.

2018, ജൂലൈ 5, വ്യാഴാഴ്‌ച

എന്റെ രാത്രിമഴ ..


രാത്രിമഴയിൽ നനഞ്ഞിട്ടുണ്ടോ നീ ?.
നമുക്കൊന്നി നനയണം ആ മഴയിൽ..
എന്താണ് രാത്രിമഴയുടെ ഭാവമെന്ന് നിനക്കറിയോ?..
അത് ലാസ്യങ്ങളിൽ ലാസ്യമായ പ്രണയം തന്നെയാണ്!...
എങ്കിലും കറുത്ത മൂടുപടമണിഞ്ഞ് അവ പെയ്തിറങ്ങുമ്പോൾ
ഒരു സാന്ത്വനത്തിന്റെ വശ്യതയുണ്ട്..
കണ്ണീരിന്റെ ഉപ്പറിയാത്ത ഏതെങ്കിലും ജന്മം ഈ ഭൂവിലുണ്ടോ?..
എന്നാലീ മഴയേൽക്കാൻ അവർക്ക് ഭാഗ്യമുണ്ടാവില്ല.!!

രാത്രിമഴ വിരഹിണിയാണ്..അവൾക്ക് നഷ്ടമായ പലതും 
ഇരുട്ടിന്റെ മറവിൽ സ്വന്തമാക്കാൻ പതുങ്ങിയെത്തുന്നതാണ്..!!
പകൽ വെളിച്ചത്തിൽ അവളെ കൂകി വിളിക്കാനും 
കൈയിലെടുത്ത് അമ്മാനമാടാനും,
അവളുടെ ദേഹത്ത് നൃത്തം ചവിട്ടാനും ,
കൊഞ്ഞനം കുത്തി മഴേ മഴേ പോ മഴേ എന്ന് പാടാനും,
ചിലപ്പോളൊക്കെ നശിച്ചവളെന്ന് പ്രാകാനും എല്ലാരുമെത്തും..
കൈവിട്ട സ്വപ്നങ്ങളെ തേടി അവൾക്ക് വരാതിരിക്കാൻ ആവില്ലല്ലോ..
പിന്നെയും ഇരുട്ടിൽ അവൾ തേടിയെത്തുന്നത് അവൾ പതിവാക്കിയിരിക്കുന്നൂ..!!
എനിക്കും അവൾക്കും ഒരേ ഭാവമാണ്..ഞങ്ങൾ രണ്ടും തേടുന്നത്...
ഒന്ന് തന്നെയാണ്..!!
നഷ്ടസ്വപ്നങ്ങൾ..!!

നീ ഈ മഴയിൽ നനയാതിരിന്നാൽ മതിയാരുന്നൂ..
കാരണം നിന്റെ സ്വപ്നങ്ങളെങ്കിലും വ്യർത്ഥമാവാതിരിക്കട്ടേ..
വേദനയിൽ വലിയ വേദന സ്നേഹത്തിനാണ്..
പരസ്പരം സ്നേഹിക്കുക എന്നാൽ പരസ്പരം വേദനിപ്പിക്കുക എന്നത് തന്നെയാണ്..
സ്നേഹം...അതൊരു മൂർച്ചയുള്ള ആയുധം തന്നെയാണല്ലേ...
ഹാ..!!
ഞാനെന്റെ രാത്രിമഴയോട് കിന്നാരം പറയട്ടേ..
ഇനിയും വൈകിയാൽ അവൾക്ക് പിണക്കമാവും..!
ഇപ്പോൾ അവളെന്നേയും ഞാനവളേയും പ്രണയിക്കുവാണല്ലോ..
നീ ചിരിക്കണ്ട..
എന്താ മഴയെ പ്രണയിച്ചാൽ..??!!
നനുത്ത കൈകൾ കൊണ്ട് അവളെന്നെ
 വാരിപ്പുണരുമ്പോൾ ഞാനെങ്ങനെ എതിർക്കും..
നിനക്കറിയോ..എന്റെ കണ്ണീരും കൂടെ ചേർത്താണ് അവൾ ആ സാഗരം നിറക്കുന്നത്...
കടലിന്റെ ഉപ്പ് കുറയാത്തത് എന്താണെന്ന് നീയിപ്പോൾ മനസിലാക്കി അല്ലേ..!!
ശരി..ഞാൻ പോകട്ടേ..
അവൾ വലിയ പരിഭവക്കാരിയാണ്...!!
ഇന്നത്തെ രാത്രിയും ഞാനവൾക്ക് വേണ്ടി തിരയും..
മറ്റൊരർത്ഥത്തിൽ എന്നെ സ്വയം തിരഞ്ഞ് കൊണ്ടേയിരിക്കും..
ഞാനെന്നെ കണ്ടെത്തും വരെ രാത്രി പുലരാതിരിക്കട്ടേ..
രാത്രിമഴ തോരാതിരിക്കട്ടേ...!!!  അനിയൻ..

അഭിപ്രായങ്ങളൊന്നുമില്ല: