.

2021, ജനുവരി 31, ഞായറാഴ്‌ച

എന്റെ പ്രിയ ഓർമകൾ 

 

ഞാൻ ഓർമകളിൽ ഓരോ ഏടും തിരഞ്ഞു ചെല്ലും.

കാലം ഉരുക്കി ചേർത്ത മഞ്ഞ-

പായലിന്റെ തഴമ്പിൽ വെറുതെ തലോടും.
അടർന്നു മാറാൻ വിസമ്മതിച്ചു താളുകൾ 
കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടാവും.
ഒരു കുസൃതി ചിരിയോടെ ഞാൻ അവയെ വകഞ്ഞു മാറ്റും.
ചെറിയ പോറലുകൾ ബാക്കിയാക്കി അവ 
അകന്ന് പോകുമ്പോൾ ഞാൻ ആ വിഹായസിലേക്ക് ഊളിയിടും.

ഓരോ ശിശിരവും കൊഴിച്ചിട്ട ഇലകളുടെ ഞരമ്പുകൾ മാത്രം-
ബാക്കിയാവുന്ന ഓർമകൾക്ക് മേൽ പതിയെ കാലെടുത്തു വെക്കും.
മുല്ലയും പിച്ചിയും കടം കൊടുത്ത വാസന തൈലവും കൊണ്ട്
തെന്നൽ മൂർദ്ധാവിൽ തലോടികൊണ്ടിരിക്കും.
അരൂപികളായി കാലവും പ്രണയവും ചില -
നോവോർമ്മകളും എനിക്ക് മുന്നേ വഴി നടക്കും.

മഷിപ്പച്ച മായ്ച്ചു കളഞ്ഞ ബാല്യവും
പേറ്റു നോവറിയാത്ത മയിൽപ്പീലിയിൽ അടച്ചു വെച്ച കൗമാരവും
നാണം പൊതിഞ്ഞ കരിവളകളും വിരഹ യാത്രാമൊഴിയുടെ
പാദസര കിലുക്കങ്ങളും ഓരോ ഏടുകളിൽ നിറം ചോരാതെ കിടക്കുന്നുണ്ടാവും.
അവയൊന്നും ഇളക്കം തട്ടാതെ ഞാൻ മെല്ലെ നടക്കും.
ഇഴകൾ വരിഞ്ഞു മുറുക്കി കെട്ടി അടക്കം  ചെയ്ത ചില ഏടുകളിൽ മാത്രം
മൗനത്തിന്റെ തണുപ്പും കണ്ണീരിന്റെ ഉപ്പും പകർന്നു കൊടുക്കും..!

ഓർമകൾക്ക് എന്നും ഒരേ നിറമാണ്.
ഓർമ്മകളാവും മുന്നേ നമ്മൾ കൊടുക്കുന്ന അതേ നിറം.!
കോറിയിട്ട ഓരോ വരികളിലും പ്രണയത്തിന്റെ ചുവപ്പും, 
ബാല്യത്തിന്റെ പച്ചപ്പും വേദനയുടെ ഇരുളിമയും നിറം മങ്ങാതെ കിടക്കും.

ഇനിയും എഴുതി ചേർക്കേണ്ടതിനെ ഓരോ-
ഏടുകളിൽ വാരി നിറച്ചു ഞാൻ പടിയിറങ്ങും.
വസന്തത്തിന്റെ പൂക്കളും, വർഷമേഘങ്ങളുടെ നീർമുത്തുകളും 
കോർത്തു അലങ്കാരങ്ങൾ തീർത്തു വെക്കും.
പിന്നെ കാത്തിരിക്കയായി..
എന്റെ നിറങ്ങൾക്ക് മീതെ മഞ്ഞ പൂശാനെത്തുന്ന നാളെകൾക്കായി...!!!  അനിയൻ.


അഭിപ്രായങ്ങളൊന്നുമില്ല: