുന്നത്.] അതിന്റെ ശബ്ദം ചെക്ക് ചെയുന്നുണ്ട്.
                                             ഞാൻ മൈക്ക് ടെസ്റ്റ് ചെയ്തിട്ട് ഓപ്പറെറ്ററോട് ശബ്ദം കൂട്ടി വയ്ക്കാൻ പറഞ്ഞു..എല്ലാവരും കേൾക്കട്ടെ എന്റെ സംഗീത വിസ്മയം..എന്തായലും ക്ഷേത്രത്തിന്റെ ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ കേൾക്കും വിധത്തിൽ ആണ് മൈക്ക്സെറ്റ് അറയിഞുമെന്റുകൾ..അച്ഛൻ ആ സമയത്ത് ഒരു കട നടത്തുകയായിരുന്നു..അതിന്റെ മുന്നിലും ഒരു കോളമ്പി വചിട്ടൂണ്ട്..അങ്ങനെ ഞാൻ അയ്യപ്പനെ മൻസ്സിൽ വിചാരിച്ച് ആദ്യത്തെ ഗണപതി സ്തുതി പാടി..അത് കുഴപ്പമില്ലാതെ അങ്ങു പോയി..പാടി കഴിഞ്ഞിട്ട് ഞാൻ ആസ്വദകരെ നോക്കി.ചിലേ എന്നെ ആരാധനയോടെ[ എനിക്ക് കുറച്ച് അഹങ്കാരം ഉണ്ടേ!!ഹി ഹി]നോക്കുന്നുണ്ട്.രണ്ടാമത്തെ പാട്ടായ ദേവിസ്തുതിയും ഞാൻ തന്നെ കുഴപ്പമില്ലാതെ പാടി..മൂന്നാമത്തത് ക്യഷ്ണ്ണ് സ്തുതി ആണ് അത് അജിഅണ്ണൻ പാടി.
                                        അടുത്ത പാട്ട് ആണ് എന്നെ ചതിച്ചത്.ഇനി പാടെണ്ടത് അയ്യപ്പസ്തുതി ആണ്.സാധാരണ മിക്ക പാട്ടുകളും എനിക്ക് മനപാഠം ആണ്.അതുകൊണ്ട് പുസ്തകത്തിൽ ഉണ്ടെങ്കിലും ഞാൻ നോക്കി പാടാറില്ലാ.അങ്ങനെ ഞാൻ സദസ്യരെ നോക്കികൊണ്ട് മൈക്ക് അജിയണ്ണന്റെ കൈയിൽ നിന്നും വാങ്ങി ഒരു ശരണം വിളിച്ച് പാട്ടു തുടങ്ങി.പാട്ട് ഇങ്ങനെ ആയിരുന്നു.

             “ അയ്യപ്പതിന്തക പേട്ട തുള്ളി ആനന്ദമോടെ
             മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..
             ഗണപതിയുടെ
തിരുനടയിൽ തേങ്ങ ഉടച്ച്
              ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ.”
 
ഭക്തിസാന്ദ്രമായ വരികൾ..ഞാൻ ശ്രുതി ശരിയാക്കി  ടെമ്പോ പിടിച്ച് പാട്ടു തുടങ്ങി..ആദ്യത്തെ രണ്ട് വരികൾ കറക്ട് ആയി പാടി.
       
            അയ്യപ്പതിന്തക പേട്ട തുള്ളി ആനന്ദമോടെ
          മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..‘
 

അടുത്ത വരിയാണ് എന്നെ ചതിച്ചത്.വരി ഇങ്ങനെ ആയിരുന്നു.
    
                 ‘ഗണപതിയുടെ തിരുനടയിൽ തേങ്ങ ഉടച്ച്
                  ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ‘.
    
  പക്ഷേ ഞാൻ പാടിയത് ഇങ്ങനെ ആയിരുന്നു..
                “ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ച്
               ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ“.
   

ഒരു നിമിഷം.എല്ലാം നിന്നു..എന്റെ പാട്ടും നിന്നു ഡോലക്ക് കൊട്ടുന്നതും നിന്നു..എങ്ങും നിശബ്ദത..എനിക്ക് ആണെങ്കിൽ ശബ്ദം പുറത്തു വരുന്നില്ല.ഞാൻ കുനിഞ്ഞ് ഇരിക്കുകയാണ്.പെട്ടെന്നു ഇതാ തുടങ്ങി,എല്ലായിടത്തു നിന്നും കൂട്ടച്ചിരികൾ.എന്റെ ശ്രുതിയും പോയി സംഗതിയും പോയി.എനിക്ക് തല ഉയർത്താൻ വയ്യ.ചെല്ലകിളികൾ വായ് പൊത്തി ചിരിക്കുകയാണ്.പിന്നെ അയ്യപ്പനെ മനസ്സിൽ വിചാരിച്ച് പാട്ട് മുഴുവൻ പാടി..പിന്നെ ഉള്ള പാട്ടുകൾ പാടാൻ മുൻപ് ഉണ്ടായിരുന്ന ധൈര്യം  പോയി..മാനവും പോയി നാണക്കേടും ആയി.പിന്നെയുള്ള ആ ഭക്തിസംഗീതസദസിൽ വലിയ ബഹളം ഇല്ലാതെ ഞാൻ പാടി.. അമ്പലത്തിലെ വിളക്ക് കഴിഞ്ഞ് ജംഗ്ഷനിൽ എത്തിയപ്പോൾ എന്നെ വരവേൽക്കാൻ എന്റെ കൂട്ടുകാർ ഉണ്ടായിരുന്നു..എടാ അനിയാ എന്നാലും നീ ഗണപതിയുടെ വേറെ എവിടെയെങ്കിലും തേങ്ങാ എറിഞ്ഞാൽ പോരായിരുന്നോ..!ഗണപതിയുടെ തേങ്ങയിൽ തന്നെ നീ തേങ്ങ ഉടച്ചല്ലോടാ...ചിരികൾ വലിയ പൊട്ടിച്ചിരികൾ ആയി മാറാൻ വലിയ സമയതാമസമുണ്ടായില്ല..കാര്യം അറീയാതെ ജംഗ്ഷനിൽ വനുന്നവരെ പോലും അവന്മാർ വെറുതെ വിട്ടില്ല..പിടിച്ചു നിർത്തി പറഞ്ഞു..’നിങ്ങൾ അറിഞ്ഞില്ലെ അനിയൻ ഗണപതിയുടെ തേങ്ങയിൽ തേങ്ങ എറിഞ്ഞ് ഉടച്ചു..അതോടെ എനിക്ക് മനസ്സിലായി എല്ലാവർക്കും ഒരു കാര്യം കിട്ടാൻ വേണ്ടി ഇരിക്കുകയായിരുന്നു..ഇത് തീയറ്ററിൽ 100 ദിവസം ഓടും എന്നു എനിക്ക് തോന്നി. 
                                        അവിടത്തെ പരിഹാസവും കഴിഞ്ഞു ഞാനും എന്റെ കൂട്ടുകാരൻ അരുണും വെറെ രണ്ടു കൂട്ടുകാരും കൂടി അച്ഛന്റെ കടയുടെ മുന്നിൽ കൂടി പോയി.ഞങ്ങൾ പോകുന്നത് അച്ഛൻ കണ്ടു പുറത്ത് ഇറങ്ങി ചോദിച്ചു.’എടാ അരുണെ എന്റെ മോൻ ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ചു എന്നു പറയുന്നതു കേട്ടല്ലോ ശരിയാണോടാ..” കട നിറയെ ആളുകൾ..ഈശ്വരാ അവിടെയും ഞാൻ വടക്കവീരഗാഥയിലെ ചന്തുവിനെ പോലെ തോറ്റു.കളിയാക്കൽ എറ്റു വാങ്ങാൻ ഈ അനിയന്റെ ജീവിതം ഇനിയും ബാക്കി.പിന്നെയുള്ള ഭജനങ്ങളൊൽ ചെല്ലുമ്പോൾ കൂട്ടുകാർ ആദ്യമേ പറയും..’അനിയാ ചതിക്കരുത് ,കറക്റ്റ് പാടണെ..’പിന്നെ മുതൻ ഞാൻ നോക്കിയും കണ്ടെ പാടിയിട്ടുള്ളു.അങ്ങനെ നാട്ടുകാർ മുഴുവൻ ഈ കാര്യം അറിഞ്ഞു.ഗൾഫിൽ വന്നപ്പോൾ ഇതൊന്നും ഇവിടെ അറിയില്ലാ എന്നു കരുതി..അവിടെയും വിധി എന്നെ വീണ്ടും തോൽ‌പ്പിച്ചു..ഞാൻ എന്റെ കൂട്ടുകാരൻ അരുണിനെ എന്റെ കൂടെ വർക്ക് ചെയ്യാൻ വിസ്സ കൊടുത്ത് കൊണ്ടു വന്നു..അവൻ വന്നിറങ്ങി ഇവിടെയുള്ളവരോട് ആദ്യം എന്നെ കൂറിച്ച് പറഞ്ഞത് എന്റെ ഈ കാര്യമായിരുന്നു.പിന്നെ പറയണ്ടല്ലോ?!എന്റെ കാര്യം തഥൈവാ..
                 "ഞാൻ ചെയ്ത ഈ തെറ്റ് ഭഗവാന്മാർ ആയ ഗണപതിയും 
               അയ്യപ്പനും   ക്ഷമിക്കണേ.....ഈ അറിവില്ലാത്ത
            പൈതലിനെ കാത്തു രക്ഷിക്കണമേ ..സ്വാമിയേ..ശരണമയ്യപ്പാ"...
അനിയൻ...

2009, ഡിസംബർ 5, ശനിയാഴ്‌ച

മല്ലു എന്ന പൊങ്ങച്ചക്കാരൻ മലയാളി..

ദുരഭിമാനം മലയാളിയുടെ കൂടെപിറപ്പാണെങ്കില്‍ പൊങ്ങച്ചം അത് നമ്മുടെ രക്തത്തിലുള്ളതാണ്.അതായിരിക്കാം പണ്ടുളവർ പറയുന്ന ഒരു പഴംചൊല്ല് കേട്ടീ‍ട്ടില്ലെ? കാണം വിറ്റും ഓണം ഉണ്ണണന്നും എന്നത്.അടുത്തവിട്ടിൽ ഒരു പശുവിനെ വാങ്ങിയാൻ ബ്ലയിടിനു പലിശയ്ക്ക് എടുത്തെങ്കിലും 2 പശുവിനെ വാങ്ങും മലയാളി.അപ്പുറത്തവൻ പുതിയ മുണ്ട് വാങ്ങിയാൽ നമ്മൾ ജീൻസിനു വാശി പിടിക്കും.പൊങ്ങച്ചത്തിന്റെ കാവൽഭടന്മാരാണ് ഓരോ മലയാളിയും.കുടുംബവും സമൂഹവും എന്ന ജയിലിനുളിലാണ് നമ്മൾ.എന്നാലും മറ്റൊരുത്തന്റെ കുറ്റങ്ങൾ കണ്ടെത്താൻ മലയാളികൾ കഴിഞ്ഞെ വെറെ ആരും ഉള്ളു. കൂടെ ഉള്ളവൻ എന്നെക്കാളും വലുത് ആകുന്നത് ഒരു മലയാളികൾക്കും സഹിക്കില്ല.മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ചൂഴ്ന്നീറങ്ങി ഓരോ കുറ്റങ്ങളും കണ്ടെത്തി പൊടിപ്പും തൊങ്ങലും ചേർത്ത് മറ്റുള്ളവരോട് പറയുന്ന ഇങ്ങനെയുള്ള ജനങ്ങൾ വെറെ കാണുമെന്ന് തോനുന്നില്ലാ.സ്വന്തം നാട്ടിൽ വൈറ്റ്കോളർ ജോലി മാത്രമേ ചെയ്യു എന്നു പറഞ്ഞു നടക്കുന്നവന്മാർ ഗൾഫിൽ വന്നാൽ അറബികളുടെ കക്കൂസ് മുതൽ എന്തു പണി ചെയ്യാനും തയ്യാറാണ്.അവിടെ ആകുമ്പോൾ ആരും അറീയുന്നില്ലല്ലോ? പക്ഷേ അവൻ നാട്ടിൽ പോയാലോ അറബിയെക്കാളും വലിയവൻ ആയി ആണ് നടക്കുന്നത്.ഇങ്ങനെയുള്ള മലയാളികൾക്ക് ഒരു പേരും വീണു.”മല്ലു” എന്ന ഓമന പേര്.ചില വടക്കൻ മല്ലുക്കാർ ഉണ്ട്.ഗൾഫിൽ വന്നാൽ ഒരു വലിയ കന്തൂറയും ഇട്ടു തലയിൽ ഒരു കെട്ടും കെട്ടി അവിടെയുള്ള അറബികളെക്കാൾ വലിയവന്മരായി നടക്കും.ഇവന്മാർ വല്ല മലയാളികളുടെ കടകളിൽ കയറും.കേറി ആദ്യം കട ഒന്നു മുഴുവനായി നോക്കിയിട്ട് മൂക്ക് ചുളിക്കും.എന്നിട്ട് കടുപ്പിച്ച് അവിടത്തെ ജോലിക്കാരെ നോക്കും.ആന ആടിനെ നോക്കുമ്പോലെ! പിന്നെ ഒന്നൊന്നര അറബ് ആണ്[ നാട്ടിൽ ഈസ്ക്കൂൾ പോലും കഴിയാത്തവൻ ആണ്].അവസാനം ജോലികാരൻ അറബി ആണെന്നു കരുതി മലയാളത്തിൽ ചീത്ത വിളിക്കും.അപ്പോൾ അതാ വരുന്നു മലയാളി മൂത്ത് അറബി ആയവന്റെ സ്വന്തം മാത്യഭാഷ..ആ സാധനത്തിന്റെ വില എത്തറയാ? സ്വന്തം നാട്ടുകാരനോട് പോലും മലയാളം സംസാരിക്കാത്ത മല്ലു.ഇവനാണ് യത്ഥാർത്ഥ മലയാളി.വെറെ ഒരു കൂട്ടരുണ്ട് ഗൾഫിൽ പാവപെട്ടവനെ പോലെ നടക്കും നാട്ടിൽ ചെന്നലോ? ഒരു തൊപ്പിയും വച്ച് ഒരു വലിയ പർദ്ദയും ഇട്ട് നീളത്തീന് താടിയും വളർത്തി അറബിയെ പോലെ നടക്കും.മറ്റു നാട്ടുകാരെ അനുകരിക്കാൻ മലയാളിയാണ് മുന്നിൽ. രണ്ട് മല്ലുക്കാരുടെ രക്ഷകർത്താക്കൾ തമ്മിൽ കണ്ടാലോ? “എടി നിന്റെ മോന്റെ ഗൾഫിലെ പണി എങ്ങനെ ഉണ്ട്? അവനോ? കൊള്ളാം അവനു ഇപ്പോൾ ശമ്പളം കൂട്ടി ,അവൻ ഇപ്പോൾ അവിടത്തെ മാനേജർ ആണ്.മറ്റെയാൾ വിടൂമോ? എന്റെ മോന്റെ കാര്യം അറിഞ്ഞാ നീ,അവനെ ഇപ്പോൾ അറബി സ്വന്തം മോനെ പോലെയാ നോക്കുന്നത്.കമ്പനി വക വണ്ടി എല്ലാം ഉണ്ട്“.പാവം ആ പറയുന്ന മകൻ അപ്പോൾ മരുഭൂവിൽ താബൂക്ക് എടുക്കുകയായിരിക്കും . ലോകകാര്യങ്ങളിൽ ഉള്ള മല്ലുവിന്റെ അറിവ് ആപാരമാണ്.അറിയില്ലാത്ത കാര്യങ്ങൾ ആണെങ്കിൽ പോലും അറിയില്ലാ എന്ന് പറയില്ലാ.വിദഗ്ധമായ മറുപടികൾ കിട്ടും.അത് ഇനി ചൈനയിലെ ഖനി അപകടമായാലും റഷ്യയിലെ ഭീകരാ‍ക്രമണമായലും എല്ലാത്തിനും വിശദമായ വിശദീകരണം ഉണ്ടായിരിക്കും. 100% സാക്ഷരത ഉണ്ട് എന്ന് അഹങ്കരിക്കുന്ന കേരളീയൻ ചെയ്യുന്ന പരിപടികൾ ആണ്.അറിയില്ലാ എന്നു പറഞ്ഞാൽ ചിലപ്പോൾ മറ്റുള്ളവരുടെ മുന്നിൽ താഴ്ന്ന് പോയാല്ലോ?രണ്ട് പെഗ്ഗ് അടിച്ചാൽ പൊങ്ങച്ചം പറയാൻ മലയാളിയെ കഴിഞ്ഞെ വേറെ ആൾക്കാർ ഉള്ളു.ലോകത്ത് നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ പോലും ഞാൻ പണ്ടു ചെയ്തിരുന്നു എന്ന് പറയും.രാവിലെ എഴുന്നേറ്റാൽ തന്നെക്കാൾ ഉയർന്നവനെ അലെങ്കിൽ ആരെങ്കിലുമാവട്ടെ! ആരെയെങ്കിലും കുറ്റമോ ചീത്തയോ പറഞ്ഞില്ലെങ്കിൽ മലയാളിയ്ക്ക് അന്നത്തെ ഉറക്കം പോകും.അത് ഒരു ശീലമായി പോയി.പിന്നെ ഇപ്പോൾ പൊങ്ങച്ചം പരത്താൻ മലയാളികൾ ലോകത്തു എല്ലായിടത്തും ഉണ്ട്.ചെവ്വയിൽ മൊബൈൽ റീ ചാർജ് ചെയ്യാൻ പോയാലും അവിടെ ഇരിക്കുന്നത് മലയാളി ആയിരിക്കും.ഇതെക്കെ കണ്ടാവും മഹാകവി അനിയൻ പാടിയത്.നിങ്ങൾ കേട്ടിറ്റില്ലേ? ..” എവിടെ തിരിഞ്ഞോന്നു നോക്കിയാവും അവിടെയെല്ലാം പൂത്ത മലയാളികൾ[മല്ലുകൾ] മാത്രം”... അനിയൻ.

2009, നവംബർ 7, ശനിയാഴ്‌ച

പള്ളിലച്ഛനും ഞാനും പിന്നെ എന്റെ പ്രേമവും...

കുറച്ച് ദിവസം മുൻപ് സർവ്വം എന്ന തമിഴ് സിനിമ കണ്ടു.അതിലെ നായകൻ ഒരു ക്രിസ്ത്യൻപള്ളിയിൽ കയറി പ്രസംഗിക്കുന്ന രംഗം ഉണ്ട്.അതു കണ്ടതും ചിരി അടക്കാൻ കഴിഞ്ഞില്ല.കാരണം ആ പ്രസംഗം എന്നത് ആരെങ്കിലും ഒരാൾ അവരുടെ മനസ്സിൽ ഉള്ളത് എല്ലാവരുടെയും മുന്നിൽ വന്നു പറയും.നായകൻ അവന്റെ പ്രേമം എല്ലാവരുടെയും പറയുന്ന സീൻ ആയിരുന്നു അത്.അതു കണ്ട്   ക്രിസ്ത്യൻപള്ളിയും 4 വർഷങ്ങൾക്ക് മുൻപ് നടന്ന എന്റെ പഴയ പ്രേമവും അതിലെ തമാശകളും ഓർത്തു.
                                         എന്റെ കാമുകിയുടെ വീട് എന്റെ വീട്ടിൽ നിന്നും കുറെ ദൂരെയാണ്. ദൂരെ എന്നു പറയുമ്പോൾ ഒരു 1.30 മണിക്കൂർ ബസ്സിൽ യാത്ര ചെയ്യണം.എങ്ങനെ പ്രേമം തുടങ്ങി എന്നത് വിശദമായി പറയുന്നില്ലാ.വിഷയം അതു അല്ലല്ലോ!..അവളുടെ വീട് ഇത്രയും ദൂരെ ആയതുകൊണ്ട് എന്നും കാണാൻ പറ്റില്ലാ.ഇടയ്ക്കിടക്ക് കാണാൻ പോകും.അവൾ ഇന്ന സ്ഥലത്ത് വരാൻ പറയും.അവിടെ ഞാൻ ചെല്ലും.ചെന്നാലും സംസാരിക്കാൻ പറ്റില്ലാ.കുറച്ച് മാറി നിന്ന് നോക്കി കാണും.രാവിലെ 9 മണിക്ക് എനിക്ക് സ്റ്റുഡിയോയിൽ ജോലിക്ക് പോകണം.അതു എന്റെ വീട്ടിന്റെ അടുത്ത് സ്വന്തത്തിൽ ഉള്ള മാമന്റെ ആണ് സ്റ്റുഡിയോ.അപ്പോൾ അവളെ കാണുകയും വേണം 9 മണിക്ക് സ്റ്റുഡിയോയിൽ എത്തുകയും വേണം.അപ്പോൾ എന്തു ചെയ്യും!രാവിലെ 5 മണിക്ക് എഴുന്നേൽക്കും.ഒരു ഉറക്ക ക്ഷീണവും ഇല്ലാ.പണ്ട് അമ്മ രാവിലെ പഠിക്കാൻ വിളിക്കുമ്പോൾ എന്താ മടി എഴുന്നേൽക്കാൻ ..അതാണ് പ്രേമം!!ഒരു ഉറക്കക്ഷീണവുമില്ല്ലാ.5 മണിക്ക് എഴുന്നേറ്റ് കുളിച്ച് റെഡിയാകും.അമ്മയും അച്ഛനും ചോദിക്കും എവിടെ പോകുന്നു? എന്തെങ്കിലും ഒരു കള്ളം തലേദിവസം റെഡിയാക്കി വച്ചിരിക്കും.വീട്ടിൽ നിന്നും വയൽവരമ്പ് വഴിനടന്ന് അവനവഞ്ചേരിയിൽ എത്തി ബസ്സിൽ കയറി ആറ്റിങ്ങൽ ട്രാൻസ്പോർട്ട്സ്റ്റാൻഡിൽ എത്തും.അവിടെ നിന്നും ബസ്സിൽ യാത്രയാകും പ്രണയിനിയെ കാണാൻ..
                                        അന്ന് കാണാൻ അവൾ പറഞ്ഞ സ്ഥലം അവളുടെ വീട്ടിന്റെ അടുത്തുള്ള ക്രിസ്ത്യൻപള്ളിയിൽ ആയിരുന്നു.അന്ന് എന്തോ ഞാൻ എന്റെ കൂട്ടിന് ബൈജുവിനേയും കൂട്ടിയാണ് പോയത്.അങ്ങനെ നമ്മൾ 2 പേരും കൂടി സ്ഥലത്തെത്തി കാത്തിരുന്നു.അവൾ പറഞ്ഞാൽ പിന്നെ പറഞ്ഞതാണ്..7 മണിക്ക് വരാമെന്ന് പറഞ്ഞാൽ പിന്നെ 9 മണിക്ക് നോക്കിയാൽ മതി.ഞാനും ബൈജുവും പള്ളിയുടെ മുന്നിൽ ക്രിസ്തുദേവനെയും നോക്കി അവളെയും കാത്തുനിന്നു.എന്തായാലും ഇവിടെ വരെ വന്നതു അല്ലെ! അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു കുരിശ് മാല വാങ്ങി കഴുത്തിൽ ഇട്ടു. അപ്പോൾ മുതലെ ബൈജു എന്നെ നോക്കി ചിരിക്കുകയാണ്.പള്ളിയിൽ ആളുകൾ വന്നു തുടങ്ങി.ഒറ്റക്കും കൂട്ടമായും ധാരാളം ആളുകൾ വരുന്നുണ്ട്.ഇത്രയും ആളുകളെ കണ്ടപ്പോൾ ഇന്ന് എന്തോ വിശേഷം ഉണ്ടെന്ന് ബൈജു പറഞ്ഞു.ഞാൻ ആളുകളെ ശ്രദ്ധിക്കാൻ പോയില്ലാ.എന്റെ പ്രണയിനി വരുന്നതും കാത്ത് വഴിക്കണ്ണുമായി നിൽക്കുകയാണ് ഞാൻ. അവൾ എന്നോട് ക്രിസ്ത്യൻ പളിയിൽ വരാൻ പറഞ്ഞതുകൊണ്ട് അവൾ ഒരു ക്രിസ്ത്യാനി ആണെന്ന് വിചാരിക്കരുത്. ചിലപ്പോൾ കണ്ടുമുട്ടൽ അമ്പലത്തിൽ ആയിരിക്കും   ചിലപ്പോൾ പള്ളിയിൽ ആയിരിക്കും.ക്രിസ്ത്യൻ പള്ളിയിൽ ആകുമ്പോൾ ആർക്കും കയറാമല്ലോ!.
                                  പൊഴിഞ്ഞ് വീഴുന്ന ഒരോ നിമിഷങ്ങളും ഓരോ യുഗങ്ങളായാണ് എനിക്ക് തോന്നിയത്.പ്രണയത്തിൽ വിരഹത്തേക്കാൾ വേദന പ്രണയിനിയുടെ വരവിനെ കാത്തുനിൽക്കുകയായിരിക്കും എന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.അതാ അവൾ വരുന്നു.ഞാൻ ഉന്മേഷവന്നയി.അവളുടെ കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ട്.അവൾ എന്റെ അടുത്ത് കൂടി എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് അടുത്തുള്ള ടെലിഫോൺബൂത്തിൽ കയറി.നേരിട്ട് സംസാരിക്കാൻ അവൾക്ക് പേടി ആണ്.ആരെങ്കിലും കണ്ടാല്ലോ?.അതിനാൽ ബൂത്തിൽ കയറി എന്റെ മൊബൈലിലോട്ട് വിളിക്കും അതു വഴിയാണ് സംസാരം.ഇതാ ഫോൺ ബെല്ല് അടിക്കുന്നു.ഞാൻ മൊബൈൽ ചെവിയില്ലേക്ക് വച്ചു.കുയിലിന്റെ തേന്മോഴി പോലെ അവളുടെ സ്വരം എന്റെ കാതിൽ തിരയടിച്ചുയർന്നു.നമ്മളുടെ സ്ഥിരം പ്രേമസല്ലാപങ്ങൾ കഴിഞ്ഞു.
                                     അവൾ പറഞ്ഞു നമുക്ക് പളിയുടെ അകത്തേക്ക് പോയി പ്രാർത്ഥിക്കാം എന്ന്.അപ്പോൾ ഞാൻ ചോദിച്ചു..ഇന്ന് ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ?അല്ല്ലാ ആളുകൾ ധാരാളം വരുന്നുണ്ടല്ലോ!.അവൾ പറഞ്ഞു “ ഇന്ന് ഇവിടെ ഒരു പ്രേത്യേക പ്രാർത്ഥന ഉണ്ട് “അതാണ് കാരണം എന്ന്.ആ പ്രേത്യേകത എന്തെന്തു അറിഞ്ഞപ്പോൾ അതു വളരെ രസമായി തോന്നി എനിക്ക്.“നമ്മൾ വിചാരിക്കുന്ന കാര്യം നടക്കാൻ വേണ്ടി ഈ പള്ളിയിൽ ആ കാര്യം ഒരു പേപ്പറിൽ എഴുതി പ്രാർത്ഥനക്കുമുൻപ് അത് പള്ളിലച്ചന്റെ കൈയിൽ കൊടുക്കണം.അത് അച്ഛൻ മൈക്കിൽ കൂടി വായിക്കും.എന്നിട്ട് എല്ലാവരോടും ആ കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കാനും പ്രാർത്ഥനഗാനങ്ങൾ ചൊല്ലുകയും ചെയ്യും“.ഹമ്പടാ! ഇതു കൊള്ളാമല്ലോ പരിപാടി..ഞാൻ അവളോട് പറഞ്ഞു.എടീ നമുക്കും നമ്മുടെ കാര്യം എഴുതി ഇട്ടാല്ലോ?അവൾ മടിച്ച് മടിച്ച് സമ്മതിച്ചു.അങ്ങനെ അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ നിന്നും പേപ്പറും പേനയും വാങ്ങി.അവളും കൂട്ടുകാരിയും മാറി ഇരുന്ന് എന്തോ എഴുതുന്നുണ്ട്.ഞാൻ ബൈജുവിനോട് എഴുതാൻ പറഞ്ഞു.അവന് നാണക്കേട്! വേണ്ടാ എന്ന് അവൻ പറഞ്ഞു.ഹും!എനിക്കുണ്ടോ നാണം.എനിക്ക് ഉണ്ടോ നാണവും മാനവും!ഞാൻ പേപ്പറിൽ വലുതായി എഴുതി..സൌമ്യയെ[ഒർജിനൽ പേര് അല്ലാ]ജീവിതകാലം മുഴുവൻ ഭാര്യയായി എനിക്ക് കിട്ടണേ ഈശ്വരാ..”ഇത്രയും എഴുതിയതും വലിയ ജോലി  ചെയ്തതുപോലെ ഞാൻ വിയർത്തുകുളിച്ചു.ആശാരിമാർ പണി കഴിഞ്ഞ തടി ചരിഞ്ഞ് നോക്കും പോലെ ഞാനും ആ പേപ്പറിൽ ചരിഞ്ഞ് നോക്കി.എന്നിട്ട് ആ പേപ്പർ ബൈജുവിനേ കാണിച്ചു.അവൻ വായിച്ചതും അവൻ ചിരിച്ചു മറിയുകയാണ്..ഞാൻ അതോന്നും ശ്രദ്ധിച്ചില്ലാ..എല്ലാം ഓക്കെ ആണ്.എനിക്ക് സന്തോഷം ആയി..
                          പള്ളിയ്ക്കകത്ത് പ്രാർത്ഥന തുടങ്ങി.അവളും കൂട്ടുകാരിയും എഴുതിയത് എന്തു ആണെന്ന് അറിയില്ലാ.അത് അവർ അച്ഛന്റെ കൈയിൽ മുമ്പെ കൊടുത്തു.അച്ഛന്റെ കൈയിൽ കുറെ പേപ്പർ ഉണ്ട് .അതെല്ലാം അച്ഛൻ വായിക്കുകയാണ്.കൂടുതലും രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ്.ഞാൻ പള്ളിക്ക് പുറത്ത് നിൽക്കുകയാണ് കടലാസും പിടിച്ചുകൊണ്ട്.പ്രാർത്ഥനയും തുടങ്ങി എഴുതിയത് കൊടുത്തതുമില്ലാ!.. എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ഞാൻ പുറകിൽ നിന്നും ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു.അച്ഛൻ നോക്കിയപ്പോൾ ഒരുത്തൻ കടലാസും പിടിച്ചുകൊണ്ട് ഓടി വരുന്നു.അച്ഛൻ പ്രാർത്ഥന നിർത്തി.അച്ഛൻ കരുതി കാണും “പാവം പയ്യൻ എന്തോ അർജന്റ് കാര്യം കൊണ്ട് വരുകയാവും”.ഞാൻ അച്ഛന്റെ മുന്നിൽ എത്തി എന്നിട്ട് തിരിഞ്ഞ് നോക്കി എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.സിനിമയിലെ നായകനേ പോലെ ഞാൻ ധൈര്യപൂർവ്വം എന്റെ മോഹം അടങ്ങിയ കടലാസ് അച്ഛന്റെ നേരെ നീട്ടി.സന്തോഷത്തോടെ അച്ഛൻ അതു കൈ നീട്ടി വാങ്ങി.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ചെറു പുഞ്ചിരി ആ മുഖത്തുകാണാമായിരുന്നു.ഹൊ! സമാധാനമായി.ഞാൻ കരുതി അവസാനം കൊടുത്തതു കൊണ്ട് എന്റെ കടലാസ് അവസാനം മാത്രമേ നോക്കു എന്ന്.  പക്ഷേ എന്റെ വരവ് കണ്ട അച്ഛൻ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ആ കടലാസ് തുറന്ന് നോക്കി.ആരുടെയോ രോഗശാന്തിക്കു വേണ്ടി വായിച്ചു പ്രാർത്ഥിക്കാൻ ഇരുന്ന അച്ഛൻ അ കടലാസ് മനസ്സു കൊണ്ട് വയിച്ചു നോക്കി.അതു വയിച്ചതും അച്ഛൻ രൂക്ഷമായി മുഖമുയർത്തി എന്നേ നോക്കി.ആ മുഖത്തിൽ സ്നേഹവും സമാധാനവും മാറി പകരം സാത്താൻ ഓടി വന്നോ എന്ന് സംശയം.ഞാൻ 2 അടി പിറകോട്ട് മാറി ആളുകൾക്കിടയിലൂടെ പുറത്തേക്ക് ഓടി.അപ്പോൾ ആളുകൾ കരുതി കാണും എന്താവും ഇവൻ കൊടുത്തു കാണുക..
            അപ്പോൾ അച്ഛന്റെ പ്രാർത്ഥന മൈക്കിൽ കൂടി മുഴുകി.”സ്നേഹിക്കുന്നവർക്കും ആ സ്നേഹം എന്നും അവർക്കു കിട്ടാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം”.പുറത്തേയ്ക്ക് വന്ന ഞാനും ഇതു കേട്ട ബൈജും ചിരിച്ചു പോയി. അവന്റെ ചിരി 2 ദിവസത്തേക്ക് നിന്നിട്ടില്ലാ.എന്തായാലും  ആ പള്ളിയിൽ ഞാൻ പോയിട്ടില്ലാ.അച്ഛൻ എന്നെ കണ്ടാൽ ചിലപ്പോൾ എന്നെ കുരിശിൽ തറച്ചാല്ലോ?..അനിയൻ..

2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഓര്‍മ്മകള്‍ തിരുവോണം ഉണ്ണുമ്പോള്‍ ....







മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് വീണ്ടും ഒരോണം കൂടി, നഷ്ടപെട്ട നല്ല ദിനങ്ങളുടെ നാലാം വാര്‍ഷികം.കൃത്യമായ്‌ പറഞ്ഞാല്‍ നാലു വര്‍ഷങ്ങല്ക് മുന്‍പ് ഒരു ഓണക്കാലത്താണ് ആദ്യമായി എന്‍റെ എല്ലാ സന്തോഷങ്ങളെയും വേദനയോടെ നാട്ടിലുപേക്ഷിച്ചു സ്വപ്നങ്ങളുടെ മരുപ്പച്ചയിലേക്ക്‌ പറന്നിറങ്ങിയത്. ഇന്ന് ഓണം എനിക്ക് നഷ്‌ടമായ സന്തോഷത്തിന്റെ വാര്‍ഷിക ദിനങ്ങളാണ്. അന്ന് വീട്ടില്‍ നിന്നും ഈ മരുഭൂവിലേക്കുള്ള യാത്രക്കായി ഇറങ്ങുമ്പോള്‍ വഴിനീളെ പൂക്കളങ്ങള്‍ എന്നെ യാത്രയാക്കാന്‍ കാത്തു നിന്നിരുന്നു.വീട്ടില്‍ എന്നും ഓണമായിരുന്നു ഓണം എന്ന് പറയുമ്പോള്‍ വിഭവ സമൃദ്ധമായ സദ്യയല്ല ഞാനുദ്ദേശിച്ചത് ദാരിദ്ര്യത്തിന്റെ നടുവിലും സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങള്‍.അച്ഛനും അമ്മയും ചേട്ടനും ഞാനും ഉള്‍പെടുന്ന ഒരു സ്വര്‍ഗം അതാണ് എന്‍റെ വീട് .നഷ്ടമായത് ഓണത്തിന്‍റെ മാധുര്യം മാത്രമല്ല അച്ഛന്റെയും അമ്മയുടെയും വാല്‍സല്യം,ചേട്ടന്റെ സ്നേഹത്തോടെയുള്ള ശാസന എല്ലാം ഓര്‍കുംപോള്‍ മനസ്സിലെവിടെയോ ഒരശ്രു സാഗരം ആര്‍ത്തിരംപുന്നത് പോലെ.
                                     പൂക്കളങ്ങളും പൂ വിളിയുമില്ലാത്ത ഓണം തുമ്പി തുള്ളലും പുലിക്കളിയുമില്ലാത്ത ഓണം മാവേലി മന്നനും ത്രിക്കാക്കരയപ്പനും മനസ്സിന്‍റെ ശ്രീകോവിലില്‍ മറഞ്ഞു പോകുന്ന ഓണം.ജീവിതത്തിന്‍റെ ഏടുകളില്‍ നിന്നും ഓണം ചിതലെടുത്തു പോയിരിക്കുന്നു.ചുട്ടുപൊള്ളുന്ന തീകാറ്റില്‍ ഓണത്തിന്‍റെ സ്മരണകള്‍ ഉരുകിയോലിച്ചുപോയി തുടങ്ങി.എങ്കിലും മനസ്സില്‍ ഓണത്തിന്‍റെ ഓര്‍മ്മകള്‍ തിരുവോണം ഉണ്ണുന്നു.കര്‍ണ്ണങ്ങള്‍ എവിടെയോ ഒരു ഓണചിന്തിന്റെ താളം ശ്രവിക്കുന്നു രാത്രികളില്‍ സ്വപ്‌നങ്ങള്‍ തോലുമാടന്‍ (ദേഹം മുഴുവനും ഉണങ്ങിയ വാഴയില വച്ച് കെട്ടിയ രൂപം) കെട്ടി പാട്ട കൊട്ടി നടക്കുന്നു.കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ഒരു പന്തിനെ പുറകെ പായുന്ന ബാല്യം ഓണത്തിന്‍റെ മാത്രമല്ല എന്‍റെ ജീവന്‍റെ തന്നെ നഷ്ടമായി പോയിരിക്കുന്നു. എല്ലാം ഓര്‍കുംപോള്‍ ഓര്‍മ്മകള്‍ മരവിക്കുന്നത് പോലെ, ഓണക്കാഴ്ചകള്‍ വിദൂരതയില്‍ മറഞ്ഞു പോകുന്നു,നാവിന്‍ തുമ്പിലെ ഓണസദ്യ മാത്രം അറേബ്യന്‍ വിഭവങ്ങളുടെ മനം മടിപ്പിക്കുന്ന രുചി ഭേദങ്ങളില്‍ നിന്നും വീട്ടില്‍ വിരുന്നു വരുന്ന സദ്യവട്ടത്തിന്റെ ഓര്‍മകളെ രുചിച്ചു നോക്കുന്നു.
                                തിരശീലയില്‍ താരങ്ങളെ കാണാനായി വര്‍ഷത്തിലൊരിക്കല്‍ കുടുംബസമേതം സിനിമ കൊട്ടകയില്‍ പോകുന്നതും ബന്ധു വീടുകളിലെ ഓണ സന്ദര്‍ശനവും ഓര്‍മയിലെ ഓണത്തിന്‍റെ ശേഷിപ്പുകള്‍.തരംഗിണി ലൈബ്രറിയിലെ ഓണ ആഖോഷങ്ങളില്‍ എന്നും മുന്ന്നില്‍ നിന്നിരുന്ന യൌവനം ഇന്ന് ജോലിതിരക്കുകളുടെ നെടുവീര്‍പിനിടയില്‍ പിന്നോട്ട് പോയിരിക്കുന്നു.മാവിന്‍ ചില്ലയില്‍ ഊഞ്ഞാല് കെട്ടുമ്പോള്‍ തൊന്നല്‍ വെട്ടി ആകാശം കീഴടക്കാന്‍ മനസ്സില്‍ വാശി ഏറിയിരുന്ന ബാല്യം, ആകാശങ്ങള്‍ കീഴടക്കി ഇവിടെ പറന്നിറങ്ങിയിട്ടും ആ വാശിയുടെ ഓര്‍മ്മകള്‍ മനസ്സിന്‍റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു........ഓര്‍മകളില്‍ ഓണം മാവേലി മന്നനെ പോലെ വന്നു പോകുമ്പോഴും മനസ്സിലെവിടെയോ എന്നോ നഷ്‌ടമായ പൂക്കളങ്ങളും പൂവിളിയും എന്നെ തിരികെ വിളിച്ചു കൊണ്ടിരിക്കുന്നു, ഓര്‍മ്മകള്‍ ഇപ്പോഴും തിരുവോണം ഉണ്ണുന്നു.....അനിയൻ.......

2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മാധുര്യമേറും ഓർമകളുടെ മാമ്പഴക്കാലം ...



ഇന്നത്തെ വർക്കും കഴിഞ്ഞ്[07/08/2009] രാത്രി 11 മണിക്ക് റൂമിലേക്ക് പോകുമ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന ശ്യാമിന് സോപ്പ് വാങ്ങാൻ സൂപ്പർമാർക്കറ്റിൽ കയറി.അവിടെ കറങ്ങിനടന്നപ്പോൾ എന്റെ കണ്ണ് ചെന്നത് മാമ്പഴങ്ങളുടെ ഇടയിലായിരുന്നു.. അവ കണ്ടതും തിന്നാൻ ഒരു കൊതി..അപ്പോഴെ രണ്ട് മാങ്ങയും വാങ്ങി റൂമിലേക്ക് നടന്നു.ഞാനും ശ്യാമും ഓരോ മാങ്ങയും കടിച്ച് കൊണ്ടുനടന്നു. മാങ്ങയുടെ മാധുര്യം നാക്കിൽ എത്തിയതും എന്റെ ഓർമകൾ നാട്ടിലേക്ക് നീങ്ങി.. 
                                                     മാമ്പഴക്കാലം എന്നും എനിക്ക് മധുരം നിറഞ്ഞ ഓർമകൾ ആണ്.ഓരോ മാമ്പഴക്കാലം കഴിയുമ്പോഴും അടുത്ത മാമ്പഴക്കാലം വഴിക്കണ്ണുമായി നോക്കിയിരിക്കും..മാധുര്യം ഏറിയ മാമ്പഴങ്ങൾ എപ്പോഴും മനസ്സിലെ ഓർമകളെ മധുരിപ്പിക്കുന്നു..മാമ്പൂവ് നിറഞ്ഞ മാവുകൾ,മാമ്പൂവിലെ മാധുര്യം നുകരാൻ എത്തുന്ന മധുപന്മാർ[തേനീച്ച].. ഇവയെല്ലാം കണ്ണുകൾക്ക് എന്നും കുളിർക്കാഴ്ച്ച ആണ്.പൂക്കുന്ന പൂവുകളിൽ പകുതിയും പൊഴിഞ്ഞുവീഴുന്നതു കാണുമ്പോൾ മനസ്സിനു ഒരു വേദനയാണ്.ആ പൊഴിയുന്ന പൂവുകൾ കൂടി മാങ്ങകൾ ആയെങ്കിലെന്നു മോഹിക്കാറുണ്ട്..
                                          കണ്ണിമാങ്ങയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടുകയാണ്.കണ്ണിമാങ്ങ ഉപ്പും ചേർത്തു വായിൽ വക്കുന്ന കാര്യം....ഹൊ...പുളിയും മധുരവും നിറഞ്ഞ സ്വാദ്....ആലോചിക്കും തോറും ആ സ്വാദിന്റെ കണങ്ങൾ ഈ എഴുതുന്ന കടലാസിൽ തന്നെ വീഴും എന്നു തോനുന്നു..മാമ്പഴക്കാലം ആയാൽ എപ്പോഴും കൈയിൽ ഒരു മാങ്ങ എങ്കിലും കാണും..മുൻപ് നമ്മൾ അമ്മയുടെ കുടുംബവീട്ടിനു അടുത്തായിരുന്നു താമസം.ഇപ്പോൾ അതൊക്കെ വിറ്റു കുറച്ച് മാറി വീടു വാങ്ങി..എന്റെ പഴയവീടിനു ചുറ്റും മാങ്ങകളുടെ വസന്തം ആയിരുന്നു..എന്റെ വീട്ടിലും ചുറ്റുമുള്ള എല്ലാ വീടുകളിലും മാങ്ങകൾ നിറഞ്ഞ മാവുകൾ..വീടിനു താഴെക്കു ഇറങ്ങിയാൽ എന്റെ കുഞ്ഞമ്മയുടെ വീട്ടിൽ, താഴെ കണ്ണന്റെ വീട്ടിൽ, ഷാജി അണ്ണന്റെ വീട്ടിൽ, മുകളിലോട്ട് പോയാൽ പിന്നെ പറയണ്ടാ....എല്ലായിടവും മാവുകൾ തന്നെ..പലയിടത്തുനിന്നും ആരുംകാണാതെയായിരിക്കും മാങ്ങ പറിക്കുന്നത്.അല്ലെങ്കിൽ പിന്നെ ചെവി കൊണ്ട് പ്രയോജനം ഇല്ലാ..അങ്ങനത്തെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്..
                                                എന്റെ അഞ്ച് മുതൽ പത്ത് വരെയുള്ള ഉപരിപoനം അവനവഞ്ചേരി സ്ക്കൂളിൽ ആയിരുന്നു..വീട്ടിൽ നിന്നും 2km ദൂരം ഉണ്ട് സ്ക്കൂളിൽ പോകാൻ.അത്രയും ദൂരം നടന്നാണു പോകുന്നത്.ചെറുവള്ളിമുക്ക് വഴി പോകാനാണു എളുപ്പം.എന്നും അതുവഴിയാണു പോകുന്നത്..പക്ഷേ മാമ്പഴക്കാലം ആയാൽ യാത്ര മാറ്റും.പിന്നെ പരുത്തിഅമ്പലം വഴിയാകും യാത്ര..കാരണം സ്ക്കൂൾ മുതൽ വീടുവരെയുള്ള ആ വഴിയിൽ മുഴുവൻ മാങ്ങയാണ്.പല വലിപ്പത്തിലും പല നിറത്തിലും പല മാധുര്യവും നിറഞ്ഞ മാമ്പഴങ്ങൾ. താളിമാങ്ങ,വരിക്കമാങ്ങ[കോട്ടുക്കുന്നം],വെള്ളരിമാങ്ങ,പുളിയൻമാങ്ങ,മൂവാണ്ടൻമാങ്ങ,കിളിച്ചുണ്ടൻമാങ്ങ,പഞ്ചാരമാങ്ങ അങ്ങനെ പല പേരിലുള്ള മാങ്ങകൾ..മാങ്ങകൾ വീട്ടിൽ കൊണ്ടു പോകില്ല.വഴി നീളെ കടിച്ചു തിന്നു കൊണ്ടു പോകും..പരുത്തിയിലെ മാമ്പഴമോഷണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കാര്യം മനസ്സിന്റെ ഓർമച്ചെപ്പിൽ ഓടി വരുന്നു.
                                  വൈകുന്നേരം സ്ക്കൂൾ വിട്ടു പരുത്തി വഴി വരുകയാണ്.എന്റെ കൂടെ മൂന്നുനാലു പേരുണ്ട്.ആരോക്കെ എന്ന് ഓർമയില്ലാ.എന്നും കൊച്ചുപരുത്തിയിലേ വീട്ടിൽ നിന്നും ആരും കാണാതെ മാങ്ങ പറിക്കും.നല്ല മൂവാണ്ടൻ മാങ്ങ..നല്ല വണ്ണം വിളഞ്ഞു നിൽക്കുകയാണ്.ഞാൻ മരത്തിനു മുകളിൽ കയറും..ആവശ്യമുള്ളത് താഴേക്ക് പറിച്ചിടും.ആ വീട്ടിൽ ഒരു അമ്മൂമ്മ മാത്രമേ ഉള്ളു.അമ്മൂമ്മ കാണതെയാണ് മരത്തിൽ കയറുന്നത്.പക്ഷേ ഇടക്കോക്കെ മരത്തിൽ കയറുന്നത് അമ്മൂമ്മ കാണും.അമ്മൂമ്മ ചീത്ത വിളിക്കും..അപ്പോഴെ നമ്മൾ തിരിഞ്ഞോടും..അന്ന് അങ്ങനെ ഞാൻ മരത്തിന്റെ ഏറ്റവും മുകളിൽ കയറി.കാരണം താഴെ മാങ്ങ ഇല്ലാ.എല്ലാം നമ്മൾ തന്നെ തീർത്തു.ഞാൻ വിശാലമായി മാങ്ങ പറിക്കുകയാണ്.കൂടെ ഉള്ളവർ താഴെ നിൽക്കുകയാണ്.കുറച്ച് കഴിഞ്ഞപ്പോൾ താഴെ നിൽക്കുന്നവർ മതിലും ചാടി ഓടുന്നു.ഈശ്വരാ...ഞാൻ നോക്കിയപ്പോൾ അമ്മൂമ്മ മരത്തിന്റെ താഴെ ഒരു വടിയുമായി നിൽക്കുന്നു.അവന്മാർ രക്ഷപ്പെട്ടു.ഞാൻ മുകളിലും.താഴെ നിന്നും അമ്മൂമ്മയുടെ ആക്രോശങ്ങൾ..ഞാൻ പേടിച്ച് പേടിച്ച് തഴേക്ക് ഇറങ്ങി തുടങ്ങി.കൈയിൽ ഇരിക്കുന്ന വടി എപ്പോൾ എന്റെ മുതുകിൽ പതിക്കും എന്നാണ് എന്റെ പേടി ആണ് മനസ്സിൽ.താഴെ എത്തിയതും അമ്മൂമ്മ എന്റെ കൈയിൽ കയറി പിടിച്ചു...”എന്താടാ നിന്റെ പേര്? ,നിന്റെ വീട് എവിടെയാ?,അച്ഛന്റെ പേരെന്താ?, അസ്ത്രം പോലെ ചേദ്യങ്ങൾ വരുന്നു..ഞാൻ പേടിച്ച് വിറച്ച് മറുപടി പറഞ്ഞു.അപ്പോൾ നീയൊക്കെ ആണ് അല്ലെ മാങ്ങക്കള്ളന്മാർ? ഇങ്ങു വാടാ എന്നും പറഞ്ഞു എന്റെ കൈയിൽ പിടിച്ച് അമ്മൂമ്മ വീട്ടിന്റെ അടുത്തേക്ക് നടന്നു.അയ്യോ.. എനിക്ക് കരയണോ? അതോ അമ്മൂമ്മയെ തള്ളിയിട്ട് ഓടണോ? എന്ന് അറിയാൻ പറ്റാത്ത അവ സ്ഥ.ഞാൻ തിരിഞ്ഞു നോക്കി മതിലിൽ കുറെ തലകൾ..’എന്റെ കൂട്ടുകാർ’.അവർ ചിരിക്കുകയാണ്.ഞാൻ അപ്പോൾ വിചരിച്ചു..”എടാ ദുഷ്ടന്മാരെ നാളെ ആവട്ടെ ,മരത്തിന്റെ മുകളിൽ കയറാൻ എന്റെ പട്ടി വരുമെടാ.”
അമ്മൂമ്മ വീട്ടിലേക്ക് എന്നെ കയറ്റിയിട്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.എന്നിട്ട് അമ്മൂമ്മ അകത്തേക്ക് പോയി.അപ്പോഴെ ഞാൻ തീരുമാനിച്ചു.എന്റെ കാര്യം പോയി..ഒന്നു സമാധാനമായി കസേരയിൽ ഇരിക്കാൻ പോലും വയ്യ.“മാ‍വിലെ പുളിയുറുമ്പുകൾ കടിച്ച വേദനയും പിന്നെ ഇനി കിട്ടാൻ പോകുന്ന ശിക്ഷയുടെ വേദനയും..”ഇറങ്ങി ഓടികളഞ്ഞാലോ? എന്നും ആലോചിച്ചു.പക്ഷേ കാലുകൾ തറയിൽ ഉറപ്പിച്ച അവസ്ഥയിലാണ് ഞാൻ..
                                       അകത്തേക്ക് പോയ അമ്മൂമ്മ കൈയിൽ ഒരു കവറുമായി തിരിച്ചു വന്നു.കവറിൽ എന്തോ ഉണ്ട്..അമ്മൂമ്മ എന്റെ അടുത്തുവന്നിട്ട് ആ കവർ എന്റെ നേരെ നീട്ടി.വിറക്കുന്ന കൈകളാൽ ഞാൻ വാങ്ങി കവറിനുള്ളിലേക്ക് നോക്കി..ഹൊ!!!! കവർ നിറച്ചും നല്ല പഴുത്ത മൂവാണ്ടൻ മാമ്പഴങ്ങൾ.. ഞാൻ അമ്മൂമ്മയുടെ മുത്തേക്ക് നോക്കി..ഒരു ചെറുപുഞ്ചിരി ആയിരുന്നു ആ മുഖത്ത്.എന്റെ അടുത്തേക്ക് വന്നിട്ട് അമ്മൂമ്മ സ്നേഹത്തോടെ പറഞ്ഞു..”മോനേ ഇനി മോഷ്ടിക്കരുത്,മാങ്ങ വേണമെന്ന് തോന്നുമ്പോൾ നേരെയുള്ള വഴിയിയെ വന്നു പറിച്ചു കൊള്ളു.ആ വക്കുകൾ കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു.ഒരു ചെറുമകനോട് ഉള്ള സ്നേഹത്തോടെ നാളെയും വരണേമേ എന്നും പറഞ്ഞു അമ്മൂമ്മ എന്നെ യാത്രയാക്കി.എന്നും മാങ്ങകൾ കാണുമ്പോൾ ആ സ്നേഹത്തിന്റെ മാധുര്യം എന്റെ മനസ്സിൽ ഓടി വരാറുണ്ട്.
                                         മാമ്പഴക്കാലം എനിക്ക് വേദനകളും നൽകിയിട്ടുണ്ട്..അന്ന് ഞാൻ അവനവഞ്ചേരി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി..അന്ന് ശനിയാഴ്ച്ച..ഉച്ചക്ക് വിന്നേഴ്സ് ട്യൂട്ടോറിയിൽ ട്യൂഷനുപോകണം.അന്ന് രാവിലെ വീട്ടിന്റെ താഴെയുള്ള കണ്ണന്റെ വീട്ടിൽ മാങ്ങ പറിക്കാൻ പോയി.നല്ല വിളഞ്ഞു നിൽക്കുന്ന കോട്ടുക്കുന്നം മാങ്ങകൾ പറിച്ചു പഴുപ്പിക്കാൻ വയ്ക്കണം. മരത്തിൽ കയറാൻ ഞാൻ റെഡി.ഞാൻ വിശാലമായ മരത്തിന്റെ മുകളിൽ കയറി മാങ്ങ പറിക്കാൻ തുടങ്ങി..കണ്ണൻ താഴെ നിൽക്കുകയാണ് പറിച്ച് ഇടുന്ന മാങ്ങകൾ പറക്കാൻ..സമയം 12 ആയി.അപ്പോൾ ആണ് ട്യൂഷനു വിളിക്കാൻ വേണ്ടി രാജേഷ്[അപ്പൂപ്പൻ] വന്നത്.വീട്ടിൽ വന്ന അവൻ താഴെ നിൽക്കുന്ന എന്നെ കണ്ട് താഴേക്ക് വന്നു.നല്ല കാറ്റ് തഴെയുള്ള വയലിൽ നിന്നും വീശി അടിക്കുകയാണ്.‘ഇനി നിർത്താം,ട്യൂഷനു പോകാം‘ എന്നു വിചാരിച്ചു താഴേക്ക് ഇറങ്ങുകയാണ്.ആ സമയത്ത് ഒരു വലിയ കാറ്റും അടിച്ചു.തഴെ നിൽക്കുന്ന രാജേഷിനെ കാണിക്കാൻ സ്റ്റെയിലിൽ ഇറങ്ങിയതു ആണോ ? എന്തോ? കാലു തെറ്റി താഴേക്ക്!!. എന്റെയോ എന്റെ വീട്ടുകരുടെ ഭാഗ്യമോ എന്തോ...ഞാൻ വീണത്തിന്റെ തൊട്ടു അപ്പുറത്താണ് ഒരു വലിയ കോൺക്രീറ്റ് സ്ലാബ് കിടന്നത്.അതിൽ വീണിരുന്നെങ്കിൽ “ഈശ്വരാ!“ ഇങ്ങനെ ഒക്കെ എഴുതാൻ ഞാൻ കാണില്ലായിരുന്നു.വീണ ഞാൻ പയ്യെ എഴുന്നേറ്റു.എവിടെയോ എന്തോക്കെയോ ഒടിഞ്ഞ പോലെ..വേദന ഇല്ലാ !ഒരു മരവിപ്പ് മാത്രം.അപ്പോഴെ എല്ലാവരും ഓടി വന്നു.“എടാ റെജി [വീട്ടിൽ എന്നെ വിളിക്കുന്ന പേര്.]എന്തെങ്കിലും കുഴപ്പമുണ്ടോടാ ? എന്നോക്കെ ചോദ്യം..ഞാൻ പറഞ്ഞു ഇല്ലാ!പക്ഷേ ശബ്ദം പുറത്തുവരുന്നില്ലാ..എന്തായാലും അപ്പോഴെ എന്നെയും പൊക്കി ആശുപത്രിയിൽ കൊണ്ടുപോയി..വളരെ സുഖകരവും സന്തോഷകരവുമായ അഞ്ച് ദിനങ്ങൾ മെഡിക്കൽകോളേജിൽ കിടന്നു.തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാമ്പഴങ്ങളുടെ കൂട്ടം തന്നെ.കണ്ണന്റെ വീട്ടിൽ നിന്നും നിറയെ എനിക്ക് തിന്നാൻ മാമ്പഴം.എപ്പോഴയാലും മാമ്പഴക്കാലം വരുമ്പോൾ കണ്ണന്റെ വീട്ടിലെ മാങ്ങയുടെ രുചി വേദനയോടെ നാവിൻ തുമ്പിൽ വരും.ഇന്ന് ആ മാവ് അവിടെ ഇല്ലാ..മുറിച്ചുമറ്റി..
                                                  മാമ്പഴം അല്ലെങ്കിൽ മാമ്പഴക്കാലം എന്നിവ ഓർമ്മവരുമ്പോൾ എന്റെ നാട്ടുകാരുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് കുഴുവിളകത്തുനാഗരുകാവ്ദേവിക്ഷേത്രത്തിലെ നാട്ടുമാവും അതിലെ മാങ്ങയുടെ മധുരവും ആണ്.ആ മാവിനെ കുറിച്ച് പറയാൻ തന്നെ കുറെ ഉണ്ട്.ഹരിതഭംഗി കളിയാടിടുന്ന പറങ്കിമാവുകൾക്കിടയിൽ വളർന്ന് പന്തലിച്ചുനിൽക്കുന്ന പടുകൂറ്റൻ വ്യക്ഷം.വലിയ കൂടാരം പോലെയാണ് അതിന്റെ നിൽ‌പ്പ്.കുളിർക്കാറ്റും തണലും നൽകുന്ന ആ വ്യക്ഷദേവൻ നമുക്ക് എന്നും ഒരു അത്ഭുതമാണ്.ക്ഷേത്രത്തിന്റെ മുന്നിൽ തല ഉയർത്തിയുള്ള അതിന്റെ നിൽ‌പ്പ് കണ്ടാൽ തന്നെ അറിയാം ആ ക്ഷേത്രത്തിന്റെയും ആ നാടിന്റെയും ഐശ്വര്യം എത്രയെന്ന്.അതിന്റെ കാൽഭാഗത്തോളം ഒറ്റ തടിയാണ്.അതുകൊണ്ട് ഏണി വച്ചാണ് മുകളിൽ കയറുന്നത്.പക്ഷേ മാങ്ങ പറിക്കാൻ പോകുന്ന നമ്മൾ ഏണിയും ചുമന്നു പോകാന്നോ? നല്ല കാര്യം....മരത്തിന്റെ ചില കൊമ്പുകൾ താഴോട്ട് നിൽപ്പുണ്ട്.അത് കൈ എത്തുകയും ഇല്ലാ.അപ്പോൾ കയറോ അല്ലെങ്കിൽ എന്തെങ്കിലും വള്ളു കൊണ്ടു ആ കൊമ്പുകളിൽ കുരുക്കിട്ടു പിടിച്ചു താഴേക്ക് വലിക്കും.കൊമ്പുകൾ താഴേക്ക് വന്നാൽ ചാടി പിടിച്ച് സർക്കസ്സുകാരനെ പോലെ തൂങ്ങി കയറും.മുകളിലേക്ക് പോകുമ്പോൾ എല്ലാ കൊമ്പുകളിലും കയറി കുലുക്കും.മാങ്ങ മിക്കതും പഴുത്തു നിൽക്കുകയാവും..മഴ പെയ്യും പോലെ കുറെയെറെ മാങ്ങകൾ താഴേക്ക് വീഴും.താഴെ മാങ്ങ പറക്കാൻ ആളുകൾ ഉണ്ട്.കുറെയേറെ മാങ്ങകൾ കാണും.എല്ലാം കൂട്ടി വക്കും.മരത്തിൽ നിന്നും താഴെ ഇറങ്ങിയതിനു ശേഷം തുല്യമായി ഭാഗം വക്കും.എല്ലാം നല്ല പഴുത്ത മാങ്ങകൾ.കുറെയോക്കെ അവിടെ വച്ച് തിന്നും..ബാക്കി വീട്ടിൽ കൊണ്ടുപോകും.മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാൻ.ഹൊ!!!“നാട്ടുമാങ്ങ കൊണ്ടുള്ള മാമ്പഴപ്പുളിശ്ശേരി“ ഓർക്കുമ്പോൾ തന്നെ ഒരു വലിയ സദ്യ ഉണ്ട അനുഭവം ആണ്.ഇപ്പോഴും ആ നാട്ടുമാവ് മാധുര്യമേറിയ കനികളുമായി തലയുർത്തി നിൽ‌പ്പുണ്ട് അവിടെ...എന്തയാലും ഞാൻ അടുത്തുതന്നെ നാട്ടിൽ പോകുകയാണ്.മാമ്പഴക്കാലം അല്ല എന്ന് അറിയമെങ്കിലും കാലം തെറ്റി ഒരു മാമ്പഴക്കാലം ആ സമയത്ത് വരണേയെന്ന് ആശിക്കുകയും പ്രർതഥിക്കുകയും ചെയ്യുകയാണ് ഞാൻ...
......അനിയൻ....

2009, ജൂലൈ 21, ചൊവ്വാഴ്ച

എന്റെ ഇന്റര്‍നെറ്റ് പ്രണയലേഖനം...

എന്റെ പൊന്നൂസിന്,
ഒരു പ്രണയലേഖനം ഞാന്‍ ഇതുവരെ പരീക്ഷിച്ചുനോക്കാത്ത ഒരു സംഭവമാണ്.പക്ഷേ ഈ ലേഖനം എങ്ങനെ തുടങ്ങണം എന്ന് എനിക്കിപ്പോഴും അറിയില്ല..പുലര്‍ കാലത്തെ തുഷാരബിന്ധുവിന്റെ നൈര്മ്മല്യവുമായി നീയെന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോ എന്റെ സിരകളൈലൂടെ ഒഴുകുന്ന നിന്നോടുള്ള പ്രണയം എനിക്ക് ഒന്നോ രണ്ടോ കടലാസുതുണ്ടില്‍ എഴുതി തീര്‍ക്കാനാവില്ല...
                                       താമരഇലയില്‍ മയില്‍പീലിത്തുണ്ടു കൊണ്ട് പ്രണയലേഖനം എഴുതിയിരുന്ന കാലത്തെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ...ഒരു പക്ഷേ നിനക്ക് ഞാന്‍ അന്നും ഇതു പോലെ നിനക്കാ യില്‍പീലിത്തുണ്ടില്‍ മഷി പുരട്ടി ഒരുപാട് എഴുതിയിട്ടുണ്ടാകും..നിന്റെ ഈ അഴകിനെക്കുറിച്ച് എഴുതിയിട്ടുണ്ടായിരിക്കാം.. അതാകാം കടലുകള്‍ക്കപ്പുറത്തുനിന്ന് ഇന്റര്‍നെറ്റിലൂടെ ഒന്നോ രണ്ടോ അക്ഷരത്തുണ്ടുകൾക്കൊണ്ട് നമ്മുടെ ഹ്യദയങ്ങ ഇത്രയധികം അടുത്തുപോയത്..ആ ജന്മത്തിന്‍ മര ഇലയില്‍ എഴുതിയ പ്രണയലേഖനത്തിന്റെ ബാക്കിയാവാം ഇപ്പോള്‍ നമ്മള്‍ ഇന്റര്‍നെറ്റിലൂടെ എഴുതുന്നത്..
                         മുന്‍പ് രാത്രികളോടയിരുന്നു എനിക്ക് ഇഷ്ടം. സുഖമായി കിടന്നുറങ്ങാം..ഇപ്പോള്‍ രാത്രികളെ ഞാന്‍ വെറുക്കുന്നു.. രാത്രികള്‍ നിന്റെ സാമീപ്യം എന്നി നിന്ന് കുറച്ച് മണിക്കൂറുക എങ്കിലും അകറ്റുന്നു..ഒരാളിന് മറ്റൊരാളിന്റെ സാമീപ്യം എത്രമാത്രം ഹ്യദ്യമായി തീരുന്നുവെന്ന് ഇപ്പോള്‍ ഞാൻ അറിയുന്നു..നിന്റെ വിരല്‍ തഴുകിയ അക്ഷരക്കൂട്ടങ്ങള്‍ എന്റെ കമ്പ്യൂട്ടറില്‍ പ്രത്യക്ഷപ്പെടുമ്പോൾ ആ ഹ്യദ്യമായ സുഖം നീയും അനുഭവിക്കുന്നുണ്ടാകാം.
                    എന്റെ മുന്നില്‍ നിരന്ന് കിടക്കുന്ന ഈ മണലാരണ്യങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ പച്ചപ്പിന്റെ കുളിര്‍മഴയാണ്..അവിടെ നിറയെ എനിക്ക് നീ തരുന്ന പ്രണയപുഷ്പങ്ങൾ വിരിഞ്ഞ് മനോഹരമാവുകയാണ്..മണലാരണ്യത്തിലെ കൊടുംചൂടില്‍ വല്ലപ്പോഴും വീശുന്ന മന്ദമാരുതനെക്കാളും എന്റെ മനസ്സിനെയും ശരീരത്തെയും ഇപ്പോൾ തണുപ്പിക്കുന്നത് നിന്നോടൊപ്പമുള്ള പ്രണയനിമിഷങ്ങൾ ആണ്, നീ നെറ്റിലൂടെ തരുന്ന സ്നേഹമാണ്...
                        ഞാനിപ്പോൾ നാടിനെ സ്വപ്നം കാണുകായാണ്, നിന്നെ പരിചയപ്പെട്ടതിനു ശേഷം..അതിനു മുന്‍പ് നാടിനെ ഞാന്‍ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു.. സുന്ദരമായ എന്റെ നാട്, ഉദയസൂര്യന്‍ ചെങ്കിരണങ്ങളേറ്റ് ശോഭിക്കുന്ന മഞ്ഞിന്‍ കണങ്ങളും, വീടീനടുത്തെ പച്ച വിരിച്ച പുഞ്ചപാടങ്ങളും, നെല്‍ക്കതിരുകള്‍ തഴുകി വരുന്ന മന്ദമാരുതനും,അസ്തമയ സൂര്യന്‍ യാത്രാമൊഴി ചൊല്ലുന്ന സന്ധ്യാമേഘങ്ങളും,പിന്നെ എന്റെ പദചലനങ്ങൾക്ക് കാത്തിരിക്കുന്ന നീയും.അങ്ങനെ എന്റെ മനസ്സ് ഇപ്പോൾ നാട്ടില്‍ ആണ്. ഉടനെ ഞാന്‍ നാട്ടില്‍ വരുകയാണെങ്കിലും നിനക്കായ് ഒരു പ്രേമലേഖനം എഴുതണമെന്ന് എന്റെ ഒരു മോഹം ആയിരുന്നു. പുറത്ത് ആര്‍ത്തലച്ച് പയുന്ന വണ്ടികളുടെ ശബ്ദം എന്നെ അലോസരപ്പെടുത്തുന്നില്ല. അതിന്റെ ശബ്ദം ശ്രുതിസാന്ദ്രമായ സംഗീതം പോലെ ഹ്യദയത്തില്‍ വന്ന് പതിക്കുന്നു. ആ വണ്ടിയുടെ താളം എന്റ്റ്റെ സ്നേഹത്തിന്റെ നെഞ്ചിടിപ്പായാണ് തോന്നുന്നത്.
                             ഇനിയും എന്തെക്കെയോ എഴുതണമെന്നുണ്ട്..നിന്നോടുള്ള എന്റെ പ്രണയവും സ്നേഹവും ഇങ്ങനെ ഒരു പ്രണയലേഖനത്തില്‍ എഴുതിഅവസാനിപ്പിക്കാന്‍ പറ്റുന്നതല്ല. ഹ്യദയം നിറഞ്ഞ സ്നേഹത്തിന്റെ നിറകുടമായ നിനക്ക് വേണ്ടി പ്രണയപുഷ്പങ്ങളുമായി.....

നിന്റെ മാത്രം എട്ടന്‍ [അനിയൻ]....
അനിയൻ...

2009, ജൂലൈ 12, ഞായറാഴ്‌ച

എന്റെ കുട്ടിക്കാലത്തിന്റെ ഓർമക്കായി...[ആനുപ്പാറ]..

എന്റെ ഒന്നു മുതൽ നാ‍ല് വരെയുള്ള വിദ്യാഭ്യാസം വീടിനടുത്തുള്ള ആനുപ്പാറ സ്ക്കുളിൽ ആയിരുന്നു. പേരു പോലെ തന്നെ ചുറ്റും പാറകളും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു ലക്ഷ്മിദേവി കുടികൊണ്ടിരിക്കുന്ന ആ കൊച്ചുസ്ക്കുൾ....ഓർമകളുടെ ചെപ്പ് തുറക്കുന്ന ഒരു സ്നേഹവിദ്യാലയം.സ്ക്കുളിന് തൊട്ടുമുന്നിൽ വേനൽക്കാലത്ത് ശാന്തതയോടെയും മഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന മാമം നദി..ആനുപ്പാറ വഴി ഒഴുകുന്നതുകൊണ്ട് ആ നദിക്ക് നമ്മൾ ആനുപ്പാറയാറ് എന്നു വിളിക്കുന്നു..അതിനു രണ്ടു വശത്തും കണ്ണിനുകുളിർമയേകും വിധം നീണ്ടു നിവർന്ന് കിടക്കുന്ന വയലേലകൾ..മന്ദമാരുതനുമുന്നിൽ നമ്രശിരസ്സക്കയായി നിൽക്കുന്ന നെൽക്കതിരുകൾ...സ്ക്കുളിന്റെ മുന്നിൽ നിന്നു നോക്കിയാൽ എന്തു ഭംഗിയാണു ഇതൊല്ലാം കണാൻ..ഇതെല്ലാം മനസ്സിൽ വരുമ്പോൾ ഒ.എൻ.വി സാറിന്റെ കവിതയാണു ഓർമവരുന്നത്...”ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റതെത്തുവാൻ മോഹം“..
                                      .സ്ക്കുളിലെ ഓർമ്മകൾ എപ്പോഴും മനസ്സെന്ന പുസ്തകത്തിൽ ഒളിപ്പിച്ച മയിൽ‌പ്പീലി പോലെ ഞാൻ ഇന്നും കാത്തുസൂക്ഷിക്കുന്നു...ആറിലെ വെള്ളത്തിന്റെ കള കള നാദവും പുഞ്ചപ്പാടത്തിൽ നിന്നും വരുന്ന സുഗന്ധമേറിയ മാരുതനും ....ഹാവ്വൂ!!! എന്നും അവിടെ തന്നെ പഠിക്കാൻ കഴിഞ്ഞെങ്കിൽ! എന്ന് ആശിച്ചുപോകുന്നു....പഠന ഇടവേളകളിൽ എന്തെല്ലാം വിനോദങ്ങൾ ആയിരുന്നു..പാറകളുടെ മുകളിൽ കയറുക ..പാറയുടെ മുകളിൽ ഒരു വലിയ കാഞ്ഞിരമരം ഉണ്ട് ..അതിന്റെ കൊമ്പുകളിൽ പിടിച്ചു വണ്ടി ഓട്ടിക്കുക...പാറകളുടെ മറവിൽ ഒളിച്ചുകളിക്കുക..ഈശ്വരാ!!! ആ കുട്ടിക്കാലം ഒരു തവണ കൂടി തിരിച്ചുവന്നിരുന്നെങ്കിൽ.........
                                  സ്ക്കുൾ വൈകുന്നേരം വിടുമ്പോൾ വസുന്ധരടീച്ചറിന്റെ ട്യുഷൻക്ലാസിൽ പോകണം...വർഷങ്ങളായി അവിടെ ഉള്ള എല്ലാവർക്കും അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന വസുന്ധരടീച്ചറിന്റെ മുന്നിൽ മനസ്സ് ഇന്നും ആ പഴയ കുട്ടിയായി തീരുന്നു...ആ അറിവിന്റെ അക്ഷയപാത്രം ഇന്നും കുട്ടികളിലേക്ക് വിദ്യ പകർന്നുകൊണ്ടേയിരിക്കുന്നു..
                                        നമ്മൾ നാല് പേര് ആണ് സ്ക്കുൾ വിട്ടാൽ ഒത്തുപോകുന്നത്.ഞാൻ , ഷൈജു,രാജീവ്,പ്രേമൻ ....സ്ക്കുൾ വിട്ടാൽ അപ്പോഴെ ഒറ്റ ഓട്ടം ആണ്....നേരെ ട്യുഷൻക്ലാസിൽ ആണെന്നു വിചാരിക്കരുത്......നേരെ പോകുന്നത് തോട്ടിൽ മീൻ പിടിക്കാൻ..സ്ക്കുൾ വിട്ടാൽ നമ്മളുടെ പരിപാടി മീൻ പിടിത്തം ആയിരുന്നു..ആനുപ്പാറയാറിലേക്ക് കൈവഴിയായി ഒരു ചെറിയ തോട് ഉണ്ട്..എന്റെ വീട്ടിന്റെ മുന്നിൽക്കൂടിയാണു ഇത് ഒഴുകുന്നത്..പല പ്രദേശത്തുകൂടി വരുന്നതു കൊണ്ട് പല പേരുകളാണ് ആ തോടിന്...എന്റെ വീട്ടിന്റെ അവിടെ അതിന്റെ പേര് പണയിൽക്കടത്തോട് എന്നാണ്.നമ്മൾ മീൻ പിടിക്കുന്നത് തച്ചാലയിൽതോടിൽ നിന്നാണ്...
                                       നമ്മൾ നാലുപേരും ഓടി തച്ചാലയിൽതോട്ടിൽ എത്തും..ഷൈജുവിന് വെള്ളം കൊണ്ടുവരാൻ ഒരു വാട്ടർബോട്ടിൽ ഉണ്ട്.അതിൽ ആണ് മീൻ പിടിച്ചിടുന്നത്..തോട്ടിൽ പരൽമീനുകളും മാനത്തുകണ്ണികളും ചെറു ഞണ്ടുകളും ആരേയും പേടിക്കാതെ വിരഹിക്കുന്ന കാഴ്ച്ച നമുക്ക് സഹിക്കില്ല.പുസ്തകം തോട്ടിനരികത്തു വച്ച് തോട്ടിലേക്ക് എടുത്ത് ചാടും.കൈകൾ കൊണ്ടാണ് മീൻ പിടിക്കുന്നത്.കൈകൾ ചേർത്തു പിടിച്ച് മീനുകളെ തോട്ടിന്റെ അരികിലാക്കി കൈക്കുളിൽ ആക്കും..പിന്നെ വാട്ടർബോട്ടിൽ കുറച്ച് വെള്ളം ഒഴിച്ച് മീൻ അതിലേക്ക് ഇടും..
എന്നിട്ട് ഒറ്റ ഓട്ടം ആണ്.എന്തായാലും സമയത്തിനു ട്യുഷൻക്ലാസിൽ എത്തില്ല.ട്യുഷൻക്ലാസിന്റെ പുറത്തു വാട്ടർബോട്ടിൽ വച്ച് അകത്തേക്ക് കയറും.എന്തായാലും വസുന്ധരടീച്ചറിന്റെ ഒരു നുള്ളോ കിഴുക്കോ കിട്ടാത്ത ദിവസങ്ങൾ ഇല്ല.അഞ്ച് മണിക്ക് ക്ലാസ് വിട്ടാൽ വീട്ടിൽ നേരെ ഉള്ള വഴിയേ പോകില്ല.കറങ്ങിയേ പോകു.കാരണം പിടിച്ച മീനുകളെ എല്ലാം ഷൈജുവിന്റെ വീട്ടിലെ കിണറ്റിൽ കൊണ്ടു പോയി ഇടണം.നമ്മൾ നാലുപേരും മീനേയും കിണറ്റിൽ ഇട്ട് വീടുകളിലേക്ക് പോകും.
                             പിറ്റേന്ന് സ്കുളിലേക്ക് പോകുമ്പോൾ ഷൈജുവിന്റെ വീടുവഴിയായിരിക്കും പോകുന്നത്.കാരണം കഴിഞ്ഞ ദിവസം കൊണ്ട് ഇട്ട മീൻ വലുത് ആയെങ്കിലോ...അതു കാ‍ണാൻ...നമ്മൾ കിണറ്റിലേക്ക് എത്തിനോക്കും ..ചിലപ്പോൾ എതെങ്കിലും മീൻ പൊങ്ങി വന്നാലായി...നമ്മൾ നോക്കുന്നതറിഞ്ഞ് പൊങ്ങി വരുന്നതാവണം...ആരേയും പേടിക്കതെ അതിവിശാലമായ തോട്ടിൽ വിഹരിച്ചിരുന്ന നമ്മളെ ഈ കാരാഗ്രഹത്തിൽ കൊണ്ടിട്ട ദുഷ്ടന്മാരെ കാണാൻ ആയിരിക്കണം അവ മുകളിലേക്ക് വരുന്നത്...എന്തു നല്ല ദിനങ്ങൾ ആയിരുന്നു അതോക്കെ......ഇപ്പോഴും ഷൈജുവിന്റെ വീട്ടിൽ പോയാൽ ആ കിണറ്റിലേക്ക് വെറുതേ ഒന്നു എത്തിനോക്കും ....കുട്ടിക്കാലത്തെ കുസ്യതിയുടെ അവശേഷിക്കുന്ന ഓരായിരം ഓർമകളായ ആ മത്സ്യങ്ങൾ നീന്തി തുടിക്കുന്നുണ്ടോ എന്നു അറിയാൻ...........അനിയൻ...

2009, ജൂലൈ 1, ബുധനാഴ്‌ച

എന്റെ പ്രണയനൊമ്പരങ്ങൾ....

ആത്മ പ്രിയേ നിനക്കയിതാ
എന്‍റെ ജീവന്‍ നല്കിടുന്നു
നിന്നെ മറന്നൊരു ജീവിതമില്ല
നീ കൂടെയില്ലാതെ എന്‍ ജീവനില്ല
എന്നോര്‍മചെപ്പില്‍ നീ തന്ന ചിത്രങ്ങള്‍
ഇന്നെന്‍റെ ജീവന്‍റെ വര്‍ണങ്ങലല്ലോ
നിന്നോടോതുള്ള നിമിഷങ്ങലോക്കെയും
ഇന്നെന്റെയത്മാവിന്‍ സന്തോഷമല്ലോ
ഇന്ന് നീയെന്നെ വിട്ടകന്നാല്‍ പ്രിയേ
എന്‍റെ ചേതന നിശ്ചലം സത്യം
എന്നിലെ സന്തോഷം പങ്കിടാന്‍
എന്നിലെ കണ്ണീരു പങ്കിടാന്‍
എന്നുമെന്നോമാലെ നീ കൂടെ വേണം
എന്നുമെന്‍ ചാരത്തു നിന്‍ നിഴല്‍ വേണം
നീ നല്കിയോരെന്‍ ജീവന്‍റെ വര്‍ണങ്ങള്‍
തിരികെ നീ ചോതിച്ചിടില്‍ പ്രിയേ
ശൂന്യമീ ജീവിതം വ്യര്തമെന്‍ജന്മം
നീ തന്ന സ്വപ്നങ്ങളിട്ടെച്ചു പോകുവാന്‍
ഈ ജന്മമാകില്ല ഇനി
വരും ജന്മവും...
-- അനിയൻ....

2009, ജൂൺ 29, തിങ്കളാഴ്‌ച

എന്റെ മണികുട്ടിക്കൊരൂഞ്ഞാല്‍......

എന്റെ മണികുട്ടിക്കൊരൂഞ്ഞാല് കെട്ടുവാന്‍
ഇന്നെന്‍ മനം കൊതിക്കുന്നു
മുറ്റത്തെ തേന്മാവിന്‍ കൊമ്പൊന്നു കാണെ
അറിയതെന്‍ മനം തുടിക്കുന്നു....
ഒന്നിച്ചൊരോണമുണ്ണാന്‍ മണിക്കുട്ടി
എന്‍ കൂടെയിനിയില്ലതറിയാം
ഇനി വരും വിഷു ദിനങ്ങളില്‍ മനസ്സിലൊരു
കണിക്കൊന്ന പൂക്കില്ല കണിയുമില്ല.....

എന്‍റെ സ്വപ്നങ്ങളെയെല്ലാം തകര്‍ക്കുവാന്‍
എങ്ങു നിന്നെത്ത്തിയീ വിഷ സന്താനം
ആ ശവം തീനി കഴുകന്‍റെ മുന്നിലെന്‍
മണിക്കുട്ടിഎങ്ങനെ പെട്ട് പോയി
നിനക്കെങ്ങനെ തോന്നിയേ പിഞ്ചു-
മേനിയില്‍ നിന്‍ കാമ ദാഹമോടുക്കാന്‍....
ഇന്നലെ പഠിക്കുവാന്‍ പോകും വഴിക്കെന്‍
മണിക്കുട്ടിയറിയാതെ തോഴിമാര്‍ ചതിച്ചതാണോ?

വിഷുവിനു തുന്നിയ കോടിയുടുതപ്പോള്‍
ഒരു കുഞ്ഞു മാലഖയയെന്‍ മണിക്കുട്ടി
ഇന്നലെ തന്ന ചുംബനതിന്‍ ചൂട്
ഇന്നുമെന്‍ കവിളില്‍ നനഞ്ഞിടുന്നു
ഇന്നെന്‍ മനിക്കുട്ടിക്കന്ത്യ ചുംബനം നല്‍കുമ്പോള്‍
അറിയാതെ മനം വാവിട്ടു പോയിടുന്നു
കോലായില്‍ ഒരു കോലം കണക്കെ നിന്നമ്മ
നിന്നെ വാരി പുണരാന്‍ വിളിക്കുന്നു കേള്‍ക്ക നീ
എന്‍ മണിക്കുട്ടിയെ മാറോടണക്കുവാന്‍
അച്ഛന്‍റെ മനവും കൊതിച്ചിടുന്നു

എന്‍ മണിക്കുട്ടിക്കൊരൂഞ്ഞല് കെട്ടുവാന്‍
ഇന്നെന്‍ മനം കൊതിക്കുന്നു
ഇന്നെന്‍ മണിക്കുട്ടി എന്‍ മുന്നിലെരിയുന്നു
എന്‍റെ സ്വപ്നങ്ങളുമെരിഞ്ഞിടുന്നു....
നീ തന്നെതെല്ലാം എന്റെ ഹ്യദയത്തിലേക്കുള്ള
സ്നേഹപുഷ്പങ്ങൾ ആയിരുന്നു.
നീ എന്നിൽ നിന്നകന്നപ്പോൾ ആ കൊഴിഞ്ഞ പോയ പൂക്കൾ
എന്റെ ജീവിതത്തിന്റെ സ്വപ്നങ്ങൾ ആയിരുന്നു
--അനിയൻ.....[കൂട്ടം വെബ്ബ് സൈറ്റിൽ നടന്ന കൂട്ടം ഫെസ്റ്റ്വെല്ലിൽ കവിതാരചന മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ എന്റെ കവിത..]

എന്റെ ഹ്രദയത്തിന്റെ മുറിവ്....

സ്നേഹം എന്ന മ്രദുലമായ വികാരം എന്നെ തൊട്ടു ഉണര്‍ത്തുന്നത് 10 ക്ലാസ് കഴിഞ്ഞതിനു ശേഷം ആണ് ..+2 കഴിഞ്ഞതിനു ശേഷം ഞാന്‍ വെഞ്ഞാറമ്മൂട്ടിൽ ഉള്ള വരിജാ സ്റ്റുഡിയോയിൽ ജോലിക്ക് പോയി തുടങ്ങി....അതിനിടയിലാണ് പട്ടാളത്തിൽ പോകണം എന്ന മോഹം മനസ്സിൽ ഉത്ഭവിച്ചത്...ആരോ പറഞ്ഞു ഹരിപ്പാട് ഒരു എജന്റ് ഉണ്ട് അവിടെ പോയാൽ അവിടെ ട്രെയിനിംഗ് ഉണ്ട് എന്നു..അതുകേട്ട് അവിടെ പോയി..പക്ഷെ അവിടെ താമസിച്ചുവേണം നിൽക്കാൻ..ചിലവിനു വീട്ടിൽ നിന്നും കൊണ്ടുപോകേണ്ട അവസ്ഥ...വീട്ടിൽ ആണങ്കിൽ സാമ്പത്തികബുദ്ധിമുട്ട്...അങ്ങനെ ഹരിപ്പാട് ഉള്ള ഒരു കൂട്ടുകാരൻ വഴി മാന്നാർ ഉള്ള ഭാസ്ക്കർ സ്റ്റുഡിയോയിൽ ജോലിക്ക് കയറി. നല്ല ജോലി,നല്ല കൂട്ടുകാർ.. അങ്ങനെ അവിടം എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ആയി...ആ സ്ഥാപനത്തില്‍ ജോലി ചെയുമ്പോള്‍ അതുവഴി 5 മണിക്ക് സ്ഥിരമായി പോകുന്ന ഒരു പെൺകുട്ടിയോട് എനിക്ക് പ്രേമം തോന്നി തുടങ്ങി ..സ്ഥിരം അവള്‍ക്കായി ആ സമയത്ത് റോഡില്‍ ഇറങ്ങി നില്ക്കാന്‍ തുടങ്ങി.+ അവള്‍ക്കു മനസിലായി ഞാന്‍ അവള്‍ക്കായി കാത്തു നില്‍ക്കുന്നത് എന്ന്..അവൾ എന്നെ നോക്കും ചിരിക്കും.. ദിവസങ്ങൾ കടന്നു പോയി.എന്റെ മനസ്സിൽ ഉള്ള ഇഷ്ടം അവളോട് തുറന്നു പറയാൻ മടി.. കൂട്ട്കാര്‍ക്ക് ഒരുമോഹം അവള്‍ക്കു എന്നോട് ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.പിറ്റേ തിവസം ഞാനും എന്റെ കൂട്ടുകാരൻ ദിലീപും അവളുടെ പുറകെ ബൈക്കില്‍ ചെന്ന് എനിക്കു തന്നെ ഇഷ്ടം ആണന്നു പറഞ്ഞു.തിരിച്ചു. അവൾ അതിന്റെ മറുപടി ഒരു പുഞ്ചിരിയോടെ എന്നെയും ഇഷ്ടമാണെന്നു പറഞ്ഞു..ഹോ ദൈവമേ അപ്പോൽ എന്റെ മനസ്സിൽ ഉണ്ടായ വികാരം പറഞ്ഞു അറിയിക്കാൻ പറ്റില്ല..ലോകം എന്റെ കയ്യക്കുള്ളിൽ ആയതുപോലെ....
                      രാത്രികൾ മധുരമുള്ള സ്വപ്നങ്ങൽ കൊണ്ടു നിറഞ്ഞു....ദിവസവും അവളെ കാണും സംസാരിക്കും ...അങ്ങനെ പ്രേമം നിറഞ്ഞ കുറെ ദിനങ്ങൾ..അന്നു ഒരു ഞായർ ആഴ്ച്ച അയിരുന്നു..ഞാനും ദിലീപും അവന്റെ ബൈക്കില്‍ അവൾക്കായി അവൾ വരുന്ന വഴിയിൽ കാത്തിരുന്നു....നാളെ ഞാൻ നാട്ടിൽ പോവുകയാണു ..ഇത് അവളോട് പറയണം...അതാ അവൾ അകലെ നിന്നും വരുകയാണു. ദൂരെ നിന്നും അവളുടെ കുപ്പിവളകളുടെ കിലുക്കം എന്റെ കാതിൽ മധുരമായി മുഴങ്ങിതുടങ്ങി....അവൾ അടുത്തേക്ക് വരും തോറും സ്വർഗത്തിലെ കട്ടുറുൻപ് ആവണ്ട എന്നു കരുതിയാവും ദിലീപ് എന്നിൽ നിന്നും അകന്നു...എന്നത്തേയും പോലെ ഞാൻ ഒരു ചെറു പുഞ്ചിരിയുമായി അവളുടെ മുഖത്തേക്ക് നോക്കി..പക്ഷേ അവൾ എന്നെ നോക്കാതേ എന്നെ കടന്നു പോയി...ഞാൻ അവളുടെ പേരു ചൊല്ലി വിളിച്ചു...അവൾ നിന്നില്ല...എന്റെ മനസ്സിൽ എന്തോ വന്നു ഇടിച്ചതുപോലെ...ഞാൻ പിറകെ ചെന്നു.. അവൾ വേഗത്തിൽ നടന്നകന്നു.....ദിലീപ് എന്റെ അടുത്തു എത്തിയപ്പോഴെക്കും എന്റെ പകുതി ജീവൻ പോയിരുന്നു...
        പിറ്റേന്ന് ഞാൻ നാട്ടിൽ പോകാതെ അവൾക്ക് വേണ്ടി കാത്തുനിന്നു...പക്ഷേ അവൾ വന്നില്ല..അവൾ നേരത്തെ പോയെന്നു കൂട്ടുകാരികൾ എന്നെ കളിയാക്കും പോലെ പറഞ്ഞിട്ടു പോയി... പിന്നെയുള്ള ദിവസങ്ങൾ ആലിന്റെ ചുവട്ടിൽ നിന്നു കൊണ്ട് എന്റെ നോട്ടം ദൂരെ നിന്നു വരുന്ന പെൺക്കുട്ടികളുടെ കൂട്ടത്തിനിടയിൽ ആയിരുന്നു.....അതിന്റെ പ്രതിഫലം അവളുടെ സഖിമാരുടെ പരിഹാസചുവയുള്ള കൂട്ടചിരികൾ ആയിരുന്നു.അവളെ കാണാൻ കഴിഞ്ഞില്ല...ഉറക്കമില്ലാത്ത രാ‍ത്രികൾക്കവധി നൽകിയെ മതിയാകു..ഇല്ലെങ്കിൽ എനിക്ക്‌ ഒരു പക്ഷെ ഭ്രാന്ത്‌ പിടിക്കും.പിറ്റേന്ന് അതിരാവിലെ ഉറക്കച്ചുവയുള്ള കണ്ണുകളുമായി ഞാൻ അരയാലിന്റെ മുന്നിൽ കാത്തുനിന്നു..ഇടക്ക്‌ ഞാൻ ഒന്നു മയങ്ങി..എന്റെ കണ്ണിമകളിൽ ആലിലയിൻ തുമ്പിൽ നിന്നു വീണ മഞ്ഞുതുള്ളിയുടെ തണുപ്പറിഞ്ഞാണു ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നത്‌.മേഘക്കുട്ടങ്ങളുടെ ഇടയിൽ നിന്നിറങ്ങി വന്ന മാലാഖയെപോലെ പുലർകാലത്തെ മൂടൽമഞ്ഞിനെ തഴുകി അവൾ നടന്നു വരുന്നു.അവളുടെ കുപ്പിവളകളുടെ കിലുക്കം എന്റെ കാതുകളിൽ വീണ്ടും സംഗീതം പൊഴിക്കാൻ തുടങ്ങി..ഇതാ അവൾ എന്റെ മുന്നിൽ...കണ്ണുകളിൽ പ്രണയദാഹവുമയി ഞാൻ നിന്നു.....അവൾ ഇതൊന്നും ശ്രദ്ധിക്കാതെ എന്നെ കടന്നു പോയി .അവൾ നടന്നു അകലുന്നതു നിർവ്വികാരിതയോടെ നോക്കി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു..പിന്നെ അറിഞ്ഞു അവൾ ഇപ്പോൾ വെറെ ഒരു പയ്യനുമായി പ്രണയത്തിൽ ആണെന്ന്... ആ നിമിഷം വളരെയധികം വികാരങ്ങള്‍ എന്റെ മനസ്സില്‍ കടന്നു കൂടി. മരണത്തിനോടാണ് എനിക്കു കൂടുതല്‍ ആശ തോന്നിയത്. പിന്നെ എന്തിനാണ് എന്റെ മനസ്സിൽ പ്രണയം എന്ന തീക്കനൽ വാരി ഇട്ടത് .
                   .സിനിമാശാലകളിൽ ഇടവേളകളിൽ നുണയുന്ന ഐസ്ക്രീമിന്റെ വില മാത്രമേ അവൾ എന്റെ പ്രണയത്തിന് നൽകിയുള്ളു..വെള്ളിത്തിരയിൽ പുതിയ നിറങ്ങൾ കണ്ടപ്പോൾ എന്നെ അവൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയായിരുന്നു.. 'ഞാന്‍ ഇഷ്ടപെട്ട എല്ലാ പെണ്‍കുട്ടികളും സ്നേഹം കപടമായി കടം കൊണ്ടാവരായിരുന്നു' " സ്നേഹമാകുന്ന പൂഞ്ചോലയിൽ നീരാടി എത്തുമെന്‍ ഹൃദയവും സ്നേഹിതരായി നടക്കുന്ന സ്നേഹ തുമ്പികളെ നോക്കി കേഴുമെന്‍ ഹൃദയവും .....--അനിയൻ.....