.

2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

നിശബ്ദനായ ആ കൊലയാളി

ചെറിയ തലവേദന കാരണം കിടക്കുകായിരുന്നു ഇന്ന്.  അപ്പോൾ  ആണ് റൂമേറ്റ് ആയ  കാസർഗോഡുകാരനായ   രാഘവൻ അണ്ണൻ ഡ്യൂട്ടി കഴിഞ്ഞു വന്നത് . മുഖത്ത് എന്തോ വിഷമം പോലെ തോന്നി കണ്ടപ്പോൾ . അങ്ങോട്ട് ചോദിയ്ക്കുന്നതിനു മുന്നേ ഇങ്ങോട്ട് എന്നോട് സംസാരിച്ചു.

 “ അനിയാ , എന്റെ അടുത്ത ഒരു ബന്ധു മരിച്ചു “ 

 ആരാ രാഘവേണ്ണാ ? എന്താ പറ്റിയെ ?  !
 
എന്റെ കസിന്റെ മോൻ ആണ് . പെട്ടെന്നു ആശുപതിയിൽ കൊണ്ട് പോയി അവിടെ വച്ചു തന്നെ മരണപ്പെട്ടു.. 
 
ശോ ! ആൾക്ക് പ്രായം ഉള്ളത് ആണോ? എത്ര വയസ്സായി ? എങ്ങനെയാ ? ! 

 ഇല്ലാ അനിയാ കൊച്ചുപയ്യൻ ആണ് , 19 വയസ്സ് ആയുള്ളു..

അയ്യോ !! എന്തു പറ്റിയതാ ? 

ട്യൂമർ ആയിരുന്നു തലയിൽ , അറിഞ്ഞില്ലാ  ഉള്ളത് ...

 കേട്ടതും ഞാ‍ൻ ആകെ ഷോക്ക് ആയി പോയി ..

എന്നാലും അണ്ണാ !!!! 

"ഹം ,കുറച്ച് ദിവസമായിട്ട് അവനു തലവേദന  ഉണ്ടായിരുന്നു , റൂമിൽ ഇരുന്ന് കരയുമായിരുന്നു വേദന കാരണം , പക്ഷേ അത് സാധാ തലവേദന പോലെ കണ്ടു എല്ലാവരും. അതിനുള്ള മരുന്നും കഴിച്ചൂ. പക്ഷേ ഇന്നലെ വേദന കൂടീ അടുത്തുള്ള ആശുപതിയിൽ കൊണ്ട് പോയി , അവിടെന്നു വേദന മാറാൻ ഇൻജക്ഷൻ കൊടുത്തു , കുറച്ച് കഴിഞ്ഞപ്പോൾ വായിൽനിന്നെല്ലാം പത വന്നു. ഉടനെ തന്നെ  കാസർഗോഡ്  ഉള്ള കെയർവെൽ  ഹോസ്പിറ്റലിൽ കൊണ്ട് പോയി , പക്ഷേ അവിടെ എത്തും മുൻപ് അവൻ മരണപെട്ടിരുന്നു . പിന്നെ സംശയദുരികരണത്തിനു പരിയാരം മെഡിക്കൽകോളേജിൽ കൊണ്ട് പോയി അവിടെ നിന്നാണ് അറിഞ്ഞത് അവനു ട്യൂമർ ആയിരുന്നെന്നും അത് കൂടിയത് ആണെന്നും .ചിലപ്പോൾ ആ ട്യൂമർ പൊട്ടിയത് ആവാം.. "

ഓഹ് ! എന്തു വിധി ആണ് ഓരോ ആളുകൾക്കും . ഞാൻ ആകെ മൂഡ് ഓഫ്  ആയി അത് കേട്ട്.  വീണ്ടുമൊരു ട്യൂമർ മരണം. ഇതു പോലെ കുറച്ച് മാസങ്ങൾക്ക് മുൻപും ഒരു വാർത്ത കേട്ട് വിഷമിച്ചത് ആണ്.

ഈ കഴിഞ്ഞ നോമ്പ് സമയത്ത് സുഖമില്ലാതെ ഞാൻ അബുദാബിയിൽ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ കൂറച്ച് ലേറ്റായി .അകത്ത് ഇരുന്നപ്പോൾ ദാഹം തോന്നിയപ്പോൾ അടുത്ത് ഇരുന്ന ഒരു പയ്യനോട് വെള്ളം എവിടെ കിട്ടുമെന്ന് ചോദിച്ചു . അപ്പോൾ ആണ്ണ് ഞാൻ അവന്റെ മുഖം ശ്രദ്ധിയ്ക്കുന്നത്. ഒരു 30 വയസ്സ് വരും, മുഖം വളരെ ക്ഷീണിച്ചിരിയ്ക്കുന്നു. എന്നാലും അവൻ പുഞ്ചിരിയോടെ പറഞ്ഞു

  'ചേട്ടാ വെള്ളം എന്റെ കൈയിൽ ഉണ്ട്' , എന്നു പറഞ്ഞ് എന്റെ നേരെ വെള്ളത്തിന്റെ കുപ്പി നീട്ടി .നന്ദിയോടെ അത് വാങ്ങി കുടിച്ച് തിരിച്ചു കൊടുത്തു. പിന്നെയുള്ള കൂറച്ച് നേരം കൊണ്ട് നമ്മൾ അടുത്തു. എന്റെ പേരും കാര്യങ്ങളും സംസാ‍ാരിച്ചപ്പോൾ അവൻ അവന്റെ കാര്യങ്ങൾ പറഞ്ഞു.

 "ചേട്ടാ എന്റെ പേരു അഭി . ഇവിടെ കമ്പനിയിൽ ജോലി ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കമ്പനിയിൽ ബോധമില്ലാതെ വീണു. ഇവിടെ അഡ്മിറ്റാക്കി . പരിശോധിച്ചപ്പോൾ ആണ്  ബ്രയിൻ ട്യൂമർ ആണെന്ന് അറിഞ്ഞത് . പക്ഷേ അപ്പോഴെക്കും ഒരു പാട് തമാസിച്ചിരുന്നു.  ഇടയ്ക്ക് തലവേദനയും, കാഴച ശക്തി കുറവും എല്ലാം ഉണ്ടായിരുന്നു  പക്ഷേ ഞാൻ അതൊന്നും സാരമാക്കിയില്ല. ഇനി ഉള്ളത് ഓപ്പറേഷൻ ആണ് .  2 ദിവസം കഴിഞ്ഞ് ഞാൻ നാ‍ട്ടിൽ പോകുകയാണ് , അവിടെ ഓപ്പറേഷൻ ചെയ്യാൻ ആണ്  പ്ലാൻ.  ഒരു തിരിച്ച് വരവു  ഉണ്ടാകുമോ എന്നു അറിയില്ല ചേട്ടാ.." 

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . അതിനു മുന്നെ എന്നിലെ വികാരം വിഷമത്തിന്റെ ഉച്ഛസ്ഥായിൽ എത്തിയിരുന്നു ..

 ഹോ ദൈവമെ! എന്താ ഇതൊക്കെ !..

ഞാൻ അവന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞു ,

"അഭി നീ പോയി ഓപ്പേറേഷൻ  ചെയ്യു. നീ മിടുക്കനായി തിരിച്ചു വരും .അടൂത്ത മാസം ഞാൻ നാട്ടിൽ വരുന്നുണ്ട് ,  ഉറപ്പ് ആയിട്ടും ഞാൻ നീ എത്ര ദൂരെ ആയാലും വന്നു കാണും , അപ്പോൾ നിന്റെ ഈ വേദനകൾ എല്ലാം മാറിയിരിയ്ക്കും , ദൈവം നിന്നെ രക്ഷിയ്ക്കും , എന്റെ എല്ലാവരുടെ പ്രാർതഥനയും നിനക്ക് ഉണ്ടാകും ."

 അവൻ എന്റെ കൈ ചേർത്ത് പിടിച്ച് വിതുമ്പി. ഞാൻ എന്തു പറഞ്ഞ് ആശ്വസിയ്പ്പിയ്ക്കും എന്ന് അറീയാതെ കുഴങ്ങി. അപ്പോഴെയ്ക്കും അവനെ ഡോക്ടർ റൂമിലേയ്ക്ക് വിളിച്ചൂ. പോകും മുൻപ് അവന്റെ നമ്പർ വാങ്ങാൻ മറന്നില്ല. നീ നാട്ടിൽ പോകും വരെ നിന്നെ ഉറപ്പായും ഞാൻ വിളിയ്ക്കുമെന്നു വാക്കു കൊടുത്തു.

 ഹോസ്പിറ്റലിൽ നിന്നു റുമ്മിൽ എത്തുമ്പോൾ ഞാൻ ആകെ വിഷണ്ണനായിരുന്നു . ചിന്ത മുഴുവൻ അഭിയെ കുറിച്ച് ആയിരുന്നു. അവന്റെ ആ ദീനതയാർന്ന മുഖമായിരുന്നു മനസ്സ് നിറയെ.. 2 ദിവസം കഴിഞ്ഞ് അവൻ പോകുമല്ലോ ആ ഒരു സമാധനം ഉണ്ടായിരുന്നു. പിറ്റേന്ന്  രാവിലെ  തന്നെ ഞാൻ അഭിയെ വിളിച്ചൂം പക്ഷേ എടുത്തില്ലാ . ഉറക്കത്തിൽ ആകുമെന്നു കരുതി . കൂറച്ച് കഴിഞ്ഞു വിളിച്ചു എടുത്തു.പക്ഷേ വേറെ ആരോ ആയിരുന്നു. സംസരിച്ചപ്പോൾ കൂടെ വർക്കു ചെയ്യുന്ന കൂട്ടുകാരൻ ആണ്. അഭി എവിടെ എന്നു ചോദിച്ചു. 

"അഭിയ്ക്ക് ഇന്നലെ രാത്രി പെട്ടെന്ന് അസുഖം കൂടി ഹോസ്റ്റിറ്റലിൽ അഡ്മിറ്റ് ആണ്. ചിലപ്പോൾ ഇന്നു രാത്രി തന്നെ നാട്ടിൽ കൊണ്ട് പോകും . അവന്റെ ബന്ധുക്കൾ വന്നിട്ടുണ്ട് ഹോസ്പിറ്റലിൽ."

  ഈശ്വരാ  എന്തു പരീക്ഷണമാണ്  ഇത്  . മനസ്സ് ആകെ തകർന്ന പോലെ, തലയിൽ വണ്ടുകൾ മൂളുന്നപോലെ...  ഞാൻ പിന്നെ വിളിയ്ക്കാൻ എന്നു പറഞ്ഞ് കട്ട് ആക്കി . രാ‍ത്രിയിൽ നാട്ടിൽ കൊണ്ട് പോകും എന്നു പറഞ്ഞത്കൊണ്ട്  അപ്പോൾ വിളിച്ചു നോക്കി പക്ഷേ പ്രതികരണം ഇല്ലായിരുന്നു .. എല്ലാം നല്ലത് പോലെ നടക്കട്ടെ എന്നു മനസ്സിൽ പ്രാർത്ഥിച്ചൂ കിടന്നു.

രാവിലെ പരിചയമില്ലാത്ത ഫോണിൽ നിന്നു കാൾ വന്നെടുത്തപ്പോൾ അഭിയുടെ കൂട്ടുകാരൻ ആണ്. അഭി നാട്ടിൽ പോയ കാര്യമാണ് എനിയ്ക്ക് ആദ്യമെ ചോദിയ്ക്കാൻ തോന്നിയത് . അതിനുള്ള മറൂപടി കുറച്ച് നേരം അപ്പുറത്ത് നിശബ്ദ്ധതയായിരുന്നു. പിന്നെ പറഞ്ഞു അവൻ ..

"ഇന്നലെ രാത്രി അഭി മരിച്ചൂ. അസുഖം വളരെ കൂടൂതൽ ആയിരുന്നു ."

 ഇത്ര മാത്രം ഞാൻ കേട്ടു , അവൻ ബാക്കി എന്തൊക്കെയോ പറയുന്നുണ്ട്..എന്റെ മനസ്സ് ശ്യൂന്യമായി പോയി ആ നിമിഷം.. അവന്റെ നിഷ്കളങ്ക ചിരി ആയിരുന്നു മനസ്സിൽ . ഒന്നും മിണ്ടാതെ ഞാൻ ഫോൺ വച്ചു. കുറച്ച് നേരം മരവിപ്പ് ആയിരുന്നു ശരീരം മുഴുവൻ.മനസ്സും ശരീരവും ഒരുപോലെ വിറങ്ങലിച്ചു . കുറച്ച് കഴിഞ്ഞ് ഞാൻ അറിയാതെ കരഞ്ഞു പോയി. അവനെയും ഈ ട്യൂമർ കൊണ്ട് പോയല്ലോ.. ആദ്യമെ കണ്ടെത്തിയിരുന്നെകിൽ ചിലപ്പോൾ അവനു ഇങ്ങനെ ഒരു വിധി വരുമായിരുന്നോ എന്നു ആലോചിച്ചു പോയി. ഇപ്പോഴും അഭിയുടെ മുഖത്തിന്റെ ദീനത എന്നെ ഉറക്കത്തിൽ നിന്നു ഞെട്ടിയുണർത്താറുണ്ട്.

 അന്നത്തെ അതു പോലത്തെ അവസ്ഥയായിരുന്നു രാഘവേണ്ണൻ ബന്ധുവിന്റെ മരണം ഇന്ന് പറഞ്ഞപ്പോൾ എനിയ്ക്ക് ഉണ്ടായത്.. നിശബ്ദനായ കൊലയാളി, വലിയ മുന്നറിയിപ്പ് തരാതെ വന്നു ജീവൻ കവരുന്ന കൊലയാളി. ചിലപ്പോൾ മരണം , ചിലപ്പോൾ ജീവശവം പോലെ കിടക്കൽ. ആദ്യമെ തിരിച്ചറിയാൻ ശ്രമിയ്ക്കുക..

കുറച്ച് ദിവസങ്ങൾ ആയി എന്നെയും തലവേദന അലട്ടുന്നുണ്ട്. ചിലപ്പോൾ ആർക്കാണ് ദൈവവിളി എന്നു അറിയില്ല. ഉടനെ ഒരു ദിവസം തന്നെ ഹൊസ്പിറ്റലിൽ പോയി ഒന്നു ചെക്ക് ചെയ്യണം .. മനസ്സ് വിങ്ങുന്നു ,മരണത്തിന്റെ മാറ്റൊലി പോലെ ഹ്യദയവും തുടിയ്ക്കുന്നു ..     
                           
  നിങ്ങൾ അല്ല നിങ്ങളുടെ ആരു ആയാലും കുറാച്ച് ദിവസം നീണ്ട് നിൽക്കുന്ന തലവേദന ഉണ്ടെങ്കിൽ ഉടൻ പോയി ചികിത്സിയ്ക്കണം, വെറും ഒരു തലവേദനയായി ഒന്നിനെയും കാണരുത്.. ചിലപ്പോൾ അത് നിശബ്ദനയാ കൊലയാളി ആയിരിയ്ക്കും. ആരെയും ഭയപ്പെടുത്തുന്നത് അല്ല. ക്യാൻസർ മൂലമുള്ള മരണത്തിന്റെ കാര്യത്തിൽ രക്താർബുദ്ദത്തെയും  കവച്ചൂവയ്ക്കുന്ന രീതിയിൽ മുൻപന്തിയിൽ ആണ് തലച്ചോറിലെ മുഴകൾ. കുട്ടികളിൽ രക്താർബുദംകഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ ബ്രെയിൻ ട്യൂമറാണ്.കുട്ടികളിലെ എറ്റവും വലിയ കൊലയാളി ആണ് ബ്രെയിൻ ട്യൂമർ.  അതിനാൽ ആദ്യം മുതൽ നമ്മൾ  മുൻരുതലുകൾ എടുക്കുക. ഒരിക്കൽ എനിയ്ക്ക് ആകാം ചിലപ്പോൾ നിങ്ങൾക്ക് ആകാം അല്ലെങ്കിൽ നമ്മുടെ വേണ്ടപെട്ടവർക്ക് ആകാം , ഈ നിശബ്ദനായ കൊലയാളി നമ്മുടെ മേൽ ചാടീ വീഴുന്നത് ..

 ബ്രെയിൻ ട്യൂമർ ഉണ്ടെങ്കിൽ അതിന് ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തലയോട്ടിക്കുള്ളിലെ ട്യൂമറിന്റെ വ്യാപനം തലച്ചോറിൽ പ്രഷർ ഉണ്ടാക്കുകയും, ഇത് അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും.

ചില ലക്ഷണങ്ങൾ ഞാൻ പറയാം നിങ്ങൾക്ക് ഉപകാരമാകുമെന്നു പ്രതീക്ഷിയ്ക്കുന്നു .
 
1. സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാവുക.

 2.വിട്ടുമാറാത്ത തലവേദന 

3. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാവുക

4. ചർദ്ദിൽ 

5. ബി പി പെട്ടെന്ന് കൂടുക  ,

6. കാരണങ്ങൾ ഇല്ലാതെ പേടി ഊണ്ടാകുക  സാംസാരത്തിനു ചിലപ്പോൾ പ്രയാസം, ഓർമ്മകുറവ് 

7. ചില അവസരങ്ങളിൽ ട്യൂമർ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടാക്കും, ഈ അവസ്ഥ രോഗിയ്ക്കും കുടുംബത്തിനും പ്രയാസം ഉണ്ടാക്കും

8. മുഖത്തിന്റെ ഒരു വശത്ത് മരവിപ്പ് അല്ലെങ്കിൽ വേദന 

 ആരും ഒന്നും  ഇല്ലാ അസുഖം എന്നു കരുതി ചെറിയ അസുഖങ്ങളെ മാറ്റിനിർത്തരുത് . അതു ചിലപ്പോൾ വലിയ നഷ്ടങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. നാളെ ഞാൻ അല്ലെങ്കിൽ നിങ്ങളിൽ ആരൊക്കെയോ ആ നിശബ്ദകൊലയാളിയ്ക്ക് പിടി കൊടുക്കാതിരിയ്ക്കട്ടെ എന്ന പ്രാർത്ഥന. അനുഭവിച്ചവർക്കും  മരണം കൊണ്ട് വിഷമിച്ചവർക്കും മാത്രമേ അറിയു അതിന്റെ തീവ്രത. ഈശ്വരൻ രക്ഷിയ്ക്കട്ടെ  എന്ന പ്രർതഥനയോടെ .... അനിയൻ ....

അഭിപ്രായങ്ങളൊന്നുമില്ല: