.

2018, ജൂലൈ 26, വ്യാഴാഴ്‌ച

അവളുടെ നിഴൽ...



ഇപ്പോൾ ഏറെയായി ഇരുളിനോടാണ് പ്രിയം..

രാത്രിയുടെ കറുത്ത മൂകതയിൽ ആരുമറിയാതെ

മൗനം പുതച്ച് ഞാൻ കാത്തിരിക്കും..

ഇരുൾ കടന്ന് അവനെത്തുമ്പോൾ മാത്രമാണ് എന്റെ മൗനശിലയുരുകുന്നത്..!!

വ്യർത്ഥമായ എന്റെ രാത്രികൾ ചാരുതയണിയുന്നത് അവന്റെ സാമീപ്യത്തിലാണ്..

ജനൽ കമ്പികളിൽ പിടിച്ച് വിജന വഴിയിലൂടവന്റെ വരവും ഞാനെന്നെ തന്നെ മറന്ന് നിൽക്കും..

അതിന്നെന്റെ ദിനചര്യയായി മാറിയിരിക്കുന്നൂ..!!




പകൽ സൂര്യനും പ്രകാശമുള്ളതെല്ലാം ഞാൻ മറക്കാൻ പഠിച്ചു കഴിഞ്ഞു..

വെളിച്ചത്തിൽ എന്റെ കണ്ണുകൾ അന്ധമായിത്തീരുമെന്ന് ഞാൻ പേടിച്ചു..

ഉദയത്തിന്റെ ചിന്തകൾ പോലുമെനിക്ക് വെറുപ്പായി തുടങ്ങിയിരിക്കുന്നൂ..!!




ലോകം മുഴുവൻ ഇരുട്ടിനെ ശപിച്ച് നിദ്രയിൽ അഭയം തേടുമ്പോൾ ഞാനവനായി എന്റെ ഉറക്കം തന്നെ വെടിഞ്ഞു..

അവനെന്നും എന്നെയോരോ മായാകാഴ്ചകൾ കാട്ടിത്തന്ന് സന്തോഷിപ്പിക്കും..

ചിലപ്പോഴൊക്കെ വേദനിപ്പിക്കും..

കടുത്ത വർണ്ണങ്ങളുള്ള വസന്തവും ഉന്മാദവും നിറഞ്ഞ കാഴ്ചകൾ..,,

വിമൂകതയുടെ വർണമില്ലാത്ത ശ്മശാന താഴ്വാരങ്ങളിലും ഞങ്ങളൊരുമിച്ച് നടക്കാറുണ്ട്..

അന്നേരം ഞാനവന്റെ കൈകളിൽ മുറുകെപ്പിടിക്കും..!!

പിന്നെ ചില മുഖങ്ങൾ..

മരണം കട്ടെടുത്ത് കൊണ്ട് പോയ എന്റെ ഉറ്റവർ..

ചില അപരിചിത മുഖങ്ങളും..!!




എല്ലാമവന്റെ കണ്ണുകളിലെ കാഴ്ചകളായി മിന്നിമറഞ്ഞ് വന്നുപോകും..!!










അവന്റെ കണ്ണിലെ കാന്തശക്തിയിൽ നിന്നുമകലാതിരിക്കാൻ രാത്രിപുലരാതിരുന്നെങ്കിലെന്ന് ചിന്തിക്കാതിരുന്നില്ല..!!

വെളുക്കും വരെ കഥകൾ പറഞ്ഞിരിക്കുന്നയവൻ

യാത്രപോലും പറയാതെ എങ്ങോട്ടാണ് മറയുന്നതെന്ന സന്ദേഹം മാത്രം എന്നിൽ ബാക്കിയായി..!!




ഇന്നവനോട് ചോദിക്കുക തന്നെ വേണം..

അവന്റെ ആഗമനവും കാത്തവൾ വെറുതേ മിഴിയടച്ച് കിടന്നു..

കൈയിലെ തണുത്ത സ്പർശമറിഞ്ഞപ്പോൾ അതവൻ തന്നെയാണെന്ന് ഞാനൂഹിച്ചു..

അവന്റെ കണ്ണിലുള്ള കുസൃതിയിൽ മയങ്ങി പോവാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു..!

എനിക്ക് നിന്നോടെന്തൊക്കെയോ ചോദിക്കാനുണ്ട്..പക്ഷേ നിന്നെ കാണുമ്പോൾ ഞാനെല്ലാം മറക്കുന്നു..

അവൻ പതുക്കെ എന്റെ യടുത്ത് വന്നിരുന്ന് കൈകളിൽ തഴുകി കൊണ്ട് പറഞ്ഞു..

ചോദിക്ക്..നിനക്കറിയേണ്ടതെല്ലാം ചോദിക്ക്.. ഞാനുമതാണ് ആഗ്രഹിക്കുന്നത്..!!




എന്നാൽ പറയൂ..നീയാരാണ്!?

നിന്റെ പേർപോലും അറിയാതെ ഞാനെന്തിന് നിന്നോടടുക്കുന്നു..?

അടഞ്ഞ വാതിൽ തുറക്കാതെങ്ങനെ നീയകത്ത് വരുന്നു..??

ഇരുളിന്റെ പാതയിൽ മാത്രമേ നിനക്കിവിടെ എത്താൻ കഴിയുള്ളോ??

പകൽ വെളിച്ചത്തെ ഭയന്ന് നീയെവിടെയാണ് ഒളിച്ചിരിക്കൂന്നത്.?

സൂര്യവെളിച്ചത്തിൽ നീയെന്റെ അരികിൽ വരാത്തതെന്താണ്..

എനിക്കു നിന്നെയെപ്പോഴും കാണണമെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്..

എന്റെ കൂടെ നീയെന്നുമുണ്ടാകില്ലേ.?? ചോദ്യങ്ങളേറി വരുന്ന കണ്ടവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി..

അയ്യോ പതുക്കെ..ആരേലും കേട്ടാൽ..!!

ചിരിയൊതുക്കി അവൻ പറഞ്ഞു..

എനിക്ക് പകലിനെ പേടിയാണെന്ന് നിന്നോടാര് പറഞ്ഞു പെണ്ണേ..വെളിച്ചം ഭയന്നൊളിക്കുന്നത് നീയോ അതോ ഞാനോ..?

പ്രകാശത്തിൽ ഞാൻ മറഞ്ഞിരിക്കുന്നതല്ല..നീയെന്നെ കാണാത്തതാണ്..

ഞാനെല്ലായ്പ്പോഴും നിന്റെ കൂടെത്തന്നെയാണെന്ന് നീയറിയാതെ പോകുന്നതാണ്..നിന്റെ ചിന്തകളായും,കർമ്മങ്ങളായും,ബന്ധങ്ങളായും നീതന്നെയായും ഞാൻ നിന്റെകൂടെയുണ്ട്..!!

നിന്റെ ഹൃദയത്തെ ഒന്ന് തൊട്ടുണർത്തി ചുറ്റിലും നോക്കു..

നിന്നെ വലയം ചെയ്തു നില്കുന്ന കിഴ്ചകളെല്ലാത്തിലും ഞാനാണ്..

പല രൂപത്തിൽ,പല ഭാവത്തിൽ..!!

എന്നിൽ നീകണ്ട കാഴ്ചയാണ് നിന്റെയിണ..

നിങ്ങൾ രണ്ട് പേർക്കായുള്ള കാഴ്ചയാണ് നിന്റെ മക്കൾ..!!




പകൽ സമയങ്ങളിലെ കാഴ്ചയല്ല..നിന്റെ ഉൾക്കാഴ്ചകളിലാണ് ഞാൻ വസിക്കുന്നത് പെണ്ണേ..

ഞാനല്ല ഒളിക്കുന്നത്..

നീയെന്നെ ഒളിപ്പിക്കുന്നതാണ്..

വരൂ..

അവനെന്റെ കൈപിടിച്ച് നടന്നു..

നിന്റെ ബാക്കി ചോദ്യങ്ങൾക്കുത്തരം അവിടെയാണ്..

ഒട്ടും അകലെയല്ലാത്ത ആ കാഴ്ചയിൽ..!!

ഞാനങ്ങോട്ട് നോക്കി..

ഏതോ മായാ ലോകം പോലെ..

ശലഭങ്ങൾ കണക്കെ പാറി നടക്കുന്ന അക്ഷരങ്ങൾ..പൂക്കളായി പൂത്ത് നിൽക്കുന്നത് എന്റെ ചിന്തകളാണ്..

ഈണം കലർന്ന കാറ്റ്..

എന്റെ പ്രിയപ്പെട്ടവർ..എന്നെ സ്നേഹിക്കുന്ന കുടുംബം..

എല്ലാത്തിന്റെയും നടുവിൽ ഞാൻ..

വളരേ സന്തോഷവതിയായ ഞാൻ..!!

അവിടുന്നെന്റെ കണ്ണിനെ പറിക്കാൻ ഞാനാഗ്രഹിച്ചില്ല..




ഞാനവിടെ നിനക്കായി കാത്തിരിക്കുകയാണ്..

നീയെത്തുമ്പോൾ തരുവാൻ ഒരുപാട് സമ്മാനങ്ങൾ ഞാനൊരുക്കി വെച്ചിട്ടുണ്ട്..!!




ഇനി നിനക്കെന്റെ പേരറിയണോ പെണ്ണേ..??

തിരിഞ്ഞവന്റെ കുസൃതിക്കണ്ണുകളിൽ നോക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു..

സ്വയമറിയാതെ ഞാൻ മന്ത്രിച്ചു..സ്വപ്നം..എന്റെ സ്വപ്നം..!!

ഞാൻ നെഞ്ചോട് ചേർത്തു വെച്ച സ്വപ്നം..!!

എന്റെ ലക്ഷ്യം..

അതേ..അതാണ് നിന്റെ പേര്..!!

പെട്ടെന്നവിടെ ഒരു പ്രകാശവാതിൽ തുറന്നു..

സ്വർഗ്ഗ കവാടം തുറന്നെത്തിയ ദിവ്യപ്രകാശം..

അതെന്റെ നെറുകയിൽ തൊട്ടു..

ചിറക് നീർത്തി പറക്കാനൊരുങ്ങൂന്ന പക്ഷി കണക്കേ ഞാനെന്റെ കൈകൾ ചിറകുകളായി വിടർത്തി നിന്നു..!!

ചിന്തുകളുടെ ആഴങ്ങളിൽ അടിഞ്ഞ മാലിന്യമെല്ലാം എന്നിൽ നിന്നും ദൂരേക്ക് തെറിച്ച് വീണു..

പ്രതീക്ഷയുടെ കിരണങ്ങൾ ഹൃദയത്തെ വലയംചെയ്തു നിന്നൂ..




വർഷങ്ങൾക്ക് ശേഷം അന്നാദ്യമായി ഞാൻ വെളിച്ചത്തിലേക്ക് എന്റെ മിഴിതുറന്നു..!! ..അനിയൻ..

അഭിപ്രായങ്ങളൊന്നുമില്ല: