.

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

**മാലാഖയുടെ ഹ്യദയം** ..

 നെഞ്ച് വല്ലാതെ തുടിക്കുന്ന പോലെ തോന്നിയപ്പോഴാണ് നീണ്ട ഉറക്കത്തിൽ നിന്നും ഞാനെഴുന്നേറ്റത്.കണ്ണ് തുറക്കുമ്പോൾ കണ്ട ആദ്യത്തെ കാഴ്ച നെഞ്ചിൽ പതിയെ തലോടി നില്ക്കുന്ന ദൈവത്തിന്റെ മാലാഖയെ.
ആറേഴ് ദിവസമായി ബോധമില്ലാതെ ഈ ഐസിയുവിലാണെന്ന സത്യം എന്നെ വല്ലാതെ തളർത്തുന്നുണ്ടാരുന്നു.കൂട്ടുകാരന്റെ വിവാഹത്തിന് പോയി വരുമ്പോൾ എതിരേ നിയന്ത്രണം വിട്ട് പാഞ്ഞ് വരുന്ന ലോറിയാണ് അവസാനത്തെ കാഴ്ച.
അപകടത്തിൽ വാരിയെല്ല് തകർന്നതും ഹൃദയം നിലക്കാറായ തനിക്ക് പുതുജീവനേകിയത് മറ്റാരുടെയോ ഹൃദയമാണെന്നും അനിയനാണ് പറഞ്ഞത്.
                                                                                      പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്ന വരേം ഒരു കുഞ്ഞിനെപ്പോലെ അവരെന്നെ സംരക്ഷിച്ചു..ദീപ..അതാണാ മാലാഖയുടെ പേര്..അധികമൊന്നും സംസാരിക്കാത്ത പ്രകൃതമാണെങ്കിലും എന്റെ കാര്യത്തിലുള്ള അവരുടെ ശ്രദ്ധക്കൂടുതൽ എന്നെ അവരിലേക്കടുപ്പിക്കാൻ വലിയ താമസമുണ്ടായില്ല.
ഡിസ്ചാർജ് കാർഡും വാങ്ങി ഐസിയു വിട്ടിറങ്ങുമ്പോൾ ഞാനവളേയും നെഞ്ചിൽ കൂട്ടിയിരുന്നു.ചെക്കപ്പിന് വരുമ്പോഴെല്ലാം അവളെ ഞാൻ കാണാതെ പോവില്ലാരുന്നു.എന്തോ..ദീപയെ കാണുമ്പോൾ എന്റെ ഹൃദയം വല്ലാതെ തുടിക്കുന്നതായി ഞാനറിഞ്ഞു..അവസാനം രണ്ടും കല്പിച്ച് ഞാനവളോട് എന്റെയിഷ്ടം തുറന്നു പറഞ്ഞു.മറുപടിയൊന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു..
പിന്നീട് പലപ്പോഴും അവളുടെ പിന്നാലെ നടന്ന് പറഞ്ഞെങ്കിലും അവളതിനൊന്നും യെസ് എന്നോ നോ എന്നോ പറയാത്തതിൽ എനിക്ക് ദേഷ്യം തോന്നാതിരുന്നില്ല.
അത് കണ്ട അവളുടെ കൂട്ടുകാരിയാണ്  പറഞ്ഞത് അവൾ വിവാഹിതയാണെന്ന്..
താലിയും സിന്ദൂരവും അണിയാത്ത വിവാഹിതയോ..ഞാൻ ചോദിച്ചു..അവരാ കഥ പറഞ്ഞു..
                                                                   ചെറുപ്പത്തിലെ അച്ഛനമ്മമാർ മരിച്ചു പോയ ദീപയെ ഏതോ ആശ്രമംകാർ ഏറ്റെടുക്കുകയും പഠിപ്പിക്കുകയും ചെയ്തു..നഴ്സായി മറ്റൊരു ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴാണ് അഭിലാഷിനെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും..അഭിലാഷിന്റെ വീട്ടിൽ വിവാഹ സമ്മതം കിട്ടിയ അന്ന് തന്നെ ആശ്രമത്തിലും ചെന്ന് കാര്യങ്ങൾ പറഞ്ഞ് വിവാഹമുറപ്പിച്ചു.രണ്ട് മാസം മുന്നേ ആയിരുന്നു വിവാഹം..ചടങ്ങ് കഴിഞ്ഞ് പോകും വഴി ഒരപകടത്തിൽ അഭിലാഷ് മരിച്ചു.നിസാര പരിക്കുകളോടെ രക്ഷപെട്ട ദീപ ആദ്യമന്വേഷിച്ചത് അഭിലാഷിനെയാണ്..മരണമറിഞ്ഞ് നിലവിളിച്ച ദീപയെ ഇപ്പോഴും ആരും മറന്നിട്ടില്ല.അന്നേ ദിവസം തന്നെയാണ് രാഹുലിനേം അപകടത്തിൽ അവിടെ കൊണ്ട് വരുന്നത്.മരണപ്പെട്ട അഭിലാഷിന്റെ ഹൃദയമാണ് നിങ്ങളിൽ തുന്നിച്ചേർത്തിരിക്കുന്നത്..അവളുടെ അഭിലാഷിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിയാൻ വേണ്ടി മാത്രമാണ് ദീപ ജോലിക്ക് വന്നിരുന്നത്..അവളിപ്പോൾ അഭിലാഷിന്റെ വീട്ടിലാണ്.അവന് സ്വന്തമെന്ന് പറയാൻ അമ്മ മാത്രേയുണ്ടാരുന്നുള്ളു..
ഇത്രയും അറിഞ്ഞ സ്ഥിതിക്ക് രാഹുൽ ഇനിയവളെ ശല്യം ചെയ്യരുത്..
എല്ലാം കേട്ട് ഒരു ശിലപോലെ നില്കാനേ എനിക്ക് കഴിഞ്ഞുള്ളു..


ദീപ ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോളാണ് രാഹുൽ വീട്ടിലേക്ക് കയറി വരുന്നത് കണ്ടത്..അവളുടനേ അമ്മയെ വിളിച്ചു..
ആരാ..എന്താ കാര്യം.?
അമ്മേ..എന്റെ പേര് രാഹുൽ.. ഇവിടെ അടുത്തുതന്നാണ് വീട്..എനിക്ക് സ്വന്തമെന്ന് പറയാൻ അനിയൻ മാത്രമേയുള്ളു..
അപകടത്തിൽ പെട്ട് ജീവൻ പോയ എനിക്ക് പുതുജീവന തന്നത് അമ്മയുടെ മകനാണ്..അഭിലാഷിന്റെ ഹൃദയം..അതിപ്പോൾ ഇവിടെയാണുള്ളത്..ഞാനെന്റെ നെഞ്ചിൽ കൈ വെച്ചു..
ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം കൂടി പറയാനാണ്.എനിക്ക് ദീപയെ ഇഷ്ടമാണ്.വിവാഹം കഴിക്കണമെന്ന് ആഗ്രഹവുമുണ്ട്..എല്ലാ കാര്യങ്ങളും അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ ചോദിക്കുന്നത്..അമ്മക്ക് സമ്മതമാണെങ്കിൽ..

ഇനിയൊരു വിവാഹജീവിതത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ..എനിക്ക് ഇതിൽ സമ്മതക്കുറവൊന്നുമില്ല..എന്റെ മോനെ സ്നേഹിച്ചതിന്റെ പേരിൽ അവളിങ്ങനെ നശിക്കുന്നത് കാണാൻ ഞാനാഗ്രഹിക്കുന്നില്ല..അവൾക്ക് നല്ലൊരു ജീവതമുണ്ടാകാൻ ഏറ്റവൂം കൂടുതൽ ആഗ്രഹിക്കുന്നതും ഞാൻ തന്നെയാണ്..
അവൾ പോയാൽ ഞാനൊറ്റക്കാകും.എന്നാലും സാരമില്ല..എന്റെ കുട്ടിയൊന്ന് സന്തോഷിച്ച് കണ്ടാൽ മതി..
അമ്മ ഒറ്റക്കാവുന്നതെങ്ങനേ..മരുമകളെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന അമ്മക്ക് ഇനി രണ്ട് മക്കൾ കൂടിയുണ്ട്..ഞാനും എന്റെ അനിയനും..

വാതിലിന്റെ പിന്നിൽ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് നിന്ന ദീപയെ നോക്കി ഞാൻ പറഞ്ഞു.. ഇനിയെങ്കിലും ദീപയൊന്ന് മിണ്ടൂ..മറുപടി എന്താണേലും തുറന്ന് പറയൂ..
ചായ കൊണ്ട് വരാമെന്ന് പറഞ്ഞ് അമ്മ അകത്തേക്ക് പോയി..
ദീപ..തന്നെ കാണുമ്പോഴെല്ലാം എന്റെ ഹൃദയം ഇത്ര തുടിക്കുന്നതെന്താണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..എന്റെ നെഞ്ചിലിരുന്ന് തന്റെ അഭിലാഷ് തന്നെയാണ് എനിക്ക് തന്നോട് ഇഷ്ടം തോന്നിപ്പിച്ചത്..അത് ഇതിനുവേണ്ടിയാരുന്നു..
അടുത്ത് ചെന്ന് എന്റെ കൈകൊണ്ടവളുടെ മുഖമുയർത്തുമ്പോൾ മഴയായിരുന്നു ആ കണ്ണുകളിൽ..
ഈ നെഞ്ചിലൊന്ന് ചെവി ചേർത്താൽ നിനക്കത് മനസിലാവും..
ദാ..എന്റെ ഹൃദയമിപ്പോൾ എത്ര സന്തോഷത്തിലാണ് തുടിക്കുന്നതെന്ന്..അവൾ പതിയെ കൈയെടുത്തെന്റെ നെഞ്ചിൽ വെച്ചു തലോടി. എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തവൾ വിങ്ങി..
ഞാനവളെ എന്റെ കരവലയത്തിൽ ഒതുക്കി നിർത്തുമ്പോൾ ഹൃദയം മന്ത്രിക്കുകയായിരുന്നൂ ,ആ പ്രണയഗീതം..!.. അനിയൻ....

അഭിപ്രായങ്ങളൊന്നുമില്ല: