2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

**നിയോഗങ്ങൾ**

മരവിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഇത് രണ്ടാം ദിവസം.. ഇനിയും ആരുമെത്തിയിട്ടില്ല..
പ്രതീക്ഷകൾ വ്യർത്ഥമാണെന്ന് അറിയാത്തതല്ല.എങ്കിലും ഉറ്റവർ തേടിയെത്തുന്നതും കാത്തിരിക്കയാണ്..
ഓരോ തവണ വാതിൽ തുറക്കുന്ന ശബ്ദം കാതിൽ വീഴുമ്പോൾ ഞാനൊരുങ്ങി കിടക്കും.
ചെറിയൊരു പുഞ്ചിരിയൊക്കെ ചുണ്ടിൽ വരുത്തും.കൂട്ടി കെട്ടിയ കാലുകൾ മെല്ലെ ചലിപ്പിച്ചു ഞാനിവിടെയുണ്ടെന്ന് അറിയിക്കാൻ ശ്രമിക്കും.
പക്ഷേ വാതിൽ കടന്നെത്തിയവരാരും എന്നെ അന്വേഷിച്ചില്ല.. എന്റെ അനക്കങ്ങൾ കേട്ടതുമില്ല.!!
തേടി വരേണ്ടവരെയെല്ലാം അകറ്റി നിറുത്തിയത് താൻ തന്നെയല്ലേ.?
എന്നിട്ടിപ്പോൾ ഇങ്ങനെ ആകുലതപ്പെടുന്നത് എന്തിനാണ്..
അത്ര സൗഭാഗ്യങ്ങളുടെ നടുക്കല്ലെങ്കിലും എന്നേം അനിയത്തിയേയും അമ്മയും അച്ഛനും വളർത്തിയത് നന്നായി തന്നെയാണ്.
ഒന്നാം റാങ്കോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും പാസായപ്പോൾ മെഡിക്കലും എഞ്ചിനീയറിംഗും പല അഭിപ്രായങ്ങൾ പലരും പറഞ്ഞു.
പക്ഷേ എനിക്ക് സിവിൽ സർവീസ് ആയിരുന്നു താത്പര്യം. വീട്ടിലാരും അതിന് എതിരും പറഞ്ഞില്ല.
പഠനവും ട്രയിനിംഗും കഴിഞ്ഞു ആദ്യത്തെ പോസ്റ്റ് നാട്ടിൽ തന്നെ. അസിസ്റ്റന്റ് കളക്ടർ ആയി.
ജീവിതം അതിന്റെ പച്ചത്തുരുത്തിൽ പടർന്നു പന്തലിക്കാൻ തുടങ്ങുമ്പോൾ വിധി എനിക്ക് മുന്നിൽ ഒരു പുതിയ അദ്ധ്യായം തുറന്നു വെച്ചു..
അതിന്റെ ഓരോ പേജുകൾ മറിക്കുമ്പോഴും ഞാനറിഞ്ഞു എന്റെ ആയുസിന്റെ തൊണ്ണൂറു ശതമാനവും ആടിത്തീർത്തു കഴിഞ്ഞിരിക്കുന്നു.
ഇനി ശേഷിക്കുന്നത് വെറും പത്തു ശതമാനം.
ആ പത്ത് ശതമാനം എന്നത് പത്തു മിനിറ്റാണോ, പത്തു മണിക്കൂറാണോ,പത്തു ദിവസമാണോ ,പത്തു മാസമാണോ എന്നറിയാനുള്ള നെട്ടോട്ടത്തിൽ വീട് മറന്നു,
വീട്ടുകാരെ മറന്നു.ആരെയും ഒന്നുമറിയിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴും അതെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് എന്നിലെ നിരാശ പുറത്ത് ചാടും.
പക്ഷേ പുറത്തെത്തുമ്പോളത് ദേഷ്യവും വെറുപ്പും മുൻശുന്ഠിയുമായി മാറിപ്പോകുന്നെന്ന് മാത്രം.
സമ്പത്തും പ്രതാപവും കൂടിപ്പോയ കാരണങ്ങൾ നിരത്തി ബന്ധുക്കളകന്നു
.കൂടെ കൂട്ടാനും സൊറ പറയാനും നേരമില്ലെന്ന ന്യായം നിരത്തി കൂട്ടുകാർ പിരിഞ്ഞു.
ആദ്യമൊക്കെ ക്ഷമിച്ചും പിന്നെ സഹിച്ചും ഒടുവിൽ കണ്ണീർ കൊണ്ട് പ്രാകിയും വീട്ടുകാർ കൂടി നഷ്ടമാകുന്നെന്ന് ഞാനറിഞ്ഞു.
ഇത്രയും കാലം വാരിക്കൂട്ടിയ സ്നേഹവും സൗഹൃദവും പ്രതീക്ഷകളും എല്ലാം ഒന്നൊന്നായി ഊർന്നുവീണു.
അത്ര വലിയ ദ്വാരമാണോ ഈശ്വരൻ എന്റെ ഹൃദയത്തിൽ ഇട്ടത്..!!
ഒന്നും മതിയായിരുന്നില്ല..!!
വിറങ്ങലിച്ച മനസുമായി ഡോക്ടറുടെ മുന്നിലിരുന്ന് ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്..
എല്ലാർക്കും വെറുക്കപ്പെട്ടവനായ എന്റെ മരണം ആരുമറിയാതെ പോകട്ടെ.
അറിഞ്ഞാലും തേടിവരാൻ എളുപ്പമല്ലാത്തയിടത്തേക്ക് ഞാനോടി പോന്നത് അത്കൊണ്ടാണ്.
മരണത്തെ ഞാൻ ഭയക്കുന്നില്ല.ഞാനെന്റെ കടമകൾ പൂർത്തിയാക്കി
.എന്റെ നിയോഗങ്ങൾ പൂർത്തീകരീച്ചെന്ന് വിശ്വസിക്കുന്നു.ഞാൻ മരിച്ചാൽ മൂന്ന് ദിവസത്തിൽ കൂടുതൽ എന്നെ ആ മോർച്ചറിയിൽ സൂക്ഷിക്കരുത്
.ഏറ്റെടുക്കാൻ ആരും എത്തില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണത്..
നാലാം നാൾ ഞാനെന്റെ മരവിച്ച ശരീരം ഇവിടുത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി വിട്ടു കൊടുക്കുന്നു.അതാണെന്റെ അവസാന ആഗ്രഹം..
ഇന്നത്തോടെ കാത്തിരിപ്പ് അവസാനിച്ചു. നാളെ ഞാൻ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് കീറിമുറിക്കാനുള്ള ഒരനാഥ ശരീരം മാത്രം..!!
കത്തി കൊണ്ട് മുറിക്കപ്പെടുമ്പോൾ മനസിലെ ഓർമ്മകൾക്ക് മുറിവേൽക്കാതിരിക്കട്ടേ...!! അനിയൻ..

അഭിപ്രായങ്ങളൊന്നുമില്ല: