2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മാധുര്യമേറും ഓർമകളുടെ മാമ്പഴക്കാലം ...ഇന്നത്തെ വർക്കും കഴിഞ്ഞ്[07/08/2009] രാത്രി 11 മണിക്ക് റൂമിലേക്ക് പോകുമ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന ശ്യാമിന് സോപ്പ് വാങ്ങാൻ സൂപ്പർമാർക്കറ്റിൽ കയറി.അവിടെ കറങ്ങിനടന്നപ്പോൾ എന്റെ കണ്ണ് ചെന്നത് മാമ്പഴങ്ങളുടെ ഇടയിലായിരുന്നു.. അവ കണ്ടതും തിന്നാൻ ഒരു കൊതി..അപ്പോഴെ രണ്ട് മാങ്ങയും വാങ്ങി റൂമിലേക്ക് നടന്നു.ഞാനും ശ്യാമും ഓരോ മാങ്ങയും കടിച്ച് കൊണ്ടുനടന്നു. മാങ്ങയുടെ മാധുര്യം നാക്കിൽ എത്തിയതും എന്റെ ഓർമകൾ നാട്ടിലേക്ക് നീങ്ങി.. 
                                                     മാമ്പഴക്കാലം എന്നും എനിക്ക് മധുരം നിറഞ്ഞ ഓർമകൾ ആണ്.ഓരോ മാമ്പഴക്കാലം കഴിയുമ്പോഴും അടുത്ത മാമ്പഴക്കാലം വഴിക്കണ്ണുമായി നോക്കിയിരിക്കും..മാധുര്യം ഏറിയ മാമ്പഴങ്ങൾ എപ്പോഴും മനസ്സിലെ ഓർമകളെ മധുരിപ്പിക്കുന്നു..മാമ്പൂവ് നിറഞ്ഞ മാവുകൾ,മാമ്പൂവിലെ മാധുര്യം നുകരാൻ എത്തുന്ന മധുപന്മാർ[തേനീച്ച].. ഇവയെല്ലാം കണ്ണുകൾക്ക് എന്നും കുളിർക്കാഴ്ച്ച ആണ്.പൂക്കുന്ന പൂവുകളിൽ പകുതിയും പൊഴിഞ്ഞുവീഴുന്നതു കാണുമ്പോൾ മനസ്സിനു ഒരു വേദനയാണ്.ആ പൊഴിയുന്ന പൂവുകൾ കൂടി മാങ്ങകൾ ആയെങ്കിലെന്നു മോഹിക്കാറുണ്ട്..
                                          കണ്ണിമാങ്ങയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടുകയാണ്.കണ്ണിമാങ്ങ ഉപ്പും ചേർത്തു വായിൽ വക്കുന്ന കാര്യം....ഹൊ...പുളിയും മധുരവും നിറഞ്ഞ സ്വാദ്....ആലോചിക്കും തോറും ആ സ്വാദിന്റെ കണങ്ങൾ ഈ എഴുതുന്ന കടലാസിൽ തന്നെ വീഴും എന്നു തോനുന്നു..മാമ്പഴക്കാലം ആയാൽ എപ്പോഴും കൈയിൽ ഒരു മാങ്ങ എങ്കിലും കാണും..മുൻപ് നമ്മൾ അമ്മയുടെ കുടുംബവീട്ടിനു അടുത്തായിരുന്നു താമസം.ഇപ്പോൾ അതൊക്കെ വിറ്റു കുറച്ച് മാറി വീടു വാങ്ങി..എന്റെ പഴയവീടിനു ചുറ്റും മാങ്ങകളുടെ വസന്തം ആയിരുന്നു..എന്റെ വീട്ടിലും ചുറ്റുമുള്ള എല്ലാ വീടുകളിലും മാങ്ങകൾ നിറഞ്ഞ മാവുകൾ..വീടിനു താഴെക്കു ഇറങ്ങിയാൽ എന്റെ കുഞ്ഞമ്മയുടെ വീട്ടിൽ, താഴെ കണ്ണന്റെ വീട്ടിൽ, ഷാജി അണ്ണന്റെ വീട്ടിൽ, മുകളിലോട്ട് പോയാൽ പിന്നെ പറയണ്ടാ....എല്ലായിടവും മാവുകൾ തന്നെ..പലയിടത്തുനിന്നും ആരുംകാണാതെയായിരിക്കും മാങ്ങ പറിക്കുന്നത്.അല്ലെങ്കിൽ പിന്നെ ചെവി കൊണ്ട് പ്രയോജനം ഇല്ലാ..അങ്ങനത്തെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്..
                                                എന്റെ അഞ്ച് മുതൽ പത്ത് വരെയുള്ള ഉപരിപoനം അവനവഞ്ചേരി സ്ക്കൂളിൽ ആയിരുന്നു..വീട്ടിൽ നിന്നും 2km ദൂരം ഉണ്ട് സ്ക്കൂളിൽ പോകാൻ.അത്രയും ദൂരം നടന്നാണു പോകുന്നത്.ചെറുവള്ളിമുക്ക് വഴി പോകാനാണു എളുപ്പം.എന്നും അതുവഴിയാണു പോകുന്നത്..പക്ഷേ മാമ്പഴക്കാലം ആയാൽ യാത്ര മാറ്റും.പിന്നെ പരുത്തിഅമ്പലം വഴിയാകും യാത്ര..കാരണം സ്ക്കൂൾ മുതൽ വീടുവരെയുള്ള ആ വഴിയിൽ മുഴുവൻ മാങ്ങയാണ്.പല വലിപ്പത്തിലും പല നിറത്തിലും പല മാധുര്യവും നിറഞ്ഞ മാമ്പഴങ്ങൾ. താളിമാങ്ങ,വരിക്കമാങ്ങ[കോട്ടുക്കുന്നം],വെള്ളരിമാങ്ങ,പുളിയൻമാങ്ങ,മൂവാണ്ടൻമാങ്ങ,കിളിച്ചുണ്ടൻമാങ്ങ,പഞ്ചാരമാങ്ങ അങ്ങനെ പല പേരിലുള്ള മാങ്ങകൾ..മാങ്ങകൾ വീട്ടിൽ കൊണ്ടു പോകില്ല.വഴി നീളെ കടിച്ചു തിന്നു കൊണ്ടു പോകും..പരുത്തിയിലെ മാമ്പഴമോഷണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കാര്യം മനസ്സിന്റെ ഓർമച്ചെപ്പിൽ ഓടി വരുന്നു.
                                  വൈകുന്നേരം സ്ക്കൂൾ വിട്ടു പരുത്തി വഴി വരുകയാണ്.എന്റെ കൂടെ മൂന്നുനാലു പേരുണ്ട്.ആരോക്കെ എന്ന് ഓർമയില്ലാ.എന്നും കൊച്ചുപരുത്തിയിലേ വീട്ടിൽ നിന്നും ആരും കാണാതെ മാങ്ങ പറിക്കും.നല്ല മൂവാണ്ടൻ മാങ്ങ..നല്ല വണ്ണം വിളഞ്ഞു നിൽക്കുകയാണ്.ഞാൻ മരത്തിനു മുകളിൽ കയറും..ആവശ്യമുള്ളത് താഴേക്ക് പറിച്ചിടും.ആ വീട്ടിൽ ഒരു അമ്മൂമ്മ മാത്രമേ ഉള്ളു.അമ്മൂമ്മ കാണതെയാണ് മരത്തിൽ കയറുന്നത്.പക്ഷേ ഇടക്കോക്കെ മരത്തിൽ കയറുന്നത് അമ്മൂമ്മ കാണും.അമ്മൂമ്മ ചീത്ത വിളിക്കും..അപ്പോഴെ നമ്മൾ തിരിഞ്ഞോടും..അന്ന് അങ്ങനെ ഞാൻ മരത്തിന്റെ ഏറ്റവും മുകളിൽ കയറി.കാരണം താഴെ മാങ്ങ ഇല്ലാ.എല്ലാം നമ്മൾ തന്നെ തീർത്തു.ഞാൻ വിശാലമായി മാങ്ങ പറിക്കുകയാണ്.കൂടെ ഉള്ളവർ താഴെ നിൽക്കുകയാണ്.കുറച്ച് കഴിഞ്ഞപ്പോൾ താഴെ നിൽക്കുന്നവർ മതിലും ചാടി ഓടുന്നു.ഈശ്വരാ...ഞാൻ നോക്കിയപ്പോൾ അമ്മൂമ്മ മരത്തിന്റെ താഴെ ഒരു വടിയുമായി നിൽക്കുന്നു.അവന്മാർ രക്ഷപ്പെട്ടു.ഞാൻ മുകളിലും.താഴെ നിന്നും അമ്മൂമ്മയുടെ ആക്രോശങ്ങൾ..ഞാൻ പേടിച്ച് പേടിച്ച് തഴേക്ക് ഇറങ്ങി തുടങ്ങി.കൈയിൽ ഇരിക്കുന്ന വടി എപ്പോൾ എന്റെ മുതുകിൽ പതിക്കും എന്നാണ് എന്റെ പേടി ആണ് മനസ്സിൽ.താഴെ എത്തിയതും അമ്മൂമ്മ എന്റെ കൈയിൽ കയറി പിടിച്ചു...”എന്താടാ നിന്റെ പേര്? ,നിന്റെ വീട് എവിടെയാ?,അച്ഛന്റെ പേരെന്താ?, അസ്ത്രം പോലെ ചേദ്യങ്ങൾ വരുന്നു..ഞാൻ പേടിച്ച് വിറച്ച് മറുപടി പറഞ്ഞു.അപ്പോൾ നീയൊക്കെ ആണ് അല്ലെ മാങ്ങക്കള്ളന്മാർ? ഇങ്ങു വാടാ എന്നും പറഞ്ഞു എന്റെ കൈയിൽ പിടിച്ച് അമ്മൂമ്മ വീട്ടിന്റെ അടുത്തേക്ക് നടന്നു.അയ്യോ.. എനിക്ക് കരയണോ? അതോ അമ്മൂമ്മയെ തള്ളിയിട്ട് ഓടണോ? എന്ന് അറിയാൻ പറ്റാത്ത അവ സ്ഥ.ഞാൻ തിരിഞ്ഞു നോക്കി മതിലിൽ കുറെ തലകൾ..’എന്റെ കൂട്ടുകാർ’.അവർ ചിരിക്കുകയാണ്.ഞാൻ അപ്പോൾ വിചരിച്ചു..”എടാ ദുഷ്ടന്മാരെ നാളെ ആവട്ടെ ,മരത്തിന്റെ മുകളിൽ കയറാൻ എന്റെ പട്ടി വരുമെടാ.”
അമ്മൂമ്മ വീട്ടിലേക്ക് എന്നെ കയറ്റിയിട്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.എന്നിട്ട് അമ്മൂമ്മ അകത്തേക്ക് പോയി.അപ്പോഴെ ഞാൻ തീരുമാനിച്ചു.എന്റെ കാര്യം പോയി..ഒന്നു സമാധാനമായി കസേരയിൽ ഇരിക്കാൻ പോലും വയ്യ.“മാ‍വിലെ പുളിയുറുമ്പുകൾ കടിച്ച വേദനയും പിന്നെ ഇനി കിട്ടാൻ പോകുന്ന ശിക്ഷയുടെ വേദനയും..”ഇറങ്ങി ഓടികളഞ്ഞാലോ? എന്നും ആലോചിച്ചു.പക്ഷേ കാലുകൾ തറയിൽ ഉറപ്പിച്ച അവസ്ഥയിലാണ് ഞാൻ..
                                       അകത്തേക്ക് പോയ അമ്മൂമ്മ കൈയിൽ ഒരു കവറുമായി തിരിച്ചു വന്നു.കവറിൽ എന്തോ ഉണ്ട്..അമ്മൂമ്മ എന്റെ അടുത്തുവന്നിട്ട് ആ കവർ എന്റെ നേരെ നീട്ടി.വിറക്കുന്ന കൈകളാൽ ഞാൻ വാങ്ങി കവറിനുള്ളിലേക്ക് നോക്കി..ഹൊ!!!! കവർ നിറച്ചും നല്ല പഴുത്ത മൂവാണ്ടൻ മാമ്പഴങ്ങൾ.. ഞാൻ അമ്മൂമ്മയുടെ മുത്തേക്ക് നോക്കി..ഒരു ചെറുപുഞ്ചിരി ആയിരുന്നു ആ മുഖത്ത്.എന്റെ അടുത്തേക്ക് വന്നിട്ട് അമ്മൂമ്മ സ്നേഹത്തോടെ പറഞ്ഞു..”മോനേ ഇനി മോഷ്ടിക്കരുത്,മാങ്ങ വേണമെന്ന് തോന്നുമ്പോൾ നേരെയുള്ള വഴിയിയെ വന്നു പറിച്ചു കൊള്ളു.ആ വക്കുകൾ കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു.ഒരു ചെറുമകനോട് ഉള്ള സ്നേഹത്തോടെ നാളെയും വരണേമേ എന്നും പറഞ്ഞു അമ്മൂമ്മ എന്നെ യാത്രയാക്കി.എന്നും മാങ്ങകൾ കാണുമ്പോൾ ആ സ്നേഹത്തിന്റെ മാധുര്യം എന്റെ മനസ്സിൽ ഓടി വരാറുണ്ട്.
                                         മാമ്പഴക്കാലം എനിക്ക് വേദനകളും നൽകിയിട്ടുണ്ട്..അന്ന് ഞാൻ അവനവഞ്ചേരി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി..അന്ന് ശനിയാഴ്ച്ച..ഉച്ചക്ക് വിന്നേഴ്സ് ട്യൂട്ടോറിയിൽ ട്യൂഷനുപോകണം.അന്ന് രാവിലെ വീട്ടിന്റെ താഴെയുള്ള കണ്ണന്റെ വീട്ടിൽ മാങ്ങ പറിക്കാൻ പോയി.നല്ല വിളഞ്ഞു നിൽക്കുന്ന കോട്ടുക്കുന്നം മാങ്ങകൾ പറിച്ചു പഴുപ്പിക്കാൻ വയ്ക്കണം. മരത്തിൽ കയറാൻ ഞാൻ റെഡി.ഞാൻ വിശാലമായ മരത്തിന്റെ മുകളിൽ കയറി മാങ്ങ പറിക്കാൻ തുടങ്ങി..കണ്ണൻ താഴെ നിൽക്കുകയാണ് പറിച്ച് ഇടുന്ന മാങ്ങകൾ പറക്കാൻ..സമയം 12 ആയി.അപ്പോൾ ആണ് ട്യൂഷനു വിളിക്കാൻ വേണ്ടി രാജേഷ്[അപ്പൂപ്പൻ] വന്നത്.വീട്ടിൽ വന്ന അവൻ താഴെ നിൽക്കുന്ന എന്നെ കണ്ട് താഴേക്ക് വന്നു.നല്ല കാറ്റ് തഴെയുള്ള വയലിൽ നിന്നും വീശി അടിക്കുകയാണ്.‘ഇനി നിർത്താം,ട്യൂഷനു പോകാം‘ എന്നു വിചാരിച്ചു താഴേക്ക് ഇറങ്ങുകയാണ്.ആ സമയത്ത് ഒരു വലിയ കാറ്റും അടിച്ചു.തഴെ നിൽക്കുന്ന രാജേഷിനെ കാണിക്കാൻ സ്റ്റെയിലിൽ ഇറങ്ങിയതു ആണോ ? എന്തോ? കാലു തെറ്റി താഴേക്ക്!!. എന്റെയോ എന്റെ വീട്ടുകരുടെ ഭാഗ്യമോ എന്തോ...ഞാൻ വീണത്തിന്റെ തൊട്ടു അപ്പുറത്താണ് ഒരു വലിയ കോൺക്രീറ്റ് സ്ലാബ് കിടന്നത്.അതിൽ വീണിരുന്നെങ്കിൽ “ഈശ്വരാ!“ ഇങ്ങനെ ഒക്കെ എഴുതാൻ ഞാൻ കാണില്ലായിരുന്നു.വീണ ഞാൻ പയ്യെ എഴുന്നേറ്റു.എവിടെയോ എന്തോക്കെയോ ഒടിഞ്ഞ പോലെ..വേദന ഇല്ലാ !ഒരു മരവിപ്പ് മാത്രം.അപ്പോഴെ എല്ലാവരും ഓടി വന്നു.“എടാ റെജി [വീട്ടിൽ എന്നെ വിളിക്കുന്ന പേര്.]എന്തെങ്കിലും കുഴപ്പമുണ്ടോടാ ? എന്നോക്കെ ചോദ്യം..ഞാൻ പറഞ്ഞു ഇല്ലാ!പക്ഷേ ശബ്ദം പുറത്തുവരുന്നില്ലാ..എന്തായാലും അപ്പോഴെ എന്നെയും പൊക്കി ആശുപത്രിയിൽ കൊണ്ടുപോയി..വളരെ സുഖകരവും സന്തോഷകരവുമായ അഞ്ച് ദിനങ്ങൾ മെഡിക്കൽകോളേജിൽ കിടന്നു.തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാമ്പഴങ്ങളുടെ കൂട്ടം തന്നെ.കണ്ണന്റെ വീട്ടിൽ നിന്നും നിറയെ എനിക്ക് തിന്നാൻ മാമ്പഴം.എപ്പോഴയാലും മാമ്പഴക്കാലം വരുമ്പോൾ കണ്ണന്റെ വീട്ടിലെ മാങ്ങയുടെ രുചി വേദനയോടെ നാവിൻ തുമ്പിൽ വരും.ഇന്ന് ആ മാവ് അവിടെ ഇല്ലാ..മുറിച്ചുമറ്റി..
                                                  മാമ്പഴം അല്ലെങ്കിൽ മാമ്പഴക്കാലം എന്നിവ ഓർമ്മവരുമ്പോൾ എന്റെ നാട്ടുകാരുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് കുഴുവിളകത്തുനാഗരുകാവ്ദേവിക്ഷേത്രത്തിലെ നാട്ടുമാവും അതിലെ മാങ്ങയുടെ മധുരവും ആണ്.ആ മാവിനെ കുറിച്ച് പറയാൻ തന്നെ കുറെ ഉണ്ട്.ഹരിതഭംഗി കളിയാടിടുന്ന പറങ്കിമാവുകൾക്കിടയിൽ വളർന്ന് പന്തലിച്ചുനിൽക്കുന്ന പടുകൂറ്റൻ വ്യക്ഷം.വലിയ കൂടാരം പോലെയാണ് അതിന്റെ നിൽ‌പ്പ്.കുളിർക്കാറ്റും തണലും നൽകുന്ന ആ വ്യക്ഷദേവൻ നമുക്ക് എന്നും ഒരു അത്ഭുതമാണ്.ക്ഷേത്രത്തിന്റെ മുന്നിൽ തല ഉയർത്തിയുള്ള അതിന്റെ നിൽ‌പ്പ് കണ്ടാൽ തന്നെ അറിയാം ആ ക്ഷേത്രത്തിന്റെയും ആ നാടിന്റെയും ഐശ്വര്യം എത്രയെന്ന്.അതിന്റെ കാൽഭാഗത്തോളം ഒറ്റ തടിയാണ്.അതുകൊണ്ട് ഏണി വച്ചാണ് മുകളിൽ കയറുന്നത്.പക്ഷേ മാങ്ങ പറിക്കാൻ പോകുന്ന നമ്മൾ ഏണിയും ചുമന്നു പോകാന്നോ? നല്ല കാര്യം....മരത്തിന്റെ ചില കൊമ്പുകൾ താഴോട്ട് നിൽപ്പുണ്ട്.അത് കൈ എത്തുകയും ഇല്ലാ.അപ്പോൾ കയറോ അല്ലെങ്കിൽ എന്തെങ്കിലും വള്ളു കൊണ്ടു ആ കൊമ്പുകളിൽ കുരുക്കിട്ടു പിടിച്ചു താഴേക്ക് വലിക്കും.കൊമ്പുകൾ താഴേക്ക് വന്നാൽ ചാടി പിടിച്ച് സർക്കസ്സുകാരനെ പോലെ തൂങ്ങി കയറും.മുകളിലേക്ക് പോകുമ്പോൾ എല്ലാ കൊമ്പുകളിലും കയറി കുലുക്കും.മാങ്ങ മിക്കതും പഴുത്തു നിൽക്കുകയാവും..മഴ പെയ്യും പോലെ കുറെയെറെ മാങ്ങകൾ താഴേക്ക് വീഴും.താഴെ മാങ്ങ പറക്കാൻ ആളുകൾ ഉണ്ട്.കുറെയേറെ മാങ്ങകൾ കാണും.എല്ലാം കൂട്ടി വക്കും.മരത്തിൽ നിന്നും താഴെ ഇറങ്ങിയതിനു ശേഷം തുല്യമായി ഭാഗം വക്കും.എല്ലാം നല്ല പഴുത്ത മാങ്ങകൾ.കുറെയോക്കെ അവിടെ വച്ച് തിന്നും..ബാക്കി വീട്ടിൽ കൊണ്ടുപോകും.മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാൻ.ഹൊ!!!“നാട്ടുമാങ്ങ കൊണ്ടുള്ള മാമ്പഴപ്പുളിശ്ശേരി“ ഓർക്കുമ്പോൾ തന്നെ ഒരു വലിയ സദ്യ ഉണ്ട അനുഭവം ആണ്.ഇപ്പോഴും ആ നാട്ടുമാവ് മാധുര്യമേറിയ കനികളുമായി തലയുർത്തി നിൽ‌പ്പുണ്ട് അവിടെ...എന്തയാലും ഞാൻ അടുത്തുതന്നെ നാട്ടിൽ പോകുകയാണ്.മാമ്പഴക്കാലം അല്ല എന്ന് അറിയമെങ്കിലും കാലം തെറ്റി ഒരു മാമ്പഴക്കാലം ആ സമയത്ത് വരണേയെന്ന് ആശിക്കുകയും പ്രർതഥിക്കുകയും ചെയ്യുകയാണ് ഞാൻ...
......അനിയൻ....

7 അഭിപ്രായങ്ങൾ:

എന്‍റെ ലോകം ..... പറഞ്ഞു...

kothiyavunnu mampazham thinnan aniya nadinte ormakal unarthi vittathinu nandi

HEART BRAKE KID പറഞ്ഞു...

WOW.. vayil vellamoorunnnnu...aniya thnks for this ...kure nalla ormakal thannathinu....thnk u very much......

അജ്ഞാതന്‍ പറഞ്ഞു...

superb aniyaaaaaaaa.............keep it up

Muth...4 u പറഞ്ഞു...

super aniyaaaaa......
great nosttalgic .......
super super.............

anuagith പറഞ്ഞു...

aniiii,,,,,
ninakk mampazham etra priyappettath aakan karanm ni atra kashatpett nediyathukondanu,ninakkathil etavum maduryam thonniyath ethu mangayanu???gulfile mangakk nattumangayude ruchi undayirunno?????

ശ്രീ പറഞ്ഞു...

മാമ്പഴക്കാലത്തെ ഓര്മ്മകള്‍ നന്നായി. പ്രത്യേകിച്ചും ആ അമ്മൂമ്മയുടെ പെരുമാറ്റം!

ഓണാശംസകള്‍!

ഷെബി പറഞ്ഞു...

കാലം തെറ്റിയ ആ മാമ്പഴക്കാലത്തിന്റെ രുചി നുണയാന്‍ ഞാനും അവിടെ ഉണ്ടാരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു........കുറെ പഴയ ഓര്‍മകള്‍ ഉണര്‍ത്തി വിട്ട പോസ്റ്റ്.......ഓര്‍മകള്‍ ഇനിയും പോസ്റ്റായി ഒഴുകി വരട്ടെ.......അഭിനന്ദനങ്ങള്‍ .